കെ.വിശ്വനാഥിനൊപ്പം എസ്.പി. ബാലസുബ്രഹ്മണ്യം Photo | www.facebook.com|ravi.menon.1293
ബാലമുരളീകൃഷ്ണയേയും യേശുദാസിനേയും പോലുള്ള സംഗീതസവ്യസാചികൾ വിളിപ്പുറത്തുണ്ടായിട്ടും ``ശങ്കരാഭരണ''ത്തിലെ പാട്ടുകൾ ശാസ്ത്രീയസംഗീതവിശാരദനല്ലാത്ത എസ് പി ബാലസുബ്രഹ്മണ്യത്തെ കൊണ്ടു പാടിക്കാൻ തീരുമാനിച്ചതെന്തുകൊണ്ട് ? നാല് പതിറ്റാണ്ടുകളായി ശങ്കരാഭരണത്തിന്റെ ശിൽപ്പി ഉത്തരം പറഞ്ഞു മടുത്ത ചോദ്യമാവണം അത്. എന്നിട്ടും പരിഭവലേശമന്യേ ഹൃദയം തുറന്നു ചിരിച്ചു സംവിധായകൻ കെ വിശ്വനാഥ്. ``നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരം ബാലു പാടിയ പാട്ടുകളിൽ തന്നെയുണ്ട്. ഇത്ര കാലം ആ പാട്ടുകൾ കേട്ടിട്ടും അതു തിരിച്ചറിഞ്ഞില്ലെന്നോ? അത്ഭുതം..''
ശങ്കരാഭരണം ഒരു ആശയമായി മനസ്സിൽ രൂപപ്പെട്ടപ്പോഴേ ഗായകനായി എസ് പി ബിയെ നിശ്ചയിച്ചുകഴിഞ്ഞിരുന്നു വിശ്വനാഥ്- പലരുടെയും നെറ്റി ചുളിയുമെന്നറിഞ്ഞുകൊണ്ട് തന്നെ. ബാലമുരളീകൃഷ്ണ പാടണം എന്നായിരുന്നു സംഗീത സംവിധായകൻ കെ വി മഹാദേവന്റെ ആഗ്രഹം. സിനിമയിലെ നായകൻ ലോകം മുഴുവൻ ആദരിക്കുന്ന ശാസ്ത്രീയ സംഗീതജ്ഞനാകുമ്പോൾ അദ്ദേഹത്തിന് വേണ്ടി പാടുന്നത് ഒരു സാധാരണ പാട്ടുകാരൻ ആകരുതല്ലോ. എന്നാൽ എസ് പി ബി ഒരു സാധാരണ ഗായകൻ അല്ല എന്ന് മറ്റാരെക്കാൾ അറിയാമായിരുന്നു വിശ്വനാഥിന്. ``പരിചയസമ്പന്നരായ ശാസ്ത്രീയ സംഗീത വിശാരദൻമാരിലൊന്നും കാണാത്ത ചില ഗുണവിശേഷങ്ങളുണ്ട് അയാൾക്ക്. നല്ലൊരു നടനാണ്. അതിലുപരി കഴിവുറ്റ മിമിക്രി ആർട്ടിസ്റ്റും. ആരുടേയും ശബ്ദവും ഭാവങ്ങളും ചേഷ്ടകളും അതിഗംഭീരമായി അനുകരിക്കും ബാലു. ശിവാജി ഗണേശനെയും എം ജി ആറിനെയും ഒക്കെ ബാലു അനുകരിക്കുന്നത് വിസ്മയത്തോടെ കണ്ടുനിന്നിട്ടുണ്ട് ഞാൻ. സംവിധായകൻ ഉദ്ദേശിക്കുന്ന ഏതു ഭാവവും ശൈലിയും ആലാപനത്തിൽ കൊണ്ടുവരാൻ ഉള്ളിലെ ഈ ശബ്ദാനുകരണ വിദഗ്ദൻ അയാളെ സഹായിച്ചിട്ടുണ്ടാകം.''
മികച്ച ഗായകനുള്ള ദേശീയ അവാർഡും നന്ദി അവാർഡും ഫിലിംഫെയർ അവാർഡും ഉൾപ്പെടെ ശങ്കരാഭരണം നേടിത്തന്ന കീർത്തിമുദ്രകൾ ഒന്നടങ്കം എസ് പി ബാലസുബ്രഹ്മണ്യം സമർപ്പിച്ചിട്ടുള്ളത് ഒരു തിരുവനന്തപുരംകാരനാണ് -- ചാലയിൽ ജനിച്ചുവളർന്ന് തമിഴകത്ത് വാദ്യവിന്യാസ വിദഗ്ദനും മലയാളത്തിൽ സംഗീതസംവിധായകനായും പേരെടുത്ത വേലപ്പൻ നായർ എന്ന അപ്പുവിന്. ``പുകഴേന്തി'' എന്ന പേരിലാണ് സിനിമാലോകത്ത് അപ്പുവിനു ഖ്യാതി. കെ വി മഹാദേവന്റെ വിശ്വസ്ത സഹായിയായ പുകഴേന്തിയുടെ ആത്മാർഥമായ ശിക്ഷണം ഇല്ലായിരുന്നെങ്കിൽ ശങ്കരാഭരണത്തിലെ പാട്ടുകൾ പാടി ഫലിപ്പിക്കാൻ തനിക്ക് കഴിയില്ലായിരുന്നു എന്ന് വിശ്വസിച്ചു എസ് പി ബി.
``ശങ്കരാഭരണത്തിൽ പാടാൻ ക്ഷണം ലഭിച്ചപ്പോൾ ആദ്യം ഒഴിഞ്ഞുമാറാനാണ് ഞാൻ ശ്രമിച്ചത്. പിതാവിനെ പോലെ ഞാൻ ആദരിക്കുന്ന വിശ്വനാഥ് സാറിന്റെ പടമാണ്. തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകൻ. ഈ പടവും ഒരു അവിസ്മരണീയ ദൃശ്യാനുഭവം ആകുമെന്നുറപ്പായിരുന്നു. ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ലാത്ത എനിക്ക് പടത്തിലെ പാട്ടുകളോട് നീതി പുലർത്താൻ കഴിയുമോ എന്ന കാര്യത്തിലേ ഉണ്ടായിരുന്നുള്ളൂ സംശയം. പാട്ടുകളുടെ നിലവാരമില്ലായ്മ കൊണ്ട് ഒരു ക്ലാസിക് പടം ശ്രദ്ധിക്കപ്പെടാതെ പോയാലോ? അതിൽപ്പരം ഒരപമാനമുണ്ടോ. സംവിധായകന് മാത്രമല്ല ആ സിനിമയിൽ പ്രവർത്തിച്ച മറ്റെല്ലാവർക്കും അത് ദുഷ്പേരുണ്ടാക്കും. എനിക്കു പകരം മറ്റേതെങ്കിലും പാട്ടുകാരനെ തേടാൻ അപേക്ഷിച്ചു നോക്കിയെങ്കിലും ഫലമുണ്ടായില്ല. വിശ്വനാഥ് സാറിന് എന്റെ കഴിവുകളിൽ അത്രയും വിശ്വാസമായിരുന്നിരിക്കണം; പുകഴേന്തി മാസ്റ്റർക്കും.''
കെ വി മഹാദേവനാണ് സംഗീതസംവിധായകൻ. അടിമൈപ്പെൺ എന്ന എം ജി ആർ ചിത്രത്തിലെ ആയിരം നിലവേ വാ എന്ന മനോഹര പ്രണയഗാനത്തിലൂടെ എസ് പി ബിയ്ക്ക് സിനിമാ ജീവിതത്തിന്റെ തുടക്കത്തിൽ ഏറ്റവും വലിയ ബ്രേക്ക് നൽകിയ വ്യക്തി. വേറെയും മെലഡികൾ കെ വി എമ്മിന് വേണ്ടി പാടി ഹിറ്റാക്കിയിട്ടുണ്ടെങ്കിലും ശങ്കരാഭരണത്തിൽ തന്നെ കാത്തിരിക്കുന്നത് ആയുസ്സിലെ ഏറ്റവും കടുത്ത വെല്ലുവിളിയാണെന്ന് നന്നായറിയാമായിരുന്നു എസ് പി ബിക്ക്. `ഏറെ മാനസിക സംഘർഷം അനുഭവിച്ച നാളുകളായിരുന്നു അവ. റെക്കോർഡിംഗ് അടുക്കുന്തോറും പിരിമുറുക്കവും കൂടിവന്നു. ആ സന്ദിഗ്ദ ഘട്ടത്തിലാണ് ദൈവദൂതനെ പോലെ പുകഴേന്തി സാർ അവതരിക്കുന്നത്. ഉള്ളിലെ വേവലാതി എന്റെ മുഖത്തു നിന്ന് വായിച്ചെടുത്തിരിക്കണം അദ്ദേഹം. ഒരു ദിവസം പുകഴേന്തി സാർ എന്നെ വിളിച്ചു പറഞ്ഞു: പേടിക്കേണ്ട. ഈ പടത്തിലെ എല്ലാ പാട്ടുകളും നിന്നെ പഠിപ്പിക്കുന്ന കാര്യം ഞാൻ ഏറ്റു. ഒരാഴ്ച സാവകാശം തരുക.'' ഒരാഴ്ചയല്ല ഒരു വർഷമിരുന്നു പഠിച്ചാലും പിഴവില്ലാതെ ശാസ്ത്രീയ കൃതികൾ പാടാൻ തനിക്ക് കഴിയില്ല എന്നു തന്നെയായിരുന്നു അപ്പോഴും എസ് പി ബിയുടെ വിശ്വാസം.
പിറ്റേന്ന് കാലത്തു തന്നെ കുറെ ഓഡിയോ കാസറ്റുകളുമായി പുകഴേന്തി എസ് പി ബിയെ കാണാനെത്തുന്നു. `` പടത്തിലെ ഗാനങ്ങൾ എല്ലാം കാസറ്റിൽ പാടിവെച്ചിരിക്കുകയാണ് അദ്ദേഹം. ശ്രദ്ധാപൂർവ്വം അവ കേൾക്കാനും ഏറ്റു പാടാനുമാണ് എനിക്ക് കിട്ടിയ നിർദേശം.'' -- എസ് പി ബി. ``ആ നിമിഷം മുതൽ ഒരു തപസ്യ പോലെ ഞാൻ എന്റെ പരിശീലനം തുടങ്ങി. വീട്ടിലോ സ്റ്റുഡിയോയിലോ വെറുതെ ഇരിക്കുമ്പോൾ, കാറിൽ യാത്ര ചെയ്യുമ്പോൾ, ഭക്ഷണം കഴിക്കുമ്പോൾ, കുളിക്കുമ്പോൾ, രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ, പുലർച്ചെ ഉണരുമ്പോൾ എല്ലാം ഞാൻ ആ കാസറ്റുകൾ കേട്ടുകൊണ്ടിരുന്നു. പുകഴേന്തിയുടെ തെല്ലു പരുഷമെങ്കിലും ഹൃദ്യമായ ശബ്ദത്തിൽ നിറഞ്ഞുനിന്ന ഭാവാംശം എന്റെ ആലാപനത്തിലേക്കു പകർത്താൻ ശ്രമിച്ചു. ദിവസവും രാവിലെ പുകഴേന്തിയുടെ ഫോൺ വരും. ഈ പരീക്ഷണത്തിൽ ഞാൻ പരാജയപ്പെടരുതെന്ന് എന്നെക്കാൾ നിർബന്ധം ആ വലിയ മനുഷ്യനായിരുന്നു. ''
വാണിജയറാമാണ് പടത്തിലെ മുഖ്യഗായിക. ശങ്കരാഭരണത്തിന്റെ റെക്കോർഡിംഗ് രസകരമായ ഓർമ്മയാണ് വാണിയമ്മയ്ക്ക്. പരസ്പരം കളിയാക്കിയും തമാശകൾ പങ്കിട്ടും ചെലവഴിച്ച ദിനങ്ങൾ. ``സ്റ്റുഡിയോയിൽ ചെന്നാൽ എസ് പി ബിയെ ശങ്കരശാസ്ത്രി എന്നാണു ഞാൻ വിളിക്കുക. ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടില്ലാത്തതിന്റെ ചെറിയൊരു ആത്മവിശ്വാസക്കുറവ് തുടക്കത്തിൽ അദ്ദേഹത്തിനുണ്ടായിരുന്നുവെങ്കിലും പതുക്കെ പതുക്കെ അതു മാറിവന്നു. ഏതു ക്ലാസിക്കൽ സംഗീതജ്ഞനോടും കിടപിടിക്കും വിധം ശങ്കരാഭരണത്തിലെ പാട്ടുകൾ ബാലു പാടിയിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. ആ പാട്ടുകളുടെ ജനപ്രീതി തന്നെ അതിന്റെ ഏറ്റവും വലിയ തെളിവ്. മാത്രമല്ല മികച്ച ഗായകനും ഗായികക്കും സംഗീത സംവിധായകനും ഒരുമിച്ചു ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രങ്ങൾ അധികമില്ല താനും. ശങ്കരാഭരണത്തിൽ പാടിയിരുന്നില്ലെങ്കിൽ അത് വലിയൊരു നഷ്ടമായേനെ എന്ന് തോന്നാറുണ്ട്.''
ശങ്കരാഭരണത്തിലെ ഗാനങ്ങൾ പുതുമ നശിക്കാത്ത ശ്രവ്യാനുഭവങ്ങൾ ആയി മാറിയതിനു പിന്നിൽ എസ് സ്വാമിനാഥൻ എന്ന ശബ്ദലേഖന വിദഗ്ദന്റെ ഇന്ദ്രജാലം കൂടിയുണ്ട്. സിനിമക്ക് വേണ്ടി എസ് പി ബി ആദ്യം പാടിയ ഗാനം -- ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണയിലെ (1966) ഏമി ഈ വിന്ത മോഹം-- ഇതേ വിജയാ ഗാർഡൻസിൽ റെക്കോർഡ് ചെയ്തത് സ്വാമിനാഥനായിരുന്നു.
``നൂറു വർഷം കൊണ്ട് മദ്രാസ് മ്യൂസിക് അക്കാദമിക്ക് സാധിക്കാത്തത് ഒരൊറ്റ സിനിമ കൊണ്ട് വിശ്വനാഥിനും എസ് പി ബിക്കും കഴിഞ്ഞു'' എന്നു പറഞ്ഞത് കർണ്ണാടക സംഗീത കുലപതിയായ ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ. സംഗീതയാത്രയിൽ ലഭിച്ച ഏറ്റവും മഹത്തായ അംഗീകാരമായി കണ്ടു എസ് പി ബി ആ നിരീക്ഷണത്തെ. ജീവിതം സാർത്ഥകമായി എന്ന് തോന്നിപ്പിച്ച വാക്കുകൾ.
Content Highlights : Sankarabaranam Movie Songs SP Balasubrahmanyam K Viswanath Pukazhenthi Vani Jayaram