-
കെ.എസ് ചിത്ര എന്ന ഗായികയെ എല്ലാവര്‍ക്കും അറിയാം. ചിത്ര പാടിയ പാട്ടുകളില്‍ പലതും ദിവസത്തിലൊരു തവണയെങ്കിലും മൂളാത്തവരും ചുരുക്കമാവും. എന്നാല്‍ മലയാളത്തിലെ പിന്നണിഗായകര്‍ക്ക് ചിത്രയുടെ പാട്ട് മാത്രമല്ല പ്രിയം. വാത്സല്യവും കരുതലും നിരന്തരം പകര്‍ന്നു നല്‍കുന്ന മുതിര്‍ന്ന ചേച്ചി കൂടിയാണ് അവര്‍ക്ക്. 22 വര്‍ഷമായി തുടരുന്ന ആ സഹോദരബന്ധത്തെക്കുറിച്ച്, അനുജനെന്ന പോലെ സ്‌നേഹം തരുന്ന ആ ചേച്ചിയെക്കുറിച്ച് ഗായകന്‍ ദേവാനന്ദ് മാതൃഭൂമി ഡോട്ട് കോമിനോട് മനസ്സു തുറക്കുന്നു.
ചെന്നൈയിലെ കൃഷ്ണ സ്റ്റുഡിയോയില്‍ ചേച്ചിയുടെ റെക്കോര്‍ഡിംഗിനിടയില്‍ ഞാനുമവിടെ ഇരിപ്പുണ്ടാവും. പാട്ടൊക്കെ കേട്ട്. അവിടെ മുതിര്‍ന്ന സംഗീത സംവിധായകരാരുമില്ലാതെ സൗണ്ട് എഞ്ചിനീയേഴ്‌സും മറ്റ് സ്റ്റാഫും മാത്രമുള്ളപ്പോള്‍ ചേച്ചി പറയും. 'കണ്ടോ.. ഒരാള്‍ അവിടെ മൂലയ്ക്കിരിക്കുന്നുണ്ട്. ഇക്കണ്ട പാട്ടുകള്‍ ഞാന്‍ പാടിയിട്ട്, നന്നായെന്നോ മോശമെന്നോ ഒന്നും പറയാതെ മിണ്ടാതിരിപ്പുണ്ട്.' അതു കേട്ട് ഞാന്‍ ചിരിക്കും.
1998ല്‍ ഒരു മറവത്തൂര്‍ കനവ് എന്ന സിനിമയിലെ 'തിങ്കള്‍ക്കുറി തൊട്ട്' എന്ന പാട്ടിന്റെ റെക്കോര്‍ഡിംഗിനായി ചെന്നൈയിലെ എസ്.പി.ബി സാറിന്റെ കോദണ്ഡപാണി സ്റ്റുഡിയോയില്‍ ചെന്നു. (ആ സ്റ്റുഡിയോ ഇന്നില്ല) ആദ്യം ഞാന്‍ പാടി. അതുകഴിഞ്ഞപ്പോഴേക്കും ചിത്രച്ചേച്ചി പാടാന്‍ വന്നു. അന്നാണ് ആദ്യമായി ചേച്ചിയെ കാണുന്നതും പരിചയപ്പെടുന്നതും. എന്തു പറഞ്ഞ് ചേച്ചിയുടെ അരികില്‍ ചെല്ലും എന്ന് പരിഭ്രമിച്ച് നില്‍ക്കുകയായിരുന്നു ഞാന്‍. അന്നേരം ചേച്ചി ഇങ്ങോട്ടു വന്ന് പേരും വിവരവുമൊക്കെ ചോദിക്കുകയാണുണ്ടായത്. 'മോന്‍ അസ്സലായി പാടി. ഭാഗ്യമല്ലേ, രവീന്ദ്രന്‍ മാഷിന്റെ ഒരു പാട്ട് പാടാന്‍ സാധിച്ചില്ലേ' എന്നു പറഞ്ഞ് പ്രശംസിച്ചു. പിന്നെയും ചെന്നൈയില്‍ പോകുമ്പോഴെല്ലാം ചേച്ചിയെ കാണാന്‍ ശ്രമിക്കും. സംഗീത സംവിധായകന്‍ ശരതിന്റെ വീട് ചിത്രച്ചേച്ചിയുടെ വീടിന്റെ അടുത്താണ്. അദ്ദേഹത്തിനൊപ്പം സ്റ്റുഡിയോയില്‍ പോകുമ്പോഴും ചേച്ചിയെ കാണാറുണ്ട്.
ചേച്ചിക്കൊപ്പം ഒരു ഓണപ്പാട്ട് കൂടി പാടിയിട്ടുണ്ട്. സലില്‍ ദായുടെ(സലില്‍ ചൗധരി) ഓര്‍മ്മകള്‍ എന്ന ഒരു കാസറ്റില്‍ പാടുകയുണ്ടായി. ദാസേട്ടന്റെ ഭാഗങ്ങള്‍ ഞാനും ഫീമെയില്‍ വേര്‍ഷന്‍ ചിത്രച്ചേച്ചിയുമാണ് അന്ന് പാടിയത്. ചില ആല്‍ബങ്ങളിലും ഒരുമിച്ച് പാടിയിട്ടുണ്ട്. ദീപക് ദേവിന്റെ സംഗീതത്തില്‍ സിംഫണി എന്ന ചിത്രത്തിനുവേണ്ടി 'കൊഞ്ചെടി കൊഞ്ചെടി പെണ്ണെ' എന്ന പാട്ടും ചേച്ചിക്കും സുജാതച്ചേച്ചിക്കുമൊപ്പം പാടിയിരുന്നു.
ലിംഗഭേദമില്ലാതെ ഒരു കലാകാരന്‍ എങ്ങനെയിരിക്കണമെന്നും പെരുമാറണമെന്നും കണ്ടു പഠിക്കേണ്ട, മാതൃകയാക്കേണ്ട വ്യക്തിത്വം തന്നെയാണ് ചേച്ചിയുടേത്. പാടുന്നതിനിടയില്‍ ഒരു പിഞ്ചു കുഞ്ഞ് റെക്കോര്‍ഡിംഗിനു വരികയാണെങ്കില്‍ പോലും ചേച്ചി ചാടി എഴുന്നേല്‍ക്കും. നമസ്‌കാരം പറയും. അത് റെക്കോര്‍ഡിംഗ് ആയാലും സ്‌റ്റേജ് ഷോ ആയാലും അങ്ങനെ തന്നെ. ഞങ്ങള്‍ രണ്ടുപേരും മാത്രമായും ഷോകള്‍ ചെയ്തിട്ടുണ്ട്. എസ്.പി.ബി സാറും വിനീതും ഞാനും ചിത്രച്ചേച്ചിയും കൂടി കുറച്ചുകാലം മുമ്പ് ദുബായില്‍ ഒരു ഷോ ചെയ്തിരുന്നു. അന്ന് ബാലു സാറിനൊപ്പം കാട്ടുക്കുയിലേ എന്ന പാട്ടു പാടാനുള്ള ഭാഗ്യം ലഭിച്ചിരുന്നു. അന്ന് ചേച്ചിയാണ് എനിക്ക് നിര്‍ദേശങ്ങള്‍ തന്നത്. ശരിക്കും ക്ലാസെടുത്തു തന്നു. ബാലു സാറിന്റെ ശബ്ദം വളരെ ഉച്ചത്തിലായിരിക്കുമെന്നും പേടിക്കരുതെന്നും സ്മാര്‍ട്ടായി പാടണമെന്നും ഡ്യുവറ്റ് ആയതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നെല്ലാം പറഞ്ഞു തന്നു.
10 ഷോകളുണ്ടെങ്കില്‍ പത്തിനും 10 തവണ ചേച്ചി പ്രാക്ടീസ് ചെയ്യും. ഒരേ പാട്ടുകളായിരിക്കും. എങ്കില്‍ പോലും വീണ്ടും പാടി നോക്കും. ഡ്യുവറ്റ് പോര്‍ഷനുകള്‍ എഴുതി വെയ്ക്കും. അത്തരം ചെറിയ കാര്യങ്ങളില്‍ പോലും ശ്രദ്ധിക്കുന്നതുകൊണ്ടു തന്നെയാണ് സ്‌റ്റേജില്‍ സൂപ്പര്‍ പെര്‍ഫോമന്‍സ് കാഴ്ച്ച വെക്കുന്നത്. ഇതെല്ലാം നമുക്ക് പഠിക്കാനുള്ള പാഠങ്ങളാണ്.
'അങ്ങനെ ഒരു അവധിക്കാലത്ത്' എന്ന ചിത്രത്തിലെ 'പുലര്‍വെയിലും' എന്ന ജോണ്‍സണ്‍ മാഷ് ഈണമിട്ട ഗാനം ചിത്രച്ചേച്ചി പാടിയപ്പോള്‍ ട്രാക്ക് പാടിയത് ഞാനായിരുന്നു. ലൈവ് റെക്കോര്‍ഡിംഗ് ആയിരുന്നു. ഒരു ബൂത്തില്‍ രണ്ടു മൈക്കുകള്‍. ഒന്നു ചേച്ചിക്കും മറ്റേത് എനിക്കും. പ്രാക്ടീസ് ചെയ്യുന്നതിനിടയില്‍ പാട്ടിന്റെ അവസാനത്തില്‍ എന്റേതായ ചില സംഗതികള്‍ ഒക്കെയിട്ട് നിര്‍ത്തി. അപ്പോള്‍ തന്നെ ചേച്ചി എന്ന തിരുത്തി. 'മോനേ.. അങ്ങനെയൊന്നും പാടല്ലേ. മാഷ് ദേഷ്യപ്പെടും' എന്ന് പറഞ്ഞു. ജോണ്‍സണ്‍ മാഷിന്റെ ഒരുപാട് ഗാനങ്ങള്‍ പാടിയിട്ടുള്ള ചേച്ചിക്ക് അദ്ദേഹത്തോട് ഗുരുഭക്തിയും പേടിയും എന്നുമുണ്ടായിരുന്നു.
ഗായകരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയപ്പോഴാണ് അടുപ്പം കൂടിയത്. വിജയ് യേശുദാസ് തുടക്കമിട്ട ഗ്രൂപ്പാണ്. സുദീപ് കുമാര്‍, വിധു പ്രതാപ്, ജ്യോത്സ്‌ന, സംഗീത, നജീം അര്‍ഷാദ് തുടങ്ങി നിരവധി പേര്‍ ഗ്രൂപ്പിലുണ്ട്. ഒരു സുഹൃത്തെന്ന പോലെ ഏവരോടും കാര്യങ്ങള്‍ ചോദിച്ചറിയുകയും ആരെങ്കിലും പാട്ടു പാടിയിട്ടാല്‍ അത് തിരക്കുകളെല്ലാം കഴിഞ്ഞ് രാത്രി വൈകിയാണെങ്കിലും ഒരാഴ്ച്ച കഴിഞ്ഞിട്ടാണെങ്കിലും അത് കേട്ട് അഭിപ്രായം പറയുകയും ചെയ്യും.
ഇപ്പോള്‍ സമം ഫെയ്‌സ്ബുക്ക് കൂട്ടായ്മയില്‍ ഏറ്റവും വലിയ പങ്കാളിത്തം ചേച്ചിയുടെയാണ്. 72 ദിവസങ്ങളിലായി നടന്ന ലൈവ് പ്രോഗ്രാമില്‍ ലൈവില്‍ പാടിയ ഓരോരുത്തരെയും വിളിച്ച് റിവ്യു കൊടുത്തിരുന്നു. അതൊന്നും ആരും ചെയ്യാത്ത കാര്യമാണ്. അഞ്ചാറ് സിനിമകളില്‍ മാത്രം പാടിയിട്ടുള്ള ഗായകര്‍ വരെ ആ ലൈവില്‍ പാടിയിരുന്നു. ചേച്ചിക്ക് പരിചയമില്ലാത്തവര്‍ കുറെയുണ്ടായിരുന്നു. അവരുടെയൊക്കെ കോണ്‍ടാക്ട് തേടിപ്പിടിച്ച് വിളിച്ചു. 60 ദിവസമായതോടെ നിര്‍ത്താന്‍ തീരുമാനിച്ചപ്പോള്‍ ചേച്ചിയാണ് 12 ദിവസത്തേയ്ക്ക് നീട്ടാമെന്ന് പറഞ്ഞത്. ഗായിക മഞ്ജരി സംഘടനയിലില്ലായിരുന്നു. ചേച്ചിയാണ് ലൈവിലേക്ക് ക്ഷണിച്ചത്.
ബിജു നാരായണന്‍, മധു ബാലകൃഷ്ണന്‍, അഫ്‌സല്‍, സുദീപ്, ഗായത്രി, ജ്യോത്സ്‌ന, അനൂപ്, രാകേഷ, സിത്താര അങ്ങനെ ഞങ്ങള്‍ സ്‌റ്റേജ് ഷോകളില്‍ പാടിയിരുന്ന കുറച്ചുപേര്‍ ചേര്‍ന്ന് രണ്ടു വര്‍ഷം മുമ്പ് തുടക്കമിട്ടതാണ് സമം. സ്റ്റേജ് പരിപാടികള്‍ക്കായി പോകുമ്പോള്‍ പലപ്പോഴും നടീനടന്‍മാര്‍ക്ക് കിട്ടുന്ന പരിഗണനയൊന്നും ഗായകര്‍ക്ക് ലഭിക്കാറില്ല. പലപ്പോഴും പണം പോലും നല്‍കില്ല. ഷോകളില്‍ പാട്ടുകാര്‍ നിര്‍ബന്ധമാണുതാനും. ഈ പ്രശ്‌നങ്ങള്‍ക്ക് ഒരു അറുതി എന്ന രീതിയിലാണ് സമം എന്ന കൂട്ടായ്മ ഉണ്ടാകുന്നത്. ഈ കൂട്ടായ്മയിലൂടെ പല നിര്‍ധന കലാകാരന്‍മാരെയും സാമ്പത്തികപരമായി സഹായിക്കാന്‍ സാധിച്ചു. ഓരോരുത്തരും അവരവരുടെ ജോലികള്‍ ഭംഗിയായി നിര്‍വഹിച്ചു പോരുന്നുണ്ട്. പോരായ്മകള്‍ എന്തെങ്കിലും കണ്ണില്‍ പെട്ടാല്‍ ചിത്രചേച്ചിയാണ് അത് വിളിച്ചു പറഞ്ഞ് തിരുത്തിയിരുന്നത്.
മകള്‍ മരിച്ചപ്പോള്‍ അതീവ ദു:ഖിതയായിരുന്നു ചേച്ചി. രാധിക തിലക്, ജോണ്‍സണ്‍ മാഷുടെ മകള്‍ ഷാന്‍ ഇവരുടെയൊക്കെ മരണം ചേച്ചിയെ തളര്‍ത്തിയിരുന്നു. ഒറ്റപ്പെടലിന്റെ ആ കാലത്ത് സ്‌റ്റേജ് ഷോകളിലൂടെയാണ് ചേച്ചി ആ ദു:ഖങ്ങള്‍ കുറെയൊക്കെ മറികടന്നത്. ഇടയ്ക്കുള്ള റെക്കോര്‍ഡിംഗുകള്‍ ഏറ്റെടുക്കും. അതിപ്പോഴും തുടരുന്നു.
ട്രാക്ക് പാടുന്ന ഒരു ഗായകന്റെയോ ഗായികയുടെയോ പേരെടുത്തു പറഞ്ഞ് പാട്ട് അവരെക്കൊണ്ടു തന്നെ പാടിച്ചുകൂടെ എന്നു ചോദിക്കും. അങ്ങനെയാണ് ചേച്ചി. പുതിയ ഗായകരെ അത്ര കണ്ട് പ്രോത്സാഹിപ്പിക്കും. പുതിയ പാട്ടുകാരെയും പാട്ടുകളും ചേച്ചി ശ്രദ്ധിക്കുന്നുണ്ട്. ഫോളോ ചെയ്യുന്നുമുണ്ട്.
ഒരിക്കല്‍ യു കെയില്‍ വച്ച് ലാലേട്ടനൊക്കെയുണ്ടായിരുന്ന ഒരു സ്റ്റേജ് ഷോ നടക്കുന്നു. കരിമിഴിക്കുരുവി പാടാനാണ് നിശ്ചയിച്ചത്. ചേച്ചി ഡ്യുവറ്റ് പാടാന്‍ വരാമെന്ന് പറഞ്ഞു. ഞാനത് സമ്മതിച്ചില്ല. ഒന്നുകില്‍ ഞാന്‍ സോളോ പാടിക്കോളാം, ഇല്ലെങ്കില്‍ വേറെ ഗായികമാരെ വിളിക്കാമെന്നായി ഞാന്‍. മറ്റൊരാളുടെ പാട്ടു പഠിച്ചു പാടാന്‍ പോലും ചേച്ചിയ്ക്ക് മടിയില്ല. നിഷാദും ശ്വേതയും ചേര്‍ന്നു പാടിയ 'പാലപ്പൂവിതളില്‍' നിരവധി വേദികളില്‍ ചേച്ചി നിഷാദിനൊപ്പം പാടിയിട്ടുണ്ട്. അതിനൊന്നും ചേച്ചി ഒരിക്കല്‍ പോലും മടി കാണിച്ചിട്ടില്ല.
പണ്ടൊക്കെ തിരുവനന്തപുരത്ത് നിന്ന് റെക്കോര്‍ഡിംഗിനായി ചേച്ചി ചെന്നൈയിലെത്തുമ്പോള്‍ രവീന്ദ്രന്‍ മാഷ് എയര്‍പോര്‍ട്ടില്‍ പോയി കൂട്ടിക്കൊണ്ടു വരും. അത് പതിവായിരുന്നു. തിരിച്ചുകൊണ്ടുവിടുകയും ചെയ്യും. അന്നും ഇന്നും ചിത്രയ്‌ക്കൊരു മാറ്റവുമില്ലയെന്ന് മാഷ് എപ്പോഴും പറയാറുണ്ടായിരുന്നു. എത്ര പുരസ്‌കാരങ്ങള്‍ കിട്ടിയാലും...എത്ര വലിയ ആളായാലും....