തിരുവനന്തപുരം: പ്രളയം സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും അന്താരാഷ്ട്ര ചലച്ചിത്രമേള ഒത്തൊരുമയുടെയും കേരളത്തിന്റെ സാംസ്‌കാരിക ഔന്നത്യത്തിന്റെയും മേളയായി. ആര്‍ഭാടങ്ങളെല്ലാം ഒഴിവാക്കി നടത്തിയ മേള സംഘാടനത്തില്‍ കാര്യമായ പിഴവുകളൊന്നുമില്ലാതെയാണ് പൂര്‍ത്തീകരിച്ചത്. ടാഗോര്‍ തീയേറ്ററില്‍ അനുഭവപ്പെട്ട ചില സാങ്കേതിക പ്രശ്നങ്ങളെയും ഒരു ഹര്‍ത്താലിനെയും അതിജീവിച്ചാണ് ഏഴു ദിവസം നീണ്ടുനിന്ന മേള സമാപ്തിയിലെത്തിയത്. മറ്റു വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ പരാതികളൊന്നും ഇക്കുറി ഡലിഗേറ്റുകളുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്.
പ്രളയത്തിന്റെ കെടുതികളും പുനര്‍നിര്‍മാണമെന്ന വലിയ ബാധ്യതയും മുന്നില്‍ നില്‍ക്കുന്നതിനാല്‍ ഇക്കുറി മേള വേണ്ടെന്ന് ആദ്യം അഭിപ്രായമുയര്‍ന്നെങ്കിലും പിന്നീടത് മാറ്റിയാണ് ആര്‍ഭാടങ്ങള്‍ ഒഴിവാക്കി മേള നടത്താന്‍ തീരുമാനിച്ചത്. ഡലിഗേറ്റുകളില്‍നിന്ന് കൂടുതല്‍ തുക ഫീസായി ഈടാക്കിയും സര്‍ക്കാര്‍ ഫണ്ട് ഇല്ലാതെ മേള നടത്താനും ഉദ്ഘാടന, സമാപന ചടങ്ങുകളുടെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയുമാണ് ഇക്കുറി മേള നടത്തിയത്. ഫീസ് വര്‍ധിപ്പിച്ചത് ഡലിഗേറ്റുകളുടെ എണ്ണത്തില്‍ കുറവുവരാന്‍ ഇടയാക്കിയെങ്കിലും സിനിമകളുടെ തിരഞ്ഞെടുപ്പിലോ സംഘാടനത്തിലോ കാര്യമായ പിഴവുകള്‍ ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്.
ചലച്ചിത്രമേളയുടെ മാറ്റ് കുറയാതിരിക്കാന്‍ വിവിധയിടങ്ങളില്‍നിന്ന് മേളയുടെ സംഘാടകര്‍ക്ക് സഹായങ്ങള്‍ ലഭിച്ചത് മേളയുടെ പകിട്ട് നിലനിര്‍്ത്താന്‍ സഹായകമായി. ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി ഇത്തവണ ഫെസ്റ്റിവല്‍ ബുക്ക് വേണ്ടെന്നുവെച്ചിരുന്നെങ്കിലും സൗജന്യമായി ബുക്ക് തയ്യാറാക്കാന്‍ യുവാക്കളുടെ ഒരു സംഘം മുന്നോട്ടുവന്നു. പ്രളയ ദുരിതത്തില്‍നിന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പ് ചിത്രീകരിക്കുന്ന സിഗ്‌നേച്ചര്‍ ഫിലിമും മേളയുടെ പകിട്ടു കുറയാതെ കാത്തു.
ചൊവ്വാഴ്ച തിരുവനന്തപുരം ജില്ലയില്‍ നടന്ന ഹര്‍ത്താല്‍ മേളയുടെ ആവേശത്തെ കാര്യമായി ബാധിച്ചില്ലെന്നു പറയാം. രാവിലത്തെ പ്രദര്‍ശനങ്ങള്‍ക്ക് തിരക്ക് അല്‍പം കുറവായിരുന്നെങ്കിലും ഉച്ചയ്ക്കു ശേഷം തീയേറ്ററുകളില്‍ വലിയ ക്യൂ ആണ് രൂപപ്പെട്ടത്.
മേളയുടെ രണ്ടാം ദിവസമായ ശനിയാഴ്ച ടാഗോര്‍ തിയേറ്ററില്‍ പ്രൊജക്ടര്‍ തകരാറിലായതാണ് മേളയ്ക്കിടയിലുണ്ടായ എടുത്തുപറയാവുന്ന തടസ്സം. രണ്ടു ദിവസത്തെ പ്രദര്‍ശനങ്ങള്‍ മുടങ്ങിയെങ്കിലും മറ്റൊരു പ്രൊജക്ടര്‍ എത്തിച്ച് തിങ്കളാഴ്ച മുതല്‍ പ്രദര്‍ശനം പുനരാരംഭിക്കാനായി. മാത്രമല്ല, തുടര്‍ ദിവസങ്ങളില്‍ ടാഗോറില്‍ ദിവസം അഞ്ചു സിനിമകള്‍ക്കു പകരം ആറ് സിനിമകള്‍ വീതം പ്രദര്‍ശിപ്പിച്ച് മുടങ്ങിപ്പോയ പ്രദര്‍ശനങ്ങള്‍ പൂര്‍ത്തീകരിക്കാനും സാധിച്ചു.
സിനിമയെ സ്നേഹിക്കുന്ന ഡെലിഗേറ്റുകളുടെ ഭാഗത്തുനിന്നും വലിയ സഹകരണമാണ് ഇത്തവണ മേളയിലുണ്ടായത്. ഡെലിഗേറ്റ് ഫീസ് രണ്ടായിരം രൂപയാക്കിയിട്ടും മിക്കവാറും തിയേറ്ററുകള്‍ നിറഞ്ഞുതന്നെയാണ് പ്രദര്‍ശനം നടന്നത് എന്നതും ശ്രദ്ധേയമാണ്. പ്രളയത്തെ അതിജീവിക്കാന്‍ കാണിച്ച മനസ്സാന്നിധ്യവും ഒത്തൊരുമയും മലയാളികളുടെ അഭിമാനമായ അന്താരാഷ്ട്ര ചലച്ചിത്രമേളയെ വിജയത്തിലെത്തിക്കുന്നതിലും പ്രകടിപ്പിക്കാന്‍ സാധിച്ചു എന്നതാണ് എടുത്തുപറയേണ്ടത്.
ContentHighlights: kerala film festival, iffk 2018