2013 ഫിബ്രവരി 13രാത്രി പതിനൊന്നരയായിക്കാണും. സമയത്തു പേജ് വിടാനുള്ള തിരക്കില്‍ ഊണ് കഴിക്കാന്‍ സമയം കിട്ടിയില്ല. ഇനി ചെന്നില്ലെങ്കില്‍ രാത്രി വൈകിയുള്ള കാപ്പിയും മുടങ്ങും. പക്ഷേ പോകാനൊട്ടു മനസ്സും വരുന്നില്ല. ന്യൂസ് ഡെസ്‌കിലെ ടെലിവിഷനില്‍ ബി.ബി.സിയുടെ ലൈവ് ന്യൂസ് വച്ചിരിക്കുയാണ്. ഡസ്‌കിലുള്ള എല്ലാവരുടെയും കണ്ണുകള്‍ ടി.വിയിലും.
പോപ്പ് ബനഡിക്ട് പതിനാറാമാന്‍ സ്ഥാനത്യാഗം ചെയ്തതിനു പിന്നാലെ പുതിയ പോപ്പിനെ തിരഞ്ഞെടുക്കാനുള്ള കര്‍ദ്ദിനാള്‍മാരുടെ കോണ്‍ക്ലേവ് വത്തിക്കാനില്‍ നടക്കുകയാണ് . കോണ്‍ക്ലേവിന്റെ രണ്ടാം ദിവസമാണന്ന് . ആദ്യ ദിനം പുതിയ പോപ്പിനെ തിരഞ്ഞെടുക്കാനായില്ല. ബി.ബി.സി റിപ്പോര്‍ട്ടര്‍ വത്തിക്കാനില്‍ നിന്ന് ആരായിരിക്കും പുതിയ പോപ്പെന്നുള്ള അഭ്യൂഹങ്ങള്‍ പറയുന്നു. സ്‌ക്രീനിന്റെ ഒരു ഭാഗത്ത് സിസ്റ്റൈന്‍ ചാപ്പലിലെ പുകക്കുഴലിന്റെ ദൃശ്യമുണ്ട്. കുഴലില്‍ നിന്നും വെളുത്ത പുകയുയര്‍ന്നാല്‍ പുതിയ പാപ്പയെ തിരഞ്ഞെടുത്തെന്നുറപ്പായി.
കുറച്ചു സമയം കാത്തിരുന്നിട്ടും തീരുമാനമാകുന്നില്ല. വിശപ്പ് സഹിക്കാന്‍ പറ്റാതായതോടെ ഇനി ക്യാന്റീനിലേക്ക് പോകാമെന്നുറച്ചു. കാന്റീനിലേക്കുള്ള ഇടവഴിയില്‍ വച്ച് മഹേഷിനെ കണ്ടു (എം.മഹേഷ്‌കുമാര്‍). അദ്ദേഹമാണ് നൈറ്റ് ചീഫ് . വൈകാതെ മാര്‍പ്പാപ്പയെ തിരഞ്ഞെടുത്തേക്കുമായിരിക്കുമെന്ന് വിവരവും പങ്കുവച്ചു. കാന്റീനിലെത്തി ഇഡ്ഡലിയുമായി മല്‍പ്പിടിത്തം നടത്തുന്നതിനിടയില്‍ പെട്ടെന്നൊരു ഫോണ്‍. കാന്റീനിലെ ചേട്ടന്‍ ഫോണെടുത്തു. അതിനുശേഷം എനിക്കുനേരെ തിരിഞ്ഞു. ഫോണ്‍ എനിക്കാണ്. പേജില്‍ എന്തെങ്കിലും തിരുത്താനോ പുതിയ സംഭവങ്ങളോ ഉണ്ടെങ്കിലായിരിക്കും ഡസ്‌കില്‍ നിന്നോ ഫോട്ടോ കമ്പോസിങില്‍ നിന്നോ കാന്റീനിലേക്ക് വിളി വരുക. വയറ്റില്‍ നിന്നും ഒരു ആന്തലോടെ ഫോണിനടുത്തേക്കോടി...മറുതലയ്ക്കല്‍ മഹേഷാണ്.. 'ഓടി വാ ... പുതിയ പോപ്പിനെ തിരഞ്ഞെടുത്തു. ആള് അര്‍ജന്റീനക്കാരനാണ്.'
കഴിപ്പ് പാതി വഴിയില്‍ നിറുത്തി കൈയും കഴുകി തിരിച്ച് ഡസ്‌ക്കിലേക്കോടി. ടെലിവിഷന്‍ സ്‌ക്രീനില്‍ ബി.ബി.സിയുടെ ബ്രേക്കിങ് ന്യൂസ്-' അര്‍ജന്റീനയില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ ജോര്‍ജ് ബര്‍ഗോളിയോ പുതിയ പോപ്പ്'. സിസ്‌റ്റൈന്‍ ചാപ്പലിലെ പുകക്കുഴലില്‍ നിന്നും വെളുത്ത പുക ഉയരുന്ന ദൃശ്യവുമുണ്ട്.
വൈകാതെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ മട്ടുപ്പാവില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. ഹൃദയത്തിന്റെ നൈര്‍മല്യം മുഖത്തു നിന്നു വായിച്ചെടുക്കാം. സ്വന്തം രാജ്യങ്ങളിലെ പതാക വീശി സന്തോഷം അടക്കാനാവാതെ നില്‍ക്കുന്ന സെന്റ് പീറ്റേഴ്സ ചത്വരത്തില്‍ നില്‍ക്കുന്ന ജനസഞ്ചയത്തെ നോക്കി അദ്ദേഹം പറഞ്ഞു. 'ശുഭ സായാഹ്നം... നിങ്ങള്‍ക്കറിയാം കോണ്‍ക്ലേവ് റോമിന് ഒരു ബിഷപ്പിനെ നല്‍കിയിരിക്കുകയാണ്. പക്ഷേ അതിനായി എന്‍ കര്‍ദ്ദിനാള്‍ സഹോദരന്‍മാര്‍ക്ക് ലോകത്തിന്റെ അങ്ങേയറ്റം വരെ പോകേണ്ടി വന്നു.' ലാറ്റിനമേരിക്കക്കാരനായ തന്നെ പോപ്പായി തിരഞ്ഞെടുത്തതിനെക്കുറിച്ച് ഭംഗ്യന്തരേണ സൂചിപ്പിക്കുകയായിരുന്നു ഫ്രാന്‍സിസ് പാപ്പ.
ഏകദേശം അഞ്ചേമുക്കാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം അതേ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ഒരിക്കല്‍ക്കൂടി കണ്ടു. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ 'പോപ് ഫ്രാന്‍സിസ് : ദ മേന്‍ ഓഫ് ഹിസ് വേഡ് ' എന്ന ഡോക്കുമെന്ററി ഫിലിം പ്രദര്‍ശിച്ചപ്പോള്‍. പ്രശസ്ത ജര്‍മന്‍ സംവിധായകനായ വിം വെന്‍ഡേഴ്സ് ഫ്രാന്‍സിസ് പാപ്പ സ്ഥാനമേറ്റതുമുതല്‍ 2018 തുടക്കം വരെയുള്ള (ഈ വര്‍ഷം മേയിലാണ് അമേരിക്കയില്‍ ചിത്രം റിലീസായത്) അദ്ദേഹത്തിന്റെ വാക്കും പ്രവര്‍ത്തികളും ഈ ഡോക്യുഫിലിമിലൂടെ വരച്ചിടുകയണ്. ലോകത്തിന് ആശ്രയിക്കാവുന്ന, കാലഘട്ടത്തിന്റെ ആവശ്യങ്ങളോട് പ്രതികരിക്കുന്ന വ്യക്തിത്വമാണ് ഫ്രാന്‍സിസ് പാപ്പയെന്ന് വെന്‍ഡേഴ്സ് വ്യക്തമാക്കുന്നു.
ദാരിദ്ര്യത്തിനും അസമത്വത്തിനും പ്രകൃതി ചൂഷണത്തിനും മുതലാളിത്വത്തിന്റെ അടിച്ചമര്‍ത്തലിനും ആര്‍ഭാടത്തിനുമെതിരെയെല്ലാം ശക്തമായി പ്രതികരിക്കുക്കമാത്രമല്ല പോപ്പ്. സ്വന്തം ജീവിതം അത് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. മാര്‍പ്പാപ്പയുടെ വസതിയുടെ എല്ലാ ആഡംബരങ്ങളും ഉപേക്ഷിച്ച് ചെറിയ ഒരു അപാര്‍ട്മെന്റില്‍ താമസിക്കുന്ന, വിലകൂടിയ പാപ്പാമൊബീല്‍ (മാര്‍പ്പാപ്പ സഞ്ചരിക്കുന്ന വാഹനം ) ഉപേക്ഷിച്ച് സാധാരണ വാഹനത്തില്‍ സഞ്ചരിക്കുന്ന ലാളിത്യം നിറഞ്ഞ പോപ്പിനെ ഈ ഡോക്യുമെന്ററിയില്‍ കാണാം.
ലോകം ഇന്നു നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും വ്യക്തമായ ഉത്തരങ്ങള്‍ നല്‍കുന്നുണ്ട് അദ്ദേഹം. ലോകത്തെ ഇരുപതു ശതമാനം വരുന്ന മുതലാളിത്തം ബാക്കി 80 ശതമാനത്തിന്റെ വരുമാനംകൂടി കൈവശപ്പെടുത്തി ജീവിക്കുന്നതിനെ ശക്തമായാണ് അദ്ദേഹം പ്രതികരിക്കുന്നത്. സഭയെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന പുരോഹിതരുടെ ബാലപീഡനത്തെക്കുറിച്ചൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരമാണ് അദ്ദേഹം നല്‍കുന്നത്. സ്വവര്‍ഗ വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് 'അവരെ വിധിക്കാന്‍ ഞാന്‍ ആരാണ് ' എന്നാണ് അദ്ദേഹത്തിന്റെ മറുപടി.
കണ്ണു നനയിക്കുന്ന നിരവധി രംഗങ്ങളുണ്ട് ചിത്രത്തില്‍. മരണക്കിടക്കിയില്‍ കിടക്കുന്ന കുഞ്ഞുങ്ങളെ തലോടുന്ന, തടവറിയിലെ വനിതാ കുറ്റവാളികളുടെ പാദം കഴുകുന്ന, ഫിലിപ്പീന്‍സിലെ കൊടുങ്കാറ്റില്‍ എല്ലാം നഷ്ടപ്പെട്ടവരോട് ആശ്വാ വാക്കുകള്‍ പറയുന്ന പാപ്പ. സമൃദ്ധിയുടെ നടുവില്‍ കഴിയുന്ന അമേരിക്കയിലെത്തിയ പോപ്പ് ഫ്രാന്‍സിസ് അമേരിക്കന്‍ കോണ്‍ഗ്രസിലെ സെനറ്റര്‍മാരോട് പ്രസംഗിക്കുന്ന ഒരു രംഗമുണ്ട്. പാവപ്പെട്ടവരോടും അഭയാര്‍ഥികളോടുമൊക്കെയുള്ള മനോഭാവം മാറേണ്ടതിനെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു. ഓരോ വാക്കുകള്‍ കഴിയുമ്പോഴും സെനറ്റര്‍മാര്‍ എഴുന്നേറ്റ് നിന്ന് കയ്യടിക്കുകയാണ്. പ്രസംഗം അവസാനിക്കുമ്പോള്‍ അവരില്‍ പലരുടെയും കണ്‍കോണില്‍ നിന്ന് ഒരിറ്റു കണ്ണുനീര്‍ ഒഴുകിയിറങ്ങുന്നതു കാണാം. അതാണ് ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകളുടെ ആത്മാര്‍ത്ഥത.
ഫലിതപ്രിയനായ ഒരു പോപ്പിനെയും ഡോക്യുമെന്ററിയില്‍ കാണാം. കുടുംബജീവിതത്തെക്കുറിച്ച് അദ്ദേഹം പറയുന്നു. കുടുംബജീവിതത്തില്‍ ഇടയ്ക്ക് ബുദ്ധിമുട്ടുകളുണ്ടാകും. പ്ലേറ്റുകള്‍ പറന്നു പോയേക്കാം (കുടുംബത്തിലെ വഴക്കുകള്‍). സ്നേഹംകൊണ്ട് അതെല്ലാം പരിഹരിക്കാനാകും. അമ്മായിയമ്മമാരെക്കുറിച്ച് പറയാന്‍ താനാളല്ല എന്നു പോപ്പ് ചിരിച്ചുകൊണ്ടുപറയുമ്പോള്‍ ആര്‍ത്തു ചിരിക്കുന്ന ജനങ്ങളെയും കാണാം.
ദാരിദ്രം മുഖമുദ്രയാക്കി സഹജീവികളോടും മൃഗങ്ങളോടും പക്ഷികളോടും പോലും കരുണയോടെ പെരുമാറി പുതിയ ഒരു സന്യാസ മാതൃക കാണിച്ച വിശുദ്ധനാണ് അസീസിയിലെ ഫ്രാന്‍സിസ്. അദ്ദേഹത്തിന്റെ പേരു സ്വീകരിച്ച ചരിത്രത്തിലെ ആദ്യ മാര്‍പ്പാപ്പയാണ് ഫ്രാന്‍സിസ് പാപ്പ. ചിത്രത്തിന്റെ തുടക്കത്തിലും ഇടയ്ക്കൊക്കെയും സംവിധായകന്‍ ഫ്രാന്‍സിസ് അസീസിയുടെ ജീവിതം കാണിക്കുന്നുമുണ്ട്. അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെപ്പോലെ ജീവിക്കുകയും ലോകത്തിന് ഒരു മാതൃകയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തി. തന്റെ വാക്കുകള്‍ പോലെ പ്രവര്‍ത്തിക്കുന്നയാള്‍.
ഒന്നര മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള ഈ ഡോക്യുഫിലിമിലൂടെ വെന്‍ഡേഴ്സ ചിത്രീകരിക്കുന്ന പോപ് ഫ്രാന്‍സിസ് ഇതാണ്. ഇരുള്‍ നിറഞ്ഞ ഇക്കാലത്ത് തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം.
ContentHighlights: Pope Francis -Film appreciation iffk 2018, Thiruvanthapuram