മാരീജ കവ്താരഡ്‌സെ സംവിധാനം ചെയ്ത ലിത്വാനിയന്‍ ചിത്രമാണ് 'സമ്മര്‍ സര്‍വൈവേഴ്‌സ്'. മനുഷ്യ മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന ഒരു റോഡ് മൂവി ആണിത്. മൂന്ന് വ്യക്തികളുടെ ജീവിതം മാറ്റിമറിക്കുന്ന ഒരു യാത്രയാണ് ഈ സിനിമ.
ഇന്‍ട്രെ എന്ന ഒരു ചെറുപ്പക്കാരിയായ സൈക്കോളജിസ്റ്റ് പരിശീലനത്തിനായി ഒരു ഭ്രാന്താശുപത്രിയില്‍ എത്തുകയും തുടര്‍ന്ന് ഇവര്‍ രണ്ട് ചെറുപ്പക്കാരായ രോഗികളെയും കൊണ്ട് ദൂരെയുള്ള ഒരു ആശുപത്രിയിലേക്കുള്ള യാത്രയ്ക്ക് നിര്‍ബന്ധിതയാവുകയും ചെയ്യുന്നു. ഇവരില്‍ പൗളിയസ് എന്ന ചെറുപ്പക്കാരന് ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന അവസ്ഥയാണ്. ഇയാളുടെ മാനസികാവസ്ഥ ചെറിയ സമയങ്ങളില്‍ മാറിക്കൊണ്ടിരിക്കും. ആശുപത്രിയില്‍ വച്ച് സംസാരിക്കാത്ത ഇയാള്‍ അവിടെ നിന്നിറങ്ങുന്ന നിമിഷം മുതല്‍ നിര്‍ത്താതെ സംസാരിക്കുകയും സാധാരണ മനുഷ്യനെ പോലെ പെരുമാറുകയും ചെയ്യുന്നു.
എന്നാല്‍ ജസ്റ്റേ എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച് രക്ഷപെട്ട ഒരാളാണ്. ഈ യാത്രയില്‍ ഇവര്‍ രണ്ടു പേരും തമ്മില്‍ ഒരു അടുപ്പമുണ്ടാവുന്നു. രണ്ട് ദിവസത്തെ യാത്രയില്‍ ഇവര്‍ മൂന്നു പേരും തമ്മിലുണ്ടാവുന്ന ബന്ധമാണ് സിനിമയുടെ പ്രമേയം. വിവേകത്തിന്റെയും ഭ്രാന്തിന്റെയും ഇടയിലുള്ള ഒരു നേര്‍ത്ത വഴിയിലൂടെയാണ് സിനിമയുടെ യാത്ര. ഒരേ അവസ്ഥയിലുള്ളവര്‍ക്ക് അവരുടെ ജീവിതത്തിലെ മുറിവുകള്‍ ഉണക്കാനാവുന്ന പോലെ മറ്റൊന്നിനുമാവില്ല എന്നാണ് ചിത്രം പറയാന്‍ ശ്രമിക്കുന്നത്. മാനസികാരോഗ്യം വീണ്ടെടുക്കാന്‍ യാത്രയും മറ്റു മനുഷ്യരുമായുള്ള ഇടപഴകലും എത്രത്തോളം സഹായിക്കുന്നു എന്ന് ഈ സിനിമ കാണിച്ച് തരുന്നു.
പലപ്പോഴും പൗളിയസാണ് ഇന്‍ട്രെയുടെ മനസിലെ അവള്‍ പോലുമറിയാത്ത ചിന്തകളെ മനസിലാക്കാന്‍ അവളെ സഹായിക്കുന്നത്. ഒരു മനുഷ്യന് മറ്റൊരു മനുഷ്യനിലുള്ള സ്വാധീനം എത്രമാത്രം വലുതാണെന്ന് ചിത്രം കാണിക്കുന്നു. ജീവിതത്തില്‍ ഒന്നും അവസാനിച്ചിട്ടില്ലെന്നും എല്ലാം ശരിയാവുമെന്നുമുള്ള പ്രതീക്ഷയാണ് ഇത് നല്‍കുന്നത്. ഒരുപാട് നല്ല നിമിഷങ്ങളും ചില വൈകാരിക നിമിഷങ്ങളും കോര്‍ത്തിണക്കിയതാണ് ഈ ചിത്രം. രസകരമായ ഒരു യാത്രയാണ് 'സമ്മര്‍ സര്‍വൈവേഴ്‌സ്'.
Content Highlights : IFFK 2018 Summer survivors movie review