മൂല്യങ്ങളത്രയും നഷ്ടപ്പെട്ട സമൂഹത്തെ വരച്ചുകാട്ടി റോജോ


റോസ രവീന്ദ്രന്‍

1 min read
Read later
Print
Share

ഒരു ത്രില്ലര്‍ സ്വഭാവമുള്ള സിനിമ കുറ്റകൃത്യങ്ങളെ ചുറ്റിപ്പറ്റിയാണ് എടുത്തിരിക്കുന്നത്

ബെഞ്ചമിന്‍ നൈഷ്ടാട് സംവിധാനം ചെയ്ത അര്‍ജന്റീനിയന്‍ ചിത്രമാണ് റോജോ. അര്‍ജന്റീനയിലെ 1970 കാലഘട്ടത്തിലാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. എല്ലാ തരത്തിലുള്ള മൂല്യങ്ങളും നഷ്ടപ്പെട്ട ഒരു സമൂഹത്തെയാണ് ഇതില്‍ കാണിക്കുന്നത്. ഒരു ത്രില്ലര്‍ സ്വഭാവമുള്ള സിനിമ കുറ്റകൃത്യങ്ങളെ ചുറ്റിപ്പറ്റിയാണ് എടുത്തിരിക്കുന്നത്.

ആളൊഴിഞ്ഞ ഒരു വീട്ടില്‍ ചുറ്റുവട്ടത്ത് താമസിക്കുന്നവര്‍ കയറി സാധനങ്ങള്‍ മോഷ്ടിക്കുന്ന രംഗത്തോടെയാണ് സിനിമ തുടങ്ങുന്നത്. സമൂഹത്തില്‍ ബഹുമാനിക്കപ്പെടുന്ന ക്ലോഡിയോ എന്ന വക്കീലാണ് സിനിമയിലെ പ്രധാന കഥാപാത്രം. ഒരു ദിവസം തിരക്കുള്ള ഒരു ഹോട്ടലില്‍ ഭാര്യയെയും കാത്തിരിക്കുന്ന ഇയാളെ കണ്ട് ഒരപരിചിതന്‍ ക്ഷുഭിതനാവുകയും ഇത്രയും തിരക്കുള്ള സ്ഥലത്തു വെറുതെ ഇരുന്ന്, ഭക്ഷണം കഴിക്കാന്‍ വന്ന ഒരാള്‍ക്ക് ഇരിക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥയാണെന്ന് പറയുന്നു. ഇതിനെ തുടര്‍ന്ന് ക്ലോഡിയോ ഇയാള്‍ക്കു എഴുന്നേറ്റു കൊടുക്കുന്നു.

ഹോട്ടലിലെ എല്ലാരുടെയും മുന്‍പില്‍ വച്ച് ഇയാള്‍ അപരിചിതന് മര്യാദയോടെ പെരുമാറാന്‍ അറിയില്ലെന്ന് പറഞ്ഞ് അപമാനിക്കുന്നു. ഈ സംഭവത്തില്‍ തുടങ്ങുന്ന പകയും പകരംവീട്ടലുമാണ് ക്ലോഡിയോയുടെ ജീവിതം മാറ്റിമറിക്കുന്നത്. കുറ്റവും രഹസ്യങ്ങളും നിറയുന്ന ഇയാളുടെ ജീവിതം പിന്നീടൊരിക്കലും പഴയത് പോലെയാവുന്നില്ല. സമൂഹത്തില്‍ നടക്കുന്ന മറ്റ് പല കുറ്റകൃത്യങ്ങളും സിനിമ തുറന്നുകാട്ടുന്നുണ്ട്.

ഇരുട്ടിലായി കഴിഞ്ഞ അര്‍ജന്റീനയിലെ ഒരു സമയമാണ് സംവിധായകന്‍ ഈ സിനിമയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. പലപ്പോഴും ചുവന്ന നിറത്തിലാണ് രംഗങ്ങളുള്ളത്. സാധാരണ പ്രേക്ഷകനെ അലോസരപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതുമായ ഒരുപാട് രംഗങ്ങളുണ്ട് ഈ സിനിമയില്‍. എന്നാല്‍ അവസാനം വരെ അടുത്ത നിമിഷത്തില്‍ എന്തുണ്ടാവുമെന്ന ആകാംക്ഷയാണ് കഥയെ ശ്രദ്ധേയമാക്കുന്നത്.

ഡാരിയോ ഗ്രാന്‍ഡിനേറ്റി എന്ന നടന്‍ പ്രധാന കഥാപാത്രത്തെ സ്വാഭാവികമായി അവതരിപ്പിച്ചു. റോജോ എന്ന വാക്കിന്റെ അര്‍ഥം ചുവപ്പ് എന്നാണ്. പേര് പോലെ തന്നെ രക്തക്കറയും, കുറ്റകൃത്യങ്ങളും മരണവുമാണ് സിനിമയില്‍ ഉടനീളം കാണിക്കുന്നത്. ത്രില്ലര്‍ സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് യോജിക്കിക്കുന്ന ഒരു സിനിമയാണ് റോജോ.

Content Highlights: Rojo argentinian movie,iffk, IFFK 2018, Thiruvanthapuram

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram