സവിശേഷമായൊരു ദൃശ്യാനുഭവമാണ് ബ്രസീലിയന്‍ എഴുത്തുകാരിയും സംവിധായികയുമായ ബിയാട്രീസ് സെയ്നറുടെ 'ദ സൈലന്‍സ്' എന്ന ചിത്രം. ഐഎഫ്എഫ്കെയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഈ സിനിമ രാജ്യാതിര്‍ത്തികള്‍ക്കിടയിലൂടെയും മരണത്തിനും ജീവിതത്തിനുമിടയിലൂടെയും കടന്നുപോകുന്ന മനുഷ്യരുടെ ജീവിതം ധ്വന്യാത്മകമായവതരിപ്പിക്കുന്നു. കാന്‍ ചലച്ചിത്രോത്സവത്തിലടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട് ദ സൈലന്‍സ്.
കൊളംബിയയിലെ രൂക്ഷമായ ആഭ്യന്തര കലാപത്തിന്റെ പശ്ചാത്തലമാണ് ചിത്രത്തിനുള്ളത്. ലോകത്തിലെ വിവിധ ജനവിഭാഗങ്ങള്‍ അഭിമുഖീകരിക്കുന്ന അഭയാര്‍ഥിത്വത്തിന്റെ ഭീകരത, യാഥാര്‍ഥ്യവും ഫാന്റസിയും ഇടകലര്‍ത്തി അവതരിപ്പിക്കുന്നു എന്നതാണ് ദ സൈലന്‍സിന്റെ പ്രധാന സവിശേഷത. ഒറ്റനോട്ടത്തില്‍ തിര്‍ത്തും ലളിതമായ ചിത്രം, ആസ്വാദനത്തിന്റെ നിരവധി അടരുകളുള്ളതാണ്. പ്രാദേശികമായ വിശ്വാസങ്ങളും മിത്തുകളും ഇഴചേര്‍ത്തു രൂപപ്പെടുത്തിയ ഈ സിനിമ പ്രേക്ഷകന്റെ ഭാവനാപരമായ പങ്കാളിത്തംകൂടി ആവശ്യപ്പെടുന്നു.
ഭരണകൂടത്തിനെതിരായ പോരാട്ടത്തിന്റെ പേരില്‍ ഛിന്നമായിപ്പോയ കുടുംബമാണ് അമ്പാരോയുടേത്. ആഭ്യന്തര കലാപത്തിനിടയില്‍ ഭര്‍ത്താവിനെയും മൂത്ത മകളെയും കാണാതായതിനെ തുടര്‍ന്ന് ജീവരക്ഷാര്‍ഥം പലായനം ചെയ്യുകയാണ് അമ്പാരോയും നൂറിയ എന്ന മകളും ഫാബിയ എന്ന മകനും. കൊളംബിയ, ബ്രസീല്‍, പെറു എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയിലുള്ള ഒരു ദ്വീപിലെത്തിച്ചേരുന്ന അവരെ സ്വീകരിക്കുന്നത് ദ്വീപിലെ താമസക്കാരിയായ അമ്പോരോയുടെ അമ്മായിയാണ്. അവരുടെ സഹായത്തോടെ അമ്പാരോയും മക്കളും ദ്വീപില്‍ താമസം ആരംഭിക്കുന്നു. വിസ സംഘടിപ്പിച്ച് ബ്രസീലിലേയ്ക്ക് കടക്കാനാണ് അവരുടെ ശ്രമം.
വിശ്വാസങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ് ആ ദ്വീപ്. മരിച്ചവരുടെ പ്രേതങ്ങള്‍ താമസിക്കുന്ന സ്ഥലമാണതെന്നാണ് വിശ്വസിക്കപ്പെടുന്നത്. വള്ളത്തില്‍ സഞ്ചരിച്ച് എത്തിച്ചേരാന്‍ കഴിയുന്ന ആ പ്രദേശം നിരവധി നിഗൂഢതകളുടെ ഇടമാണ്. അഭയാര്‍ഥികളായി ഓരോ കാലത്ത് എത്തിച്ചേര്‍ന്നവരാണ് അവിടെയുള്ളവരെല്ലാം. ഇളയ മകനെ ദ്വീപിലുള്ള സ്‌കൂളില്‍ ചേര്‍ക്കുകയും ചെറിയ ജോലികള്‍ ചെയ്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യുന്ന അമ്പാരോയ്ക്ക് വിസയ്ക്കായുള്ള വലിയ തുക കണ്ടെത്തേണ്ടതുണ്ട്. ഭര്‍ത്താവും മകളും ജീവിച്ചിരിക്കുന്നോ, മരിച്ചോ എന്ന കാര്യം വ്യക്തമാകാതെ അധികൃതരില്‍നിന്നുള്ള അനുമതി ലഭിക്കാന്‍ പ്രയാസമാണ്. അവര്‍ മരിച്ചെങ്കില്‍ അവരുടെ ശവശരീരം കണ്ടെത്തേണ്ടതുണ്ട്.
യാഥാര്‍ഥ്യവും മിഥ്യയും കൂടിച്ചേര്‍ന്ന് പ്രേക്ഷകരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചുകൊണ്ടാണ് സിനിമ മുന്നോട്ടുപോകുന്നത്. അമ്പാരോയുടെ കാണാതായ ഭര്‍ത്താവ് അവര്‍ താമസിക്കുന്ന വീട്ടിലുണ്ട്. വീട്ടിലെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടുകയും അമ്പാരോയോട് സംസാരിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം. മകളായ നൂറിയ ആകട്ടെ ദ്വീപില്‍ അവള്‍ക്കു ലഭിച്ച കൂട്ടുകാരിക്കൊപ്പം ദ്വീപിന്റെ രഹസ്യങ്ങള്‍ തേടാനും ദ്വീപിലുണ്ടെന്നു പറയപ്പെടുന്ന പ്രേതങ്ങളെ കാണാനും ശ്രമിക്കുന്നുമുണ്ട്. സിനിമയില്‍ ഒരിടത്തുമാത്രമാണ് നൂറിയ സംസാരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
ആഭ്യന്തര കലാപത്തിന്റെ ദുരിതങ്ങളും പ്രതിസന്ധികളും അമ്പാരോയും ഭര്‍ത്താവും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ് വെളിവാകുന്നത്. കലാപം അവരിലുണ്ടാക്കിയത് തീവ്രമായ മുറിവുകളാണ്. ഭരണകൂടത്തിനെതിരായി ഭര്‍ത്താവ് നടത്തിയ രാഷ്ട്രീയപ്രവര്‍ത്തനം മൂലമാണ് വീടും ഭൂമിയും അടക്കമുള്ള സമ്പാദ്യങ്ങള്‍ നഷ്ടപ്പെട്ട് അവര്‍ക്ക് പലായനം ചെയ്യേണ്ടിവന്നത്. കഴിഞ്ഞ കാലം പൂര്‍ണമായും പിന്നിലുപേക്ഷിച്ചാണ് താന്‍ വന്നിരിക്കുന്നതെന്ന് അമ്പാരോ ഒരിടത്ത് പറയുന്നുണ്ട്. ബ്രസീലിലെത്തിയാല്‍ പുതിയൊരു ജീവിതം ആരംഭിക്കാനാകുമെന്നാണ് അമ്പാരോയുടെ പ്രതീക്ഷ.
നിരവധി ആശയക്കുഴപ്പങ്ങളോടെയാണ് പ്രേക്ഷകര്‍ ദി സൈലന്‍സ് കണ്ടുകൊണ്ടിരിക്കുക. അമ്പാരോയുടെ ഭര്‍ത്താവിനെയും മകളെയും കാണാതായെന്നും അവര്‍ മരിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് തുടക്കത്തില്‍ സിനിമ നല്‍കുന്ന ധാരണ. അങ്ങനെയെങ്കില്‍ അമ്പാരോയ്ക്ക് ഒപ്പമുള്ള ഭര്‍ത്താവും മകളും ആരാണ്?. സിനിമ പൂര്‍ത്തിയാകുന്നതോടെ ആശയക്കുഴപ്പങ്ങള്‍ പതിയപ്പതിയെ നീങ്ങുകയും സംഭവഗതികളുടെ യഥാര്‍ഥ ചിത്രം പ്രേക്ഷകര്‍ക്കുള്ളില്‍ തെളിയുകയും ചെയ്യും.
ഭര്‍ത്താവിന്റെയും മകളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതായി അമ്പാരോയ്ക്ക് അധികൃതരില്‍നിന്ന് അറിയിപ്പ് ലഭിക്കുന്നു. ദ്വീപുനിവാസികള്‍ക്കൊപ്പം അമ്പാരോയും മക്കളും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ എത്തുന്നിടത്താണ് ചിത്രത്തിന് പുതിയൊരു തലം കൈവരുന്നത്. രാത്രിയില്‍, റാന്തല്‍ വിളക്കുകളുടെ വെളിച്ചത്തില്‍ ഒരുമിച്ചു നീങ്ങുന്ന നിരവധി വള്ളങ്ങളിലായാണ് അവരെത്തുന്നത്. വള്ളങ്ങള്‍ക്കു നടുവില്‍ ജലോപരിതലത്തില്‍ മൃതദേഹം സംസ്‌കരിക്കുന്ന ദൃശ്യത്തിലാണ് ചിത്രം അവസാനിക്കുന്നത്. സ്വയം പ്രകാശിക്കുന്ന മുഖത്തെഴുത്തുകളോടെയും വസ്ത്രങ്ങോളോടെയുമാണ് അവസാന ദൃശ്യത്തില്‍ മരിച്ചുപോയവര്‍ പ്രത്യക്ഷപ്പെടുന്നത്. അലൗകിക പ്രഭയുള്ള മനോഹര ദൃശ്യമാണത്.
യാഥാര്‍ഥ്യവും ഫാന്റസിയും ഇടകലരുന്ന, മരിച്ചവരും ജീവിച്ചിരിക്കുന്നവരും ഒരുമിക്കുന്ന സവിശേഷ ഭാവനയാണ് ആസ്വാദനത്തിലേക്ക് പ്രേക്ഷകരെ നയിക്കുന്നത്. വെളളത്താല്‍ ചുറ്റപ്പെട്ട ദ്വീപിന്റെ രാത്രി ദൃശ്യങ്ങള്‍ അതിമനോഹരമായാണ് ചിത്രത്തിന്റെ ഛായാഗ്രാഹകയായ സോഫിയ ഒഗ്ഗിയോണി ഒപ്പിയെടുത്തിരിക്കുന്നത്. ദ സൈലന്‍സിനെ വേറിട്ട അനുഭവമാക്കിത്തീര്‍ക്കുന്നതില്‍ ഈ ദൃശ്യങ്ങള്‍ക്കും വലിയ പങ്കാണുള്ളത്.
ContentHighlights: The Silence movie review, IFFK 2018, Columbia,23rd IFFK