ബിജുകുമാര്‍ ദാമോദരന്‍ സംവിധാനം ചെയ്ത ഇന്ത്യന്‍ ചിത്രമാണ് 'പെയിന്റിങ് ലൈഫ്'. ഹിമാലയത്തിലെ ഒരു സുന്ദരമായ ഗ്രാമത്തിലേക്കുള്ള യാത്രയാണ് സിനിമ. ബിജുകുമാറിന്റെ ആദ്യ ഇംഗ്ലീഷ് ഭാഷാ ചിത്രമാണിത്. പ്രകാശ് ബാരെ, ഗീതാഞ്ജലി താപ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഒരു പ്രശസ്ത ബോളിവുഡ് സംവിധായകനും സംഘവും ഹിമാലയത്തിലെ ഒരു ഗ്രാമത്തിലേയ്ക്ക് ചിത്രീകരണത്തിനായി പുറപ്പെടുന്നു. കനത്ത മഴയും മണ്ണിടിച്ചിലും കാരണം ഇവിടെ ഒറ്റപ്പെടുന്ന ഇവര്‍ ആ ഗ്രാമത്തിനെ അടുത്തറിയുകയും അതിന്റെ സൗന്ദര്യം ആസ്വദിക്കുകയും ചെയ്യുന്നതാണ് ഈ ചിത്രത്തിന്റെ പ്രമേയം. അവരുടെ തൊട്ടടുത്ത് താമസിക്കുന്ന ഒരു ദമ്പതിമാരുമായുള്ള കൂടികാഴ്ചയാണ് സിനിമയിലെ പ്രധാന വഴിത്തിരിവ്.
ഒരു സ്ത്രീയുമായുള്ള കൂടിക്കാഴ്ച നായകന്റെ ജീവിതത്തെയും കാഴ്ചപ്പാടുകളെയും മാറ്റിമറിക്കുന്നത് ഒരുപാട് സിനിമകളില്‍ കണ്ട ഒന്നാണ്. അതുതന്നെയാണ് ഈ സിനിമയിലും സംഭവിക്കുന്നത്. ഈ സ്ത്രീയോടൊപ്പമുള്ള ബുദ്ധവിഹാരത്തിലേക്കുള്ള യാത്ര, ചര്‍ച്ചകള്‍ എല്ലാം അയാളുടെ കാഴ്ചപ്പാടുകള്‍ മാറ്റുന്നു. കല കച്ചവടം മാത്രമല്ല മറിച്ച് അതിന് സമൂഹത്തിലൊരു മാറ്റമുണ്ടാക്കാന്‍ കഴിയണമെന്ന് അവള്‍ അയാളെ പഠിപ്പിക്കുന്നു. ഒരു ശ്രദ്ധേയമായ കാര്യം ഇരുവരും ഒരിക്കല്‍ പോലും തമ്മില്‍ പേര് ചോദിക്കുന്നില്ല എന്നതാണ്. അവസാന രംഗത്തില്‍ ഇവരുടെ ഭര്‍ത്താവ് ഇവരെ ആലീസ് എന്ന വിളിക്കുന്ന രംഗത്തില്‍ മാത്രമാണ് നായികയുടെ പേര് പറയുന്നത്.
പ്രകാശ് ബാരെ നന്നായി അഭിനയിച്ചെങ്കിലും ഓര്‍ത്തുവയ്ക്കത്തക്ക നിമിഷങ്ങളൊന്നും സമ്മാനിക്കാന്‍ കഴിഞ്ഞില്ല. ഗീതാഞ്ജലിയുടെ സുഖകരമായ സാന്നിധ്യമാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. എല്ലാ യാത്രയും നമുക്കായി ഒരു വിസ്മയം ഒളിച്ച് വയ്ക്കുന്നു എന്ന നായകന്റെ വാചകം പോലെ സിനിമ കൊണ്ട് പ്രേക്ഷകനെ അത്ഭുതപ്പെടുത്താന്‍ ബിജുകുമാറിനായില്ല.
Content Highlights : IFFK 2018 Painting life Movie Review