എസ്.പി ബാലസുബ്രഹ്മണ്യം Photo | https:||www.facebook.com|SPB|?ref=page_internal
കോട്ടയം: പ്രണയം മൗനമെന്ന് ആദ്യമായി പാടിത്തന്നത് മറ്റാരുമല്ല. തിരക്കേറിയ ജീവിതത്തിൽ പ്രണയം നഷ്ടപ്പെട്ടൂവെന്ന് തോന്നുന്ന ഓരോ നേരവും ആ വരികൾ ഹൃദയത്തിൽ പ്രണയം പെയ്യിച്ചു കൊണ്ടേയിരിക്കുന്നു. ഏത് സങ്കടകാലത്തും ആ വരികൾ തന്നത് പ്രണയാനുഭവം മാത്രമല്ല.മറ്റാർക്കും പകർന്ന് തരാനാവാത്ത ആശ്വാസം കൂടിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഏതോ ഒരു വിഷുക്കാലത്താണ് ആ പ്രണയ വരികൾ മൗനമായി കടന്ന് വന്നത്. മലരേ മൗനമാ... മൗനമേ വേദമാ... മലർകൾ പേസുമാ പേശീനാൽ ഓയുമാ അൻപേ...’ ...അർത്ഥമറിയാത്ത കാലത്തും ആ പാട്ട് പ്രണയം തന്നെ കേൾപ്പിച്ചു തന്നു.
പാതിവഴിയിൽ നഷ്ടമായ സ്നേഹം വീണ്ടെടുത്ത് തരുന്ന വൈരമുത്തുവിന്റെ വരികളിൽ സ്നേഹം മാത്രമോ.അല്ല. എല്ലാമുണ്ട്. വിദ്യാസാഗറിന്റെ സംഗീതത്തിന്റെ എസ്.പി.ബാലസുബ്രഹ്മണ്യം ഈ പാട്ടു പാടിയത് ഒരു പാതിരാവിലാണ്. 23 വർഷം മുൻപ്. വിദ്യാസാഗർ തന്റെ പുതിയ ചിത്രത്തിലെ ഏതാനും ഗാനങ്ങൾ പാടാൻ എസ്.പി ബാലസുബ്രഹ്മണ്യത്തെ കിട്ടിയതിന്റെ സന്തോഷത്തിൽ. രാവിലത്തെ റെക്കോഡിങ്ങ് പൂർത്തിയായത് രാത്രി എട്ടുമണിയോടെ.
ബാക്കി പാടുന്ന കാര്യം പറഞ്ഞപ്പോൾ വിദ്യാസാഗറോട് എസ്.പി.ബി പറഞ്ഞു: ‘ ‘ രാത്രി എട്ട് മണി കഴിഞ്ഞാൽ ഞാൻ പാടില്ലെന്ന് അറിയില്ലെ? പണം സമ്പാദിക്കാനായി പാടുന്നയാളല്ല ഞാൻ’ ’ എസ്.പി.ബി മടങ്ങാനുള്ള ഒരുക്കത്തിൽ.
‘ ‘ സാർ പാടേണ്ട. ഇതു കേട്ട് അഭിപ്രായം പറഞ്ഞാൽ മതി. മാറ്റം വരുത്തണമെങ്കിൽ രാവിലെ ആകാമല്ലോ’ ’ എന്നായി വിദ്യാസാഗർ .പാട്ട് കേൾക്കാൻ അദ്ദേഹം തയ്യാറായി. എസ്. ജാനകി പാടിയ ‘ ‘ മലരേ മൗനമാ’ ’ എന്ന പാട്ടിന്റെ വരികൾ’ ’ . പാട്ട് കേട്ട് എസ്.പി. ബി പറഞ്ഞു: "സ്റ്റുഡിയോ ഓൺ ചെയ്യൂ... എനിക്ക് ഇപ്പോൾ തന്നെ പാടണം.’ ’
എസ്. ജാനകിയുടെ ഭാവം കിട്ടാൻ നേരം വെളുക്കുവോളം പാടി റെക്കോഡ് ചെയ്യുമ്പോൾ പാട്ടുകളോടുള്ള ജീവൻ മാത്രമായിരുന്നില്ലേ ആ മനസിൽ. ‘ ‘ പാതി ജീവൻ കൊണ്ട് ദേഹം വാഴ്ന്ത് വന്തതോ മേതി ജീവൻ എന്നൈ പാർത്ത പോദു വന്തതോ’ ’ .അർഥമറിയാതെയും ഈ ശബ്ദത്തെ സ്നേഹിച്ചുപോയി. കാലം കഴിഞ്ഞ് അർത്ഥം തേടി. ‘ ‘ പാതി ജീവൻ കൊണ്ടാണോ ഞാനിത്ര നാൾ ജീവിച്ചത്..പിന്നെയുള്ള ജീവിതം എന്നെ കണ്ടതിന് ശേഷം വന്നതോ’ ’ ...മറുപാതിയിൽ സ്നേഹം മാത്രമല്ല എത്രമാത്രം വിശ്വാസവും നിറച്ച് പ്രണയാതുരമാക്കാൻ ആ ശബ്ദത്തിനേ കഴിയൂ.
അദ്ദേഹം പ്രണയത്തിന്റെ ഗായകനായിരുന്നോ. എന്തായാലും ഏത് ഭാഷയിലും പാടി അദ്ദേഹം മലയാളിയുടെ ഹൃദയത്തിലേക്ക് പ്രണയത്തിന്റെ പാലം തീർത്തുകൊണ്ടിരുന്നു. അത് കൊണ്ട് അറുപതുകളിൽ ബാലനടനായി എത്തിയ കമലഹാസനെ മലയാളി സ്വന്തമായി കരുതിയ അതേ സ്നേഹവായ്പോടെ എസ്.പി.ബിയേയും മലയാളി ഹൃദയത്തിലേറ്റി.
1969ൽ വയലാർ-ദേവരാജൻ ടീമിനൊപ്പം ചേർന്ന എസ്..പി ബി പിന്നീട് ഇത്രത്തോളം പാടിമുന്നേറുമ്പോൾ എപ്പോഴും അദ്ദേഹം മലയാളിയെന്ന് തോന്നിപ്പിച്ചു കൊേണ്ടയിരുന്നു. മുല്ലപ്പൂവും കനകാംബരവും നല്ല ചൂട് ഇഡ്ഡലിയും ഒക്കെ മലയാളിയുടെ വലിയ തമിഴ് ഇഷ്ടങ്ങളിൽ പെട്ടത് പോലെ എസ്.പി.ബിയും ആ പ്രിയകൂട്ടിൽ പെട്ടു. അപ്പോഴൊക്കെയും മലയാളിയെ പ്രണയത്തിന്റെ കൂച്ച് വിലങ്ങിടും തരത്തിലുള്ള പാട്ടുകളുമായി അദ്ദേഹം എത്തിക്കൊണ്ടേയിരുന്നു.
