ഹരിമുരളീരവം'' ഒന്ന് പാടിക്കേൾപ്പിക്കാമോ? -- മോഹൻലാലിനോടാണ് ചോദ്യം. ഇന്നോർക്കുമ്പോൾ ഇത്തിരി അധികപ്രസംഗമായിപ്പോയില്ലേ അതെന്ന് തോന്നും; അഹങ്കാരവും. ഏതെങ്കിലുമൊരു അഭിമുഖകാരൻ അതിന് മുൻപോ പിൻപോ ലാലിനോട് അത്തരമൊരാവശ്യം ഉന്നയിച്ചിട്ടുണ്ടാകുമോ? ഉണ്ടെങ്കിൽ തന്നെ ലാൽ അതിന് വഴങ്ങിയിരിക്കുമോ? അറിയില്ല.
എന്റെ ചോദ്യം കേട്ട് ലാൽ ഒന്ന് അമ്പരന്നോ എന്ന് സംശയം. ഞൊടിയിടയിൽ ആത്മസംയമനം വീണ്ടെടുത്ത്, സ്വതസിദ്ധമായ ലജ്ജ കലർന്ന പുഞ്ചിരിയോടെ മറുപടി: ``ഹരിമുരളീരവം ഒക്കെ പാടുക എന്ന് പറഞ്ഞാൽ, അല്ലെങ്കിൽ വെറുതെ ഒന്ന് മൂളുക എന്ന് പറഞ്ഞാൽ പോലും...... ആ ഒരു സാഹസത്തിന് നമ്മൾ മുതിരണോ?''
വീണ്ടും അഭിമുഖകാരന്റെ സമ്മർദ്ദം. സിനിമയിൽ യേശുദാസിന്റെ ഗന്ധർവ ശബ്ദത്തിനൊത്ത് ലാൽ ചുണ്ടനക്കി അഭിനയിച്ച് അനശ്വരമാക്കിയ പാട്ട്, ശരിക്കും ലാൽ പാടിയാൽ എങ്ങനെയിരിക്കും എന്നറിയാൻ ഒരാകാംക്ഷ. ``വെറുതെ ഒരു ലൈൻ മതിയെങ്കിൽ പാടാം.''- ലാൽ. അതുമതിയെന്ന് ഞാൻ. അതുകൊണ്ട് എന്ത് ഗുണം എന്ന് ചിരിയോടെ വീണ്ടും ലാൽ. ``കേൾക്കാലോ'' എന്ന് എന്നിലെ ആരാധകൻ.
ചെറുചിരി ചുണ്ടിൽ നിലനിർത്തിക്കൊണ്ടുതന്നെ ലാൽ ``ഹരിമുരളീരവ''ത്തിന്റെ പല്ലവി പാടുന്നു. ഇടക്ക് വാക്കുകൾ പിടിതരാതെ വന്നപ്പോൾ ഈണം മൂളലായി ഒഴുകുന്നു. പാടിനിർത്തിയ ശേഷം ലാൽ ആത്മഗതമെന്നോണം മന്ത്രിക്കുന്നു: ``ഇതൊന്നും അങ്ങനെ പാടാൻ പറ്റുന്ന പാട്ടല്ല....''
ദൂരദർശന് വേണ്ടി രണ്ടു പതിറ്റാണ്ടിലേറെക്കാലം മുൻപ് നടത്തിയ ആ അഭിമുഖം വീണ്ടും കണ്ടത് അടുത്തിടെയാണ്. സുഹൃത്തായ പ്രൊഡ്യൂസർ യേശുദാസ് വില്യംസ് അത് യുട്യൂബിൽ പോസ്റ്റ് ചെയ്തപ്പോൾ. ഇന്ന് കാണുമ്പോൾ എത്ര ബാലിശമായിരുന്നു അന്നത്തെ യുവമാധ്യമപ്രവർത്തകന്റെ ചോദ്യങ്ങൾ പലതും എന്ന് തോന്നും. ആദ്യമായി ഒരു പ്രമുഖ സിനിമാനടനെ ടി വി ക്യാമറക്ക് മുൻപിൽ ഇന്റർവ്യൂ ചെയ്യുന്നതിന്റെ അങ്കലാപ്പ് പ്രകടം. മുന്നിലിരിക്കുന്നത്, അഭിമുഖങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആഗ്രഹിക്കുന്ന, സിനിമക്ക് പുറത്ത് പൊതുവെ അന്തർമുഖനായ ഒരാളാകുമ്പോൾ അത് സ്വാഭാവികമാണ് താനും.
