സെറ്റിൽ എന്നെ കണ്ട സത്യൻ പറഞ്ഞു 'അയ്യയ്യേ ഈ കൊച്ചാണോ എന്റെ കൂടെ അഭിനയിക്കാൻ പോകുന്നത്'


റോസ് മരിയ വിൻസെന്റ്

ഷോട്ട് കഴിഞ്ഞ് എഴുന്നേറ്റപ്പോൾ എന്റെ സാരിയിൽ നിറയെ രക്തം. എല്ലാവരും പേടിച്ചു പോയി. നോക്കിയപ്പോൾ സത്യൻ സാറിന്റെ മൂക്കിൽ നിന്ന് രക്തം വന്നുകൊണ്ടിരിക്കുന്നു

Sathyan, Sheela, Nazir

ന്റെ ആദ്യത്തെ ഹീറോ സത്യൻ മാസ്റ്ററായിരുന്നു. ഭാഗ്യജാതകത്തിൽ. അദ്ദേഹത്തിന്റെ കൂടെ നിൽക്കാൻ പറ്റാത്ത അത്രയും ചെറിയ പെൺകുട്ടി ആയിരുന്നു ഞാൻ, പതിമൂന്ന് വയസ്സ്. സെറ്റിൽ എന്നെ കണ്ട ഉടനെ സത്യൻ സാർ ഭാസ്കരൻ മാസ്റ്ററോട് പറഞ്ഞു അയ്യയ്യേ ഈ കൊച്ചാണോ എന്റെ കൂടെ അഭിനയിക്കാൻ പോകുന്നത്"-മലയാളത്തിന്റെ പ്രിയ നായിക ഷീല അനശ്വര നടൻ സത്യൻ മാസ്റ്ററെ പറ്റിയുള്ള തന്റെ ആദ്യ ഓർമ പങ്കുവച്ചത് ഇങ്ങനെ.

'അന്ന് ഒക്കെ കുറച്ചൂകൂടി വലിപ്പവും തടിയുമൊക്കെ ഉണ്ടെങ്കിലേ നായികയാണെന്ന് പറയൂ. അന്നാണ് ആദ്യമായി സാരി ഉടുത്തത്. മേക്കപ്പ് ചെയ്യുന്നവരും വസ്ത്രാലങ്കാരം ചെയ്യുന്നവരും എല്ലാവരും കൂടി ശ്രമിച്ച് എന്നെ ഒരു വലിയ ആളായി തോന്നുന്ന വിധം മാറ്റി എടുത്തു. അതാണ് സത്യൻ സാറിനെ പറ്റിയുള്ള ആദ്യ ഓർമ. എന്റെ ഏറ്റവും നല്ല കഥാപാത്രങ്ങളെല്ലാം സത്യൻ സാറിനൊപ്പമാണ്. ഭാഗ്യജാതകം, വാഴവേമായം, അശ്വമേധം, ശരശയ്യ, ചെമ്മീൻ, കരിനിഴൽ... ആ ചിത്രത്തിൽ എന്റെ അച്ഛനായായിരുന്നു സത്യൻ മാസ്റ്റർ.. അങ്ങനെ എല്ലാം ശക്തമായ കഥാപാത്രങ്ങളായിരുന്നു.'

പേടിയോടെ ഓർമിക്കുന്ന ദിനം

സത്യൻ മാസ്റ്ററെ പറ്റി എപ്പോൾ ഓർത്താലും പേടിയോടെ മനസ്സിൽ വരുന്ന ഒരു സംഭവമുണ്ട്. ഞാനും സാറും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്നു. വെള്ള സാരിയാണ് എന്റെ വേഷം. രാത്രിയിൽ ഒരു മരത്തിന് ചുവട്ടിൽ അദ്ദേഹം എന്റെ മടിയിൽ തലവച്ചു കിടന്ന് സംസാരിക്കുന്ന രംഗമാണ്. ഷോട്ട് കഴിഞ്ഞ് എഴുന്നേറ്റപ്പോൾ എന്റെ സാരിയിൽ നിറയെ രക്തം. എല്ലാവരും പേടിച്ചു പോയി. നോക്കിയപ്പോൾ സത്യൻ സാറിന്റെ മൂക്കിൽ നിന്ന് രക്തം വന്നുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ രോഗത്തെ പറ്റി സിനിമാ ലോകം അറിഞ്ഞത് അന്നാണ്. അന്നുവരെ ഏറ്റവും അടുത്തുള്ളവർക്ക് മാത്രമാണ് രോഗവിവരം അറിയാമായിരുന്നത്. എല്ലാവരും കൂടി മാസ്റ്ററെ ആശുപത്രിയിൽ കൊണ്ടുപോകാൻ വണ്ടിയൊക്കെ റെഡിയാക്കി, എന്നാൽ ആരുടെയും ഒപ്പം പോകാൻ അദ്ദേഹം തയ്യാറായിരുന്നില്ല. തിനിയെ വണ്ടിയോടിച്ച് ആശുപത്രിയിൽ പോയി. വെറ്റ് ക്ലോത്ത് കൊണ്ട് രക്തം തുടച്ച് ഒരുകൈയിൽ സ്റ്റിയറിങ്ങ് ബാലൻസ് ചെയ്ത് വണ്ടിയെടുത്ത് പോകുന്ന അദ്ദേഹത്തിന്റെ മുഖം ഞാൻ ഒരിക്കലും മറക്കില്ല.

മാസ്റ്റർ പഠിപ്പിച്ച ശീലങ്ങൾ

എന്റെ ജീവിതത്തിൽ ഞാൻ ഇന്നും കൊണ്ടു നടക്കുന്ന പല ചിട്ടകളും രൂപപ്പെടുത്തിയതിൽ അദ്ദേഹത്തിന് വലിയ പങ്കുണ്ട്. എല്ലാക്കാര്യങ്ങളിലും കൃത്യനിഷ്ഠവേണമെന്ന് വാശിക്കാരനായിരുന്നു മാസ്റ്റർ. രാവിലെ ഏഴ് മണി ഷൂട്ടിങ്ങ് എന്നു പറഞ്ഞാൽ ഏഴുമണിക്ക് അദ്ദേഹം സെറ്റിലുണ്ടാവും, അതും മേക്കപ്പണിഞ്ഞ് അഭിനയിക്കാൻ റെഡിയായി. നമ്മൾ സമയം വൈകി എത്തിയാൽ അദ്ദേഹം നമ്മളെ നോക്കി സ്വയം പറയും 'ഞങ്ങൾ ഇവിടെ വേറെ ജോലിക്കൊന്നും വന്നതല്ല, ഒരു ജോലി തന്നാൽ അതിന് നേരമൊക്കെ പാലിക്കണം..' നമ്മൾ കേൾക്കാനായാണ് പറയുക. എന്നാൽ നമ്മളോടല്ല താനും. സത്യൻ മാസ്റ്റർ സെറ്റിലുണ്ടെങ്കിൽ എല്ലാവർക്കും കൃത്യനിഷ്ടയാണ്. അത്തരം കാര്യങ്ങളിലൊക്കെ വലിയ നിർബന്ധമായിരുന്നു മാസ്റ്ററിന്, ശരിക്കും പട്ടാളച്ചിട്ട. ഇന്നും എവിടെ ഏത് പരിപാടിയിൽ പങ്കെടുക്കാനായാലും ഞാൻ കൃത്യസമയത്ത് തന്നെ പോകും. അദ്ദേഹത്തിൽ നിന്നാണ് ഞാനത് പഠിച്ചത്.

അന്നൊക്കെ ഷൂട്ടിങ്ങ് കാണാൻ വലിയ ജനക്കൂട്ടമായിരിക്കും. ഇന്നത്തെ പോലെ അവരെ കൂടുതൽ നിയന്ത്രിക്കാൻ സംവിധാനമൊന്നുമില്ല. ഷൂട്ടിങ്ങ് കഴിഞ്ഞാൽ നടിമാരെല്ലാം സുരക്ഷിതമായി വണ്ടിയിൽ കയറി പോയോ എന്നൊക്കെ ഉറപ്പാക്കിയിട്ടേ അദ്ദേഹം ഷൂട്ടിങ്ങ് സൈറ്റിൽ നിന്ന് പോകൂ. വലിയൊരു സുരക്ഷിതത്വമായിരുന്നു അദ്ദേഹത്തിന്റെ സാന്നിധ്യം.

മനോരജ്ഞിതം

അദ്ദേഹത്തിന്റെ സംസാരമൊക്കെ കേട്ടാൽ വലിയ ഗൗരവക്കാരനായ ഭീകരനായ മനുഷ്യനാണെന്ന് തോന്നും. എന്നാൽ മനസ്സുകൊണ്ട് ഇത്രയും എളിമയുള്ള ഒരു മനുഷ്യനെ നമുക്ക് കാണാനാവില്ല. സങ്കടങ്ങളൊന്നും പുറത്ത് കാണിക്കുന്ന ആളായിരുന്നില്ല. എപ്പോഴും തനിച്ചിരിക്കും, അധികം ആരോടും സംസാരിക്കില്ല, തമാശകൾ പറയില്ല. ശരിക്കും എല്ലാവർക്കും ഒരു മാസ്റ്റർ, ഒരു കാർക്കശ്യക്കാരനായ അധ്യാപകൻ അങ്ങനെ ഒക്കെയായിരുന്നു സെറ്റിൽ അദ്ദേഹം. സത്യൻ മാസ്റ്ററിന്റെ കഥാപാത്രങ്ങളും അത്തരത്തിലുള്ളവയാണല്ലോ. ഒരു കഥാപാത്രമായി മാറാൻ അദ്ദേഹത്തിന് അഭിനയിക്കേണ്ട കാര്യമില്ല, ആ വ്യക്തിയായി തന്നെ മാറും മാസ്റ്റർ. കാണുന്നവർ അത് സത്യൻ മാസ്റ്ററാണെന്ന കാര്യം പോലും മറന്നു പോകും. ഒരു പൂവുണ്ട് മനോരജ്ഞിതം. തമിഴ്നാട്ടിലൊക്കെ സമൃദ്ധമാണ്. ആ പൂവിന് നമ്മൾ ആഗ്രഹിക്കുന്ന വസ്തുക്കളുടെ ഗന്ധമായിരിക്കും എന്നാണ് പറയുന്നത്. റോസാപ്പൂവിന്റെ സുഗന്ധമാണെന്ന് വിചാരിച്ച് മണത്താൽ അതായിരിക്കും. മുല്ലപ്പൂവെന്ന് കരുതിയാൽ ആ സുഗന്ധം. അതുപോലെയാണ് സ്ത്യൻ മാസ്റ്റർ. കാഴ്ചക്കാരൻ ആഗ്രഹിക്കുന്ന രൂപമായിരിക്കും തിരശ്ശീലയിൽ അദ്ദേഹത്തിന്റേത്.

content highlights : actress Sheela about actor sathyan movies sathyan death anniversary

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram