'പ്രകൃതി ഇനിയെങ്കിലും തിരിച്ചടിക്കണം. താമസിക്കാന്‍ കൊള്ളില്ല ഈ ഭൂമി. ഇത്തരം മനുഷ്യരെ തുടച്ചുനീക്കി ഈ ഭൂമി സ്വതന്ത്രമാവണം. ഇതാണോ മതം? എത്രകാലം അവര്‍ സത്യത്തെ കുഴിച്ചു മൂടും? എത്ര കാലം? ഇവിടെത്തന്നെ അവരെല്ലാം അവസാനിക്കും. എന്തായാലും നമ്മള്‍ ശിക്ഷിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അത്രയും വേഗത്തിലാണ് നാം നാശത്തിലേക്ക് കൂപ്പുകുത്തുന്നത്.'
കശ്മീരിലെ കഠുവയിലെ പെണ്‍കുട്ടിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഈ വാക്കുകള്‍ കുറിച്ചത് ഒരു നടനാണ്. പത്തൊമ്പത് വയസുള്ള റിദ്ധി സെന്‍. ഏറ്റവും മികച്ച നായകനുള്ള ദേശീയ പുരസ്‌കാരം നേടിയ ബംഗാളി സ്റ്റേജ് ആര്‍ട്ടിസ്റ്റ്..
സ്റ്റേജില്‍നിന്നാണ് റിദ്ധിയുടെ വരവ്. ബംഗാളി തിയറ്ററിലെ തലയെടുപ്പുള്ള താരമായ കൗശിക് സെന്നിന്റെയും നര്‍ത്തകി രശ്മി സെന്നിന്റെയും മകന്‍. സ്‌കൂള്‍ പഠനകാലത്തുതന്നെ നാടകരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കലാകാരന്‍. പന്ത്രണ്ടാം വയസ്സില്‍ കൊല്‍ക്കട്ടയിലെ സൗത്ത് പോയിന്റ് സ്‌കൂള്‍ റിദ്ധിയെ പ്രതിഭാപട്ടം നല്‍കി ആദരിച്ചിരുന്നു. അത്ര മേല്‍ ശക്തമായിരുന്നു റിദ്ധിയുടെ നാടകരംഗത്തെ സാന്നിധ്യം.
ബംഗാളിലൊന്നാകെ അറിയപ്പെടുന്ന സ്വപ്നസന്ധാനി നാടകട്രൂപ്പിലെ അംഗമാണ് ചെറുപ്പത്തിലേ റിദ്ധി. മൂന്നാമത്തെ വയസില്‍ മുത്തശ്ശിയും അറിയപ്പെടുന്ന നടിയുമായ ചിത്ര സെന്‍ കൊച്ചുമകനെ തോളിലേറ്റി നാടത്തില്‍ അഭിനയിച്ചിരുന്നു. സ്റ്റേജില്‍ വളര്‍ന്ന ആ പയ്യന്‍ പിന്നീട് ഷെയ്ക്സ്പിയറിന്റെ മാക്ബത്തിലും ബ്രെഹ്തിന്റെ ലൈഫ് ഓഫ് ഗലീലിയോയിലും വേഷമിട്ടു.
2010-ല്‍ ഇട്ടി മിറാനിയിലൂടെ സിനിമയിലെത്തി. വിദ്യ ബാലന്‍ നായികയായി കഹാനിയുടെ ഷൂട്ടിംഗ് കൊല്‍ക്കത്തയില്‍ നടക്കുമ്പോള്‍ റിദ്ധിയെ തേടി അടുത്ത അവസരമെത്തി. ചായ്വാലയുടെ വേഷത്തില്‍. പാര്‍ച്ച്ഡ് എന്ന സിനിമയാണ് ബാലതാരത്തില്‍നിന്ന് ഗൗരവമേറിയ കഥാപാത്രങ്ങളിലേക്ക് റിദ്ധിക്ക് കൂടൊരുക്കിയത്. പതിമൂന്നാമത്തെ സിനിമയായ നേഗര്‍കീര്‍ത്തനിലൂടെ ദേശീയ പുരസ്‌കാരവും.