കൊല്‍ക്കത്ത രാജ്യാന്തര ചലച്ചിത്രമേളയടക്കം നിരവധി മേളകളില്‍ പ്രദര്‍ശിപ്പിച്ച ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ മുഹമ്മദ്: ദ മെസ്സഞ്ചര്‍ ഓഫ് ഗോഡ് എന്ന ചിത്രം പ്രദര്‍ശിപ്പിക്കാൻ കഴിയാതിരുന്നതിന് കാരണം കേന്ദ്രസര്‍ക്കാരെന്ന് അക്കാദമി വൈസ് ചെയര്‍പേഴ്സണും ആര്‍ട്ടിസ്റ്റിക് ഡയറക്ടറുമായ ബീനാ പോള്‍ പറഞ്ഞു.
ചലച്ചിത്രമേളയുടെ ഭാഗമായി സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. പ്രദര്‍ശനാനുമതി തേടി ആഴ്ചകള്‍ക്കു മുന്‍പേ അപേക്ഷ നല്‍കിയിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ സിനിമ പ്രദര്‍ശിപ്പിക്കണോ വേണ്ടയോ എന്ന് അറിയിച്ചില്ല. മറുപടിയൊന്നും നല്‍കാതെ അപേക്ഷയെ അവഗണിച്ച് കേന്ദ്രം കേരളത്തോടുള്ള സമീപനം വെളിപ്പെടുത്തിയതായും അവര്‍ പറഞ്ഞു.
ചിത്രത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിച്ചതായി അറിയിക്കുന്നതു വഴിയുണ്ടാകുന്ന പ്രതിഷേധങ്ങള്‍ ഭയന്നാണ് മറുപടിയൊന്നും നല്‍കാത്തത്. ഇത് കേന്ദ്ര സര്‍ക്കാരിന്റെ കള്ളക്കളിയാണ് വെളിപ്പെടുത്തുന്നതെന്നും ബീനാപോള്‍ വ്യക്തമാക്കി.
തിയ്യറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയതിനെതിരേയും സ്ത്രീകള്‍ക്ക് പൊതു ഇടങ്ങള്‍ നിഷേധിക്കുന്നതിനെക്കുറിച്ചും സജീവമായ സംവാദങ്ങളും പ്രതികരണങ്ങളും നടത്തിയ വേദിയാണ് ഐ.എഫ്എഫ്.കെയെന്ന് അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു. അത്തരം സംവാദങ്ങളുടെ വേദിയായി ചലച്ചിത്രമേളകള്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, വി.കെ ജോസഫ്, പി.കുമാരന്‍, സിബി മലയില്‍, ജി.പി രാമചന്ദ്രന്‍, മധു ജനാര്‍ദനന്‍, സി.എസ് വെങ്കിടേശ്വരന്‍ എന്നിവര്‍ പങ്കെടുത്തു.
Content Highlights: Beena paul about Mohammad the messeger of god, majid majeedi,iffk 2018