ഏറ്റവും അസ്വസ്തമാക്കുന്ന ഓര്‍മ്മകള്‍ ഒരിക്കലും നശിക്കാതെ സൂക്ഷിക്കപ്പെടുന്ന ഇടമാണ് ഉപബോധമനസ്. മണ്ണിൽ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് പോലെ അത് വേരുറപ്പിക്കാനുഴറുന്നിടത്തെല്ലാം വീര്‍പ്പുമുട്ടിക്കും. അതിന്റെ അരോചകമായ കിലുക്കം ഉറക്കത്തില്‍പ്പോലും വേട്ടയാടിക്കൊണ്ടിരിക്കും. മണിലാല്‍ രാമചന്ദ്രന്‍ അനുഭവിക്കുന്നത് അതാണ്. നിര്‍വികാരമായി മുന്നോട്ട് പോകുന്ന യാന്ത്രിക ദിനചര്യകളില്‍ ഏകാന്തമാണ് അയാളുടെ അന്യനാട്ടിലെ ജീവിതം.
സാമൂഹിക ജീവിതം അത്രമേല്‍ പരിചിതമല്ലാത്ത അയാള്‍ക്ക് ജീവിതത്തില്‍ പെട്ടെന്നുണ്ടാകുന്ന സംഭവങ്ങളോട് താദാത്മ്യം പ്രാപിക്കുക അസാധ്യമാണ്. അച്ഛന്റെ മരണം അയാള്‍ക്ക് തന്റെ ഉല്‍വലിഞ്ഞ ജീവിതത്തില്‍ നിന്ന് പുറത്തേക്ക് വലിച്ചിടപ്പെടുന്ന അനുഭവമുണ്ടാക്കുന്നുണ്ട്. പിതാവ് മരിച്ച് നാല് ദിവസത്തിന് ശേഷമാണ് ബന്ധുക്കളും മണിലാലും മരണം അറിയുന്നത്. വിദേശത്തെ ജോലിക്കിടയില്‍ നിന്ന് നാട്ടിലെത്തുകയാണ് മണിലാല്‍. പിതാവിന്റെ പെട്ടെന്നുള്ള മരണത്തെക്കാളേറെ മരിച്ച സാഹചര്യവും അതുണ്ടാക്കിയ ബുദ്ധിമുട്ടുകളുമാണ് അയാളെ അസ്വസ്തനാക്കുന്നത്. ഏകനായിരിക്കാനാഗ്രഹിക്കുന്ന അയാള്‍ക്ക് ബന്ധുക്കളുടെ സാമീപ്യത്തെപ്പോലും ആസ്വദിക്കാനാകുന്നില്ല.
അച്ഛന്റെ സൈക്കിളുമായി യാത്ര നടത്തുകയാണ് പിന്നീടയാള്‍. മണിലാലിന്റെ യാത്ര ബന്ധങ്ങളുടെ ആഴങ്ങളെ അറിയുക കൂടിയാണ്. അയാള്‍ക്ക് അന്യമായ സാമൂഹിക ബന്ധങ്ങള്‍ കണ്‍മുന്നില്‍ കാണുകയാണ്. മറ്റ് ജീവിതങ്ങള്‍, അസൗകര്യങ്ങള്‍, അപകടങ്ങള്‍ അതിലെല്ലാം പുതിയ പാഠങ്ങള്‍ ഉണ്ടാകുന്നു. സമാന ദുഖങ്ങള്‍ പേറുന്ന മൃദുലനെയും അയാളില്‍ നിന്ന് വിവാഹമോചിതനായ ചിന്നുവും അവര്‍ക്കായുള്ള മണിയുടെ യാത്രയും അയാളില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ഒടുവില്‍ മോക്ഷഗംഗയുടെ തീരത്ത് മുങ്ങിനിവരുന്ന മണിലാല്‍ അസ്വസ്ത സ്വപ്നങ്ങളുടെ ചൂതാട്ടങ്ങളില്‍ നിന്ന് മോചിതനാവുകയാണ്.
ദക്ഷിണകൊറിയയും കേരളവും കര്‍ണാടവും വാരാണസിയുമെല്ലാം ചിത്രത്തിലെത്തുന്നു. മലയും കാടും കടലും നദീതീരങ്ങളുമെല്ലാം കഥയില്‍ കാഴചക്കാരനെ കടന്നുപോകുന്നു. സൈക്കിളും വിമാനവും തീവണ്ടിയുമെല്ലാം യാത്രയ്ക്കെത്തുന്നു. രണ്ട് മണിക്കൂര്‍ ചിത്രത്തില്‍ കാഴ്ചയുടെ ഒരുപാട് ജാലകങ്ങളുണ്ട്. ഏകാന്തതയും നഷ്ടപ്പെടലുകളും പിതൃ-പുത്ര ബന്ധവും ഉള്‍വലിഞ്ഞ ജീവിതവും നേര്‍ത്ത നര്‍മ്മങ്ങളും നീണ്ട യാത്രയുമാണ് വൃത്താകൃതിയിലുള്ള ചതുരം എന്ന് ചുരുക്കിപ്പറയാം. എന്നാല്‍ വിദേശത്ത് ജോലിചെയ്യുന്ന മക്കളും ഒറ്റയ്ക്കു കഴിയുന്ന മാതാപിതാക്കളും എന്ന ജീവിത യാഥാര്‍ഥ്യവും ചിത്രത്തിലുണ്ട്.
Content Highlights : iffk 2019 movie review vrithakrithiyilulla chathuram