'മെല്ലെ വന്ന് കാതിൽ സ്വകാര്യം പറയുന്നു ഈ കുസൃതിക്കാരൻ; 10 ഇ യിലെ ലാലു'


2 min read
Read later
Print
Share

താര രാജകുമാരനടുത്തേക്ക് ചെല്ലുവാനും സംസാരിക്കുവാനും മടിച്ച് നിൽക്കുന്ന എന്റടുത്തേയ്ക്കു സ്വതസിദ്ധമായ ചിരിയോടെ നടന്നു വന്ന് തോളത്ത് രണ്ട് കയ്യും നിക്ഷേപിച്ച് ചിരിച്ച് കൊണ്ട് ‘രാമരസമല്ല ആമരസം’ എന്ന് പറഞ്ഞുറക്കെ ചിരിക്കുന്നത് കേട്ട് മറ്റെല്ലാവരും അതിശയിച്ച് നോക്കുന്നൊരോർമ്മ.

-

മോഹൻലാലുമൊത്തുള്ള സ്കൂൾ കാല ഓർമകൾ പങ്കുവച്ച് ഗായകൻ ജി.വേണുഗോപാൽ. തിരുവനന്തപുരം ഗവൺമെന്റ് മോഡൽ സ്കൂളിൽ വേണുഗോപാലിന്റെ സീനിയർ ആയിരുന്നു മോഹൻലാൽ.

വികൃതികാരനായ പത്താം ക്ലാസുകാരൻ ലാലു മുതൽ ഇന്നോളമുള്ള സൗഹൃദമാണ് വേണു​ഗോപാൽ പങ്കുവച്ചിരിക്കുന്നത്. ലോക്ഡൗൺ കാലത്ത് വിശേഷങ്ങൾ ചോദിക്കാനായി വിളിച്ച മോഹൻലാൽ അടുത്ത ബന്ധു എന്ന നിലയിലാണ് പെരുമാറിയതെന്നും വേണു​ഗോപാൽ കുറിക്കുന്നു.

ജി.വേണുഗോപാലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

‘1975 കാലത്തെ ഒരാകാശവാണിയോർമ്മ. തിരുവനന്തപുരം ഗവൺമെന്റ് മോഡൽ ബോയ്സ് സ്കൂളിൽ നിന്നുമൊരു പറ്റം കുട്ടികൾ ആകാശവാണിയുടെ ‘ബാലലോകം’ പരിപാടി അവതരിപ്പിക്കുവാൻ ഭക്തി വിലാസം ബംഗ്ലാവിന്റെ കൂറ്റൻ പടിവാതിൽ കടന്നകത്തളത്തിലേക്ക്. ചമ്രം പടിഞ്ഞിരുന്ന് ‘ചന്ദ്രമുഖി ചന്ദ്രമുഖി ചന്ദനകളിത്തേരിൽ വന്നണയൂ’ എന്ന ലളിതഗാനവും ‘പിബരേ രാമരസം’ എന്ന സദാശിവ ബ്രഹ്മേന്ദ്രർ കൃതിയും പാടുന്ന 9 E യിലെ വേണുഗോപാൽ. തൊട്ടപ്പുറത്ത് ചില്ലിട്ട ഗ്ലാസ്സ് പാളികൾക്ക് പിന്നിൽ ആകാംക്ഷാഭരിതരായ ഒരു കൂട്ടം തലകൾ. റിക്കാർഡിങ് കഴിഞ്ഞപ്പോൾ മെല്ലെ നടന്ന് വന്ന് എന്റെ കാതിൽ സ്വകാര്യം പറയുന്നു കുസൃതിക്കാരൻ സീനിയർ 10 E യിലെ ലാലു. ‘നീ പാടുന്നു പിബരേ രാമരസം ... അങ്ങേര് (ഹെഡ്മാസ്റ്റർ) പറയുന്നു അവനോട് പറ അത് രാമരസമാവില്ല, ആമരസം... ആമരസം’.

1986 ൽ കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് സംസ്ഥാന അവാർഡ് നിശ. ഗാനമേളയിൽ പങ്കെടുക്കുവാൻ തിരുവനന്തപുരത്ത് നിന്നും കെ.പി. ഉദയഭാനുവിന്റെ നേതൃത്വത്തിൽ ഞങ്ങൾ കുറച്ച് ഗായകർ. കർട്ടന് പിറകിൽ അരണ്ട വെളിച്ചത്തിൽ എന്നെ സൂക്ഷിച്ചു നോക്കുന്ന സാക്ഷാൽ മോഹൻലാൽ. താര രാജകുമാരനടുത്തേക്ക് ചെല്ലുവാനും സംസാരിക്കുവാനും മടിച്ച് നിൽക്കുന്ന എന്റടുത്തേയ്ക്കു സ്വതസിദ്ധമായ ചിരിയോടെ നടന്നു വന്ന് തോളത്ത് രണ്ട് കയ്യും നിക്ഷേപിച്ച് ചിരിച്ച് കൊണ്ട് ‘രാമരസമല്ല ആമരസം’ എന്ന് പറഞ്ഞുറക്കെ ചിരിക്കുന്നത് കേട്ട് മറ്റെല്ലാവരും അതിശയിച്ച് നോക്കുന്നൊരോർമ്മ.

വർഷങ്ങൾ എത്ര പിന്നിട്ടിരിക്കുന്നു. എത്ര കണ്ട് മുട്ടലുകൾ, കൂടിച്ചേരലുകൾ. മലയാളിക്ക് സ്വന്തം ഏട്ടനും മകനും അഭ്യുദയകാംക്ഷിയും നേതാവും കാമുകനും എന്നുവേണ്ട ഒരു സാധാരണ മനുഷ്യായുസ്സിലെ മുഴുവൻ അവതാര സാദ്ധ്യതകളെയും അഭ്രപാളികളിൽ അനശ്വരമാക്കിയ അനുഗ്രഹീത നടൻ, മോഹൻലാൽ. അപൂർവ്വമായി കാണുമ്പോഴെല്ലാം ആ പഴയ 10. E യിലെ സീനിയർ കുസൃതിക്കാരനായി പരിണമിക്കുന്ന ലാലു. രണ്ടാഴ്ച മുൻപ് ലോക് ഡൗൺ വിശേഷങ്ങൾ അന്വേഷിക്കാൻ വിളിച്ച് വീട്ടിലോരോരുത്തരോടും കുശലം ചോദിക്കുമ്പോൾ തികഞ്ഞ ഒരു കുടുംബനാഥനാകുന്ന മോഹൻലാൽ.

‘എന്റെ വീട്ടിൽ വന്നിട്ടെന്നെക്കാണാതെ പോയല്ലേ ഇയാൾ’ എന്ന് മകൻ അരവിന്ദിനോട് പരിഭവിക്കുന്ന ഒരടുത്ത ബന്ധുവാകുന്നു (‘ഹൃദയം’ ഷൂട്ടിംഗിനിടയിൽ). മാതൃദിനത്തിൽ അമ്മയുടെ ഫോട്ടോയോടൊപ്പം ‘കൈ നിറയെ വെണ്ണ തരാം’ എന്ന പാട്ട് പോസ്റ്റ് ചെയ്യുന്ന അമ്മയ്ക്കൊരു മകനുമാകുന്നു. ലോകത്തിലെ അഭിനയ മുഹൂർത്തങ്ങളുടെ തിരുനെറ്റിയിൽ ചാർത്താൻ കേരളത്തിന്റെ അഭിമാന തിലകക്കുറിയാണ് നമുക്ക് മോഹൻലാൽ. ആയുരാരോഗ്യ സൗഖ്യവും അഭിനയ സാക്ഷാത്ക്കാരവും നേരുന്നു’.

Content Highlights : G Venugopal About Mohanlal birthday special mohanlal at 60

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram