എസ്.പി.ബിക്ക് ഒപ്പം കമൽഹാസൻ, രജനികാന്ത് | Photo: www.facebook.com|iKamalHaasan, twitter.com|rajinikanth
ഇന്ത്യൻ സംഗീത ലോകത്ത് വലിയൊരു വിടവ് അവശേഷിപ്പിച്ചാണ് അനശ്വര ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം വിടവാങ്ങുന്നത്. ആ വിയോഗ വാർത്ത ഇനിയും ഉൾക്കൊള്ളാനായിട്ടില്ല ഇന്ത്യൻ സിനിമാ സംഗീത ലോകത്തിന്. എസ്.പി ബാലസുബ്രഹ്മണ്യത്തിന് ആദരാഞ്ജലികൾ അർപ്പിക്കുകയാണ് നടന്മാരായ രജനികാന്തും കമൽഹാസനും. ഒട്ടേറെ സിനിമാ ഗാനങ്ങളിൽ ഇരുവരുടെയും ശബ്ദമായിരുന്നത് എസ്.പി.ബി ആയിരുന്നു.
പ്രിയ അണ്ണയ്യയുടെ ശബ്ദത്തിന് ചുണ്ടനക്കാൻ കഴിഞ്ഞ ഭാഗ്യത്തെക്കുറിച്ചാണ് കമൽഹാസൻ പറയുന്നത്.
"ജീവിതകാലത്ത് സ്വന്തം കഴിവുകളെ ഉചിതമായി ആഘോഷിക്കുന്ന, അംഗീകാരങ്ങളും പ്രശസ്തിയും ലഭിക്കുന്ന വളരെ മികച്ച ചില കലാകാരന്മാരുണ്ട്. എസ്.പി ബാലസുബ്രഹ്മണ്യം അക്കൂട്ടത്തിൽ ഒരാളായിരുന്നു. അദ്ദേഹം പാടിയ നിരവധി ഗാനങ്ങൾക്ക് വെള്ളിത്തിരയിൽ അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. ഒരുപാട് ഭാഷകളിൽ, നാല് തലമുകളിലെ നായകന്മാരുടെ ശബ്ദമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പാരമ്പര്യം ഇനി വരുന്ന ഏഴു തലമുറകളാലും ഓർമ്മിക്കപ്പെടും"... കമൽഹാസൻ പറയുന്നു
"ആദരാഞ്ജലികൾ ബാലു സർ, അങ്ങായിരുന്നു വർഷങ്ങളോളും എന്റെ ശബ്ദം. അങ്ങയുടെ ശബ്ദവും ഓർമകളും എന്നോടൊപ്പം എന്നെന്നും ജീവിക്കും. ഞാനങ്ങയെ ഒരുപാട് മിസ് ചെയ്യുന്നു." എസ്.പി ബാലസുബ്രഹ്മണ്യത്തിന് ആദരാഞ്ജലികൾ നേർന്ന് രജനികാന്ത് ട്വീറ്റ് ചെയ്തു.
ചെന്നൈ അരുമ്പാക്കം നെൽസൺമാണിക്കം റോഡിലുള്ള എം.ജി.എം. ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.04ന് ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഓഗസ്റ്റ് അഞ്ചിനാണ് കോവിഡ് ബാധിച്ച അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 13 രാത്രി വരെ ആരോഗ്യനില തൃപ്തികരമായിരുന്നു.
ഇതിനിടെ സെപ്റ്റംബർ ഏഴിന് കോവിഡ് നെഗറ്റീവ് ആയെങ്കിലും ശ്വസന സംബന്ധമായ പ്രശ്നങ്ങൾ അലട്ടുന്നതിനാൽ അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്നും മാറ്റിയിരുന്നില്ല. അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും ഫിസിയോ തെറാപ്പിയോട് പ്രതികരിക്കുന്നുണ്ടെന്നും മകൻ എസ്.പി ചരൺ സോഷ്യൽ മീഡിയിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതായി ആശുപത്രി വൃത്തങ്ങൾ അറിയിക്കുകയായിരുന്നു.
വൈകിട്ട് നാലു മണിക്ക് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. വീട്ടിൽ 4.30 മുതൽ പൊതുദർശനം ഉണ്ടാകും. റെഡ്ഹിൽസിന് സമീപത്തെ താമരെപ്പാക്കത്തായിരിക്കും സംസ്‌കാരം. സമയം തീരുമാനിച്ചിട്ടില്ല.
Content Highlights : Rajinikanth and Kamal Hassan mourns SPB death