1990 - ൽ 'കേളെടി കണ്മണി' എന്ന ചിത്രത്തിന് വേണ്ടി ഇളയരാജയുടെ ഈണത്തിൽ വരദരാജൻ എഴുതിയ ഒരു ഗാനം എസ്.പി.ബി പാടിയത് സ്ക്രീനിൽ കണ്ടത് ശ്വാസമടക്കിയാണ്. വിഭാര്യന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്ന പ്രണയം അനായാസം അഭിനയിക്കുന്നതിനൊപ്പം പാട്ടിലൂടെയും പ്രണയമെത്തിക്കുമ്പോൾ അദ്ദേഹത്തോടുളള സ്നേഹം കടലോളമായി .‘ ‘ മണ്ണിൽ ഇന്ത കാതൽ അൻട്രിയാരും വാഴ്തൽ കൂടുമോ ?’ ’ .ഈ ഭൂമിയിൽ പ്രണയം ഇല്ലാതെ ആർക്കെങ്കിലും ജീവിക്കാൻ പറ്റുമോയെന്നുള്ള വരികൾ. ‘ ശ്വാസമെടുക്കാതെ പാടുമെന്ന് പറിഞ്ഞിട്ടില്ലേ’ എന്ന നായികയുടെ ചോദ്യത്തിന് മുന്നിൽ ശ്വാസം നിർത്താതെ പാടുന്നു പിന്നീടുള്ള വരികളിൽ‘ ‘
വെണ്ണിലവും പൊന്നി നദിയും
കന്നിയിൻ തുണൈയിണ്ട്രി
എന്ന സുഖം ഇങ്കു പടൈക്കും,
പെണ്മൈയിൻസുഖമണ്ട്രി
സന്ദനമും സംഗത്തമിഴും
പൊങ്കിടുംവസന്തമും
സിന്തി വരും പൊങ്കും അമുതം
തന്തിടും കുമുദമും
കന്നിമഗൾ അരുഗേ ഇരുന്താൽ സുവൈക്കും
കന്നിത്തുണൈ ഇഴന്താൽ മുഴുതും കസക്കും
വിഴിയിനിൽ മൊഴിയിനിൽ നടയിനിൽ
ഉടയിനിൽ അതിസയസുഗം തരും
അണങ്കിവൾപിറപ്പിതു താൻ’ ’
ശ്വാസമെടുക്കാതെ 28 സെക്കൻഡിൽ പാടിത്തീർക്കുമ്പോൾ ശ്വാസം അടക്കിപ്പിടിച്ച് പോകും ആരും.
തെലുങ്കു ചിത്രമായ ശങ്കരാഭരണം സിനിമയെ എത്രമാത്രം മലയാളി സ്വീകരിച്ചോ അത്രമാത്രം ‘ ശങ്കരാ നാദശരീരാപരാ’ ...എന്ന അദ്ദേഹത്തിന്റെ ഗാനവും മലയാളി യുടെ പാട്ട് പ്രേമത്തേൽ പെട്ടു. സിനിമയിലെ ഒമ്പത് ഗാനങ്ങൾ ആലപിച്ച അദ്ദേഹം പക്ഷേ പ്രണയഗാനങ്ങളിലൂടെയാണ് കൂടുതൽ മലയാളിയിലേക്ക് അടുത്തതെന്ന് മാത്രം. ‘ റോജ’ യിലെ പ്രണയം ഒരു പനിനീർപ്പൂവ് കണക്കെ നെഞ്ചിലേറ്റിയ മലയാളിക്ക് കണ്ണടച്ചാലും മനസിലേക്ക് പ്രണയം കോരിയിടുന്ന ശബ്ദമായിരുന്നു ആ വരികളിൽ.
‘ ‘ കാതൽ റോജാവേ എങ്കേ നീ എങ്കേ
കണ്ണീർ വഴിയുതെടീ കണ്ണേ
കാതൽ റോജാവേ എങ്കേ നീ എങ്കേ
കണ്ണീർ വഴിയുതെടീ കണ്ണേ
കണ്ണുക്കുൾ നീതാൻ കണ്ണീരിൽ നീതാൻ
കണ്മൂടി പാർത്താൽ നെഞ്ചുക്കുൾ നീതാൻ ’ ’
കാമുകനിലേക്ക് പ്രണയതീവ്രതയോടെ കാത്തിരിക്കുന്ന ഏത് പെൺമനസും അറിയാതെയെങ്കിലും ഈ പാട്ട് മൂളും. പ്രണയം അടർത്തി മാറ്റിയ വേദനയിൽ അവനും മൂളാതെ തരമില്ല. ഡ്യുയറ്റിലെ‘ ‘ അഞ്ജലി അഞ്ജലി പുഷ്പാഞ്ജലി’ , പയനങ്കൾ മുടിവതില്ലൈയിലെ
‘ ഇളയനിലാ പൊഴികിറതേ’ ,ഗീതാജ്ഞലിയിലെ ‘ ഓ പ്രിയാ’ ഉൾപ്പെടെ തമിഴിലെ എത്രയോ പാട്ടുകൾ. ഹിന്ദിയിൽ ‘ ഏക് ദുജേ കേലിയെ’ യേയിലെ ‘ തേരെ മേരേ ബീച്ച് മേം’ യും മലയാളിയുടെ സ്വന്തം പ്രണയഗാനമായി. അനശ്വരത്തിലെ ‘ താരാപഥം ചേതോഹരം’ എന്ന ഗാനത്തിലെ നവ ‘ ‘ മേഘമേ കുളിർ കൊണ്ടുവാ.. ഒരു ചെങ്കുറുഞ്ഞിപ്പൂവിൽ മൃദു ചുംബനങ്ങൾ നൽകാം.’ ’ എന്ന വരികളിൽ അദ്ദേഹം പ്രണയത്തെ ചേതോഹരമാക്കുന്ന കാഴ്ചയുണ്ട്.
‘ യാത്രാമൊഴി’ യിലെ 'കാക്കാല കണ്ണമ്മ' ,കിലുക്കത്തിലെ ‘ ‘ ഊട്ടിപ്പട്ടണം’ ,സി.ഐഡി. മൂസ യിലെ ‘ മേനേ പ്യാർ കിയാ’ അങ്ങനെ ആരേയും ഇഷ്ടപ്പെടുത്തുന്ന പാട്ടുകളുടെ ഗണം നീളുമ്പോഴും പ്രണയഗാനങ്ങളുടെ വശ്യതയാണ് എസ്.പി.ബിയെ മലയാളിയിലേക്ക് എന്നും അടുപ്പിച്ചിട്ടുള്ളത്. 1989 ൽ നടൻ റഹ്മാനും നടി സിതാരയ്ക്കും തമിഴിൽ വലിയ ഇടമൊരുക്കിയ ‘ പുതുപുതുഅർത്ഥങ്ങൾ’ എന്ന ചിത്രത്തിലെ ‘ ഗുരുവായൂരപ്പാ...ഗുരുവായൂരപ്പാ നാൻ കൊണ്ട് കാതുലുക്ക് നീ താനേ സാക്ഷി’ ’ യും മലയാളിമനസിൽ പാടിപ്പതിഞ്ഞിട്ടുണ്ട്.
പ്രണയഗാനങ്ങളുടെ നിത്യഹരിത ഗായകാ മലയാളിയുടെ എന്നുമെല്ലാ പ്രണയത്തിലും നിന്നോർമ്മ പുഞ്ചിരിക്കും. അത് പാട്ടായും താളമായും നിൻ ചിരിയായും അഭിനയ മുഹൂർത്തങ്ങളാലും.. ആ പ്രണയം മലയാളിയെ പ്രണയിപ്പിച്ച് കൊേണ്ടയിരിക്കും. അത് മൗനമായി. അതീവമൗനമായി മലയാളി ആ പാട്ടുകൾ കേട്ടുകൊണ്ടേയിരിക്കും.‘ മലരേ മൗനമാ....’ ഈ വേർപാടിൽ അവർ അറിയാതെ മൂളിപ്പോകുന്നുണ്ടാവണം. ‘ കണ്ണുക്കുൾ നീതാൻ കണ്ണീരിൽ നീതാൻ നെഞ്ചുക്കുൾ നീതാൻ കണ്ണീർ വഴിയുതെടീ കണ്ണേ’ ’
Content Highlights : Sp Balasubrahmanyam romantic songs malayalam songs