'സത്യൻ മാഷോട് എന്തിനീ അനീതി?''


രവിമേനോൻ

അതിനവർ പറഞ്ഞ ന്യായമായിരുന്നു വിചിത്രം: സത്യനേക്കാൾ മഹാനായ ഒരു നടനാണ് ഈ അവാർഡ് നൽകുന്നതെങ്കിൽ അയാൾക്ക് എങ്ങനെ സ്വീകരിക്കാനാകും അത്? തന്നെക്കാൾ മോശപ്പെട്ട ഒരാളുടെ പേരിലുള്ള ബഹുമതി ഏറ്റുവാങ്ങാൻ ആ നടന് മനസ്സുണ്ടാകുമോ?''

സതീഷ് സത്യൻ, സത്യൻ കുടുംബത്തോടൊപ്പം

കോഴിക്കോട്ടെ ഡേവിസൺ തിയേറ്ററിൽ നിന്ന് ഒരുച്ചക്ക് ``ടാക്സി ഡ്രൈവർ'' സിനിമ കണ്ടു പുറത്തിറങ്ങിയ പ്രീഡിഗ്രിക്കാരൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല ആ പടത്തിലെ നായകൻ സതീഷ് സത്യനെ, മഹാനടനായ സത്യന്റെ മകനെ, എന്നെങ്കിലുമൊരിക്കൽ കണ്ടുമുട്ടുമെന്ന്.
കാണാനും പരിചയപ്പെടാനും മാത്രമല്ല അദ്ദേഹവുമായി ഗാഢസൗഹൃദം സ്ഥാപിക്കാൻ കൂടി കഴിഞ്ഞുവെന്നത് എന്നിലെ സത്യാരാധകന്റെ സൗഭാഗ്യം. വർഷങ്ങൾ പിന്നിട്ട ആ സൗഹൃദമാണ് സതീഷേട്ടനെ മാതൃഭൂമി ന്യൂസ് ചാനലിലെ പ്രഭാതപരിപാടിയിൽ അതിഥിയായി എത്തിച്ചത് -- അൻപതാം ഓർമ്മദിനത്തോടനുബന്ധിച്ച് പിതാവിന്റെ ഓർമ്മകൾ പങ്കിടാൻ.

ഇടറുന്ന വാക്കുകളിൽ പിതാവിനോടുള്ള അനീതിയുടെ, അവഗണനയുടെ കഥ സതീഷേട്ടൻ വിവരിച്ചുകേട്ടപ്പോൾ ശരിക്കും ദുഃഖം തോന്നി. ``ഒന്നും തുറന്നു പറയണമെന്ന് കരുതി വന്നതല്ല ക്യാമറക്ക് മുന്നിൽ. പപ്പയുമൊത്തുള്ള ചില രസകരമായ അനുഭവങ്ങൾ പങ്കുവെക്കണമെന്നേ ഉദ്ദേശിച്ചിരുന്നുള്ളൂ.''-- പരിപാടിക്ക് ശേഷം വിളിച്ചപ്പോൾ സതീഷേട്ടൻ പറഞ്ഞു.

``പക്ഷേ അഭിമുഖത്തിന് മുൻപ് നിങ്ങൾ സംപ്രേഷണം ചെയ്ത ഓർമ്മച്ചിത്രത്തിൽ പപ്പയുടെ അനശ്വരമായ ചില സംഭാഷണശകലങ്ങളും അദ്ദേഹം അഭിനയിച്ച് അനശ്വരമാക്കിയ ഗാനങ്ങളും കേട്ടപ്പോൾ മനസ്സിന്റെ നിയന്ത്രണം വിട്ടുപോയി; പ്രത്യേകിച്ച് അനുഭവങ്ങൾ പാളിച്ചകളിലെ രംഗങ്ങൾ. സ്ക്രീനിലെ കാഴ്ച്ചകൾ കാണാനും ആസ്വദിക്കാനും പറ്റുന്ന അവസ്ഥയിലല്ല ഇന്നെന്റെ കണ്ണുകൾ. പക്ഷേ മനസ്സിന്റെ തിരശ്ശീലയിൽ ആ രംഗങ്ങളെല്ലാം ഞാൻ കാണുന്നു; പഴയ അതേ മിഴിവോടെ.''

മികച്ച നടനുള്ള സംസ്ഥാന സർക്കാർ ബഹുമതിയിൽ നിന്ന് (സത്യൻ പുരസ്കാരം) മലയാള സിനിമയിലെ മഹാനടന്റെ പേര് ഒരു സുപ്രഭാതത്തിൽ യാതൊരു മുന്നറിയിപ്പും കൂടാതെ എടുത്തുകളഞ്ഞത് അദ്ദേഹത്തിന്റെ മകനെയെന്നപോലെ എന്നെയും വേദനിപ്പിക്കുന്നു. എങ്കിൽപ്പിന്നെ എന്തിനായിരുന്നു ഇത്തരമൊരു നാടകമെന്ന് വേദനയോടെ സതീഷേട്ടന്റെ ചോദ്യം. ഇതിഹാസതുല്യനായ ഒരു നടനെ അപമാനിക്കുന്നതിന് തുല്യമല്ലേ അത്? ``സിനിമാ ലോകത്തെ പ്രമുഖർ ആരൊക്കെയോ എതിർപ്പ് പ്രകടിപ്പിച്ചതുകൊണ്ടാണത്രേ പപ്പയുടെ പേര് അവാർഡിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചത്. അതിനവർ പറഞ്ഞ ന്യായമായിരുന്നു വിചിത്രം: സത്യനേക്കാൾ മഹാനായ ഒരു നടനാണ് ഈ അവാർഡ് നൽകുന്നതെങ്കിൽ അയാൾക്ക് എങ്ങനെ സ്വീകരിക്കാനാകും അത്? തന്നെക്കാൾ മോശപ്പെട്ട ഒരാളുടെ പേരിലുള്ള ബഹുമതി ഏറ്റുവാങ്ങാൻ ആ നടന് മനസ്സുണ്ടാകുമോ?''

വയലാർ അവാർഡും വള്ളത്തോൾ പുരസ്കാരവും ഒ എൻ വി അവാർഡും പദ്മരാജൻ അവാർഡും ഒക്കെ ഭാവിയിൽ ഇതേ ചോദ്യം നേരിടുമോ? അറിയില്ല. മരണാനന്തരം ഒരു പദ്മ അവാർഡിന് ശുപാർശ ചെയ്തുകൊണ്ടെങ്കിലും സത്യനെ അംഗീകരിക്കാൻ, ആദരിക്കാൻ സംസ്ഥാനം തയ്യാറാകുമോ എന്നാണ് സതീഷ് സത്യന്റെ ആത്മാർത്ഥമായ ചോദ്യം. ``ഒരു മകന്റെ വെറും വികാരപ്രകടനമായി കരുതേണ്ട ഇതിനെ. സത്യൻ എന്ന നടനെ വിസ്മയത്തോടെ വെള്ളിത്തിരയിൽ കണ്ടിരുന്ന തലമുറയുടെ പ്രതിനിധി എന്ന നിലയ്ക്കാണ് ഞാൻ സംസാരിക്കുന്നത്.''

സത്യനെ മനസ്സിൽ കണ്ട് രൂപപ്പെടുത്തിയതായിരുന്നു ``ടാക്സി ഡ്രൈവറി''ലെ നായക വേഷം. രൂപഭാവങ്ങളിലും സംസാരത്തിലുമെല്ലാം പരുക്കൻ പരിവേഷം കൊണ്ടുനടക്കുന്ന മനുഷ്യൻ. ആ കഥാപാത്രത്തിന്റെ ``മൂശ''യിൽ സത്യന്റെ മകനെ പ്രതിഷ്ഠിക്കാനുള്ള ശ്രമം പ്രേക്ഷകർക്ക് ഉൾക്കൊള്ളാൻ പ്രയാസമായിരുന്നു. സ്വാഭാവികമായും ``ടാക്സി ഡ്രൈവർ'' ബോക്സോഫിസിൽ പ്രതീക്ഷിച്ചപോലെ സ്വീകരിക്കപ്പെട്ടില്ല. അതിനും രണ്ടു വർഷം മുൻപ് കെ എസ് സേതുമാധവന്റെ സംവിധാനത്തിൽ പുറത്തുവന്ന ``മക്കൾ'' എന്ന സിനിമയിലൂടെയായിരുന്നു ജയഭാരതിയുടെ നായകനായി സതീഷ് സത്യന്റെ അരങ്ങേറ്റം. പിൽക്കാലത്ത് ``ശുദ്ധികലശം'' എന്ന ചന്ദ്രകുമാർ ചിത്രത്തിലും കണ്ടു സതീഷേട്ടനെ -- ഇത്തവണ ക്രൂരനായ വില്ലനായി. യക്ഷിക്കാവ് എന്നൊരു ചിത്രത്തിൽ കൂടി നായകനായിട്ടുണ്ട് സതീഷ്. ജലജയായിരുന്നു നായിക. ആലത്തൂർ വെച്ച് ഷൂട്ടിംഗൊക്കെ തീർത്തതാണ്. നിർഭാഗ്യവശാൽ പടം പുറത്തിറങ്ങിയില്ല. സിനിമാഭിനയത്തോട് വിടവാങ്ങിയ ശേഷം യേശുദാസിന്റെ തരംഗിണി സ്റ്റുഡിയോയുടെ ചുമതലയുമായി പതിനഞ്ചു വർഷം.

``അന്നൊന്നും കാഴ്ച്ചക്ക് വലിയ പ്രശ്നമുണ്ടായിരുന്നില്ല. സ്വയം ഡ്രൈവ് ചെയ്താണ് ഷൂട്ടിംഗിന് പോയിരുന്നത്. പിന്നെപ്പിന്നെ കാഴ്ച്ച മങ്ങിത്തുടങ്ങി. ഇന്ന് കണ്മുന്നിൽ ആകെ ഇരുട്ടാണ്. വെളിച്ചത്തിന്റെ നേർത്ത ചീളുകൾ മാത്രമേയുള്ളൂ വഴികാട്ടാൻ. പക്ഷേ ഈ അവസ്ഥയുമായി പൊരുത്തപ്പെട്ടിരിക്കുന്നു ഞാൻ..'' -- അമ്മയുടെ കരുതലോടെ, വാത്സല്യത്തോടെ തന്നെ സ്നേഹിക്കുന്ന ഗുരുപത്നിയോടൊപ്പം തിരുവനന്തപുരത്ത് കുന്നുകുഴിയിൽ താമസിക്കുന്ന, അവിവാഹിതനായ സതീഷ് സത്യൻ പറഞ്ഞു. മമ്മി ജെസ്സി സത്യൻ 1987 ൽ ഓർമ്മയായ ശേഷം സ്നേഹനിധിയായ ഈ ``പോറ്റമ്മ''യുടെ തണലിലാണ് സതീഷിന്റെ ജീവിതം. യൂണിവേഴ്സിറ്റി കോളേജിൽ അധ്യാപകനായിരുന്ന പ്രൊഫ ജെ ശ്രീധരൻ നായരുടെ ഭാര്യ ശ്യാമളാമ്മയുടെ. ``കാഴ്ച്ചയുടെ പ്രശ്നങ്ങൾ കാരണം ക്ളാസിലെ ബോർഡ് നോക്കി വായിക്കാൻ പ്രയാസമുണ്ടായിരുന്നതു കൊണ്ട് പപ്പ എന്നെ നായർ സാറിന്റെ ട്യൂഷൻ ക്ളാസിൽ കൊണ്ടുചെന്നാക്കുകയായിരുന്നു.''-- സതീഷ് ഓർക്കുന്നു.

``അന്ന് സാറിനോട് പപ്പ പറഞ്ഞ വാക്കുകൾ ഇന്നും ഓർമ്മയുണ്ട്: വികൃതിയായ ഇവനെ അങ്ങയുടെ കയ്യിലങ്ങ് ഏൽപ്പിക്കുകയാണ് എന്ന്. തമാശയായാണ് പപ്പ പറഞ്ഞെതെങ്കിലും അത് അക്ഷരാർത്ഥത്തിൽ യാഥാർഥ്യമായി. പപ്പയുടെയും മമ്മിയുടെയും മരണശേഷം എന്റെ എല്ലാമെല്ലാം ഈ അച്ഛനും അമ്മയുമായിരുന്നു. 2013 ൽ അച്ഛൻ മരിച്ച ശേഷം അമ്മയാണ് എന്റെ എല്ലാം; എന്റെ കണ്ണുകൾ പോലും..''
കണ്ണുകളിലേ ഇരുൾ നിറഞ്ഞിട്ടുള്ളൂ സതീഷിന്. അകക്കണ്ണിൽ സുവർണ്ണശോഭയോടെ ആ പഴയ വസന്തക്കാഴ്ചകൾ ഇന്നുമുണ്ട്. പപ്പയും പപ്പ ജീവൻ നൽകിയ എണ്ണമറ്റ കഥാപാത്രങ്ങളും അവിടെ ഭദ്രം.

content highlights : actor sathyan son satheesh sathyan about father on his death anniversary

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram