വിഡോ ഓഫ് സൈലന്‍സ്: കശ്മീര്‍ താഴ്​വരയില്‍ നിശ്ശബ്ദരാക്കപ്പെട്ടവരുടെ പിടച്ചില്‍


ശ്യാം മുരളി

2 min read
Read later
Print
Share

കശ്മീരിലെ സാധാരണ മനുഷ്യരുടെ ജീവിത സംഘര്‍ഷങ്ങളാണ് ഈ ഹിന്ദി ചിത്രം ആവിഷ്‌കരിക്കുന്നത്

തീവ്രസംഘര്‍ഷങ്ങളുടെ ഭൂമിയായ കശ്മീരിന്റെ സമകാലികാവസ്ഥകളിലേയ്ക്കുള്ള സഞ്ചാരമാണ് വിഡോ ഓഫ് സൈലന്‍സ്. കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ഈ ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത് പ്രവീണ്‍ മോര്‍ച്ചാലേയാണ്. തീവ്രവാദത്തിനും സൈനിക നടപടികള്‍ക്കുമിടയില്‍ വീര്‍പ്പുമുട്ടുന്ന കശ്മീരിലെ സാധാരണ മനുഷ്യരുടെ ജീവിത സംഘര്‍ഷങ്ങളാണ് ഈ ഹിന്ദി ചിത്രം ആവിഷ്‌കരിക്കുന്നത്.

കശ്മീരില്‍ മനുഷ്യര്‍ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്യുന്നത് പതിവു സംഭവമാണ്. അനാഥമാകുന്ന അവരുടെ കുടുംബങ്ങളുടെ നിസ്സഹായതകളാണ് ചിത്രത്തിന്റെ പ്രമേയം. ഏറ്റുമുട്ടലുകളുടെയും കൊലകളുടെയും പേരില്‍ ലോകമറിയുന്ന കശ്മീരില്‍ ശബ്ദമില്ലാതെ ജീവിക്കുന്നവരുടെ ജീവിതം ദുരന്തങ്ങളുടെ തുടര്‍ച്ചയാണ്. വെടിയൊച്ചകള്‍ക്കു നടുവില്‍ നരകയാത അനുഭവിക്കുന്ന മനുഷ്യര്‍ ഭരണകൂടങ്ങളുടെയും തീവ്രവാദികളുടെയും കൈയിലെ ഉപകരണങ്ങള്‍ മാത്രമാണ്. മനുഷ്യര്‍ അവിടെ പുഴുക്കളെപ്പോലെ കൊല്ലപ്പെടുകയോ ചൂഷണത്തിന് ഇരയാവുകയോ ചെയ്യുന്നു.

ഏഴുവര്‍ഷം മുന്‍പ് കാണാതായ ഭര്‍ത്താവിനെ ഇപ്പോഴും കാത്തിരിക്കുകയാണ് ആസ്യ. പാതിരാത്രിയില്‍ സൈനികോദ്യോഗസ്ഥര്‍ അയാളെ വീട്ടില്‍നിന്ന് പിടിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു. അതില്‍പ്പിന്നെ ഇന്നോളം ആസ്യയ്ക്ക് ഭര്‍ത്താവിനെക്കുറിച്ച് ഒരു വിവരവുമില്ല. അയാളെ കണ്ടെത്താനുള്ള ശ്രമങ്ങളൊന്നും ലക്ഷ്യം കണ്ടില്ല. ഒടുവില്‍ അയാളുടെ മരണ സര്‍ട്ടിഫിക്കറ്റെങ്കിലും അധികൃതരില്‍ നിന്ന് നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ആസ്യ. കാണാതായിട്ട് ഏഴു വര്‍ഷം കഴിഞ്ഞിട്ടും മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ രജിസ്ട്രാര്‍ തയ്യാറാകുന്നില്ല. പതിനൊന്നു വയസ്സു മാത്രമുള്ള മകളും രോഗിയായ ഭര്‍തൃമാതാവും പെരുകുന്ന സാമ്പത്തിക പ്രയാസങ്ങളുമെല്ലാം ചേര്‍ന്ന് ആസ്യയുടെ ജീവിതം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

യുദ്ധങ്ങളും ഭീകരാക്രമണങ്ങളുമെല്ലാം ചേര്‍ന്ന് നാമാവശേഷമാക്കിയ കശ്മീരിലെ നിരവധി കുടുംബങ്ങളില്‍ ഒന്നു മാത്രമാണ് ആസ്യയുടേത്. കശ്മീരിൽ എമ്പാടുമുള്ള അര്‍ധവിധവകളില്‍ ഒരാള്‍ മാത്രമാണ് അവള്‍. സമാനമായ ദുഃഖം അനുഭവിക്കുന്നവരാണ് താഴ്വരയിലെ അമ്മമാരും ഭാര്യമാരും പെണ്‍മക്കളുമെല്ലാം. ഭീകരതയുടെയും യുദ്ധത്തിന്റെയും തീരാമുറിവുകളുമായി ജീവിക്കുന്നവര്‍.

ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വര്‍ഷങ്ങളായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്ന ആസിയയെ ഹതാശയാക്കുന്നത് രജിസ്ട്രാറുടെ നിലപാടാണ്. അര്‍ധവിധവകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായത്തെക്കുറിച്ചും പെന്‍ഷനെക്കുറിച്ചും അവളോട് വാചാലയാകുന്ന രജിസ്ട്രാര്‍, സര്‍ട്ടിഫിക്കറ്റിന് പകരമായി ആവശ്യപ്പെടുന്നത് അവളുടെ ഭൂമിയാണ്. അല്ലെങ്കില്‍ അവളുടെ ശരീരം. അയാളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാതെ സര്‍ട്ടിഫിക്കറ്റ് നേടാനാവില്ല എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചേരുന്നത്. എന്നാല്‍ അയാള്‍ക്കു വഴങ്ങാന്‍ ആസ്യ തയ്യാറല്ല.

മറ്റൊരു വിവാഹം കഴിക്കാന്‍ ആസ്യയെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും നിര്‍ബന്ധിക്കുന്നുണ്ട്. എന്നാല്‍ ഭര്‍ത്താവ് തിരിച്ചുവരുമെന്നുതന്നെ അവള്‍ കരുതുന്നു. ജീവിതത്തില്‍ പ്രതീക്ഷവെച്ചുപുലര്‍ത്താന്‍ അവളെ സംബന്ധിച്ചിടത്തോളം ഇതല്ലാതെ മറ്റൊന്നുമില്ല. ഇതിനിടയില്‍ ഭര്‍തൃമാതാവ് മരിക്കുന്നു. ആസ്യയുടെ മരണസര്‍ട്ടിഫിക്കറ്റ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേയ്ക്ക് അയച്ചുകൊടുത്താണ് തന്റെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങാത്തതിന് രജിസ്ട്രാര്‍ പകവീട്ടുന്നത്. ഇതോടെ ജോലിയും നഷ്ടപ്പെടുന്നു. മുന്നോട്ടുള്ള വഴിയറിയാതെ പകച്ചുനില്‍ക്കാന്‍ മാത്രമാണ് ആസ്യയ്ക്ക് സാധിക്കുന്നത്.

തീവ്രവാദത്തിന്റെയും സൈനിക നടപടികളുടെയും ഭരണകൂടത്തിന്റെ മനുഷ്യവിരുദ്ധതയ്ക്കുമെല്ലാം ആത്യന്തികമായി ഇരയാകുന്നത് സ്ത്രീകളും കുട്ടികളുമാണ്. നിരാലംബരാകുന്ന അവര്‍ക്കുചുറ്റും ചൂഷണങ്ങളുടെ നിരവധി കെണികള്‍ ഒരുക്കപ്പെട്ടിരിക്കുന്നു. അവരുടെ അഭിമാനവും ജീവിക്കാനുള്ള അവകാശവും ചോദ്യംചെയ്യപ്പെടുന്നു. അധികാരത്തിന്റെയും അതിക്രമത്തിന്റെയും ഇരകളാണ് അവിടെ സ്ത്രീകള്‍. ആസ്യയും മകളും ആസ്യയുടെ സഹപ്രവര്‍ത്തകയും മകന്റെ സ്മാരകത്തിലേയ്ക്കു പോകുന്ന വൃദ്ധയുമെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്.

സഹനത്തിന്റെ പാരമ്യത്തിലുള്ള ആസ്യയുടെ പൊട്ടിത്തെറി ജീവിതത്തിന്റെ എല്ലാ വെളിച്ചവും കെടുത്തിക്കളയുന്ന, ക്രൂരമായ പരിതസ്ഥികളോടെ സ്വാഭാവിക പ്രതികരണമായാണ് പ്രേക്ഷകന്‍ അനുഭവിക്കുന്നത്. എന്നും നിശബ്ദരാക്കപ്പെട്ട, മരണത്തിനു തുല്യമായ അവസ്ഥയിലൂടെ കടന്നുപോകുന്ന മനുഷ്യരുടെ പിടച്ചിലാണത്. മരിച്ച ഒരാള്‍ക്ക് മറ്റൊരാളെ എങ്ങനെ കൊല്ലാന്‍ കഴിയും എന്ന സിനിമ മുന്നോട്ടുവയ്ക്കുന്ന ചോദ്യം രാഷ്ട്രീയമായ മാനങ്ങളുള്ളതാണ്. കാലങ്ങളായി നീറിപ്പുകഞ്ഞുകൊണ്ടിരിക്കുന്ന കശ്മീരിന്റെ കണ്ണീരും വേദനയും നിസ്സഹായതയും പകര്‍ത്തിവെച്ചുകൊണ്ട് ഈ രാഷ്ട്രീയമാണ് വിഡോ ഓഫ് സൈലന്‍സിലൂടെ പ്രവീണ്‍ മോര്‍ച്ചാലേ പറയുന്നത്.

Content Highlights: Widow silence of movie review,IFFK, IFFK 2018

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram