കാലിഫോര്‍ണിയയിലെ ഓക്‌വുഡ് ഹൈസ്‌കൂളിലെ മെലിസ്സ ബെര്‍ട്ടന്റെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കൊച്ചു മുറിയിലാണ് ആ സ്വപ്‌നം ആദ്യം മൊട്ടിട്ടത്. അതു പിന്നെ ഉത്തര്‍പ്രദേശിലെ ഹാപുരിലെ സ്ത്രീകളുടെ വേദനയില്‍ വളര്‍ന്നു. ഒടുവില്‍ ഡോള്‍ബി തിയ്യറ്ററിലെ ഓസ്‌ക്കര്‍ വേദിയില്‍ പൂവിടുകയും ചെയ്തു.
പീരിഡ് എന്‍ഡ് ഓഫ് സെന്റന്‍സ് എന്ന ഹ്രസ്വചിത്രം ഓസ്‌കര്‍ നേടിയപ്പോള്‍ തിളങ്ങിയത് നാളിതുവരെ അകത്തളങ്ങളില്‍ അടക്കിപ്പറഞ്ഞിരുന്ന ഇന്ത്യന്‍ സ്ത്രീകളുടെ വേദനയും വേവലാതിയും മാത്രമല്ല. ആര്‍ത്തവം സംബന്ധിച്ച അരുതായ്മകളുടെ വലിയൊരു രാഷ്ട്രീയം കൂടിയാണ്.
യുപിയിലെ ഹാപുരിലെ സ്ത്രീകളുടെ ആര്‍ത്തവ പ്രശ്‌നവും അവരുടെ പാഡ് പ്രോജക്ടുമാണ് റായ്ക്ക സെഹ്താബ്ച്ചിക്കൊപ്പം മെലിസ്സ ഹ്രസ്വചിത്രത്തിന് വിഷയമാക്കിയത്. അനൗദ്യോഗിക കണക്ക് അനുസരിച്ച് 23 ശതമാനം പെണ്‍കുട്ടികള്‍ ആര്‍ത്തവം കാരണം സ്‌കൂള്‍ പഠനം അവസാനിപ്പിക്കുന്ന ഹാപുരിലെ ഒരു കൂട്ടം സ്ത്രീകള്‍ സാമ്പത്തിക സ്വാശ്രയത്വവും ശുചിത്വവും ലക്ഷ്യമിട്ട് ചെലവ് കുറഞ്ഞ ഒരു സാനിറ്ററി പാഡ് നിര്‍മിക്കുന്ന യന്ത്രം നിര്‍മിക്കുന്നതാണ് ഇരുപത്തിയാറ് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ പശ്ചാത്തലം.
മെലിസ്സയുടെ നേതൃത്വത്തില്‍ ഓക്‌വുഡ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളുടെ ആഭിമുഖ്യത്തിലാണ് കത്തികേരയില്‍ ഒരു പാഡ് നിര്‍മാണ യന്ത്രം സ്ഥാപിക്കുന്നത്. ഇനിമേല്‍ ഒരു പെണ്‍കുട്ടി പോലും ആര്‍ത്തവം കാരണം പഠനം നിര്‍ത്തരുത് എന്നതായിരുന്നു ഈ സംരംഭം വഴി ലക്ഷ്യമിട്ടതെന്ന് മെലിസ്സ പറയുന്നു. ഒരു യു. എന്‍. സമ്മേളനമാണ് ഇന്ത്യന്‍ സ്ത്രീകള്‍ നേരിടുന്ന ആര്‍ത്തവപ്രശ്‌നത്തിലേയ്ക്ക് അവരുടെ മനസ്സില്‍ വെളിച്ചം വീശിയത്.
ജനങ്ങളില്‍ നിന്ന് നടന്ന് പിരിവെടുത്താണ് മെലിസ്സയും കുട്ടികളും യന്ത്രത്തിനുവേണ്ട പണം സ്വരൂപിച്ചത്. ഗേള്‍സ് ലേണ്‍ ഇന്റര്‍നാഷണല്‍, ആക്ഷന്‍ ഇന്ത്യ തുടങ്ങിയ എന്‍.ജി.ഒകളുടെ പിന്തുണയോടെയായിരുന്നു ധനസമാഹരണം. അടുത്ത ലക്ഷ്യം ആര്‍ത്തവം ശാപവും പാപവും വൃത്തിഹീനവുമാണെന്ന് തലമുറകളായി ധരിച്ചുവച്ച സ്ത്രീകളെ ബോധവത്കരിക്കുകയായിരുന്നു. ആര്‍ത്തവത്തെക്കുറിച്ചുള്ള തെറ്റായ ധാരണകളെല്ലാം തിരുത്തപ്പെട്ടതോടെ അതൊരു നിശബ്ദ വിപ്ലവമായി. ഫ്‌ളൈ എന്ന അവരുടെ പാഡ് നിര്‍മാണയന്ത്രം ഇന്നൊരു വന്‍ ഹിറ്റാണ്. ആറ് പാഡിന്റെ ഒരു പായ്ക്കിന് മുപ്പത് രൂപ മാത്രമാണ് വില. ആശ, അംഗന്‍വാടി വര്‍ക്കര്‍മാര്‍ വഴിയായിരുന്നു വിതരണം.
ഈ പാഡ് നിര്‍മാണം വഴി മാത്രം രണ്ടായിരം രൂപ വരെ ഉണ്ടാക്കുന്ന സ്ത്രീകളുണ്ട്. തുടക്കകാലത്ത് പലരും നാണക്കേട് കൊണ്ട് തങ്ങള്‍ പാഡുകള്‍ ഉണ്ടാക്കുന്ന കാര്യം വീട്ടില്‍ പോലും പറഞ്ഞിരുന്നില്ല. എന്നാല്‍, പിന്നീട് ഇതു മാത്രമായി പലരുടെയും ജീവിതവൃത്തി. കോളേജ് അധ്യാപികയാവാന്‍ പഠിക്കുന്ന രാഖിയും ഡോക്ടറാവാന്‍ ലക്ഷ്യമിടുന്ന ആര്‍ഷിയുമെല്ലാം ഇന്ന് തങ്ങളുടെ പഠനത്തിന് പണം കണ്ടെത്തുന്നത് ഈ പാഡ് നിര്‍മാണം വഴിയാണ്. ഡെല്‍ഹിയിലും ഇത്തരമൊരു യന്ത്രം സ്ഥാപിക്കണം എന്നതാണ് ഇവിടുത്തെ സ്ത്രീകളുടെ ഇപ്പോഴത്തെ മോഹം. അവരു ഇതാണ് ആറ് മാസം കൊണ്ട് റായ്ക്കയും മെലിസ്സയും ചേര്‍ന്ന് ഒരു ഹ്രസ്വചിത്രമാക്കി മാറ്റിയത്.
സാനിറ്ററി പാഡുകളെ കുറിച്ച് ചോദിക്കുമ്പോള്‍ നാണിച്ചു തല കുമ്പിടുന്ന രണ്ട് പെണ്‍കുട്ടികളിലാണ് ചിത്രം ആരംഭിക്കുന്നത്. അത് എന്താണെന്ന് അറിയാം. പക്ഷേ, പറയാന്‍ നാണമാണെന്ന് ഗ്രാമത്തിലെ മറ്റൊരു സത്രീ. അങ്ങനെ ഗ്രാമത്തിലെ ഒരോ വീട്ടിലേയ്ക്കും ഓരോ സ്ത്രീയുടെയും വേദനയിലേയ്ക്കും നീണ്ടുചെല്ലുകയാണ് ക്യാമറ. അവര്‍ ആര്‍ത്തവം സമ്മാനിക്കുന്ന വേദനയും ആര്‍ത്തവത്തെക്കുറിചുള്ള അജ്ഞതയമെല്ലാം മറയില്ലാതെ തന്നെ പങ്കുവച്ചു.
ചിത്രം നെറ്റ്ഫ്ലിക്സിൽ എത്തിയതോടെ അവരുടെ വാക്കുകളും ജീവിതാനുഭവങ്ങളും ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന സ്ത്രീകളുടെ ശബ്ദമായി. ഒരു വലിയ രാഷ്ട്രീയവിഷയത്തിന്റെ നാവായി. ഇതാണ് ഇപ്പോള്‍ ഓസ്‌കര്‍ വേദിയില്‍ പുരസ്‌കാരലബ്ധിയോടെ ആദരിക്കപ്പെട്ടത്.
Content Highlights: Oscar 2019 Period. End of Sentence menstruation Best Documentary Melissa Berton Rayka Zehtabchi