എന്നിട്ടും, പാടി അഭിനയിച്ച ഗാനങ്ങളെ കുറിച്ച്, ഗാനരംഗങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ പലപ്പോഴും വാചാലനായി ലാൽ. ``ഹരിമുരളീരവം ഒരു അസാധ്യ പാട്ട് തന്നെയാണ്. അതുപോലൊരു പാട്ട് ഉണ്ടായി, അത് പാടി അഭിനയിക്കാൻ ഞാൻ നിയോഗിക്കപ്പെട്ടു എന്നതൊക്കെ മഹാഭാഗ്യം . പിന്നെ, അതെങ്ങനെ സ്ക്രീനിൽ ഇത്ര നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞു എന്ന് ചോദിച്ചാൽ മറുപടിയില്ല. സിനിമയുടെ കഥ, ഗാനസന്ദർഭം ഒക്കെ മനസ്സിലാക്കിയാണല്ലോ നമ്മൾ പാടി അഭിനയിക്കാൻ തുടങ്ങുക. പിന്നെ, ദാസേട്ടൻ അത് പാടിവെച്ച രീതി... വല്ലാതെ വൈകാരികമായ മുഹൂർത്തത്തിലാണ് ആ പാട്ട് സിനിമയിൽ കടന്നുവരുന്നത്. ആ വൈകാരികത നമ്മുടെ അഭിനയത്തിലും കടന്നുവന്നിരിക്കാം. അതങ്ങനെ സംഭവിക്കുന്നതാണ്. അല്ലാതെ നമ്മൾ ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചതുകൊണ്ടോ സ്വരസ്ഥാനങ്ങൾ പഠിച്ചെടുത്ത് പാടിയതുകൊണ്ടോ ഒന്നുമല്ല.'' സിനിമയിൽ പാട്ടുകളുടെ പൊസിഷനിംഗ് സുപ്രധാനമാണെന്ന് ഓർമ്മിപ്പിക്കുന്നു ലാൽ. ``കിരീടത്തിലെ കണ്ണീർപ്പൂവിന്റെ എന്ന പാട്ട് ഇത്രയേറെ നമ്മുടെ മനസ്സിനെ സ്പർശിക്കാൻ കാരണം അത് കടന്നുവരുന്ന സന്ദർഭം കൂടിയല്ലേ?''
പിന്നെ മറ്റൊന്ന് കൂടിയുണ്ട്. വാശി. ``ഇന്ന കാര്യം ചെയ്യാമോ എന്ന് ചോദിച്ചാൽ ചെയ്യാം എന്ന് ഉറപ്പിച്ചു പറയുന്നതാണ് നമ്മുടെ രീതി. ഇത്രകാലം ജീവിതത്തിലും സിനിമയിലുമൊക്കെ മുന്നോട്ട് നയിച്ചുകൊണ്ടുപോയിട്ടുള്ളതും അതുതന്നെ. ചിത്രം സിനിമയിലെ നഗുമോമു എന്ന കൃതിയുടെ അവതരണത്തെ പറ്റി പലരും നന്നായി പറഞ്ഞുകേട്ടിട്ടുണ്ട്. സ്വരങ്ങളൊക്കെ കൃത്യമായി പാടി എന്നൊക്കെ. അതൊന്നും നമ്മൾ സ്വരസ്ഥാനങ്ങൾ അറിഞ്ഞുപാടിയതുകൊണ്ടല്ല. ഒറ്റ ഷോട്ടിൽ പാടാൻ പറ്റുമോ എന്ന് സംശയം പ്രകടിപ്പിച്ചപ്പോൾ പ്രിയൻ പറഞ്ഞു, എന്നാൽ ഞാൻ അങ്ങനെയേ എടുക്കൂ എന്ന്. അപ്പോൾ പിന്നെ വാശിയായി. എന്നാൽ പഠിച്ചു പാടിയിട്ടുതന്നെ കാര്യം എന്ന് ഞാനും വിചാരിച്ചു. അല്ലാതെ ശാസ്ത്രീയ സംഗീതം വർഷങ്ങളോളം അഭ്യസിച്ചു പാടുന്ന ശ്രീക്കുട്ടനെ പോലെ എങ്ങനെയാണ് എനിക്ക് പാടാനാകുക?''
``ചന്ദ്രലേഖ''യിലെ നിർണ്ണായകമായ ഒരു ഘട്ടത്തിൽ വരുന്ന ``താമരപ്പൂവിൽ വാഴും ദേവിയല്ലോ നീ'' എന്ന പാട്ടിനെക്കുറിച്ചുമുണ്ട് ലാലിന് സമാനമായ ഒരോർമ്മ. ``പാട്ടിനിടയിലെ സ്വരങ്ങളുടെ ചടുലമായ ആലാപനം കട്ട് ചെയ്തെടുത്തുകൂടേ എന്നായിരുന്നു എന്റെ ചോദ്യം. ശ്രീക്കുട്ടൻ അനായാസം പാടിവെച്ച ഭാഗമാണ്. എനിക്കത് ഒറ്റ സ്ട്രെച്ചിൽ പാടാൻ കഴിയുമോ എന്ന് സംശയം പ്രകടിപ്പിച്ചപ്പോൾ പ്രിയൻ പറഞ്ഞു: എന്നാൽ ഞാനത് ഒറ്റ ഷോട്ടിലാണ് ചിത്രീകരിക്കാൻ പോകുന്നത്. അതും ക്ളോസപ്പിൽ. എങ്കിൽ കുറച്ചു സമയം അനുവദിക്കണം എന്നായി ഞാൻ. ഓക്കേ, പാട്ട് ഏറ്റവും അവസാനം ഷൂട്ട് ചെയ്യാം എന്ന് പ്രിയൻ. അങ്ങനെയാണ് പത്തിരുപത് സെക്കൻഡ് നീളുന്ന ആ സ്വരപ്രയോഗം ചിത്രീകരിച്ചത്...''
പാടി അഭിനയിക്കുന്ന പാട്ടുകളിൽ ഗായകന്റെ മനോധർമ്മപ്രകടനവും കാണുമെന്ന് ഓർമ്മിപ്പിക്കുന്നു ലാൽ. രാമകഥാഗാനലയം, ദേവസഭാതലം പോലുള്ള പാട്ടുകളിൽ ദാസേട്ടൻ അവതരിപ്പിക്കുന്ന മനോധർമ്മം ഉൾക്കൊണ്ട് അഭിനയിക്കുക എന്നത് പ്രയാസമുള്ള കാര്യം തന്നെയാണ്. അവിടെയും നമുക്ക് തുണയാകുന്നത് പാട്ട് നന്നാകണം എന്ന വാശി തന്നെ. അടിസ്ഥാനപരമായി പാട്ടിനോട് പ്രതിപത്തിയുള്ള ആളാണ് ഞാൻ. പാട്ട് ഇഷ്ടമില്ലാത്ത ഒരാൾക്ക് ഇങ്ങനെയൊക്കെ അഭിനയിക്കാൻ പറ്റുമോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല. പിന്നെ നമ്മൾ കൈകാര്യം ചെയ്യുന്ന തൊഴിലിനോടും കലയോടുമുള്ള സത്യസന്ധത...അതൊക്കെ തന്നെയാവണം ഈ ഗാനരംഗങ്ങൾ നിങ്ങൾ ഇഷ്ടപ്പെടാൻ കാരണം...'' -- വിനയത്തോടെ മോഹൻലാൽ പറയുന്നു.
Content Highlights : Mohanlal Birthday special Aaram Thampuran KireedamChandralekhaMohanlal Movie songs