സമകാലിക ലോകസിനിമയുടെ പരിച്ഛേദമാണ് ചലച്ചിത്രമേളകളില്‍ മത്സരവിഭാഗത്തിലെത്താറുള്ള ചിത്രങ്ങള്‍. സിനിമ എന്ന മാധ്യമത്തിന്റെ സൗന്ദര്യപരവും പ്രമേയപരവുമായ വൈവിധ്യങ്ങളും മാധ്യമപരമായ പരീക്ഷണങ്ങളും തിരിച്ചറിയാനുള്ള വേദിയാണ് ഈ വിഭാഗത്തിലെ ചിത്രങ്ങള്‍ ഒരുക്കാറുള്ളത്. ഇത്തവണത്തെ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം നല്‍കുന്ന അനുഭവവും വ്യത്യസ്തമല്ല.
മലയാളത്തില്‍നിന്ന് രണ്ടു ചിത്രങ്ങളടക്കം മേളയുടെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട പതിനാല് ചിത്രങ്ങളില്‍ എല്ലാംതന്നെ ഈ വൈവിധ്യങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നാല് സ്ത്രീ സംവിധായകരുടെ ചിത്രങ്ങളാണ് മത്സരവിഭാഗത്തില്‍ ഉണ്ടായിരുന്നു. ഏഴു ചിത്രങ്ങള്‍ നവാഗതരുടേതാണ്. മൂന്ന് ഇറാന്‍ ചിത്രങ്ങളുമുണ്ട്. രണ്ട് മലയാള ചിത്രങ്ങളടക്കം നാല് ഇന്ത്യന്‍ ചിത്രങ്ങളും മത്സരവിഭാഗത്തിലുണ്ട്.
ലോകം ഇന്നനുഭവിക്കുന്ന സാമൂഹ്യ-രാഷ്ട്രീയാവസ്ഥകള്‍ ഏതെങ്കിലും വിധത്തില്‍ അടയാളപ്പെടുത്തുന്നവയാണ് ഈ വിഭാഗത്തിലെ എല്ലാ ചിത്രങ്ങളും. അഭയാര്‍ഥിത്വം, തീവ്രവാദം, കീഴാള ജീവിതം, സ്ത്രീകള്‍ക്കുമേലുള്ള അക്രമം, സാമ്പത്തിക പ്രതിസന്ധികള്‍, വ്യക്തി-കുടുംബ ബന്ധങ്ങളിലുണ്ടാവുന്ന മാറ്റങ്ങള്‍ തുടങ്ങി വിവിധങ്ങളായ പ്രമേയങ്ങളാണ് ഈ സിനിമകളുടേത്. പൊതുവില്‍ പറഞ്ഞാല്‍ സാമൂഹിക ജീവിതത്തിന്റെ വിഭിന്ന തലങ്ങളിലേയ്ക്ക് തുറന്നുവെച്ച കണ്ണുകളാണ് ഈ ചിത്രങ്ങളെല്ലാം.
സംഘര്‍ഷങ്ങളും അഭയാര്‍ഥിത്വവും
മനുഷ്യനെ അഭയാര്‍ഥിത്വത്തിലേയ്ക്കു നയിക്കുന്ന സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങള്‍ വിശകലനം ചെയ്യുന്ന നാലു ചിത്രങ്ങള്‍ മത്സരവിഭാഗത്തിലുണ്ടായിരുന്നു. പുതിയ ലോകത്തിന്റെ യാഥാര്‍ഥ്യമെന്ന നിലയില്‍ സ്വാഭാവികമായ ഒരു പ്രാതിനിധ്യംതന്നെയാണിത്. വിഡോ ഓഫ് സൈലന്‍സ്, പോയ്സണസ് റോസസ്, സൈലന്‍സ് എന്നിവയും മലയാള ചിത്രം സുഡാനി ഫ്രം നൈജീരിയയും പലായനത്തിന്റെയും അഭയാര്‍ഥിത്വത്തിന്റെയും സങ്കീര്‍ണതകള്‍ തന്നെയാണ് ചര്‍ച്ചചെയ്യുന്നത്.
തീവ്രസംഘര്‍ഷങ്ങളുടെ ഭൂമിയായ കശ്മീരിന്റെ സമകാലികാവസ്ഥകളിലേയ്ക്കുള്ള സഞ്ചാരമാണ് വിഡോ ഓഫ് സൈലന്‍സ്. പ്രവീണ്‍ മോര്‍ച്ചാലേ സംവിധാനം ചെയ്ത ഈ ഹിന്ദി ചിത്രം തീവ്രവാദത്തിനും സൈനിക നടപടികള്‍ക്കുമിടയില്‍ വീര്‍പ്പുമുട്ടുന്ന കശ്മീരിലെ സാധാരണ മനുഷ്യരുടെ ജീവിത സംഘര്‍ഷങ്ങള്‍ ആവിഷ്‌കരിക്കുന്നു. കശ്മീരില്‍ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുകയോ കാണാതാകുകയോ ചെയ്യുന്നതോടെ അനാഥമാകുന്ന അവരുടെ കുടുംബങ്ങളുടെ നിസ്സഹായതകളാണ് ചിത്രത്തിന്റെ പ്രമേയം. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭര്‍ത്താവിന്റെ മരണസര്‍ട്ടിഫിക്കറ്റിനായി അലയുന്ന ആസ്യ എന്ന യുവതിയുടെ ജീവിതത്തിലൂടെ കശ്മീരിലെ സാധാരണ മനുഷ്യരുടെ ജീവിത ദുരിതങ്ങള്‍ ചിത്രം ചര്‍ച്ചചെയ്യുന്നു.
ബ്രസീലിയന്‍ എഴുത്തുകാരിയും സംവിധായികയുമായ ബിയാട്രീസ് സെയ്‌നറുടെ 'ദ സൈലന്‍സ്' എന്ന ചിത്രം രാജ്യാതിര്‍ത്തികള്‍ക്കിടയിലൂടെ, മരണത്തിനും ജീവിതത്തിനുമിടയിലൂടെ കടന്നുപോകുന്ന മനുഷ്യരുടെ ജീവിതം ധ്വന്യാത്മകമായവതരിപ്പിക്കുന്നു. കൊളംബിയയിലെ രൂക്ഷമായ ആഭ്യന്തര കലാപത്തിന്റെ പശ്ചാത്തലമാണ് ചിത്രത്തിനുള്ളത്. ആഭ്യന്തര കലാപത്തില്‍ കുടുംബം ഛിന്നഭിന്നമായതോടെ ബ്രസീലിലേയ്ക്ക് പലായനം ചെയ്യുന്ന അമ്പാരോ എന്ന സ്ത്രീയുടേയും കുട്ടികളുടെയും കഥ, യാഥാര്‍ഥ്യവും മിത്തുകളും ഇടകലര്‍ത്തി അവതരിപ്പിക്കുന്നു.
ശിഥിലമാകുന്ന രാഷ്ട്രീയ സംവിധാനങ്ങളും അതിനെത്തുടര്‍ന്നുള്ള പലായനങ്ങളും സൃഷ്ടിക്കുന്ന രൂക്ഷമായ രാഷ്ട്രീയപ്രതിസന്ധിയില്‍ ഉഴലുന്ന മനുഷ്യരുടെ സംഘര്‍ഷങ്ങളാണ് ഈജിപ്തില്‍നിന്നുള്ള പോയ്‌സണസ് റോസസ്് എന്ന സിനിമയുടെ പ്രമേയം. അഹമ്മദ് ഫൗസി സാലിഹ് സംവിധാനം ചെയ്ത ഈ ചിത്രം സഹോദരി-സഹോദര ബന്ധത്തിന്റെ തീക്ഷ്ണമായ ആഖ്യാനം കൂടിയാണ്. തോല്‍ സംസ്‌കരണ ഫാക്ടറി പുറന്തള്ളുന്ന മാല്യങ്ങള്‍ക്കിടയില്‍ ദുരിതപൂര്‍ണമായ ജീവിതം നയിക്കുന്ന സക്കറും സഹോദരി താഹ്യേയുമാണ് പ്രധാന കഥാപാത്രങ്ങള്‍. അതിജീവനത്തിനായുള്ള ഈ സഹോദരങ്ങളുടെ പോരാട്ടം ലോകത്തിലെ പല ജനതയും അനുഭവിക്കുന്ന പ്രതിസന്ധിയുടെ നേര്‍ചിത്രമാണ്.
സക്കറിയ സംവിധാനം ചെയ്ത മലയാള ചിത്രം സുഡാനി ഫ്രം നൈജീരിയയ്ക്കും അഭയാര്‍ഥിത്വത്തിന്റെ പശ്ചാത്തലമുണ്ട്. കേരളത്തിലെ ഒരു ഗ്രാമത്തില്‍ ഫുട്ബോള്‍ കളിക്കാരനായി നൈജീരിയയില്‍നിന്നെത്തുന്ന സാമുവല്‍ എന്ന യുവാവിന്റെ ജീവിതത്തിലൂടെ ആഗോള പ്രസക്തമായ ഒരു വിഷയം മലയാളത്തില്‍ അവതരിപ്പിക്കുകയായിരുന്നു സംവിധായകന്‍. എവിടത്തെയും മനുഷ്യന്റെ പ്രശ്നങ്ങള്‍ സമാനതകളുള്ളതാണെന്ന് ചിത്രം അടിവരയിടുന്നു.
അരികുകളില്‍ ജീവിക്കുന്നവരുടെ വേദനകള്‍
ചരിത്രത്തിന്റെ പുറമ്പോക്കുകളില്‍ കഴിയുന്നവരുടെ ജീവിതാവസ്ഥകള്‍ മത്സരവിഭാഗത്തിലെ പല ചിത്രങ്ങളിലും ആവിഷ്‌കരിക്കപ്പെടുന്നുണ്ട്. ഡല്‍ഹി എന്ന മഹാനഗരത്തിന്റ പുറംമോടികള്‍ക്കടിയില്‍ ആരും ശ്രദ്ധിക്കാതെ നൂറ്റാണ്ടുകളായി ജീവിച്ചുപോരുന്ന മനുഷ്യരുടെ ജീവിതമാണ് അനാമിക ഹക്‌സറിന്റെ ഹിന്ദി ചിത്രമായ ടെയ്കിങ് ദ ഹോഴ്‌സ് ടു ഈറ്റ് ജിലേബിസ് പറയുന്നത്. ജീവിതത്തിന്റെ പകിട്ടുകളൊന്നുമില്ലാതെ കുടുസ്സുമുറികളിലും അഴുക്കുചാലുകള്‍ക്കരികിലും വഴിയോരങ്ങളിലും കിടന്നുറങ്ങുന്നവരും റിക്ഷ വലിക്കാരും പോക്കറ്റടിക്കാരും ചുമട്ടുകാരുമെല്ലാമാണ് സിനിമയിലെ കഥാപാത്രങ്ങള്‍. ഒരുവശത്ത് വളര്‍ന്നു വികസിക്കുന്ന നാഗരികസമൂഹവും അതേയിടത്ത് അദൃശ്യമായി ജീവിക്കുന്ന കീഴാളസമൂഹവും തമ്മിലുളള വൈരുദ്ധ്യത്തിന്റെ രാഷ്ട്രീയമാണ് ചിത്രം പങ്കുവെക്കുന്നത്.
ദരിദ്രരുടെ പ്രതീക്ഷകളും പ്രതികാരദാഹവും വ്യക്തിബന്ധങ്ങളുമെല്ലാമാണ് ടെമില്‍ബെക് ബിര്‍നാസരോവ് സംവിധാനം ചെയ്ത കിര്‍ഗിഷ് ചിത്രമായ നൈറ്റ് ആക്സിഡന്റ് പറയുന്നത്. ഏകാകിയായ വൃദ്ധനും നിഗൂഡതകള്‍ നിറഞ്ഞ യുവതിയും തമ്മില്‍ ഉടലെടുക്കുന്ന ബന്ധത്തിന്റെയും അതിന്റെ പര്യവസാനത്തിന്റെയും കഥയാണ് ചിത്രത്തിന്റേതെങ്കിലും പുറമേ കാണുന്ന കഥയ്ക്കപ്പുറം ഗഹനമായ ചിന്തകളും ചിത്രം മുന്നോട്ടുവെക്കുന്നുണ്ട്.
അര്‍ജന്റീനിയന്‍ സംവിധായകന്‍ ലൂയി ഒട്ടേഗയുടെ എല്‍ ഏഞ്ചല്‍ എന്ന ചിത്രം കൈകാര്യംചെയ്യുന്നത് കുറ്റവാളികളുടെ ലോകമാണ്. കൊള്ളയും കൊലയുമായി ജീവിച്ച് നാല്‍പതിലേറെ വര്‍ഷം ജയിലുകളില്‍ കഴിഞ്ഞ കാര്‍ലോസ് എന്ന മനുഷ്യന്റെ സാമൂഹ്യവും മാനസികവുമായ ജീവിതം അനാവരണം ചെയ്യുകയാണ് ചിത്രം. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും സ്വവര്‍ഗലൈംഗികതയുടെയുമെല്ലാം സിനിമയില്‍ കടന്നുവരുന്നുണ്ട്.
മലയാള ചിത്രം ഈ മ യൗവും അടിസ്ഥാനപരമായി കൈകാര്യം ചെയ്യുന്നത് കീഴാള ജീവിതത്തിന്റെ വേദനകള്‍ തന്നെയാണ്. സമ്പത്ത്, സാമൂഹികാധികാരം, സാമുദായികത തുടങ്ങിയവയൊക്കെ പശ്ചാത്തലമായി വരുന്ന ചിത്രം മരണത്തെ കേന്ദ്രസ്ഥാനത്തു നിര്‍ത്തി, മനുഷ്യമനസ്സിന്റെ വേദനകളയും നിസ്സഹായതകളെയും ആഴത്തില്‍ അനുഭവിപ്പിക്കുന്നു. കഥാപാത്രങ്ങളുടെ വൈകാരികതകളെ സിനിമയുടെ സാധ്യതതകള്‍ പരമാവധി ഉപയോഗിച്ച് പ്രേക്ഷകരില്‍ തീക്ഷ്ണമായ അനുഭവമാക്കി മാറ്റുന്നു.
ബന്ധങ്ങളുടെ സംഘര്‍ഷങ്ങള്‍
മാനുഷിക ബന്ധങ്ങള്‍ സൃഷ്ടിക്കുന്ന ആത്മസംഘര്‍ഷങ്ങള്‍ മിക്കവാറും എല്ലാ ചിത്രങ്ങളിലും കാണാം. സ്‌നേഹം, കാരുണ്യം, സഹാനുഭൂതി തുടങ്ങി മനുഷ്യനു മാത്രം സാധ്യമാകുന്ന വികാരങ്ങളുടെ അര്‍ഥമാനങ്ങള്‍ തേടുന്ന ലളിതമായൊരു ചിത്രമാണ് സ്ത്രീ സംവിധായികയായ വുസ്ലാറ്റ് സരാകോഗ്ലുവിന്റെ തുര്‍ക്കി ചിത്രം ഡബ്റ്റ്. ഒരു ചെറുകിട പ്രിന്റിങ് സ്ഥാനപനത്തില്‍ ജോലിചെയ്യുന്ന തൂഫാന്റെ ജീവിതം പറയുന്ന സിനിമ, കേവല മനുഷ്യര്‍ തമ്മിലുള്ള വൈകാരിക ബന്ധങ്ങളുടെ അര്‍ഥതലങ്ങള്‍ ചര്‍ച്ചചെയ്യുന്നു. ഏതു കാലത്തും ഏതു പ്രദേശത്തും പ്രസക്തമായ വിഷയമാണ് ചിത്രത്തിന്റേത്.
ദാമ്പത്യബന്ധത്തിന്റെ സങ്കീര്‍ണതകള്‍ തേടുന്ന അര്‍ജന്റീനിയന്‍ ചിത്രമാണ് ദ ബെഡ്. ദീര്‍ഘകാലം ഒരുമിച്ച് താമസിച്ച വീട്ടില്‍ അവസാന ദിവസം ചിലവഴിക്കുന്ന വൃദ്ധ ദമ്പതിമാരായ ജോര്‍ജ്, മേബല്‍ എന്നിവരിലൂടെ കുടുംബം എന്ന വ്യവസ്ഥയുടെ അര്‍ഥങ്ങളെയും അര്‍ഥരാഹിത്യങ്ങളെയും ചര്‍ച്ചയ്ക്കുവെക്കുകയാണ് സംവിധായിക മോണിക്ക ലെയ്‌റാന. ലളിതമെങ്കിലും ധ്വന്യാത്മകമാണ് ചിത്രം.
കുടുംബ ബന്ധങ്ങള്‍ തന്നെയാണ് മുസ്തഫ സയ്യറി സംവിധാനം ചെയ്ത ഇറാന്‍ സിനിമയായ ഗ്രേവ്‌ലസിന്റേതും. പിതാവും നാലു മക്കളും തമ്മിലുള്ള ബന്ധങ്ങളുടെയും പകയുടെയും വൈകാരികതകളുടെയും ആഖ്യാനമായ ഈ ചിത്രം ഇറാന്റെ സവിശേഷ സാമൂഹ്യ-കുടുംബ ക്രമത്തെക്കൂടി അടയാളപ്പെടുത്തുന്നു. പിതാവിന്റെ മൃതദേഹവുമായി യാത്രചെയ്യുന്ന സഹോദരങ്ങളുടെ ഏറ്റുമുട്ടലുകളിലൂടെയും വാഗ്വാദങ്ങളിലൂടെയും മനുഷ്യമനസ്സിന്റെ സങ്കീര്‍ണതകളും ചിത്രം ആവിഷ്‌കരിക്കുന്നുണ്ട്.
താഷി ഗയില്‍ഷന്‍ സംവിധാനം ചെയ്ത ഭൂട്ടാന്‍ ചിത്രമായ റെഡ് ഫാലസ് അച്ഛനും മകള്‍ക്കും കാമുകനും ഇടയിലുള്ള സംഘര്‍ഷങ്ങളുടെ കഥയാണ് പറയുന്നത്. സംഗെ എന്ന പതിനാറുകാരിയിലൂടെ കുടുംബത്തിനകത്തെ ലൈംഗിക ചൂഷണവും സ്ത്രീയ്ക്കു മേലുള്ള പുരുഷന്റെ ആധിപത്യവുമെല്ലാം ചിത്രത്തില്‍ വിഷമാകുന്നു. ലോകത്തെവിടെയും സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ത്തന്നെയാണ് റെഡ് ഫാലസും ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നത്.
ഭാര്യഭര്‍തൃ ബന്ധത്തില്‍ ഉടലെടുക്കുന്ന വൈകാരിക വിസ്ഫോടനങ്ങളാണ് ഇറാനിയന്‍ സംവിധായകന്‍ റൗഹുള്ള ഹെജാസിന്റെ ദി ഡാര്‍ക്ക് റൂം പറയുന്നത്. ഹാലെ എന്ന യുവതിയുടെയും ഭര്‍ത്താവ് ഫര്‍ഹാദ്, മകന്‍ ആമിര്‍ എന്നീ കഥാപാത്രങ്ങളിലൂടെ മനുഷ്യ ബന്ധങ്ങളില്‍ ഉടലെടുക്കുന്ന വൈരുദ്ധ്യങ്ങള്‍ ചിത്രം ചര്‍ച്ചചെയ്യുന്നു. ലൈംഗിക ചൂഷണങ്ങളും അത് വ്യക്തികളിലും കുടുംബത്തിലുമുണ്ടാക്കുന്ന ആഘാതങ്ങളും ചിത്രത്തിന്റെ പ്രമേയമപരിസരമാണ്.
ബഹ്മാന്‍ ഫാര്‍മനാരയുടെ 'ടെയില്‍ ഓഫ് ദ സീ' എന്ന പേര്‍ഷ്യന്‍ ചിത്രം ഒരു എഴുത്തുകാരന്റെ ജീവിതമാണ് അവതരിപ്പിക്കുന്നത്. ആദ്യ കാഴ്ചയില്‍ വിഷാദരോഗിയായ ഒരു എഴുത്തുകാരന്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളുടെ അവതരണമായി തോന്നുമെങ്കിലും മണ്മറഞ്ഞു പോയ ഇറാനിയന്‍ എഴുത്തുകാര്‍ക്കുള്ള ഒരു സമര്‍പ്പണമാണ് ഈ സിനിമ. ഈ എഴുത്തുകാര്‍ക്കൊപ്പം അവസാനിച്ച ഒരു സുവര്‍ണ്ണ കാലഘട്ടത്തെ കുറിച്ചോര്‍ത്തുള്ള ദുഃഖാര്‍ദ്രമായ ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ ചിത്രം.
സിനിമയുടെ സൗന്ദര്യാത്മകതയ്ക്കും ആസ്വാദനപരമായ പൂര്‍ണതയ്ക്കുമപ്പുറം, പ്രമേയപരമായ വൈവിധ്യംകൊണ്ടാണ് ഇത്തവണത്തെ മത്സര ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നത്. ലോകത്തെ വിവിധ കോണുകളില്‍നിന്നു വീക്ഷിക്കുന്ന ഒരാളുടെ കാഴ്ചാ വൈവിധ്യങ്ങളാണ് ഇവ പ്രേക്ഷകന് സമ്മാനിക്കുന്നത്.
Content Highlights : 23rd IFFK 2018 Competition Films In Depth Analysis IFFK 2018