ജി വേണുഗോപാൽ. ഫോട്ടോ: എ.കെ ബിജുരാജ് | മാതൃഭൂമി
വർഷങ്ങൾക്കുമുൻപാണ്. തിരുവനന്തപുരത്ത് അവാർഡ് വാങ്ങാൻ എത്തിയതായിരുന്നു എസ്.പി.ബി. ഞാനും ചിത്രയും ചേർന്ന് അന്നൊരു പാട്ടുപാടി. സല്ലാപത്തിലെ ‘പൊന്നിൽ കുളിച്ചുനിന്നു...’ എന്ന ഗാനം. പാട്ടുകഴിഞ്ഞെത്തിയപ്പോൾ എസ്.പി.ബി. പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞതിങ്ങനെ: ‘‘എന്നമാതിരി പാട്ടു തമ്പീ. നീങ്കതാനാ പാടിയത്?’’
ഞാൻപറഞ്ഞു: സിനിമയിൽ പാടിയത് ദാസേട്ടനാണ്.
എസ്.പി.ബി: ദാസണ്ണാ... കിങ്. അതായിരുന്നു എസ്.പി. ബാലസുബ്രഹ്മണ്യൻ എന്ന മഹാഗായകൻ. നല്ലത് എവിടെക്കേട്ടാലും അഭിനന്ദിക്കും. അതിൽ പിശുക്കില്ല. ആരെയും നോവിച്ചതായി കേട്ടിട്ടില്ല. അദ്ദേഹവുമായുള്ള മൂന്നാം കൂടിക്കാഴ്ചയിലായിരുന്നു ഈ അഭിനന്ദനം. വർഷം ഓർമയില്ല. തൊണ്ണൂറുകളുടെ ആദ്യം, അല്ലെങ്കിൽ 1989-ന്റെ അവസാനം. ചെന്നൈ പ്രസാദ് 70 എം.എം. സ്റ്റുഡിയോയിൽ പാട്ടുറെേക്കാർഡിങ്. ഇടവേള വന്നപ്പോൾ ജോൺസൺമാഷ് എന്നെക്കൂട്ടി ചായകുടിക്കാൻ സ്റ്റുഡിയോയ്ക്ക് പുറത്തിറങ്ങി. സ്റ്റുഡിയോ വളപ്പിൽ മരച്ചുവട്ടിൽ ചായകുടിച്ചുനിൽക്കുമ്പോൾ 'ഇന്ദ്രൻ ചന്ദ്രൻ 'എന്ന കമൽഹാസൻ ചിത്രത്തിന്റെ ഡബ്ബിങ്ങിനിടെ എസ്.പി.ബി.യും പുറത്തിറങ്ങി. ഒരു കൈയിൽ സിഗരറ്റ്. എന്തോ കുടിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ വരവ്.
ജോൺസൺമാഷാണ് പുതിയ പാട്ടുകാരനാണെന്നുപറഞ്ഞ് എന്നെ പരിചയപ്പെടുത്തിയത്. മാഷിനെ കണ്ടപ്പോൾ അദ്ദേഹത്തിനു വലിയ സന്തോഷമായി. കുറെക്കാലത്തിനുശേഷമായിരുന്നു അവർ കാണുന്നത്, എന്റെ ആദ്യകൂടിക്കാഴ്ചയും. സംസാരത്തിനിടെ സിഗരറ്റ് അദ്ദേഹം വലിച്ചെറിഞ്ഞു. എന്നിട്ടു പറഞ്ഞു: ‘‘നല്ല ഗായകനാകണമെങ്കിൽ വലിക്കരുത്, കുടിക്കരുത്. ഫോളോ ദി പാത്ത് ഓഫ് ദാസണ്ണാ.’’ കമൽഹാസന്റെ കഥാപാത്രത്തിന്റെ വ്യത്യസ്ത ശബ്ദത്തിന് തയ്യാറെടുത്താണ് അദ്ദേഹം സ്റ്റുഡിയോയിലെത്തിയത്.
Content Highlight: G Venugopal remembering SPB