സിന്‍ജാര്‍ മതത്തിന് ദോഷമായി ഒന്നും ചെയ്യുന്നില്ല -പാമ്പള്ളി


2 min read
Read later
Print
Share

'നല്ല ഇസ്ലാമായി ഞാന്‍ ഈ കുട്ടിയെ വളര്‍ത്തും' എന്ന പ്രയോഗത്തിനെതിരായി അടുത്ത ആരോപണം.

2017 ലെ മികച്ച നവാഗത സംവിധായകന്‍, മികച്ച ജസരി ചിത്രം എന്നീ ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ചിത്രമാണ് സിന്‍ജാര്‍. ലക്ഷദ്വീപിലെ ലിപിയില്ലാത്ത 'ജസരി'ഭാഷയില്‍ നിര്‍മ്മിച്ച ആദ്യ ചലച്ചിത്രം എന്ന രീതിയില്‍ ഖ്യാതി നേടിയ സിന്‍ജാര്‍ 2014ല്‍ ഇറാഖിലെ സിന്‍ജാര്‍ പ്രവിശ്യയില്‍ നടന്ന കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെടുന്ന രണ്ടു യുവതികളുടെ സംഭവകഥയാണ് പറഞ്ഞത്. 23-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച സിനിമയെ മതവുമായി കൂട്ടിയിണക്കി മേളയിലും പിന്നീട് സോഷ്യല്‍ മീഡിയയിലും ഉയര്‍ന്ന വിമര്‍ശങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ പാമ്പള്ളി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. സിന്‍ജാര്‍ മനപ്പൂര്‍വ്വം ഒരു മുസ്ലീംപശ്ചാത്തലത്തില്‍ എടുത്തത് ദുരുദ്ദേശ്യപരമാണെന്ന് ആരോപണങ്ങള്‍ക്കുള്ള മറുപടിയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

''സിന്‍ജാര്‍' -ഇസ്ലാംമതത്തിന് ദോഷമായി ഒന്നും ചെയ്യുന്നില്ല

23-ാമത് കേരളത്തിലെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇന്നലെ സിന്‍ജാര്‍ പ്രദര്‍ശിപ്പിച്ചു. സിനിമയുടെ അവസാനം നടന്ന ചോദ്യോത്തരവേളയിലാണ് ഒരു സംഘം സിനിമയെ മതവുമായി കൂട്ടിയിണക്കി സംസാരിച്ചത്. സമൂഹമാധ്യമങ്ങളില്‍ ഇതിനെക്കുറിച്ച് പലരും സംസാരിച്ചതിനെ തുടര്‍ന്നാണ് എനിക്ക് ഇത്തരത്തില്‍ ഒരു പോസ്റ്റ് ഇടേണ്ടി വന്നത്. ചലച്ചിത്ര അക്കാഡമിയുടെ വീഡിയോയില്‍ നടന്ന ചര്‍ച്ചയും മറുപടികളും വ്യക്തമായി കാണുവാന്‍ സാധിക്കും.
സിനിമയില്‍ പ്രധാന കഥാപാത്രമായ ഫിദ പര്‍ദ്ദ ഊരി എറിയുന്നുണ്ട്. അതിനെപ്പറ്റി ചോദ്യം ഉയര്‍ന്നു. അപ്പോള്‍ അതിനുള്ള വ്യക്തമായ ഉത്തരം ആ ചോദ്യം ഉന്നയിച്ച മുസ്ലീം മതവിശ്വാസിയായ പെണ്‍കുട്ടിയോട് അപ്പോള്‍ തന്നെ വേദിയില്‍ കൃത്യമായി മറുപടിയായി നല്‍കിയതുമാണ്. പിന്നീട് 'നല്ല ഇസ്ലാമായി ഞാന്‍ ഈ കുട്ടിയെ വളര്‍ത്തും' എന്ന പ്രയോഗത്തിനെതിരായി അടുത്ത ആരോപണം. പക്ഷേ, ഇത്രയും അന്താരാഷ്ട്ര ഫെസ്റ്റിവലുകളില്‍ അവാര്‍ഡുകള്‍ നേടുകയും മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡും മികച്ച സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡും ലഭിച്ചപ്പോഴും ആരും പരാമര്‍ശിക്കാത്ത വളച്ചൊടിച്ച രീതിയിലുള്ള സിന്‍ജാറിനെതിരെയുള്ള പരാമര്‍ശം തികച്ചും ഏകപക്ഷീയമാണ്. ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ട മറ്റൊരു സ്ഥലത്തു നിന്നും ഇത്തരത്തിലുള്ള ഒരു ആരോപണവും സിന്‍ജാറിനെതിരെ ഇതുവരെ ഉയര്‍ന്നിട്ടില്ല. സിന്‍ജാര്‍ മനപ്പൂര്‍വ്വം ഒരു മുസ്ലീംപശ്ചാത്തലത്തില്‍ എടുത്തത് ദുരുദ്ദേശ്യപരമാണെന്ന് ആരോപണങ്ങള്‍ അവര്‍ ഉന്നയിച്ചു. അവരോട് ഒന്നേ എനിക്ക് പറയാനുള്ളൂ..നിങ്ങള്‍ സിന്‍ജാര്‍ കാണുക. സിന്‍ജാറില്‍ എനിക്ക് പറയാനുള്ള സന്ദേശം എന്താണെന്ന് തിരിച്ചറിയുക.

കലാകാരന്‍ അവന്റെ അവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ സമൂഹത്തിനോട് സംവദിക്കുന്നതാണ് സിനിമ. എന്റെ സിനിമയുടെ സന്ദേശവും അത്തരത്തിലുള്ള നല്ല ഉദ്ദേശത്തോടെ ഞാന്‍ എഴുതിതയ്യാറാക്കിയ സൃഷ്ടിമാത്രമാണ്. അതിനെ കലയായി മാത്രം കാണുക.
നിങ്ങള്‍ സിന്‍ജാര്‍ കണ്ടവരോട് ചോദിക്കുക. എവിടെയെങ്കിലും ഒരു വിഭാഗത്തിനെ അവഹേളിക്കുന്ന രീതിയില്‍ ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ല.'

സിന്‍ജാര്‍ രാജ്യാന്തര ചലച്ചിത്രമേളയുടെ 'പോട്ട്പുരി ഇന്ത്യ' വിഭാഗത്തിലാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. നിരവധി വിദേശ, ദേശീയ ചലച്ചിത്രമേളകളില്‍ മികച്ച പ്രതികരണം നേടിയ സിന്‍ജാറില്‍ ശ്രിന്ദ അര്‍ഹാന്‍, മൈഥിലി, മുസ്തഫ, സേതുലക്ഷ്മി തുടങ്ങയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlights : Sinjar, Sandeep Pampally, IFFK 2018, Kerala Film Festival, International Film Festival of Kerala

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram