യേശുദാസ് പാടുന്നു, മമ്മൂട്ടി പറന്നുവരുന്നു...ഗ്രീക്ക് യോദ്ധാവിനെപ്പോലെ!


രവിമേനോന്‍

7 min read
Read later
Print
Share

വടക്കൻ വീരഗാഥയിലെ ഗാനരംഗത്തിൽ മമ്മൂട്ടി | Photo: Screengrab|Youtubevideo

ടത്തില്‍ പാട്ടെന്തിന് എന്ന് മമ്മൂട്ടിയുടെ ചോദ്യം. "നല്ല ഒഴുക്കുള്ള കഥയാണ്. ഇടയ്ക്ക് ഒന്നോ രണ്ടോ പാട്ടുകള്‍ കയറിവന്നാല്‍ അത് കഥാഗതിയെ ബാധിക്കും. പാട്ട് പൂര്‍ണ്ണമായും ഒഴിവാക്കണം എന്നാണ് എന്റെ പക്ഷം.'' -വടക്കന്‍ വീരഗാഥയിലെ ഇതിഹാസനായകന്‍ ചന്തുവായി കച്ചകെട്ടിയിറങ്ങും മുന്‍പ് മമ്മൂട്ടി സംവിധായകനോട് പറഞ്ഞു.

തിരക്കഥാകൃത്തും സംഭാഷണരചയിതാവുമായ എം.ടി.വാസുദേവന്‍ നായര്‍ക്കുമില്ല മറിച്ചൊരഭിപ്രായം. ഗാനചിത്രീകരണം എന്ന ആശയത്തോടു തന്നെ താത്വികമായി വിയോജിപ്പുള്ളയാളാണ് എം.ടി. സിനിമയുടെ ഗൗരവം ചോര്‍ത്തിക്കളയാനേ അനവസരത്തിലുള്ള പാട്ടുകള്‍ ഉപകരിക്കൂ എന്ന വിശ്വാസക്കാരന്‍.

എന്നാല്‍ പാട്ടുകളുടെ നിത്യകാമുകനായ സംവിധായകനുണ്ടോ കുലുങ്ങുന്നു? പാട്ടില്ലാത്ത "വടക്കന്‍ വീരഗാഥ''യെക്കുറിച്ച് സങ്കല്പിക്കാനേ വയ്യ ഹരിഹരന്. പടം ഹരന്റേതാകുമ്പോള്‍ ജനം ഹരമുള്ള ഗാനങ്ങളും പ്രതീക്ഷിക്കും എന്ന് ഉറപ്പ്. കഥയില്‍ പൂര്‍ണ്ണമായും അലിഞ്ഞുചേരുന്ന പാട്ടുകള്‍. "ലേഡീസ് ഹോസ്റ്റല്‍'' മുതലിങ്ങോട്ടുള്ള ഹരിഹരന്‍ സിനിമകളുടെ ചരിത്രം അതാണല്ലോ. പോരാത്തതിന് ഇതൊരു വടക്കന്‍ പാട്ട് ചിത്രവും. പാട്ടില്ലാതെ എന്ത് വടക്കന്‍പാട്ട്? തിരക്കഥ പലയാവര്‍ത്തി ശ്രദ്ധയോടെ വായിച്ചപ്പോള്‍ സിനിമയിലെ രണ്ടോ മൂന്നോ സന്ദര്‍ഭങ്ങളില്‍ ഗാനങ്ങള്‍ ഉണ്ടാവുന്നത് അഭംഗി ആവില്ല എന്ന് തോന്നി ഹരിഹരന്. കഥയുമായി ഇണങ്ങിച്ചേര്‍ന്നു പോകുന്നില്ലെങ്കില്‍ ഒഴിവാക്കാം എന്ന ഉപാധിയോടെ ഒടുവില്‍ ഗാനങ്ങള്‍ ചിത്രീകരിക്കാന്‍ എം ടിയില്‍ നിന്ന് അനുമതി വാങ്ങുന്നു സംവിധായകന്‍.

മനസ്സില്ലാമനസ്സോടെ ആ "പരീക്ഷണ''ത്തിന് സമ്മതം മൂളുന്നു എം.ടി.

ഇനിയുള്ള കഥ ഹരിഹരന്റെ വാക്കുകളില്‍: "പടം റിലീസായ ദിവസം എനിക്ക് ലഭിച്ച ആദ്യത്തെ ഫോണ്‍ കോളുകളില്‍ ഒന്ന് മമ്മുട്ടിയുടെതായിരുന്നു. വികാരാവേശം മറച്ചുവെക്കാതെ മമ്മുട്ടി പറഞ്ഞു: "സാര്‍ , പാട്ടുകളാണ് സിനിമയുടെ ഹൈലൈറ്റുകളില്‍ ഒന്ന് എന്ന് ആളുകള്‍ പറയുന്നു. എന്റെ പഴയ അഭിപ്രായം ഞാന്‍ പിന്‍വലിക്കുകയാണ്.'' എം.ടിയും അതേ അഭിപ്രായം പങ്കുവച്ചപ്പോള്‍ ആശ്വാസത്തോടൊപ്പം സന്തോഷവും തോന്നിയെന്ന് ഹരിഹരന്‍. " മലയാളി പ്രേക്ഷകരെ കുറിച്ചുള്ള നമ്മുടെ വിലയിരുത്തല്‍ തെറ്റിയില്ലല്ലോ. ഇന്ന് കാണുമ്പോഴും പാട്ടുകള്‍ ഇല്ലായിരുന്നെങ്കില്‍ വടക്കന്‍ വീരഗാഥ അപൂര്‍ണ്ണമായേനെ എന്ന് തോന്നാറുണ്ട്.''

മമ്മൂട്ടി അഭിനയിച്ച് അനശ്വരമാക്കിയ ഗാനരംഗങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടത് ഏതെന്ന് ചോദിച്ചാല്‍ മനസ്സിലേക്ക് ആദ്യം ഒഴുകിയെത്തുന്ന പാട്ടുകളിലൊന്ന് ഈ സിനിമയിലാണ്: കൈതപ്രം എഴുതി ബോംബെ രവി സംഗീതം നല്‍കി യേശുദാസ് പാടിയ "ഇന്ദുലേഖ കണ്‍തുറന്നു ഇന്നു രാവും സാന്ദ്രമായി.'' വരികളും ഈണവും ആലാപനവും ദൃശ്യങ്ങളുമെല്ലാം കൂടിക്കലര്‍ന്ന അപൂര്‍വ സുന്ദരമായ ഒരു സിംഫണി. ആ സിംഫണിയുടെ കേന്ദ്രബിന്ദുവായി മമ്മൂട്ടിയുടെ തേജസ്സാര്‍ന്ന രൂപമുണ്ട്; പിന്നണിയില്‍ അസാമാന്യ താളബോധമുള്ള ഒരു ഓര്‍ക്കസ്ട്ര കണ്‍ഡക്റ്ററുടെ റോളില്‍ ഹരിഹരന്‍ എന്ന സംവിധായകനും.

"വീരഗാഥ''യിലെ പാട്ടുകളില്‍ കൂടുതല്‍ ഖ്യാതി നേടിയത് "ചന്ദനലേപ സുഗന്ധ''മാവണം. അതിലുമുണ്ട് മമ്മൂട്ടിയുടെ ദീപ്ത സാന്നിധ്യം. എങ്കിലും മാധവിയുടെ മോഹിപ്പിക്കുന്ന ലാവണ്യമാണ് ആ പാട്ടിനൊപ്പം എപ്പോഴും മനസ്സില്‍ വന്നുനിറയുക. കെ ജയകുമാറിന്റെ വരികളിലെ ചെങ്കദളിമലര്‍ച്ചുണ്ടും കൂവളപ്പൂമിഴികളും ഉണ്ണിയാര്‍ച്ചയുടേതാണല്ലോ. എന്നാല്‍ "ഇന്ദുലേഖ കണ്‍തുറന്നു''വില്‍ നിറയുന്നത് ചന്തുവിനെ കുറിച്ചുള്ള ആര്‍ച്ചയുടെ പ്രതീക്ഷയാണ്; പ്രണയനിര്‍ഭരമായ പ്രതീക്ഷ. ഇന്ദ്രജാലം മെല്ലെയുണര്‍ത്തി മന്മഥന്റെ തേരില്‍ വരുന്നത് ഇന്ദുലേഖയല്ല, സാക്ഷാല്‍ ചന്തു തന്നെ.

അതും എന്തൊരു ഗംഭീരമായ വരവ്! നിലാവലകളില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുന്ന പുഴയോരത്തുകൂടി വീരയോദ്ധാവിനെപ്പോലെ അശ്വാരൂഢനായി കുതിച്ചെത്തുകയാണ് മമ്മൂട്ടി. പിന്നെ പുഴ നീന്തിക്കടന്ന് നേരെ പൂര്‍വ്വകാമുകിയുടെ കരങ്ങളിലേക്ക്. പാല്‍നിലാവിന്റെ ഇളംതൂവല്‍ സ്പര്‍ശമേറ്റ് ഇരുവരും ആശ്ലേഷിതരാകുമ്പോള്‍ പശ്ചാത്തലത്തില്‍ യേശുദാസിന്റെ ഗന്ധര്‍വ്വനാദം: "ആരുടെ മായാമോഹമായ് ആരുടെ രാഗഭാവമായ്, ആയിരം വര്‍ണ്ണരാജികളില്‍ ആതിരരജനി അണിഞ്ഞൊരുങ്ങീ..''

നിലമ്പൂരില്‍ വെച്ച് ഒരു നട്ടുച്ചക്ക് ഷൂട്ട് ചെയ്ത ഗാനരംഗമാണതെന്ന് പറയുന്നു ഹരിഹരന്‍. "ഡേ ഫോര്‍ നൈറ്റ് ആയി ചിത്രീകരിച്ചത് കൊണ്ടാണ് ദൃശ്യങ്ങളില്‍ നിശയുടെയും നിലാവിന്റെയും ഭംഗി ഇത്ര മനോഹരമായി ആവിഷ്‌കരിക്കാന്‍ കഴിഞ്ഞത്. പുഴയുടെ മാറില്‍ വീണു തിളങ്ങുന്ന ചന്ദ്രന്റെ പ്രതിബിംബം പലരും എടുത്തുപറയാറുണ്ട്. മമ്മൂട്ടിയുടെ ജ്വലിക്കുന്ന സൗന്ദര്യം കൂടി ചേര്‍ന്നപ്പോള്‍ അതൊരു മറക്കാനാവാത്ത കാഴ്ച്ചയായി.'' സ്വന്തം സിനിമകളിലെ അസംഖ്യം ഗാനരംഗങ്ങളില്‍ ഹരിഹരന്റെ ഹൃദയത്തോട് ഏറ്റവും ചേര്‍ന്നു നില്‍ക്കുന്നവയിലൊന്ന് ഇന്ദുലേഖ ആയത് സ്വാഭാവികം.

മമ്മൂട്ടിയെ ഇത്രമേല്‍ സുന്ദരനായി കണ്ട ഗാനരംഗങ്ങള്‍ അപൂര്‍വമാണെന്ന് ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു പറഞ്ഞുകേട്ടതോര്‍ക്കുന്നു. ഗ്രീക്ക് യോദ്ധാവിന്റെ പ്രൗഢിയുണ്ട് കുതിരപ്പുറമേറി വരുന്ന ചന്തുവിന്. "സ്വപ്നവും യാഥാര്‍ഥ്യവും തമ്മില്‍ വേര്‍തിരിക്കുന്ന രേഖകള്‍ അപ്രത്യക്ഷമാകണം എന്നായിരുന്നു ഹരിഹരന്റെ നിര്‍ദ്ദേശം. ആ രീതിയില്‍ തന്നെ അത് ചിത്രീകരിക്കാന്‍ കഴിഞ്ഞു എന്നാണെന്റെ വിശ്വാസം. പടം കണ്ട പലരും ചോദിക്കാറുണ്ട്, കുതിരപ്പുറത്തുവരുന്ന ആ ഷോട്ട് എങ്ങനെ എടുത്തു എന്ന്. നീലനിറം കിട്ടാന്‍ വേണ്ടി എണ്‍പത്തഞ്ച് എന്ന ഡേ ലൈറ്റ് കണ്‍വെര്‍ഷന്‍ ഫില്‍റ്റര്‍ മാറ്റി. ഇരുട്ട് തോന്നിക്കാന്‍ കുറച്ച് അണ്ടര്‍ എക്‌സ്‌പോസ് ചെയ്ത് ബാക്ക്‌ലൈറ്റില്‍ ഷൂട്ട് ചെയ്തു. എല്ലാം കൃത്യമായ അളവില്‍ തന്നെ വേണം. ഇല്ലെങ്കില്‍ മുഴുവനും പകലായോ കൂരിരുരുട്ടായോ മാറിയേക്കാം..'' -- രാമചന്ദ്രബാബുവിന്റെ വാക്കുകള്‍.

കെ.ജയകുമാറാണ് "വടക്കന്‍ വീരഗാഥ''യിലെ ഗാനങ്ങള്‍ മുഴുവനും എഴുതേണ്ടിയിരുന്നത്. അളകാപുരിയിലെ കോട്ടേജിലിരുന്ന് കാവ്യഭംഗിയുള്ള രണ്ടു പാട്ടുകള്‍ അദ്ദേഹം രചിക്കുകയും ചെയ്തു: ചന്ദനലേപ സുഗന്ധം, കളരി വിളക്ക് തെളിഞ്ഞതാണോ. മറ്റ് പാട്ടുകള്‍ എഴുതേണ്ട സമയമായപ്പോഴേക്കും ജയകുമാര്‍ ജോലിത്തിരക്കില്‍ ചെന്നു പെട്ടിരുന്നു. കോഴിക്കോട് കളക്റ്ററാണ് അന്നദ്ദേഹം. ഭാരിച്ച ഉത്തരവാദിത്തമുള്ള ജോലി. അവശേഷിച്ച പാട്ടുകളെഴുതാനുള്ള ദൗത്യം അതോടെ കൈതപ്രത്തെ തേടിയെത്തുന്നു. "ചെന്നൈയിലെ എന്റെ വീട്ടിലിരുന്നാണ് കൈതപ്രം പാട്ടെഴുതിയത്.''-- ഹരിഹരന്റെ ഓര്‍മ്മ. "സിനിമയിലെ കഥാസന്ദര്‍ഭവും കഥാപാത്രത്തിന്റെ സൂക്ഷ്മവികാരങ്ങളും അന്തരീക്ഷവും വരെ ഗാനരചയിതാവിന് വിശദീകരിച്ചുകൊടുക്കാറുണ്ട് ഞാന്‍. സിനിമക്ക് ആവശ്യമുള്ള വരികളും ഭാവവും കിട്ടും വരെ പാട്ട് മാറ്റിയെഴുതിക്കാന്‍ മടിക്കാറുമില്ല. ഒരു പക്ഷേ എന്റെ ഉള്ളിലൊരു സംഗീതാസ്വാദകന്‍ കൂടി ഉള്ളതിനാലാകണം. എഴുതി മടുത്ത കൈതപ്രത്തോട് അന്ന് ഞാന്‍ പറഞ്ഞ വാക്കുകള്‍ ഓര്‍മ്മയുണ്ട്: നിങ്ങള്‍ക്കതിന് കഴിയും. എനിക്ക് സംശയമില്ല. ഒന്നുകൂടി എഴുതി നോക്കൂ.'' കൈതപ്രം വഴങ്ങി. അടുത്ത രചന ഓക്കേ.

ഗാനങ്ങള്‍ക്കൊത്ത് ചുണ്ടനക്കി അഭിനയിക്കാന്‍ പൊതുവെ വിമുഖനാണ് മമ്മൂട്ടി എന്ന് ഹരിഹരന്‍. അത് വേറൊരു കലയാണ്. എന്നാല്‍ അശരീരിയായി പാട്ടുകള്‍ കേള്‍പ്പിക്കുന്നതിനോട് വലിയ വിരോധമില്ല അദ്ദേഹത്തിന്. വടക്കന്‍ വീരഗാഥയിലും പഴശ്ശിരാജയിലുമൊക്കെ മമ്മൂട്ടി കടന്നുവരുന്ന ഗാനരംഗങ്ങളുടെ പശ്ചാത്തലത്തിലേ ഉള്ളൂ പാട്ടുകള്‍. സിനിമയില്‍ മമ്മൂട്ടിയുടെ ഏറ്റവും മികച്ച ഗാനരംഗങ്ങള്‍ പലതിലും പാട്ടുകള്‍ അശരീരികളാണ്. എന്നിട്ടും അവയില്‍ ചിലതൊക്കെ ക്ലാസിക്കുകളുടെ തലത്തിലേക്കുയര്‍ന്നുവെങ്കില്‍ അതിനു പിന്നില്‍ കഥാപാത്രമായുള്ള മമ്മൂട്ടിയുടെ പകര്‍ന്നാട്ടം തന്നെ. ഗാനത്തിന്റെ ഭാവം സ്വന്തം ചലനങ്ങളിലേക്ക് പോലും ആവാഹിക്കാന്‍ കഴിയും മമ്മൂട്ടിക്ക്. "അമര''ത്തിലെ"വികാരനൗകയുമായി'' ഉദാഹരണം. ആത്മസംഘര്‍ഷത്തിന്റെ ഒരു അലകടല്‍ തന്നെ ഉള്ളിലൊതുക്കി ആര്‍ത്തലയ്ക്കുന്ന തിരമാലകളുടെ പശ്ചാത്തലത്തില്‍ നടന്നുപോകുന്ന മമ്മൂട്ടിയുടെ ചിത്രത്തിന് മനോഹരമായ ഒരു പെയ്ന്റിംഗിന്റെ തികവും മികവും നല്‍കിയിരിക്കുന്നു ഭരതനും മധു അമ്പാട്ടും. മമ്മൂട്ടിയുടെ മുഖത്തെ ഭാവപ്പകര്‍ച്ചകള്‍ കൂടി ചേര്‍ന്നപ്പോള്‍ ഹൃദയസ്പര്‍ശിയായ ദൃശ്യാനുഭവമായി അത്. പ്രകൃതിയും മനുഷ്യനും ഉദാത്തമായ സംഗീതവും ഒത്തുചേരുമ്പോഴത്തെ മാജിക്. ആയിരപ്പറയിലെ "യാത്രയായ് വെയിലൊളി നീളുമെന്‍ നിഴലിനെ കാത്തു നീ നില്‍ക്കയോ'' (കാവാലം -- രവീന്ദ്രന്‍) ആണ് ഇതുപോലെ മനസ്സില്‍ തൊട്ട മറ്റൊരു ദൃശ്യ--ശ്രവ്യാനുഭവം.


തീര്‍ന്നില്ല, വേറെയുമുണ്ട് മമ്മൂട്ടിയുടെ രൂപത്തോടൊപ്പം കാതില്‍ ഒഴുകിയെത്തുന്ന പശ്ചാത്തല ഗീതങ്ങള്‍: ഈ നീലിമ തന്‍ (ആ രാത്രി), മാനം പൊന്മാനം (ഇടവേളക്ക് ശേഷം), വാസരം തുടങ്ങി (ചക്കരയുമ്മ), അലസതാ വിലസിതം (അക്ഷരങ്ങള്‍), മഴവില്ലിന്‍ മലര്‍ തേടി (കഥ ഇതുവരെ), ശ്യാമാംബരം (അര്‍ത്ഥം), ആകാശ ഗോപുരം (കളിക്കളം), താരാപഥം ചേതോഹരം (അനശ്വരം), എന്നോടൊത്തുയരുന്ന (സുകൃതം), ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്, രാസനിലാവിന് താരുണ്യം (പാഥേയം), താഴ്വാരം മണ്‍പൂവേ (ജാക്‌പോട്ട്), നീലാകാശം തിലകക്കുറി ചാര്‍ത്തി (സാഗരം സാക്ഷി), ആത്മാവിന്‍ പുസ്തകത്താളില്‍ (മഴയെത്തും മുന്‍പേ), സ്വപ്നമൊരു ചാക്ക് (ബെസ്റ്റ് ആക്ടര്‍)...

പാട്ടിനൊത്ത് മമ്മൂട്ടി ചുണ്ടനക്കിയപ്പോഴും പിറന്നു സൂപ്പര്‍ ഹിറ്റുകള്‍: ബുള്‍ബുള്‍ മൈനേ, മിഴിയില്‍ മീന്‍ പിടഞ്ഞു (സന്ധ്യക്ക് വിരിഞ്ഞ പൂവ്), ഏതോ ജന്മബന്ധം (അമേരിക്ക അമേരിക്ക), ഒരു മഞ്ഞുതുള്ളിയില്‍ (അക്ഷരങ്ങള്‍), തൊഴുതുമടങ്ങും സന്ധ്യയുമേതോ (അക്ഷരങ്ങള്‍), കണ്ണാന്തളിയും കാട്ടുകുറിഞ്ഞിയും (അനുബന്ധം), ഇണക്കിളി വരുകില്ലേ (ഒരു നോക്ക് കാണാന്‍), നാട്ടുപച്ച കിളിപ്പെണ്ണേ (ആയിരപ്പറ), എന്തിന് വേറൊരു സൂര്യോദയം (മഴയെത്തും മുന്‍പേ), നെറ്റിയില്‍ പൂവുള്ള (മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍), വെണ്ണിലാ ചന്ദനക്കിണ്ണം (അഴകിയ രാവണന്‍), തെക്കു തെക്ക് തെക്കേ പാടം (എഴുപുന്ന തരകന്‍), മുറ്റത്തെ മുല്ലേ ചൊല്ലൂ (മായാവി), മുത്തുമണിത്തൂവല്‍ തരാം (കൗരവര്‍), പൂമുഖവാതില്‍ക്കല്‍ (രാക്കുയിലിന്‍ രാഗസദസ്സില്‍), സ്വര്‍ഗ്ഗമിന്നെന്റെ (സാഗരം സാക്ഷി), ഇനിയൊന്നു പാടൂ (ഗോളാന്തരയാത്ര), ശാന്തമീ രാത്രിയില്‍ (ജോണി വാക്കര്‍), ഓലത്തുമ്പത്തിരുന്ന്, സ്‌നേഹത്തിന്‍ പൂഞ്ചോല (പപ്പയുടെ സ്വന്തം അപ്പൂസ്), പനിനീരുമായ് പുഴകള്‍ (വിഷ്ണു), മഞ്ഞുകാലം നോല്‍ക്കും (മേഘം), നീയുറങ്ങിയോ നിലാവേ (ഹിറ്റ്‌ലര്‍), മയ്യഴിപ്പുഴയൊഴുകി (ഉദ്യാനപാലകന്‍), ചൈത്ര നിലാവിന്റെ (ഒരാള്‍ മാത്രം), ഞാനൊരു പാട്ടുപാടാം (മേഘം), ദീനദയാലോ രാമാ (അരയന്നങ്ങളുടെ വീട്), തങ്കമനസ്സ് (രാപ്പകല്‍)...

ശാസ്ത്രീയ രാഗപ്രധാനമായ ഗാനങ്ങള്‍ വെള്ളിത്തിരയില്‍ പാടി അഭിനയിക്കുക എളുപ്പമല്ല; സ്വരങ്ങളും ഗമകങ്ങളുമൊക്കെയുള്ള പാട്ടാണെങ്കില്‍ പ്രത്യേകിച്ചും. അത്തരം ഗാനരംഗങ്ങള്‍ ആസ്വദിച്ച് അഭിനയിച്ചു ഫലിപ്പിച്ചവരാണ് പ്രേംനസീറിനെയും മോഹന്‍ലാലിനെയും മനോജ് കെ ജയനെയും പോലുള്ള നടന്മാര്‍. ശാസ്ത്രീയ സംഗീതജ്ഞന്റെ മുഴുനീള വേഷം അധികം കൈകാര്യം ചെയ്യാത്തതുകൊണ്ടാവാം, സമാനമായ രംഗങ്ങള്‍ അപൂര്‍വമായേ മമ്മൂട്ടിയെ തേടിയെത്തിയുള്ളൂ. എങ്കിലും ആ അവതരണങ്ങളും മോശമാക്കിയില്ല അദ്ദേഹം. ഭഭസ്വാതികിരണം'' എന്ന തെലുങ്ക് ചിത്രത്തിലെ കര്‍ണ്ണാടക സംഗീതജ്ഞന്‍ അനന്തരാമ ശര്‍മ്മയെ ഓര്‍ക്കുക. കെ.വി.മഹാദേവന്റെ സംഗീതത്തില്‍ എസ് .പി.ബാലസുബ്രഹ്മണ്യം ആലപിച്ച ശാസ്ത്രീയ ഗാനങ്ങള്‍ അവയുടെ സൗന്ദര്യം ചോര്‍ന്നുപോകാതെ തന്നെ അവതരിപ്പിക്കുന്നു മമ്മൂട്ടി. പ്രത്യേകിച്ച് സംഗീത സാഹിത്യ, ശിവാനി ഭവാനി എന്നീ ഗാനങ്ങള്‍. "രാക്കുയിലിന്‍ രാഗസദസ്സില്‍'' എന്ന ചിത്രത്തിലെ ഗോപാലക പാഹിമാം എന്ന സ്വാതിതിരുനാള്‍ കൃതിയാണ് മറ്റൊരുദാഹരണം.

ഹാസ്യഗാന രംഗങ്ങള്‍ മറ്റൊരു പരീക്ഷണവേദി. സിനിമാ ജീവിതത്തിന്റെ പ്രാരംഭഘട്ടത്തില്‍ മമ്മൂട്ടി പാടി അഭിനയിച്ച കോമഡി ഗാനങ്ങള്‍ ഒന്നൊഴിയാതെ ഹിറ്റായിരുന്നു. 'പിന്‍നിലാ'വിലെ "മാനേ മധുരക്കരിമ്പേ'' (യൂസഫലി കേച്ചേരി -- ഇളയരാജ) ആയിരിക്കണം ഈ നിരയില്‍ ആദ്യത്തേത്. തുടര്‍ന്ന് ഡോക്ടര്‍ സാറേ (സന്ദര്‍ഭം), പോം പോം ഈ ജീപ്പിന് മദമിളകി (നാണയം), പിടിയാന പിടിയാന (തുറുപ്പ് ഗുലാന്‍), പൊന്നേ പൊന്നമ്പിളി (ഹരികൃഷ്ണന്‍സ്), ഓലത്തുമ്പത്തിരുന്ന് (പപ്പയുടെ സ്വന്തം അപ്പൂസ്) തുടങ്ങി വേറെയും നര്‍മ്മപ്രധാന ഗാനങ്ങള്‍. മമ്മൂട്ടി പെണ്‍ വേഷത്തിലെത്തുന്ന മാമാങ്കത്തിലെ"പീലിത്തിരുമുടി'' ആയിരുന്നു ഇക്കൂട്ടത്തില്‍ വേറിട്ടുനിന്ന ദൃശ്യാനുഭവം.

എല്ലാ നടന്മാര്‍ക്കും കിട്ടുന്നതല്ല, വെള്ളിത്തിരയില്‍ പാടി അഭിനയിച്ച ആദ്യഗാനം തന്നെ കാലാതിവര്‍ത്തിയായിത്തീരുക എന്ന സുവര്‍ണ്ണ സൗഭാഗ്യം. മമ്മൂട്ടിക്ക് ആ ഭാഗ്യം കൈവന്നത് "മനസ്സൊരു മാന്ത്രികക്കുതിരയായ് പായുന്നു മനുഷ്യന്‍ കാണാത്ത പാതകളില്‍'' എന്ന പാട്ടിലൂടെയാണ്. മുല്ലനേഴി എഴുതി എം.ബി.ശ്രീനിവാസന്‍ സ്വരപ്പെടുത്തിയ "മേള''യിലെ ഈ യേശുദാസ് ഗാനത്തിനൊപ്പമാണ് സിനിമാജീവിതത്തില്‍ മമ്മൂട്ടി ആദ്യമായി ചുണ്ടനക്കിയത് എന്നാണ് ചരിത്രം.

സിനിമയില്‍ പാട്ട് അനിവാര്യമാണെന്ന വിശ്വാസക്കാരനല്ല സംവിധായകന്‍ കെ.ജി.ജോര്‍ജ്ജ്. സിനിമാസംഗീതമെന്നാല്‍ പശ്ചാത്തല സംഗീതമാണെന്ന ഉത്തമബോധ്യവുമുണ്ട്. കഥയുടെ ഗൗരവം ചോര്‍ത്തിക്കളയാനേ പാട്ട് ഉപകരിക്കൂ എന്നറിഞ്ഞിട്ടും തന്റെ നിലപാടില്‍ കൂടെക്കൂടെ അയവ് വരുത്തേണ്ടി വന്നു അദ്ദേഹത്തിന്. അപ്പോഴും സ്വന്തം സിനിമയിലെ പാട്ടുകള്‍ കഴിയുന്നതും പശ്ചാത്തലഗാനങ്ങളായി ഉപയോഗിക്കാനാണ് ജോര്‍ജ്ജ് ശ്രദ്ധിച്ചത്. "മേള''യിലെ പാട്ട് അതിനൊരു അപവാദമായിരുന്നു. മമ്മൂട്ടിയുടെ വിജയന്‍ എന്ന കഥാപാത്രത്തിന്റെ ആത്മഗീതമാണ് ഈ ഗാനം. ഏറ്റവുമടുത്ത സുഹൃത്തിനാല്‍ തെറ്റിദ്ധരിക്കപ്പെട്ടതിന്റെ വ്യഥയുമായി ശൂന്യമായ സര്‍ക്കസ് കൂടാരത്തില്‍ ഇരുന്നുകൊണ്ടും നടന്നുകൊണ്ടും മമ്മുട്ടി പാടുന്ന ഗാനം.

ഇന്ന് കാണുമ്പോള്‍ തികച്ചും നാടകീയമായി തോന്നും അതിന്റെ ചിത്രീകരണം. സിനിമയുടെ രൂപഭദ്രതയോട് ചേര്‍ന്നുനില്‍ക്കാത്ത രംഗം. പക്ഷേ ലളിതമായ കുറച്ചു വരികളിലൂടെ ആ പാട്ടില്‍ മുല്ലനേഴി ആവിഷ്‌കരിച്ച ജീവിതയാഥാര്‍ഥ്യങ്ങളുടെ തീവ്രത ഇന്നും മനസ്സിനെ പിന്തുടരുന്നു. സ്വന്തം സിനിമകളിലെ പാട്ടുകളില്‍ ജോര്‍ജ്ജിന് ഏറ്റവും പ്രിയപ്പെട്ടവയിലൊന്നായി അത് മാറിയത് സ്വാഭാവികം. മനസ്സിന്റെ കടിഞ്ഞാണ്‍ കൈവിട്ടുപോകുന്ന അപൂര്‍വം സന്ദര്‍ഭങ്ങളില്‍ ചുണ്ടുകള്‍ നിശ്ശബ്ദമായി മൂളിപ്പോകാറുണ്ട് ഈ ഗാനം. നമ്മള്‍ ഒരിക്കലും സങ്കല്‍പ്പിക്കുക പോലും ചെയ്യാത്ത ഇരുണ്ട ആകാശങ്ങളിലൂടെ ചരട് പൊട്ടിയ പട്ടം പോലെ പറക്കുന്ന മനസ്സിന്റെ ചിത്രം എത്ര യഥാതഥമായാണ് മുല്ലനേഴി മാഷ് വരച്ചിട്ടിരിക്കുന്നത് എന്ന് തോന്നും അപ്പോള്‍. ചിന്തയുടെ വഴികള്‍ എത്ര വിചിത്രം, എത്ര നിഗൂഢം...!

"മോഹമേ നിന്‍ ആരോഹണങ്ങളില്‍ ആരിലും രോമാഞ്ചങ്ങള്‍, അവരോഹണങ്ങളില്‍ ചിറകുകള്‍ എരിയുന്ന ആത്മാവിന്‍ വേദനകള്‍'' എന്ന വരികള്‍ക്ക് എം.ബി.എസ്. നല്‍കിയ ഈണം ഇന്നും അജ്ഞാതമായ ഒരു വേദന നിറയ്ക്കുന്നു മനസ്സില്‍. യേശുദാസിന്റെ ശബ്ദത്തിലെ നിശബ്ദ ഗദ്ഗദവും. കടിഞ്ഞാണില്ലാതെ, കാലുകളില്ലാതെ തളിരും തണലും തേടി അലയുന്ന മനുഷ്യമനസ്സിനെ അതിന്റെ എല്ലാ നിഗൂഢതയോടും കൂടി ഇത്ര ഹൃദയസ്പര്‍ശിയായി വരച്ചിട്ട ഗാനങ്ങള്‍ കുറവായിരിക്കും.

സിനിമയില്‍ അര നൂറ്റാണ്ട് തികച്ച മമ്മൂട്ടി പിന്നീടെത്രയോ ഗാനരംഗങ്ങളില്‍ അഭിനയിച്ചു; എത്രയോ സുന്ദര ഗാനങ്ങള്‍ക്കൊത്ത് ചുണ്ടനക്കി. എങ്കിലും ഈ ആദ്യഗാനത്തിന്റെ വിഷാദമാധുര്യം ഒന്നു വേറെ. ഒരിക്കലും തിരികെ വരാനിടയില്ലാത്ത ഒരു കാലത്തിലേക്ക് വീണ്ടും വീണ്ടും നമ്മെ മാടിവിളിക്കുന്നു ആ പാട്ട്...കടിഞ്ഞാണില്ലാത്ത ഏതോ മാന്ത്രികക്കുതിരയെപ്പോലെ അതിന് പിന്നാലെ പായുന്നു മനസ്സ്.

1980 ഡിസംബര്‍ അഞ്ചിനാണ് മേള റിലീസായത്. തൊട്ടു പിന്നാലെ വന്ന "സ്‌ഫോടന''(1981 ഏപ്രില്‍)ത്തിലും ഉണ്ടായിരുന്നു മമ്മൂട്ടിക്ക് പാടാനൊരു പാട്ട്. ജയചന്ദ്രനും വാണി ജയറാമും സംഘവും പാടിയ വളകിലുക്കം കേക്കണല്ലോ ആരാരോ പോണതാരോ എന്ന പാട്ടിലെ ഏതാനും വരികള്‍ക്കൊത്ത് ചുണ്ടനക്കിയത് ആ പടത്തില്‍ സജിന്‍ എന്ന പേരില്‍ അഭിനയിച്ച മമ്മൂട്ടി. അതേ വര്‍ഷം ആഗസ്റ്റില്‍ പുറത്തുവന്ന ശ്രീകുമാരന്‍ തമ്പിയുടെ മുന്നേറ്റത്തില്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റേയും (ചിരി കൊണ്ട് പൊതിയും) ഉണ്ണിമേനോന്റെയും (വളകിലുക്കം ഒരു വളകിലുക്കം) പാട്ടുകള്‍ വെള്ളിത്തിരയില്‍ പാടി അഭിനയിക്കാനും അവസരം ലഭിച്ചു അദ്ദേഹത്തിന്. ആദ്യമായി ഒരു ക്ലാസിക് ഗാനത്തിനൊത്ത് ചുണ്ടനക്കിയത് ആ വര്‍ഷം ഡിസംബറില്‍ പുറത്തുവന്ന തൃഷ്ണയില്‍: "ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ... '' മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി മാറിയ ഒരു ജൈത്രയാത്രയുടെ തുടക്കമായിരുന്നു അത്.

ഇടയ്ക്ക് തമിഴിലും ചില സുന്ദര ഗാനങ്ങള്‍ പാടി അഭിനയിച്ചു മമ്മൂട്ടി. മൗനം സമ്മതത്തിലെ "കല്യാണ തേന്‍ നിലാ''മറക്കാനാകുമോ? ഇളയരാജയുടെ ഇന്ദ്രജാലസ്പര്‍ശം കൊണ്ട് കാലാതിവര്‍ത്തിയായിത്തീര്‍ന്ന ഗാനം. "ദളപതി''യിലെ കാട്ടുക്കുയില്, "അഴകനി''ല്‍ മരഗതമണി ചിട്ടപ്പെടുത്തിയ സാതിമല്ലി പൂച്ചരമേ, സംഗീതസ്വരങ്ങള്‍ എന്നീ ഗാനരംഗങ്ങളിലുമുണ്ട് മമ്മൂട്ടിയുടെ സാന്നിധ്യം. ധര്‍ത്തീപുത്ര എന്ന ഹിന്ദി ചിത്രത്തില്‍ മമ്മൂട്ടിക്കു വേണ്ടി പിന്നണി പാടിയത് കുമാര്‍ സാനു -- സാരേ രംഗ് സെ ഹേ, മൗസം രംഗീലാ ഹേ എന്നീ ഗാനങ്ങളില്‍.

ഈ പട്ടിക അവസാനിക്കുന്നില്ല. ഓര്‍മ്മകളില്‍ മമ്മൂട്ടി പാടിക്കൊണ്ടേയിരിക്കുന്നു. മലയാള സിനിമയുടെ അരനൂറ്റാണ്ടുകാലത്തെ ചരിത്രത്തിന്റെ ഭാഗമായ പാട്ടുകള്‍. ഓരോ പാട്ടും ഓരോ കാലം. ആത്മാവിന്‍ പുസ്തകത്താളില്‍ മയങ്ങുന്ന ആ മയില്‍പ്പീലിയിതളുകള്‍ക്ക് ഇന്നും നിത്യയൗവനം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram