ശക്തമായ രാഷ്ട്രീയ നിലപാടുകളും സാമൂഹികതയും പ്രകടിപ്പിക്കുന്നവയാണ് പൊതുവില്‍ ഇറാനില്‍നിന്നുള്ള സിനിമകള്‍. ശക്തമായ നിയന്ത്രണങ്ങള്‍ക്കിടയില്‍നിന്നുകൊണ്ട് നിര്‍മിക്കപ്പെടുന്ന ഇറാന്‍ ചിത്രങ്ങള്‍ അവയുടെ ധ്വന്യാത്മകതകൊണ്ടും ലാളിത്യംകൊണ്ടുമാണ് ലോകമെമ്പാടും പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയിട്ടുള്ളത്. ഐ.എഫ.്എഫ്.ഐയില്‍ മത്സരവിഭാഗത്തിലുള്ള 'ഗ്രേവ്‌ലെസ്സ്' എന്ന ഇറാന്‍ ചിത്രവും ഇറാന്‍ സിനിമയുടെ സവിശേഷ ധാരയില്‍പ്പെടുന്നതാണ്.
വില്യം ഫോക്നറുടെ 'ആസ് ഐ ലേ ഡയിങ്' എന്ന കൃതിയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മുസ്തഫ സയ്യറി സംവിധാനം ചെയ്ത സിനിമയാണ് 'ഗ്രേവ്‌ലെസ്സ്'. അദ്ദേഹത്തിന്റെ ആദ്യ ചിത്രവുമാണിത്. പിതാവിന്റെ മൃതദേഹവുമായി ഇറാനിലെ വിദൂര ഗ്രാമത്തിലേക്ക് യാത്രതിരിക്കുന്ന മൂന്ന് സഹോദരന്‍മാരും ഒരു സഹോദരിയുമാണ് പ്രധാന കഥാപാത്രങ്ങള്‍. ആ ഗ്രാമത്തില്‍ തന്റെ മൃതദേഹം അടക്കം ചെയ്യണമെന്നത് പിതാവിന്റെ അന്ത്യാഭിലാഷമായിരുന്നു. അത് നിറവേറ്റുന്നതിനാണ് അവരുടെ യാത്ര.
ഗ്രാമത്തിലേക്കുള്ള വഴിയറിയാതെ അവര്‍ അലയുമ്പോള്‍ കടുത്ത ചൂടില്‍ മൃതദേഹം അഴുകിത്തുടങ്ങുന്നു. ദുര്‍ഗന്ധം വമിക്കുന്ന മൃതദേഹവുമായി ഒരു രാത്രിയും പകലും അവര്‍ മരുഭൂ സമാനമായ വഴികളിലൂടെ അലയുകയാണ്. എന്നാല്‍ അതിനേക്കാള്‍ ചൂടേറിയ സംഘര്‍ഷങ്ങളാണ് ആ സഹോദരങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നത്. കുടുംബ ബന്ധങ്ങളിലുണ്ടായിരുന്ന പഴയ അസ്വാരസ്യങ്ങള്‍ വഴക്കുകകളായി പൊട്ടിത്തെറിക്കുന്നു. മൂത്ത സഹോദരനും ഇളയ സഹോദരനും തമ്മിലുള്ള പക ആ യാത്രയെ സംഘര്‍ഷഭരിതമാക്കുകയാണ്. സഹോദരങ്ങള്‍ തമ്മില്‍ ചൂടേറിയ ചര്‍ച്ചകളും തര്‍ക്കങ്ങളും നടക്കുന്നു. ഈ തര്‍ക്കങ്ങളിലൂടെയാണ് സിനിമ മുന്നോട്ടുപോകുന്നത്.
കഴിഞ്ഞുപോയ കാലത്ത് കുടുംബത്തില്‍ സംഭവിച്ച പല കാര്യങ്ങളുടെയും ചുരുളഴിയുന്നതും സഹോദരങ്ങള്‍ക്കിടയിലുള്ള സംഘര്‍ഷങ്ങളുടെ കാരണം വെളിവാകുന്നതും ഈ വാഗ്വാദങ്ങളിലൂടെയാണ്. പിതാവിന്റെ ജീര്‍ണിക്കുന്ന ശരീരവുമായി സഞ്ചരിക്കുമ്പോഴും മനുഷ്യര്‍ എന്ന നിലയില്‍ അവര്‍ പങ്കുവെക്കുന്ന സ്നേഹവിദ്വേഷങ്ങളും മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണതകളുമാണ് സിനിമ പറയാന്‍ ശ്രമിക്കുന്നത്.
മൂത്ത മകന് ഇളയവനോടുള്ള പകയ്ക്ക് നിരവധി കാരണങ്ങളുണ്ട്. ഒന്നാമതായി അയാള്‍ അച്ഛന്റെ രണ്ടാം ഭാര്യയിലുള്ള മകനാണ്. അവസാന കാലത്ത് അച്ഛനെ പരിചരിച്ചത് അയാളാണ്. പിതാവിന്റെ സ്വത്ത് അയാള്‍ തട്ടിയെടുക്കുമോ എന്ന് മൂത്ത മകന്‍ സംശയിക്കുന്നു. സ്വത്തിനായി അച്ഛനെ കൊന്നതാണോ എന്നുപോലും അയാള്‍ക്ക് സംശയമുണ്ട്. പിതാവിന്റെ അന്ത്യാഭിലാഷമെന്ന പേരില്‍ മൃതദേഹവുമായി ഉള്‍നാടന്‍ ഗ്രാമത്തിലേയ്ക്കുള്ള യാത്രപോലും ദുരുദ്ദേശപരമാണെന്നാണ് അയാള്‍ കരുതുന്നത്.
എന്നാല്‍ ഇളയ സഹോദരന്റെ മാനസികാവസ്ഥ മറ്റൊന്നാണ്. തന്റെ മാതാവിന്റെ അകാലത്തിലുള്ള മരണത്തിന് കാരണം പിതാവാണെന്ന് അയാള്‍ക്കറിയാം. മരിച്ചുപോയ അമ്മയുടെ വീട്ടുകാര്‍ക്ക് പിതാവിനോടുള്ളത് അടങ്ങാത്ത പകയാണ്. ജീവിച്ചിരുന്ന കാലത്ത് അമ്മയുടെ ഗ്രാമത്തില്‍ പ്രവേശിക്കാന്‍ പോലും പിതാവിനെ അമ്മയുടെ വീട്ടുകാര്‍ അനുവദിച്ചിരുന്നില്ല. അച്ഛന്റെ മൃതദേഹം അമ്മയുടെ ഗ്രാമത്തില്‍ത്തന്നെ അടക്കം ചെയ്യണമെന്ന് ഇളയമകന്‍ നിശ്ചയിക്കുന്നത് പോലും ഇത്തരം പൂര്‍വകാല സംഭവങ്ങളുടെ തുടര്‍ച്ചയായാണ്. സഹോദരങ്ങള്‍ക്കിടയിലുള്ള തര്‍ക്കങ്ങളില്‍ അവര്‍ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങളാണ് ചിത്രത്തെ പൂര്‍ണമാക്കുന്നത്.
ഇറാന്‍ സിനിമകള്‍ക്കുള്ള പൊതുവായ പല സവിശേഷതകളും പങ്കുവെക്കുന്ന സിനിമയാണ് ഗ്രേവ്ലസ്. വിശദാംശങ്ങളിലേക്കു പോകാതെ, കഥാപാത്രങ്ങളുടെ മാനസിക വ്യവഹാരങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും കഥപറയുന്ന ആഖ്യാനരീതിയാണ് സംവിധായകന്‍ കൈക്കൊള്ളുന്നത്. മൃതദേഹവും അതും വഹിച്ചുള്ള മക്കളുടെ യാത്രയും ചിലപ്പോള്‍ സിനിമയില്‍ പ്രതീകാത്മകമായ മാനം കൈവരിക്കുന്നുന്നു. വഴിയറിയാതെ, ലക്ഷ്യത്തില്‍ എത്തിച്ചേരുമോ എന്നുപോലും അറിയാതെ അലയുന്ന മക്കളും പൈതൃകത്തിന്റെ പിന്‍തുടര്‍ച്ചയ്ക്കായുള്ള അവരുടെ ഏറ്റുമുട്ടുലുകളുമെല്ലാം ആ നിലയ്ക്കുകൂടി വായിക്കാവുന്നതാണ്.
ഇറാന്‍ സിനിമയുടെ പൊതു സംവേദനധാരയില്‍പ്പെടുന്ന മറ്റൊരു ചിത്രം എന്നതില്‍ക്കവിഞ്ഞ് ഗ്രേവ്‌ലെസ്സ്‌നെ കാണാനാവില്ലെങ്കിലും ഇറാന്റെ സവിശേഷ സാംസ്‌കാരിക പശ്ചാത്തലത്തെയും മനുഷ്യബന്ധങ്ങളെയും ചേര്‍ത്തുവെച്ചുകൊണ്ടുള്ള ലളിതമായ പ്രമേയവും പരിചരണവും ശ്രദ്ധേയമാണ്. മനുഷ്യന്റെ മാനസിക വ്യാപാരങ്ങളും കുടുംബത്തിനകത്തുള്ള വ്യക്തിസംഘര്‍ഷങ്ങളുമെല്ലാം സാംസ്‌കാരിക വൈജാത്യങ്ങള്‍ക്കപ്പുറം സമാനതകളുള്ളതാണെന്ന് ചിത്രം കാട്ടിത്തരുന്നു. ഒപ്പം, ഭൂതകാലത്തിന്റെ ശേഷിപ്പുകള്‍ വിടാതെ പിന്തുടരേണ്ടിവരുന്ന മനുഷ്യന്റെ നിസ്സഹായതകളും ഗ്രേവ്‌ലെസ്സ് രേഖപ്പെടുത്തുന്നു.
Content Highlights : 23rd IFFK 2018 Graveless Movie Review