ഫിഷര്‍ സ്റ്റീവന്‍സ് സംവിധാനം ചെയ്ത ഇംഗ്ലീഷ് ഡോക്യുമെന്ററിയാണ് 'ബിഫോര്‍ ദ് ഫ്‌ളഡ്'. പ്രശസ്ത നടന്‍ ലിയോനാര്‍ഡോ ഡി കാപ്രിയോയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. മനുഷ്യനിര്‍മ്മിത ദുരന്തത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന ലോകത്തിന്റെ നേര്‍ക്കാഴ്ചയാണ് ഈ ചിത്രം. ആഗോളതാപനവും അതിന്റെ ഭയപ്പെടുത്തുന്ന ഫലങ്ങളുമാണ് ഈ ചിത്രത്തിന്റെ വിഷയം.
ഓസ്‌കര്‍ നേടിയ ലിയോനാര്‍ഡോ എന്ന നടനെയല്ല, മറിച്ച് ഒരു മനുഷ്യനെന്ന നിലയില്‍ ഈ ലോകത്ത് നിറവേറ്റേണ്ട ചുമതലകള്‍ ചെയ്യുന്ന ഒരാളെയാണ് പ്രേക്ഷകന് കാണാനാവുന്നത്. ലോകത്തെ പ്രശസ്ത ശാസ്ത്രജ്ഞന്മാരോടും, ഒബാമ മുതല്‍ പോപ്പ് ഫ്രാന്‍സിസ് വരെയുള്ള വ്യക്തികളുമായി ഇദ്ദേഹം നടത്തുന്ന ചര്‍ച്ചകളും നാളേയ്ക്ക് വേണ്ടി എന്ത് ചെയ്യാന്‍ കഴിയുമെന്നുമുള്ള ആലോചനകളിലൂടെയാണ് ഈ സിനിമ പുരോഗമിക്കുന്നത്.
ലോകത്തെ വിവിധ രാജ്യങ്ങളില്‍ ഇദ്ദേഹം യാത്ര ചെയ്യുകയും അവിടുത്തെ അവസ്ഥയെ പറ്റി പഠിക്കുകയും ചെയ്യുന്നു. ചില മനോഹരമായ ദൃശ്യങ്ങള്‍ സിനിമയെ രസകരമാക്കുന്നുണ്ട്. വ്യവസായവത്കരണവും രാഷ്ട്രീയക്കാര്‍ സ്വന്തം ലാഭത്തിന് വേണ്ടി പ്രകൃതിയെ നശിപ്പിക്കാന്‍ കൂട്ടുനില്‍കുന്നതും സിനിമ തുറന്നുകാട്ടുന്നുണ്ട്. യുവതലമുറയെ ഈ ചിത്രം ആശങ്കയിലാക്കിയേക്കാമെങ്കിലും ഈ കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ചിന്തിക്കേണ്ടതും ചര്‍ച്ച ചെയ്യേണ്ടതുമായ വിഷയം തന്നെയാണിത്.
ലിയോനാര്‍ഡോവിന്റെ സാന്നിധ്യം ചിത്രത്തിനെ ശ്രദ്ധേയമാക്കുന്നു. ഒരുപാട് ആശങ്കകള്‍ കാണിക്കുന്നതിനപ്പുറം ഇതിനെല്ലാം പരിഹാരം കാണാനുള്ള ശ്രമം കൂടിയാണ് ഈ ചിത്രം. ഇനിയും സമയം വൈകിയിട്ടില്ലെന്നും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ വലിയൊരു ദുരന്തം ഒഴിവാക്കാന്‍ സാധിക്കുമെന്നും കാണിച്ചാണ് ചിത്രം അവസാനിപ്പിക്കുന്നത്. വര്‍ധിച്ച് വരുന്ന പ്രകൃതി ദുരന്തങ്ങളുടെ സാഹചര്യത്തില്‍ ചിന്തിക്കേണ്ട ഒരു വിഷയമാണ് ഇത് അവതരിപ്പിക്കുന്നത്.
Content Highlights : IFFK 2018 Before The Flood Movie Review