'ആ പാടുകൾ കണ്ട് ഉത്‌കണ്ഠപ്പെട്ട എന്നോട് പപ്പ പറഞ്ഞു; ഓ അതൊന്നുമില്ലെടാ ഒരു പുലിയുമായി ഗുസ്തിപിടിച്ചതാ'


പാലാട്ട് കോമൻ സിനിമയ്ക്കുവേണ്ടിയായിരുന്നു അത്. പുലിയുടെ പരിശീലകനുമായി അതത്ര ഇണങ്ങിയിട്ടുണ്ടായിരുന്നില്ല. നഖം മുറിക്കാൻ ശ്രമിച്ചെങ്കിലും അത് നടന്നുമില്ല.

സത്യൻ കുടുംബത്തോടൊപ്പം

സത്യനെക്കുറിച്ച് മകൻ സതീഷ് സത്യൻ

കൂട്ടുകൂടി പാട്ടുപാടി...
കുട്ടിക്കാലംമുതലേ നല്ലൊരു കൂട്ടുകാരനായിരുന്നു പപ്പ ഞങ്ങൾക്ക്. ഞാൻ ഓർമവെച്ചുതുടങ്ങിയ നാളുമുതൽ അച്ഛൻ അറിയപ്പെടുന്ന നടനായിക്കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ പോലീസ്ജീവിതകാലം എന്റെ ഓർമയിൽ അധികമില്ല.

ഷൂട്ടിങ്ങ് തിരക്കിനിടയിൽ സമയം കിട്ടുമ്പോഴെല്ലാം ഓടിവരുന്ന അച്ഛനെയാണ് ഞാൻ കണ്ടിട്ടുള്ളത്. ആ സമയം പൂർണനായ ഗൃഹനാഥനായി അദ്ദേഹം മാറും. ഞങ്ങളുടെ വിദ്യാഭ്യാസം, ആവശ്യങ്ങൾ എല്ലാം കണ്ടറിഞ്ഞ് ചെയ്തുതരും. ഒന്നിച്ച് കളിക്കും, കാരംസും കാർഡുമൊക്കെയാണ് കളിക്കുന്നത്. സൈക്കിൾ പഠിപ്പിച്ചുതരും, കൂടെ കൂട്ടി എങ്ങോട്ടെങ്കിലും കൊണ്ടുപോവും. അതുകൊണ്ടുതന്നെ പപ്പ വരുന്ന സമയം ഞങ്ങൾക്ക് ഉത്സവമാണ്. സൈക്കിൾ പഠിപ്പിച്ചുകഴിഞ്ഞ് എനിക്ക് ചെന്നൈയിൽനിന്നൊരു മുന്തിയ ഇനം സൈക്കിൾ ട്രെയിൻ മാർഗം അയച്ചുതന്നതും ഓർമയുണ്ട്. പുതിയ പുസ്തകങ്ങൾ വാങ്ങിയാൽ അത് പൊതിഞ്ഞുതരാൻവരെ കൂടെ കൂടും. വല്ലപ്പോഴും വരുന്ന അതിഥിയാണ് പപ്പയെങ്കിലും ആ കുറഞ്ഞ മണിക്കൂറുകൾകൊണ്ട് അങ്ങേയറ്റം ഗൃഹനാഥനാവും. ക്രിസ്മസിനും ഓണത്തിനും എപ്പോഴും കൂടെയുണ്ടാവും. നക്ഷത്രം തൂക്കാനും പുൽക്കൂട് ഒരുക്കാനും എന്നുവേണ്ട പാചകത്തിൽപോലും ആ കൈ എത്തും.

ഒരുദിവസം അച്ഛൻ ഞങ്ങളെ സ്കൂളിലാക്കി തിരിച്ചുപോവുംവഴി കുറേ കുട്ടികൾ സത്യൻ സത്യൻ എന്ന് ബഹളംവയ്ക്കുന്നു. പപ്പ വണ്ടി നിർത്തി. നിങ്ങൾക്ക് ക്ളാസില്ലേന്ന് ചോദിച്ചു. അല്ല മാഷില്ലാത്തതിനാൽ ക്ളാസില്ലെന്നവർ മറുപടി പറഞ്ഞു. ശരി തമ്പാനൂർ വഴി ആരെങ്കിലും ഉണ്ടെങ്കിൽ കയറിക്കോ, വിട്ടേക്കാം എന്ന് പറഞ്ഞു. കേട്ടപാതി പിള്ളേരെല്ലാംകൂടി ചാടിക്കയറി. അവരെ കാറിൽ കയറ്റി നഗരം ചുറ്റി കാണിച്ചു പപ്പ. കുട്ടികളെ വലിയ ഇഷ്ടമായിരുന്നു അദ്ദേഹത്തിന്.

