ചിത്രത്തിൽനിന്ന്
പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് അഡ്വഞ്ചറസ് ആക്ഷന്‍ ത്രില്ലര്‍ചിത്രം മഡ്ഡിയുടെ ടീസര്‍ പുറത്ത്. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് 4×4 മഡ് റേസ് പ്രമേയമായി ഒരു സിനിമ പുറത്തിറങ്ങുന്നത്. നവാഗതനായ ഡോ. പ്രഗഭല്‍ സംവിധാനം ചെയ്യുന്ന മഡ്ഡിയുടെ ടീസര്‍ ഫഹദ് ഫാസില്‍, ഉണ്ണി മുകുന്ദന്‍, അപര്‍ണ ബാലമുരളി, ആസിഫ് അലി, സിജു വില്‍സണ്‍, അമിത് ചക്കാലക്കല്‍ എന്നീ താരങ്ങള്‍ അവരുടെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ടു.
മനോഹരവും, അതിസാഹസികവുമായ ലോക്കേഷനിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ഇതിനോടകം തന്നെ പ്രേക്ഷകരെ ആകാംക്ഷാഭരിതരാക്കുകയും ത്രസിപ്പിക്കുകയും ചെയ്യ്തിരിക്കുകയാണ് മഡ്ഡിയുടെ ടീസര്‍. നവാഗതരായ പ്രധാന അഭിനേതാക്കളെ ഓഫ് റോഡ് റേസിംഗില്‍ രണ്ട് വര്‍ഷത്തോളം പരിശീലിപ്പിച്ചതിന് ശേഷം ഡ്യൂപ്പുകളൊന്നും കൂടാതെയാണ് ഈ ചിത്രത്തിന്റെ സാഹസിക രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.
കെ.ജി.എഫിന് സംഗീതം നല്‍കിയ രവി ബസ്‌റൂര്‍ മഡ്ഡിയിലൂടെ ആദ്യമായി മലയാളത്തില്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. രാക്ഷസന്‍ സിനിമിലൂടെ ശ്രദ്ധേയനായ സാന്‍ ലോകേഷ് എഡിറ്റിങ്ങും, കെ.ജി രതീഷ് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു.പി.കെ. സെവന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രേമ കൃഷ്ണദാസാണ് സിനിമ നിര്‍മ്മിക്കുന്നത്. പുതുമുഖങ്ങളായ യുവാന്‍, റിദ്ദാന്‍ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നത്. ഹരീഷ് പേരടി, ഐ.എം.വിജയന്‍, രണ്‍ജി പണിക്കര്‍, സുനില്‍ സുഗത, ശോഭ മോഹന്‍, ഗിന്നസ് മനോജ് എന്നിവരാണ് മറ്റ് താരങ്ങള്‍. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും മഡ്ഡി ദൃശ്യ വിരുന്നൊരുക്കും.
മഡ്ഡിയുടെ ഹിന്ദി ടീസര്‍ ബോളിവുഡ് താരം അര്‍ജുന്‍ കപൂറും, തമിഴില്‍ ജയം രവിയും അവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ പുറത്തുവിട്ടു. കന്നഡയില്‍ ഡോ ശിവരാജ് കുമാര്‍, തെലുങ്കില്‍ അനില്‍ രവിപുടി എന്നിവരും മഡ്ഡിയുടെ ടീസര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
Content highlights : malayalam movie muddy themed muddy race teaser out