ഇരുപത്തിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഫെസ്റ്റിവല്‍ ബുക്ക് സൗജന്യമായി തയ്യാറാക്കി നല്‍കിയ ടീമിലെ പ്രധാനിയും ഫെസ്റ്റിവല്‍ ബുക്കിന്റെ എക്‌സിക്യുട്ടീവ് എഡിറ്ററുമായ ജിതിന്‍ കെ.സി. പറയുന്നു.
കഴിഞ്ഞ വര്‍ഷവും ഫെസ്റ്റിവല്‍ ബുക്ക് ചെയ്തത് ഞങ്ങളുടെ കൂട്ടം തന്നെയായിരുന്നു. പ്രളയത്തിനു ശേഷം മേള തന്നെ മുടങ്ങുന്ന സ്ഥിതിയാണ് ഉണ്ടായത്. ഒടുവില്‍ മേള നടത്താമെന്നായപ്പോള്‍ ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ഫെസ്റ്റിവല്‍ ബുക്ക് ഇറക്കുന്നില്ല എന്നു തീരുമാനിക്കുകയായിരുന്നു. അക്കാര്യം അറിഞ്ഞപ്പോള്‍ ഞങ്ങള്‍ ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം ജി.പി. രാമചന്ദ്രനോട് ഞങ്ങള്‍ കുറച്ച് സുഹൃത്തുക്കളും ഫിലിം സൊസൈറ്റി അംഗങ്ങളും ചേര്‍ന്ന് സംസാരിക്കുകയായിരുന്നു. അങ്ങനെയാണ് റെമ്യൂണറേഷന്‍ ഒന്നും വാങ്ങാതെ തന്നെ ഫെസ്റ്റിവല്‍ ബുക്ക് തയ്യാറാക്കി നല്‍കാം എന്ന തീരുമാനത്തില്‍ എത്തുന്നത്.
ഡിസൈനര്‍ ജോബി രവീന്ദ്രന്‍ ആണ് ലേഔട്ട് ചെയ്തു തന്നിരിക്കുന്നത്. ശിവ പ്രസാദ് എന്നയാളാണ് പേജ് സെറ്റ് ചെയ്തു തന്നത്.
ഞങ്ങള്‍ പതിനഞ്ച് സുഹൃത്തുക്കള്‍ ചേര്‍ന്നാണ് കണ്ടന്റ് എഴുതിയതും ട്രാന്‍സ്ലേഷന്‍സ് ചെയ്തതും എഡിറ്റ് ചെയ്തതും എല്ലാം.
ഫെസ്റ്റിവല്‍ ബുക്കായി പ്രിന്റ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു ആപ്പ് ആയി എങ്കിലും ഇറക്കണം എന്ന ഉദ്ദേശത്തോടു കൂടിയാണ് എല്ലാ വിവരങ്ങളും പി.ഡി.എഫ്. ഫോര്‍മാറ്റില്‍ തയ്യാറാക്കിയത്.
പലരും ഫെസ്റ്റിവല്‍ ബുക്ക് സൂക്ഷിച്ചു വയ്ക്കുന്നത് കണ്ടിട്ടുണ്ട്. കഴിഞ്ഞു പോയ ഫെസ്റ്റിവലിനെക്കുറിച്ചുള്ള ഓര്‍മയും സിനിമയോടുള്ള ഇഷ്ടവുമാണ് ഇത്തരം സൂക്ഷിച്ചു വയ്ക്കലുകളുടെ പിന്നില്‍. അങ്ങനെ ഒരോര്‍മ പണത്തിന്റെ പോരായ്മയുടെ പേരില്‍ നഷ്ടപ്പെടരുത് എന്ന ആഗ്രഹത്തില്‍ നിന്നാണ് പണം വാങ്ങാതെ തന്നെ ഫെസ്റ്റിവല്‍ ബുക്ക് തയ്യാറാക്കാന്‍ തീരുമാനിച്ചത്.
ഫെസ്റ്റിവല്‍ ബുക്കിന്റെ പ്രിന്റിംഗ് വരെയെത്തുന്ന എല്ലാ ജോലികളും തീര്‍ത്താണ് പി.ഡി.എഫ്. ഫോര്‍മാറ്റിലാക്കി അക്കാദമിക്ക് നല്‍കിയത്. 12 ദിവസം കൊണ്ടാണ് ജോലികളെല്ലാം തീര്‍ത്തത്.
Content Highlights : 23rd iffk 2018 latest news and updates festival book, free festival book by delegates, iffk 2018