ഇന്ത്യന്‍ സംഗീതത്തിലെ യുവതലമുറയുടെ ശബ്ദങ്ങളിലൊന്നാണ് സാഷാ തിരുപ്പതി. 2010 മുതല്‍ സിനിമാ സംഗീത ലോകത്ത് സാഷ സജീവമാണെങ്കിലും എ.ആര്‍ റഹ്മാന്‍ ഗാനങ്ങളിലൂടെ ഒരു പുതിയ മേല്‍വിലാസമാണ് സാഷയ്ക്ക് ലഭിച്ചത്. കൊച്ചടയാന്‍, ഓ.കെ കണ്‍മണി, കാവ്യ തലൈവന്‍ എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ ഈ ഇന്തോ-കനേഡിയന്‍ ശബ്ദത്തെ ഏറെ ജനപ്രിയമാക്കി തീര്‍ത്തു.
മണിരത്നം സംവിധാനം ചെയ്ത കാട്രു വെളിയിടൈയിലെ സാഷ പാടിയ വാന്‍ വരുവാന്‍ എന്ന ഗാനവും യുവത്വം ഏറ്റെടുത്തു. മികച്ച ഗായികയ്ക്കുള്ള 65ാമത് ദേശീയ പുരസ്‌കാരം തേടിയെത്തിയിരിക്കുന്നത് സാഷയെയാണ്. കശ്മീരില്‍ ജനിച്ച തമിഴ് ഒട്ടുമറിയാത്ത ഈ യുവഗായികയ്ക്ക് ലഭിച്ച പുരസ്‌കാരം വീണ്ടും സംഗീതത്തിന് ഭാഷയുടെ അതിര്‍വരമ്പുകളില്ലെന്ന് വീണ്ടും തെളിയിക്കുകയാണ്.
മാതൃഭൂമി ക്ലബ് എഫ് എം യു.എ.ഇയ്ക്ക് കാട്രു വെളിയിടൈ റിലീസിനോടനുബന്ധിച്ച് നല്‍കിയ അഭിമുഖത്തില്‍ നിന്ന്.
ഓകെ ജാനുവിലെ പാട്ടിന്റെ റെക്കോഡിങ്ങിന് മുംബൈയിലെ സ്റ്റുഡിയോയില്‍ പോയപ്പോഴാണ് കാട്രു വെളിയിടൈയിലെ പാട്ടിനെക്കുറിച്ച് റഹ്മാന്‍ സാര്‍ പറയുന്നത്. വാന്‍ വരുവാന്‍ എന്ന പ്രണയഗാനം ഏറെ ആകര്‍ഷിച്ചു. ചെന്നൈയിലായിരുന്നു ആ പാട്ടിന്റെ റെക്കോഡിങ്. ആ പാട്ടിന് റഹ്മാന്‍ സാര്‍ ഒരു അഞ്ച് ട്യൂണെങ്കിലും കരുതി വച്ചിരുന്നു. റെക്കോഡിങ്ങ് കഴിഞ്ഞ് പാടിയത് കേട്ടപ്പോള്‍ നല്ല അഭിമാനം തോന്നി. മനോഹരമായ ഒരു പാട്ടാണ് വാന്‍ വരുവാന്‍.