ഷൂട്ടിങ്ങിനിടയിൽ രക്തം ഛർദിച്ച് കുഴഞ്ഞുവീണു,ആസ്പത്രിയിലേക്ക് കൊണ്ടുപോയ സത്യന് പിന്നീടൊരു തിരിച്ചുവരവുണ്ടായില്ല


റീഷ്മ ദാമോദർ

മദ്രാസിലെ കിങ് ജോർജ് ആസ്പത്രിയിൽ വെച്ച് മരിക്കുമ്പോൾ, അദ്ദേഹത്തിന്റെ പല സിനിമകളും വെളിച്ചം കാത്തുകിടക്കുകയായിരുന്നു.

actor sathyan movies characters sathyan 50th death anniversary

വസാനശ്വാസം വരെയും വെള്ളിത്തിരയെ പ്രണയിച്ച മഹാനടൻ, ഒറ്റവാചകത്തിൽ സത്യനെ ഇങ്ങനെ അടയാളപ്പെടുത്താം. ശക്തമായ കുറേ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ മനസ്സിലവശേഷിപ്പിച്ച് അദ്ദേഹം വിടവാങ്ങിയിട്ട് ജൂൺ 15 ന് അമ്പത് വർഷമാവുന്നു. 41ാം വയസ്സിലാണ് അദ്ദേഹം സിനിമയിലെത്തുന്നത്. പിന്നീട് 20 വർഷത്തോളം സത്യൻ സിനിമയിൽ നിറഞ്ഞുനിന്നു. സർക്കാർ ഓഫീസിലെ ഗുമസ്തൻ, സ്കൂൾ അധ്യാപകൻ, ബ്രിട്ടീഷ് ആർമിയിലെ സുബേദാർ മേജർ, കമ്മീഷൻഡ് ഓഫീസർ, പോലീസിൽ സബ് ഇൻസ്പെക്ടർ, നാടകനടൻ...ഒടുവിൽ സിനിമാനടനും. ഇങ്ങനെ ജീവിതത്തിൽ ചെറുതും വലുതുമായ കുറേ റോളുകൾ ചെയ്തു സത്യനേശൻ എന്ന സത്യൻ.

ധൈര്യവും ചങ്കൂറ്റവുമായിരുന്നു സത്യന്റെ കൈമുതൽ. ജീവിതത്തിലെ ഓരോ സന്ദർഭങ്ങളിലും അത് പ്രകടിപ്പിക്കുകയും ചെയ്തു. വിദ്വാൻ പരീക്ഷ പാസ്സായതോടെ, തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂളിൽ അധ്യാപകനായി. അവിടെ മൂന്നുമാസം പിന്നിടുമ്പോഴാണ് അച്ഛന് സുഖമില്ലെന്നറിയുന്നത്. അച്ഛനെ കാണാൻ പോകുന്നതിനായി ഒരാഴ്ചത്തെ ലീവിന് അപേക്ഷിച്ചു. അനുവദിക്കില്ലെന്ന് സ്കൂളധികൃതർ പറഞ്ഞതോടെ, സത്യൻ ജോലി രാജിവെച്ചു. അതിനുശേഷമാണ് പട്ടാളത്തിൽ ചേരുന്നത്. പട്ടാള പരിശീലനം അതികഠിനമായിരുന്നു. അതിർത്തിയിൽ യുദ്ധത്തിനിറങ്ങി വിജയിച്ച ചരിത്രമുണ്ട് സത്യനേശന്. ബാച്ചിലെ ഏറ്റവും സമർത്ഥനായ വയർലസ്സ് ഓപ്പറേറ്ററായിരുന്നു അദ്ദേഹം. പക്ഷേ, അമ്മയുടെ സങ്കടം കണ്ട് പട്ടാളത്തിൽനിന്നും തിരിച്ച് നാട്ടിലേക്ക് പോന്നു. പിന്നീട് തിരുവിതാംകൂർ പോലീസിന്റെ ഭാഗമായി സത്യൻ. പുന്നപ്ര-വയലാർ സമരം നടക്കുമ്പോൾ ആലപ്പുഴയിൽ അദ്ദേഹം ഇൻസ്പെക്ടറായിരുന്നു. അതേ ആലപ്പുഴക്കാലമാണ് അദ്ദേഹത്തെ സിനിമയിലേക്ക് ആകർഷിച്ചതും.

