വിനു കൊളിച്ചാലിന്റെ ആദ്യ ചിത്രമാണ് 'ബിലാത്തിക്കുഴല്‍'. ഒരു ഇരട്ടക്കുഴല്‍ തോക്കിനെ ചുറ്റിപ്പറ്റിയുള്ള കഥയാണിത്. പ്രധാന കഥാപാത്രത്തിന്റെ ഇരട്ടക്കുഴല്‍ തോക്കിനോടുള്ള പ്രണയമാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോവുന്നത്. കാലം, പ്രായം, സാഹചര്യം എല്ലാം മാറിയിട്ടും മാറ്റമില്ലാതെ തുടരുന്നത് അത് മാത്രമാണ്.
ചെറിയ പ്രായത്തില്‍ മുത്തശ്ശി പറഞ്ഞു കൊടുക്കുന്ന കഥകളിലെ ഐതിഹാസിക നായക വേഷം കുഞ്ഞമ്പു തന്റെ അയല്‍ക്കാരനായ ചിണ്ടന്‍ മുത്തപ്പന് കൊടുക്കുന്നു. അവന്റെ സ്വപ്നങ്ങളില്‍ എല്ലാ അപകടങ്ങളില്‍ നിന്നും രക്ഷിക്കുന്ന ആളായി ചിണ്ടന്‍ മാറുന്നു. അയാളോടുള്ള ഇഷ്ടം അയാളുടെ ഇരട്ടത്തോക്കിലേക്കും മാറുന്നു. രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒന്ന് നാടുവാഴി വ്യവസ്ഥയിലുള്ള കാലവും മറ്റൊന്ന് പുതിയ കാലവും.
ചിണ്ടന്‍ നല്‍കിയ തോക്ക് പിന്നീട് കുഞ്ഞമ്പുവിന് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കേണ്ടി വരികയും പിന്നീട് ആ തോക്കിനായുള്ള അയാളുടെ എങ്ങുമെത്താത്ത പരിശ്രമങ്ങളാണ് സിനിമ. മക്കളുടെ എതിര്‍പ്പിനെ വകവയ്ക്കാതെ അയാള്‍ ആ തോക്കിനായി ദിവസവും കാത്തിരിക്കുന്നു. ഒരുപാട് വലിച്ച് നീട്ടിയ ദൈര്‍ഗ്യമേറിയ ഷോട്ടുകളാണെല്ലാം. ഇത് കാഴ്ചക്കാരനെ മുഷിപ്പിക്കുന്നുണ്ട്. റിയലിസ്റ്റിക് അവതരണവും താരങ്ങളുടെ സ്വാഭാവിക അഭിനയവുമാണ് സിനിമയില്‍ എടുത്തു പറയേണ്ട ഘടകങ്ങള്‍. ഇത് രണ്ടുമൊഴിച്ച് നിര്‍ത്തിയാല്‍ സിനിമയില്‍ പ്രത്യേകിച്ച് സംഭവ വികാസങ്ങള്‍ ഒന്നും തന്നെയില്ല.
ബാലന്‍ കുഞ്ഞമ്പുവിന്റെ വാര്‍ദ്ധക്യവും സഞ്ജയ് കുഞ്ഞമ്പുവിന്റെ ചെറുപ്പകാലവും ഭംഗിയായി അവതരിപ്പിച്ചു. സിനിമ കാണുമ്പോള്‍ ഇത്രയും ദീര്‍ഘിപ്പിക്കേണ്ടിയിരുന്നില്ല എന്ന് തോന്നുന്നുണ്ട്. ആദ്യ സിനിമ നിലയില്‍ മനുഷ്യ ജീവിതത്തെ ഒരു കലര്‍പ്പുമില്ലാതെ തുറന്ന് കാട്ടുന്നതില്‍ വിനു വിജയിച്ചെന്ന് പറയാം.
ContentHighlights: billathi kuzhal movie review ,IFFK 2018, vinu kollichal