ട്രാഫിക് നിയമങ്ങളെല്ലാം കർശനമായി പാലിക്കണമെന്നും എപ്പോഴും പറയും. അദ്ദേഹവും ആ കാര്യത്തിൽ വളരെ കണിശക്കാരനായിരുന്നു. ഡ്രൈവിങ് ഭയങ്കര ഹരമാണ്. തിരുവനന്തപുരത്തുനിന്ന് ചെന്നൈയ്ക്ക് സ്വന്തമായി കാറോടിച്ചാണ് പോവുക. ചിലപ്പോൾ അടുത്ത സുഹൃത്തുക്കളും ഉണ്ടാവും. ഉദയഭാനുച്ചേട്ടൻ അങ്ങനെ അദ്ദേഹത്തോടൊപ്പം കാറിൽ ചെന്നൈയ്ക്ക് പോയ അനുഭവം പിന്നെ പറഞ്ഞുകേട്ടിട്ടുണ്ട്. അദ്ദേഹത്തെക്കൊണ്ട് ഇഷ്ടഗാനങ്ങൾ പാടിക്കും. പപ്പയും പാടും. കവിതകൾ ഇഷ്ടപ്പെടുന്ന, പാട്ടുകൾ അർഥമറിഞ്ഞ് ആസ്വദിക്കുന്ന ആളായിരുന്നു. 'എവിടെ നിന്നോ എവിടെ നിന്നോ വഴിയമ്പലത്തിലെത്തിയ വാനമ്പാടികൾ നമ്മൾ' എന്ന പാട്ടാണ് അച്ഛന്റെ ഏറെ പ്രിയപ്പെട്ട ഉദയഭാനുഗാനം. യാത്രയ്ക്കിടയിൽ ഏതോ ലെവൽ ക്രോസിൽ നിർത്തിയിട്ട കാറിൽ ചാരിനിന്ന് ആ ഗാനവും പാടി നിൽക്കുന്ന അച്ഛന്റെ ചിത്രം ഉദയഭാനുച്ചേട്ടന്റെ ഓർമകളിലൂടെ എന്റെ മനസ്സിലും പതിഞ്ഞതാണ്.

പട്ടം പി.എം.ജി.ക്കരികിലെ വീട്ടിൽ താമസിക്കുമ്പോൾ പുറത്തുപോയിവരുന്നവഴി അമ്മ ബോധംകെട്ട് വീണു. അച്ഛൻ ഓടിയെത്തി അമ്മയെ എടുത്ത് അകത്ത് കൊണ്ട് കിടത്തി ശുശ്രൂഷിക്കുന്നതും ഡോക്ടറെ വിളിച്ചുവരുത്തി പരിശോധിപ്പിക്കുന്നതുമൊക്കെ ഇന്നലെയെന്നോണം മനസ്സിലുണ്ട്. അത്രയ്ക്ക് കെയറായിരുന്നു അദ്ദേഹത്തിന്. ഒരിക്കൽ അനിയൻ ജീവനെയുംകൊണ്ട് ആശുപത്രിയിൽ പോയി. ഡിഫ്തീരിയയാണോ എന്നൊരു സംശയം. നിരീക്ഷണത്തിൽ വയ്ക്കണമെന്ന് ഡോക്ടർ പറഞ്ഞപ്പോ അമ്മയെയും അനിയനെയും ആശുപത്രിയിലാക്കി ഞങ്ങൾ വീട്ടിലേക്ക് വന്നു. അന്ന് അമ്മയില്ലാത്ത കുറവ് ഞങ്ങൾ അറിഞ്ഞിട്ടില്ല. കഞ്ഞിവെച്ചുതന്നു, ഭക്ഷണത്തിനുമുൻപ് പ്രാർഥനാവേളയിൽ പാട്ടുപാടിത്തന്നു... 'അധ്വാനിക്കുന്നവർക്കും ഭാരം ചുമക്കുന്നവർക്കും അത്താണിയായിടും...' എന്ന് അന്ന് പപ്പ പാടിയ പ്രാർഥനാഗാനം ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നുണ്ട്. ഞങ്ങളെ കിടത്തി ഉറക്കിയശേഷമാണ് അച്ഛൻ അന്നുറങ്ങിയത്. അങ്ങനെ ഒരുപാടുണ്ട് മരിക്കാത്ത കുറേ ഓർമകൾ.

സാഹസികത കൂടപ്പിറപ്പ്

ഒരുദിവസം രാവിലെ മമ്മി വിളിച്ചുണർത്തി എടാ പപ്പ വന്നിട്ടുണ്ട്. കേട്ടതും ചാടിയെഴുന്നേറ്റ് വരാന്തയിലേക്കോടി. അവിടെ പേപ്പറും വായിച്ചിരിക്കുകയാണ് പപ്പ. പപ്പ എപ്പോ വന്നെന്ന് ചോദിച്ച് ഓടിച്ചെന്നു. ഞാൻ വെളുപ്പിന് എത്തിയെടാ... പോന്നവഴി നിങ്ങളെയൊക്കെ കണ്ടിട്ട് പോകാമെന്നുകരുതി കയറിയതാ. ഞാൻ നോക്കുമ്പോ ദേഹത്ത് നിറയെ വെള്ളപ്പാടുകൾ. മുറിവുണങ്ങി തൊലി പൊളിഞ്ഞപോലെ പാടുകൾ. ഇതെന്തുപറ്റി ഞാൻ ഉത്‌കണ്ഠയോടെ ചോദിച്ചു. ഓ അതൊന്നുമില്ലെടാ... ഒരു പുലിയുമായി ഗുസ്തിപിടിച്ചതാ.

പാലാട്ട് കോമൻ സിനിമയ്ക്കുവേണ്ടിയായിരുന്നു അത്. പുലിയുടെ പരിശീലകനുമായി അതത്ര ഇണങ്ങിയിട്ടുണ്ടായിരുന്നില്ല. നഖം മുറിക്കാൻ ശ്രമിച്ചെങ്കിലും അത് നടന്നുമില്ല. എങ്ങനെ ഷോട്ടെടുക്കുമെന്ന് വിചാരിച്ച് ശങ്കിച്ചുനിൽക്കുമ്പോൾ പപ്പ പറഞ്ഞു. ചാക്കോച്ചാ ഞാൻ റെഡി. ചാക്കോച്ചൻ ഇങ്ങനെ ചില പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞപ്പോ സാരല്യടോ എന്ന് പറഞ്ഞ് ക്യാമറയ്ക്ക് മുന്നിലെത്തി. ശരിക്കുമൊരു റിയൽ ഫൈറ്റായിരുന്നു അവിടെ നടന്നതെന്ന് പിന്നീട് ഞങ്ങളറിഞ്ഞു. അസാമാന്യ ധൈര്യശാലിയായിരുന്നു. പിൽക്കാലത്ത് നമ്മൾ പലരെപ്പറ്റിയും പറയാറില്ലേ ഡ്യൂപ്പില്ലാതെ അഭിനയിച്ചു എന്നൊക്കെ. അതിന്റെ ആദ്യത്തെ മുഖം സത്യത്തിൽ പപ്പയാണ്. ചെമ്മീൻ ഷൂട്ടിങ്ങിനിടയിലും അദ്ദേഹം അപകടത്തിൽ പെട്ടിരുന്നു.

ആ അപകടത്തിൽനിന്ന് രക്ഷപ്പെട്ട് തിരിച്ചുവരുമ്പോൾ മംഗലാപുരത്തുവെച്ച് കാറപകടത്തിലും പെട്ടു. പരിക്കേറ്റ് വീട്ടിൽ വിശ്രമിക്കുന്ന സമയം. രാവിലെ ഗേറ്റരികിൽ ഒരു കാറ്. ഞാൻ ഓടിച്ചെന്ന് ഗേറ്റ് തുറക്കുമ്പോൾ കാറിൽനിന്ന് പച്ച ഷർട്ടും വെള്ള പാന്റും അണിഞ്ഞ് സുന്ദരനായ ഒരാൾ ഇറങ്ങിവരുന്നു. പ്രേംനസീർ. പപ്പയ്ക്ക് എങ്ങനെയുണ്ട് മോനേ എന്ന് ചോദിച്ചാണ് അകത്തോട്ട് കയറിയത്. പപ്പയുടെ കട്ടിലിരിരുന്ന് മണിക്കൂറുകളോളം സംസാരിച്ചാണ് തിരിച്ചുപോയത്. അപകടവിവരം അറിഞ്ഞ് മദ്രാസിൽനിന്ന് വിമാനത്തിൽ വന്നതായിരുന്നു അദ്ദേഹം. മരണത്തിന് മുൻപും മരണശേഷവും ഞങ്ങളുടെ കുടുംബവുമായി വളരെ സ്നേഹത്തിലായിരുന്നു അദ്ദേഹവും കുടുംബവും. മകൻ ഷാനവാസിന്റെ കല്യാണത്തിനും എന്നെ വിളിച്ചു. വലിയ സന്തോഷമായിരുന്നു അത്.

മുഖം നോക്കാതെ

ഒരിക്കൽ പേശും ദൈവം എന്ന ചിത്രത്തിൽ അഭിനയിക്കാൻ മദ്രാസിൽ ചെന്നു. മഹാബലിപുരത്തായിരുന്നു ഷൂട്ടിങ്. കെ.എസ്.ഗോപാലകൃഷ്ണനായിരുന്നു സംവിധായകൻ. ഒൻപതുമണിക്ക് ഷൂട്ടിങ് തുടങ്ങുമെന്നായിരുന്നു പറഞ്ഞത്. അച്ഛൻ സാധാരണ സ്വന്തം കാറിൽ സ്വന്തമായി ഡ്രൈവ്ചെയ്താണ് ലൊക്കേഷനിലേക്ക് പോവാറ്, ലൊക്കേഷനിലേക്കെന്നല്ല, എവിടേക്കും. ഡ്രൈവിങ് അത്രയ്ക്ക് ഹരവുമായിരുന്നു. മറ്റുള്ളവരുടെ സൗകര്യത്തിന് കാത്തിരിക്കാതെ പോവുകയും വരുകയും ചെയ്യാം എന്നതും ഇഷ്ടം.
പപ്പ എട്ടുമണിക്ക് ലൊക്കേഷനിലെത്തി. മെയ്ക്കപ് ഇട്ട് ഒൻപതുമണിയായപ്പോഴേക്കും റെഡിയായി. പക്ഷേ, ശിവാജി ഗണേശൻ എത്തിയില്ല. സെറ്റ് ഒന്നാകെ അസ്വസ്ഥരായി. സംവിധായകൻ ശിവാജിയെ കുറ്റപ്പെടുത്തി എന്തൊക്കെയോ പിറുപിറുക്കുന്നു. ഷൂട്ടിങ് തുടങ്ങാനാവുന്നില്ല.

പന്ത്രണ്ടുമണിയായപ്പോ ഒരു ഇംപാല കാർ വന്ന് നിന്നു. അതിൽനിന്ന് ശിവാജി ഇറങ്ങിയതും സെറ്റാകെ ഇളകിമറിഞ്ഞു. ഞാൻ ലേറ്റായോ എന്ന് ചോദിച്ചാണ് അദ്ദേഹം വരുന്നത്. ഇല്ല, എന്ന് മറുപടി പറഞ്ഞ് എല്ലാവരും ശിവാജിയെ സുഖിപ്പിക്കാൻ മത്സരിക്കുന്നു. പപ്പ കസേരയിൽതന്നെ ഇരിക്കുകയാണ്. ശിവാജി അടുത്തോട്ട് വന്ന് കൈ കൊടുത്തു. മിസ്റ്റർ സത്യൻ ഞാൻ ലേറ്റായോ എന്ന് ചോദിച്ചു. യെസ് യു ആർ ടൂ ലേറ്റ് എന്ന് മറുപടി കൊടുത്തു. അതായിരുന്നു പപ്പയുടെ ശീലം.

തയ്യാറാക്കിയത്: ജി.ജ്യോതിലാൽ

Content Highlights : Actor Sathyan 50th deathn anniversary Son Satheesh Sathyan Rememberance

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram