ജീവിതം എത്ര പ്രയാസം നിറഞ്ഞതാണെങ്കിലും ചിലര്‍ അവരുടെ മനോഹര സ്വപ്നങ്ങള്‍ക്ക് പിറകെ പറക്കും, ചിലരാകട്ടെ അത്തരക്കാരുടെ സ്വപ്നസാക്ഷാത്കാരത്തിനായി കൂടെ നില്‍ക്കും, അക്ഷീണം പ്രവര്‍ത്തിക്കും. ഈ രണ്ടുകൂട്ടര്‍ക്കുമുള്ള സമര്‍പ്പണമാണ് പ്രിയ രാമസുബ്ബന്‍ സംവിധാനം ചെയ്ത ചുസ്‌കിത് എന്ന ചിത്രം. ഇതൊരു കെട്ടുകഥയല്ല. ലഡാക്ക് സ്വദേശിയായ ഭിന്നശേഷിക്കാരിയായ സോനം എന്ന പെണ്‍കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശാരീരിക പരിമിതികളെ വെല്ലുവിളിച്ച് ഉയരങ്ങളിലേക്കെത്താന്‍ അവള്‍ നടത്തിയ പോരാട്ടമാണ് ചുസ്‌കിത് എന്ന ചിത്രം ഒരുക്കാന്‍ പ്രിയക്ക് പ്രചോദനമായത്.
ലഡാക്കിന്റെ പശ്ചാത്തലത്തില്‍ തന്നെയാണ് ചിത്രം കഥ പറയുന്നത്. ചുസ്‌കിത് എന്ന പെണ്‍കുട്ടിയാണ് ചിത്രത്തതിലെ കേന്ദ്രകഥാപാത്രം. മാതാപിതാക്കള്‍ക്കും സഹോദരനും മുത്തശ്ശനുമെല്ലാം പ്രിയപ്പെട്ടവള്‍. വികൃതിയായ, വാശിക്കാരിയായ പെണ്‍കുട്ടി. സ്‌കൂളില്‍ പഠിക്കുക എന്നതാണ് അവളുടെ ഏറ്റവും വലിയ സ്വപ്നം. അതിനുള്ള പ്രായം തികയാന്‍ അക്ഷമയോടെ കാത്തിരിക്കുകയാണ് അവള്‍. അതിനിടയിലാണ് ഒരു അപകടത്തില്‍ അവള്‍ക്ക് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെടുന്നത്. അപ്രതീക്ഷിതമായ ഈ സംഭവം ചുസ്‌കിയുടെ ജീവിതത്തെ തകിടം മറിക്കുന്നു. പിന്നീട് ചുസ്‌കി നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ കാതല്‍.
ഒരു സിനിമാറ്റിക് അനുഭവം എന്നതിന് മുകളില്‍ ഒരുപിടി സന്ദേശങ്ങളാണ് ചുസ്‌കിത് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. ശാരീരികമായ പരിമിതകള്‍ കാരണം സ്വപ്നങ്ങള്‍ ഉപേക്ഷിച്ച ഒരുപാടാളുകള്‍ നമ്മൂടെ സമൂഹത്തിലുണ്ട്. അത്തരക്കാര്‍ക്ക് ഒരു വലിയ പ്രചോദനമാണ് ഈ ചിത്രം. ഭിന്നശേഷിയുള്ളവരുമായി ഇടപെടുന്നവര്‍ക്ക് ഈ ചിത്രത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. കൈപിടിക്കാന്‍ ഒരാളുണ്ടെങ്കില്‍, അവര്‍ക്കും ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കുമെന്ന് സംവിധായിക ചുസ്‌കിയിലൂടെ അടിവരയിട്ടു പറയുന്നു.
ലഡാക്കിന്റെ മനോഹരമായ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമായതിനാല്‍ ഒരോ ഫ്രെയിമും കണ്ണിന് കുളിരുപകരുന്നതാണ്. എന്നാല്‍ അവിടുത്തെ ജനങ്ങളുടെ സംസ്‌കാരം, ഭാഷ, ജീവിതം എന്നിവയെക്കുറിച്ച് പറയുന്ന സിനികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. മുഖ്യധാരാ സിനിമകള്‍ ഇതുവരെ നമുക്ക് കാണിച്ചു തന്നിട്ടില്ലാത്ത ലഡാക്കിന്റെ മറ്റൊരു മുഖമാണ് ചുസ്‌കിത് നമുക്ക് കാണിച്ചു തന്നിരിക്കുന്നത്.
Content Highlights : Chuskit film review 23rd iffk 2018