ശ്രീധരൻ നായർ, പളനി, ഡോ.തോമസ്

41ാം വയസ്സിലാണ് സത്യൻ സിനിമയിൽ അഭിനയം തുടങ്ങുന്നത്. ആദ്യസിനിമ ത്യാഗസീമ വെളിച്ചം കണ്ടില്ല. ആത്മസഖിയാണ് റിലീസായ സത്യന്റെ ആദ്യസിനിമ. 1954-ൽ പുറത്തിറങ്ങിയ നീലക്കുയിലിലെ ശ്രീധരൻ നായർ എന്ന കഥാപാത്രമാണ് സത്യന്റെ സിനിമാജീവിതത്തിൽ വഴിത്തിരിവായത്. കേന്ദ്രസർക്കാരിന്റെ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം ലഭിച്ച ആദ്യസിനിമയാണ് നീലക്കുയിൽ. അവിടുന്നങ്ങോട്ട് വ്യത്യസ്തമായ കുറേ കഥാപാത്രങ്ങൾ ചെയ്തു. ചെമ്മീനിലെ പളനി, പകൽക്കിനാവിലെ വൻപണക്കാരൻ, പരസ്പരം പോരടിക്കുന്ന അച്ഛനും മകനുമായി കടൽപ്പാലത്തിലെ ഡബിൾറോൾ, വാഴ്വേ മായത്തിലെ സംശയരോഗിയായ ഭർത്താവ്, മുടിയനായ പുത്രനിലെ രാജൻ, അനുഭവങ്ങൾ പാളിച്ചകളിലെ ചെല്ലപ്പൻ, കരകാണാക്കടലിലെ ദാമോദരൻ മുതലാളി, അശ്വമേധത്തിലെ ഡോ. തോമസ്, യക്ഷിയിലെ പ്രൊഫ.ശ്രീനിവാസൻ...ഇതെല്ലാം എന്നും ഓർമിക്കപ്പെടുന്നവയാണ്. പാലാട്ട് കോമൻ, തച്ചോളി ഒതേനൻ, യക്ഷി, കാട്ടുതുളസി, മൂലധനം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, ഒരു പെണ്ണിന്റെ കഥ, കായംകുളം കൊച്ചുണ്ണി, അടിമകൾ, ത്രിവേണി, കരിനിഴൽ, ശരശയ്യ...തുടങ്ങി നൂറ്റമ്പതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഏർപ്പെടുത്തിയ ആദ്യവർഷം തന്നെ മികച്ച നടനുള്ള പുരസ്കാരം നേടി. കടൽപ്പാലത്തിലെ (1969) ഡബിൾ റോളിനാണ് അവാർഡ് കിട്ടിയത്. കരകാണാക്കടലിലെ അഭിനയത്തിന് മികച്ച നടനുള്ള (മരണാനന്തര) ബഹുമതിയും ലഭിച്ചു.

പുസ്തകത്താളുകളിലെ കഥാപാത്രങ്ങൾ സിനിമയായപ്പോൾ അവയിൽ പലതിലും നായകനായത് സത്യനായിരുന്നു. എം.ടി.യുടെ കുട്ട്യേടത്തി, മലയാറ്റൂരിന്റെ യക്ഷി, തകഴിയുടെ ചെമ്മീൻ, ഉറൂബിന്റെ നീലക്കുയിൽ, പി. കേശവദേവിന്റെ ഓടയിൽനിന്ന്, തോപ്പിൽ ഭാസിയുടെ മുടിയനായ പുത്രൻ, എസ്.കെ.പൊറ്റെക്കാട്ടിന്റെ മൂടുപടം എന്നിവ അവയിൽ ചിലതുമാത്രം. സിനിമയിൽ നിറഞ്ഞുനിൽക്കുന്ന സമയത്താണ് പൊള്ളലേറ്റ്, പാതി വെന്ത മുഖവുമായി യക്ഷിയിൽ അഭിനയിക്കാനുള്ള ധൈര്യം സത്യൻ കാണിച്ചത്.

ആ മുഖം മറക്കില്ല

സത്യനൊപ്പം അഭിനയിച്ചവരുടെ മനസ്സിലിപ്പോഴും അദ്ദേഹത്തിന്റെ ഓർമകൾ സജീവമായുണ്ട്. ഷീല സത്യനെ ഓർക്കുന്നതിങ്ങനെ. 'ഞാനും സത്യൻ മാഷും അഭിനയിക്കുന്ന അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്നു. വെള്ളസാരിയാണ് ഞാനുടുത്തിരിക്കുന്നത്. രാത്രിയിൽ ഒരു മരത്തിനുചുവട്ടിൽ അദ്ദേഹം എന്റെ മടിയിൽ തലവെച്ചു സംസാരിക്കുന്ന രംഗമാണ്. ഷോട്ട് കഴിഞ്ഞ് എഴുന്നേറ്റപ്പോൾ എന്റെ സാരിയിൽ നിറയെ രക്തം. നോക്കുമ്പോൾ സത്യൻ സാറിന്റെ മൂക്കിൽനിന്ന് രക്തം വന്നുകൊണ്ടിരിക്കുന്നു. രക്താർബുദമാണെന്നൊക്കെ പലരും പറഞ്ഞുകേട്ടിരുന്നു. പക്ഷേ, അന്നാണ് ഇത്രയും സീരിയസാണെന്ന് ഞങ്ങളറിയുന്നത്. ആസ്പത്രിയിൽ പോയതും അദ്ദേഹം തന്നെയാണ്. ആരെയും ഒപ്പം കൂട്ടിയില്ല. വെറ്റ് ക്ലോത്ത് ഉപയോഗിച്ച് രക്തം തുടച്ച് ഒരു കൈകൊണ്ട് സ്റ്റിയറിങ് ബാലൻസ് ചെയ്ത് വണ്ടിയെടുത്ത് പോകുന്ന സത്യൻ മാഷുടെ മുഖം ഒരിക്കലും മറക്കില്ല. അദ്ദേഹം പഠിപ്പിച്ച പല ശീലങ്ങളും ഇന്നും ഞാൻ ജീവിതത്തിൽ പിന്തുടരുന്നുണ്ട്''.

സംവിധായകൻ ഹരിഹരൻ ക്യാമറയ്ക്കുമുന്നിൽ സത്യനൊപ്പം പങ്കിട്ട നിമിഷങ്ങൾ പങ്കുവെക്കുന്നു. 'ആദ്യകിരണങ്ങൾ' എന്ന ചിത്രത്തിന്റെ ലൊക്കേഷൻ. ചിത്രകലാ അധ്യാപകനായിരുന്നു അന്ന് ഞാൻ. അതിനുപുറമെ അമെച്വർ നാടകവേദികളിലും വല്ലപ്പോഴുമൊക്കെ പങ്കെടുക്കാറുള്ള സമയം. കൂടാതെ ജോർജ് അറങ്ങാശ്ശേരിയുടെ പത്രാധിപത്യത്തിലുള്ള 'കലാമാല' എന്ന മാസികയിൽ ചലച്ചിത്രനിരൂപണങ്ങളും കഥകളും എഴുതാറുണ്ടായിരുന്നു. അറങ്ങാശ്ശേരിയുടെ ഒരു എഴുത്തുമായി 'ആദ്യകിരണങ്ങളു'ടെ സെറ്റിൽ പോയി സംവിധായകൻ പി. ഭാസ്കരൻ മാസ്റ്ററെ കണ്ടു. അറങ്ങാശ്ശേരിയുമായുള്ള സൗഹൃദം മാനിച്ച്, സഹസംവിധായകനെ വിളിച്ച് എന്നെ അയാളെ ഏല്പിച്ചു. ടേക്കിന്റെ സമയമായപ്പോൾ സത്യൻ മാഷ് മുന്നിലെത്തി. തലയിൽക്കെട്ടും ചുമലിൽ ഒരു നാടൻ തോക്കും കൈയിൽ നീണ്ട ടോർച്ചും ചുണ്ടിൽ ഒരു ബീഡിയും പുകച്ചുകൊണ്ട് മീശയും പിരിച്ച് ക്യാമറയ്ക്കുമുന്നിൽ വന്നുനിന്ന സത്യനെ കണ്ടപ്പോൾ സിംഹത്തിന്റെ മുന്നിൽപ്പെട്ടുപോയ ആട്ടിൻകുട്ടിയെപ്പോലെയായി ഞാൻ. സത്യൻ എന്നെത്തന്നെ അല്പനേരം സൂക്ഷിച്ചുനോക്കി ഒന്നുമൂളി. എന്റെ പരിഭ്രമം മനസ്സിലാക്കി സംഭാഷണം പറയേണ്ടുന്ന വിധം സൗമ്യമായി സത്യൻതന്നെ പറഞ്ഞുതന്നു'.

സത്യനുമായുള്ള ആത്മബന്ധത്തിന്റെ ഓർമകളിലാണ് വിധുബാല. '1967-ൽ പാവപ്പെട്ടവൾ എന്ന സിനിമയുടെ ചിത്രീകരണവേളയിലാണ് സത്യൻ മാഷിനെ പരിചയപ്പെടുന്നത്. അതിൽ അദ്ദേഹത്തിന്റെ സഹോദരിയായിട്ടുള്ള കഥാപാത്രമായിരുന്നു. അന്നെനിക്ക് 12 വയസ്സേയുള്ളൂ. സത്യൻ മാഷിന് പെൺമക്കളില്ലാത്തതിനാൽ, ഒരു മകളോടുള്ള വാത്സല്യമായിരുന്നു അന്നുതൊട്ട് എന്നോട്. സിനിമയിൽ ബാക്കിയുള്ള സഹപ്രവർത്തകരെല്ലാം വിധു എന്നുവിളിച്ചപ്പോൾ, സ്നേഹത്തോടെ മോളെ എന്ന് വിളിച്ച ഏകവ്യക്തി സത്യൻ മാഷായിരുന്നു,' വിധുബാല ഓർക്കുന്നു.

ഏറെ ചിട്ടകളും കൃത്യനിഷ്ഠയുമുള്ള അച്ഛനെക്കുറിച്ച് മകൻ സതീഷ് സത്യൻ പറയുന്നു, 'പപ്പ അഭിനയിച്ച സിനിമകളിലൂടെ ഇന്നും അദ്ദേഹം ജീവിച്ചിരിക്കുന്നു എന്നതാണ് ഞങ്ങളുടെ ആശ്വാസം. അദ്ദേഹത്തിന്റെ സിനിമകൾ യുട്യൂബിലും ചാനലുകളിലും കണ്ട് കാനഡയിൽനിന്നോ നാട്ടിൻപുറത്തുനിന്നോ ഒരു കോളെങ്കിലും വരാത്ത ദിവസമല്ല. അതിൽ ചെറുപ്പക്കാരുമുണ്ടെന്നതാണ് സന്തോഷം. മലയാളസിനിമയ്ക്ക് ഒരു മേൽവിലാസം ഉണ്ടാക്കി കൊടുത്തതിൽ മുഖ്യ പങ്കുവഹിച്ച നടനാണ് സത്യൻ. ആ നടനോട് നാട് വേണ്ടവണ്ണം നീതി കാട്ടിയോ എന്ന കാര്യത്തിൽ സംശയമുണ്ട്. അദ്ദേഹത്തിന്റെ പേരിലൊരു അവാർഡ് ഒക്കെ ഏർപ്പെടുത്താമായിരുന്നു എന്ന് തോന്നാറുണ്ട്'.

ക്യാമറയ്ക്കുമുന്നിൽ മരിച്ചുവീഴണം

അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ മരിച്ചുവീഴണമെന്ന ആഗ്രഹം അദ്ദേഹം പലരോടും പങ്കുവെച്ചിരുന്നു. രക്താർബുദം വല്ലാതെ അലട്ടുമ്പോഴും, ആരെയുമൊന്നും അറിയിച്ചില്ല. ആഴ്ചയിലൊരിക്കൽ ആസ്പത്രിയിൽ പോയി രക്തം മാറ്റിവന്നിട്ടാണ് സത്യൻ അഭിനയിച്ചിരുന്നത്. അപ്പോഴും സെറ്റിൽ കൃത്യസമയത്ത് എത്താനും തന്റെ റോളുകൾ ഭംഗിയാക്കാനും അദ്ദേഹം മറന്നില്ല. അങ്ങനെ രണ്ട് വർഷത്തോളം സെറ്റിൽനിന്ന് സെറ്റിലേക്ക് ഓടിക്കൊണ്ടേയിരുന്നു. അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ രക്തം ഛർദിച്ച് കുഴഞ്ഞുവീഴുമ്പോഴാണ്, അസുഖം ഇത്രയും കൂടുതലാണെന്ന് പലരും അറിയുന്നത്. അവിടുന്ന് നേരെ ആസ്പത്രിയിലേക്ക് കൊണ്ടുപോയ സത്യന് പിന്നീടൊരു തിരിച്ചുവരവുണ്ടായില്ല. മദ്രാസിലെ കിങ് ജോർജ് ആസ്പത്രിയിൽ വെച്ച് മരിക്കുമ്പോൾ, അദ്ദേഹത്തിന്റെ പല സിനിമകളും വെളിച്ചം കാത്തുകിടക്കുകയായിരുന്നു.

actor sathyan movies characters sathyan 50th death anniversary
സത്യന്‍ സ്‌പെഷ്യല്‍ സ്റ്റാര്‍ ആന്റ് സ്റ്റൈല്‍ വായിക്കാം

content highlights : actor sathyan movies characters sathyan 50th death anniversary

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram