-
പൂമരത്തിലെ 'മൃദു മന്ദഹാസം'..., അറയ്ക്കൽ നന്ദകുമാർ വരികളെഴുതി സംഗീതം നൽകിയ മനോഹരമായ ഒരു ഗാനം. യൂട്യൂബിൽ ഈ പാട്ടിന് കീഴെയുള്ള കമന്റുകളിൽ ഭൂരിഭാഗവും ഇങ്ങനെയാണ്, 'മനോഹരം, 18 വയസ്സ് പ്രായമുള്ള പെൺകുട്ടിയ്ക്കാണ് 50 വയസ്സു പിന്നിട്ട ചിത്ര ചേച്ചി ശബ്ദം നൽകിയിരിക്കുന്നത്. പ്രായം കൂടും തോറും മധുരമേറുന്ന ശബ്ദം'. ഈ കമന്റുകൾ ശ്രദ്ധയിൽ പെടുത്തിയപ്പോൾ സംവിധായകൻ എബ്രിഡ് ഷെെന്റെ മറുപടി ഇങ്ങനെ... 'പാട്ട് റെക്കോർഡ് ചെയ്യുമ്പോൾ യൂത്ത് ഫെസ്റ്റിവലിൽ ഒരു പെൺകുട്ടി പാടുന്ന ലളിത ഗാനം ആണെന്ന് പറഞ്ഞിരുന്നു. പ്രേക്ഷകർക്കു ആ ഫീൽ കിട്ടി എന്ന് കേൾക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. ചിത്ര ചേച്ചിയുടെ പ്രതിഭയെക്കുറിച്ച് ഞാൻ പറയേണ്ടതില്ലല്ലോ. അതുകൊണ്ടു തന്നെയാണ് ആകസ്മികമായി ഒരു യുവജനോത്സവ വേദിയിൽ നിന്ന് കേട്ട പാട്ടിന് പിറകെ ഞാൻ സഞ്ചരിച്ചതും ഒടുവിൽ ചിത്ര ചേച്ചിയുടെ മുന്നിൽ എത്തിയതും'- മനസ്സു തുറക്കുകയാണ് എബ്രിഡ് ഷെെൻ.
ആക്ഷൻ ഹീറോ ബിജുവിന്റെ ഷൂട്ടിങ് നടക്കുന്ന സമയത്ത് തൃപ്പൂണിത്തുറയിലെ ഒരു സ്കൂളിൽ യുവജനോത്സവം നടക്കുകയാണ്. അത് കാണാനായി ഞാൻ പോയി. യൂത്ത് ഫെസ്റ്റിവലിനെ ആസ്പദമാക്കി ഒരു സിനിമയെടുക്കണമെന്ന് എനിക്ക് അന്ന് തന്നെ മനസ്സിൽ ആഗ്രഹമുണ്ടായിരുന്നു. ലളിതഗാനമത്സരം നടക്കുകയാണ് അവിടെ. ഒരു ആൺകുട്ടി പാടാനായി വന്നു. 'മൃദു മന്ദഹാസം'.. എന്ന് അവൻ പാടി തുടങ്ങിയപ്പോൾ സദസ്സും വിധികർത്താക്കളുമെല്ലാം നിശബ്ദരായി. പാട്ടു കഴിഞ്ഞപ്പോൾ എല്ലാവരും ഉറക്കെ കയ്യടിച്ചു. അത്രയ്ക്ക് മനോഹരമായിരുന്നു അവന്റെ ആലാപനം. വേദി വിട്ടിറങ്ങിയപ്പോൾ ഞാൻ ആ പയ്യനെ പരിചയപ്പെടാൻ ചെന്നു. ഗോഡ്ലി എന്നായിരുന്നു അവന്റെ പേര്. ഈ പാട്ട് ആരുടെതാണെന്ന് ഞാൻ ചോദിച്ചു. നന്ദകുമാർ എന്ന ഒരാളുടേതാണെന്ന് അറിയാം, പക്ഷേ അദ്ദേഹത്തെ അവന് നേരിട്ട്പരിചയമില്ല. കാസറ്റിൽ നിന്ന് കേട്ട് പഠിച്ചതായിരുന്നു. വർഷങ്ങളായി യുവജനോത്സവ വേദികളിൽ കുട്ടികൾ പാടി സമ്മാനം വാങ്ങിക്കുന്ന ഗാനമാണത്രേ അത്. അങ്ങനെ പരിചയമുള്ളവരോട് നന്ദകുമാറിനെ ബന്ധപ്പെടുവാനുള്ള ഫോൺ നമ്പർ എല്ലാം ചോദിച്ച് അങ്ങനെ ഞാൻ അദ്ദേഹത്തിനരികിൽ എത്തി. ആ പാട്ട് സിനിമയിലേക്ക് വേണ്ടി ചെയ്യാമെന്ന് തീരുമാനിച്ചു.

രണ്ട് വർഷത്തിന് ശേഷമാണ് പൂമരം സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുന്നത്. മൃദു മന്ദഹാസം നന്ദകുമാർ പാടിയ വേർഷൻ ഞങ്ങൾക്ക് ലഭിച്ചിരുന്നു. സിനിമയിൽ പെൺകുട്ടിയാണ് അത് പാടുന്നത്. കുട്ടിയെ സ്റ്റേജിൽ നിർത്തി നന്ദകുമാറിന്റെ പാട്ട് വച്ച് ലിപ്പ് കൊടുത്ത് നോക്കി. മ്യുസിഷൻ തന്നെ പാടുന്ന പാട്ടിന് വല്ലാത്ത ഒരു ഫീലുണ്ടായിരിക്കും. അതിൽ ധാരാളം ഡീറ്റെയിലിങ് ഉണ്ടാകും. അത്രയും ഗംഭീരമായിട്ടായിരുന്നു നന്ദകുമാർ പാടിയത്. സിനിമയിൽ പെൺകുട്ടി പാടുന്നതു കൊണ്ട് ഒരു ഗായിക തന്നെ ഈ പാട്ട് പാടേണ്ടിവരും. നന്ദകുമാർ നൽകിയ ഡീറ്റെയിലിങും പെർഫക്ഷനും മറ്റാർക്ക് നൽകാനാകും എന്ന് ആലോചിച്ചപ്പോൾ ചിത്ര ചേച്ചി ആവും ബെസ്റ്റ് ന്നു നന്ദകുമാർ മാഷിനും എനിക്കും തോന്നി . ചിത്ര ചേച്ചി പാടാമെന്നു സമ്മതിച്ചു.
നന്ദകുമാറിന്റെ വേർഷന്റെ ചേച്ചി കേട്ടുനോക്കി. യാതൊരു ഓർകസ്ട്രയും ഇല്ലാതെ സ്റ്റേജിൽ പാടുന്ന പോലെ തന്നെ ഷൂട്ട് ചെയ്യണം. പാടുന്നതിനിടെ ശ്വാസം വിടുന്നത് പോലും അതേ പടി വരണം. എന്നാൽ മാത്രമേ ഓർജിനാലിറ്റി ലഭിക്കുകയുള്ളൂ. സാധാരണ റെക്കോഡിങ്ങിൽ ഗായകർ ശ്വാസം വിടുന്നതെല്ലാം പഞ്ച് ചെയ്തു കളയുകയാണ് പതിവ്. പക്ഷേ ഈ പാട്ടിൽ കൃതൃമമായി ഒന്നും വേണ്ടെന്ന് തീരുമാനിച്ചിരുന്നു. നന്ദകുമാർ പറയുന്ന നിർദ്ദേശങ്ങൾ മുഴുവൻ ചേച്ചി വളരെ പെട്ടന്ന് തന്നെ പഠിച്ചെടുക്കും. അതുകൊണ്ടു തന്നെ നന്ദകുമാറിന്റെ പാട്ടിന്റെ ആത്മാവ് ഒട്ടും ചോർന്നു പോകാതെ ചേച്ചി അത് പാടി അവസാനിപ്പിച്ചു. ഞങ്ങൾ മനസ്സിൽ വിചാരിച്ചതിനേക്കാൾ ഒരുപാട് മുകളിലായിരുന്നു ചേച്ചിയുടെ പാട്ട്. അതിന് ചേച്ചിയോടും നന്ദകുമാറിനോടും ഞാൻ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
ചിത്ര ചേച്ചിക്ക് അൻപത്തി നാലോളം വയസ്സായെന്നോ ചേച്ചി പാടുന്നത് പതിനെട്ടു വയസ്സുമാത്രം പ്രായമുള്ള ഒരു കുട്ടിയ്ക്ക് വേണ്ടിയാണെന്നോ എന്നൊന്നും ഞാൻ ചിന്തിച്ചിരുന്നില്ല എന്നാണ് സത്യം. പാട്ട് പാടുന്നതിന് മുൻപ് ചേച്ചിയോട് പറഞ്ഞിരുന്നു, ഒരു കോളേജ് വിദ്യാർഥിനിക്ക് വേണ്ടിയാണ് എന്ന്. അതല്ലാതെ ചേച്ചിയോട് മറ്റൊന്നും ഞാൻ പറഞ്ഞില്ല. പറയേണ്ട കാര്യം ഉണ്ടെന്ന് എനിക്ക് തോന്നിയില്ല. ഇത്രയും പ്രതിഭയുള്ള ഒട്ടനവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള കെ.എസ് ചിത്ര എന്ന ഗായിക പാടുന്നതിന് സാക്ഷിയാകണം എന്ന ആഗ്രഹം മാത്രമേ എന്റെ മനസ്സിലുണ്ടായിരുന്നുള്ളൂ. അത് സാധിച്ചു. ആ ചിത്രത്തിൽ വിഷ്ണു ശിവശങ്കർ സംഗീത സംവിധാനം ചെയ്ത് ബാലചന്ദ്രൻ ചുള്ളിക്കാട് സാർ എഴുതിയ 'അരികിലുണ്ട് ഞാനെങ്കിലും നീയെന്നും...' എന്ന ഗാനവും ചിത്ര ചേച്ചിയാണ് പാടിയത്. ഗൗതമന്റെ കഥാപാത്രത്തെ നിശബ്ദമായി പ്രണയിക്കുന്ന പെൺകുട്ടിയുടെ മനസ്സിലെ ചിന്തകളാണ് ആ പാട്ടിലൂടെ പേക്ഷകരുമായി സംവദിക്കുന്നത്. ലളിതഗാനത്തിൽ ഒന്നാം സമ്മാനം കിട്ടിയതിന് കെെകൊടുത്ത് അഭിനന്ദിക്കുന്ന രംഗമാണ്. ആ പാട്ട് ചിത്ര ചേച്ചിയുടെ ശബ്ദത്തിൽ പുറത്ത് വന്നത് കൊണ്ടാണ് ഇത്രയും ഫീൽ ലഭിച്ചത്.
പ്രായത്തിനേക്കാൾ റിസൾട്ട് അല്ലേ പ്രധാനം . ആക്ഷൻ ഹീറോ ബിജുവിലെ 'പൂക്കൾ പനിനീർ പൂക്കൾ' എന്ന ഗാനം പാടിയത് കെ.ജെ യേശുദാസും വാണി ജയറാമുമാണ്. അതുപോലെ 1983 യിലെ 'ഓലഞ്ഞാലി കുരുവി' പാടിയത് പി. ജയചന്ദ്രനും വാണി ജയറാമും. യുവതാരങ്ങളാണ് പാട്ടിൽ വരുന്നതും. 70 വയസ്സ് പിന്നിട്ട ഗായകരാണ്. എന്നിട്ടും നോക്കൂ. ഒരു മാജിക് ഇല്ലേ?- എബ്രിഡ് ഷെെൻ പറയുന്നു.
Content Highlights: KS Chithra Birthday Director Abrid Shine Interview Poomaram, Mruthu Mandahasam, Pranayasaagaram song