സുദീപ് എളമന്‍, ഗൗതം സൂര്യ എന്നിവരുടെ ആദ്യ ചിത്രമാണ് 'സ്ലീപ്‌ലെസ്‌ലി യുവേഴ്‌സ്'. ഈ ചിത്രത്തിലൂടെ വ്യത്യസ്തമായ രീതിയില്‍ പ്രണയത്തെ അവതരിപ്പിക്കുകയാണ് ഇവര്‍. ഗൗതം സൂര്യ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
സുദേവ് നായര്‍, ദേവകി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ ഉറക്കമില്ലാത്ത അവസ്ഥയാണ് കാണിക്കുന്നത്. ഉറക്കമില്ലായ്മയുടെ സൗന്ദര്യവും വൈരൂപ്യവും ഒരുപോലെ സിനിമ അവതരിപ്പിക്കുന്നു. മാനസി എന്ന യോഗ അധ്യാപികയും ഒരു ഡോക്യുമെന്ററി എടുക്കാന്‍ ആഗ്രഹിക്കുന്ന ജെസ്സി എന്ന വ്യക്തിയും തമ്മിലുള്ള ഭ്രാന്തമായ പ്രണയത്തിലൂടെയാണ് സിനിമയുടെ യാത്ര.
മാനസിയുടെ ആഗ്രഹം അനുസരിച്ച് രണ്ട് പേരും ദിവസങ്ങള്‍ നീണ്ട ഉറക്കമിളക്കല്‍ പരീക്ഷണത്തിന് മുതിരുന്നു. ദിവസങ്ങളോളം ഉറങ്ങാതെ ഒരുമിച്ച് ജീവിക്കുന്ന ഇവരുടെ അനുഭവങ്ങളാണ് സിനിമ. ലിവിങ് ടുഗെതര്‍ ബന്ധമാണ് ഇവരുടേത്. സാധാരണ ജീവിതം നയിക്കുന്നവര്‍ക്ക് ഭ്രാന്തമായി തോന്നുന്ന ഇവരുടെ ബന്ധത്തിന് അര്‍ഥങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ് ജെസ്സി. നിഗൂഢമായ കഥാപാത്രമായ മാനസിയെ പെട്ടെന്ന് ഒരു ദിവസം കാണാതാവുകയും തുടര്‍ന്ന് തന്റെ അവ്യക്തമായ ഓര്‍മകളിലൂടെ അവള്‍ അപ്രത്യക്ഷയാവാനുള്ള കാരണങ്ങള്‍ക്കായുള്ള ജെസ്സിയുടെ അന്വേഷണവുമാണ് കഥ.
ഉറങ്ങാത്തവരുടെ അവ്യക്തവും ചിതറി കിടക്കുന്നതുമായ മാനസികാവസ്ഥയെ കാണിക്കാന്‍ നോണ്‍ ലീനിയര്‍ എഡിറ്റിംഗാണ് ഉപയോഗിച്ചിരിക്കുന്നത്. മലയാളം സിനിമകളില്‍ അധികം കണ്ടിട്ടില്ലാത്ത ഒരു സ്ത്രീ കഥാപാത്രമാണ് മാനസി. എന്തിനേക്കാളുമേറെ സ്വാതന്ത്ര്യത്തെ സ്‌നേഹിക്കുകയും ബന്ധങ്ങളും ചുമതലകളില്‍ നിന്നും അകന്ന് ജീവിക്കാന്‍ ഇഷ്ടപെടുന്ന വ്യക്തിയുമാണ് അവള്‍. 'ചാര്‍ലി'യിലെ ടെസ്സയുമായി അവള്‍ക് ചെറിയ സാമ്യങ്ങള്‍ തോന്നുന്നുണ്ട്.
ഉറക്കമില്ലാത്ത അവസ്ഥയെ ചിത്രീകരിക്കുന്നതോടൊപ്പം വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തിന്റെ മാറി വരുന്ന കാഴ്ചപ്പാടുകള്‍ കൂടി ചിത്രം ചര്‍ച്ച ചെയുന്നു.സിനിമ പ്രേക്ഷകര്‍ക്ക് വ്യാഖ്യാനിച്ചെടുക്കാന്‍ ഒരുപാട് അവസരങ്ങള്‍ ഒരുക്കുന്നു.
സുദേവ് നായരും ദേവകിയും വിചിത്രമായ പ്രണയ ജോഡികളായി ജീവിച്ചു. ഉറക്കമില്ലായ്മ അലോസരപ്പെടുത്തുന്ന അവസ്ഥയെ പശ്ചാത്തല സംഗീതത്തിലൂടെ അരുണ്‍ വര്‍ഗീസ് യാഥാര്‍ഥ്യമാക്കി. നവാഗതരുടെ സിനിമ എന്ന നിലയില്‍ 'സ്ലീപ്‌ലെസ്‌ലി യുവേഴ്‌സ്' ഒരു മികച്ച അനുഭവമാണ് പ്രേക്ഷകര്‍ക്കു നല്‍കുന്നത്.
Content Highlights : 23rd IFFK 2018 Sleeplessly yours Movie Review sudev Nair Devaki Goutham sudeep elamon