ഐ എഫ് എഫ് കെയില്‍ മാത്രമാണ് ഒരുപാട് നല്ല മലയാളം സിനിമകള്‍ കാണാനാവുന്നത്-പ്രകാശ് ബാരെ


റോസ രവീന്ദ്രന്‍

3 min read
Read later
Print
Share

മൂന്നു ദിവസത്തിനടിയില്‍ ഒരു പ്രശസ്ത ബോളിവുഡ് സംവിധായകന്റെ മനസ് മാറുന്നതാണ് ചിത്രം കാണിക്കുന്നത്.

ഒരു നല്ല പെയിന്റിംഗ് പോലെ തന്നെ മനോഹരമാണ് ബിജുകുമാര്‍ ദാമോദരന്‍ സംവിധാനം ചെയ്ത 'പെയിന്റിംഗ് ലൈഫ്' എന്ന ചിത്രം. ഹിമാചല്‍ പ്രദേശിലെ ഒരു ഗ്രാമത്തിലേക്കുള്ള യാത്ര എങ്ങനെ ഒരു സിനിമ സംവിധായകന്റെ ജീവിതം മാറ്റിമറിക്കുന്നു എന്നുള്ളതാണ് ഈ ചിത്രം പറയുന്നത്. ഈ ചിത്രത്തിലെ സംവിധായകന്റെ വേഷം തന്മയത്വത്തോടെ അവതരിപ്പിച്ച നടന്‍ പ്രകാശ് ബാരെ ഈ സിനിമയിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.

പെയിന്റിംഗ് ലൈഫ് എന്ന ചിത്രത്തില്‍ അഭിനയിച്ച അനുഭവങ്ങള്‍ എന്തൊക്കെയായിരുന്നു?

ഒരുപാട് വെല്ലുവിളികളുള്ള ഒരു കഥാപാത്രമായിരുന്നു അത്. മൂന്നു ദിവസത്തിനടിയില്‍ ഒരു പ്രശസ്ത ബോളിവുഡ് സംവിധായകന്റെ മനസ് മാറുന്നതാണ് ചിത്രം കാണിക്കുന്നത്. ഈ മാറ്റം സ്വാഭാവികവും ഒഴിച്ചുകൂടാനാവാത്തതുമായി പ്രേക്ഷകര്‍ക്കു തോന്നണം. അത് അഭിനയിച്ച ഫലിപ്പിക്കാന്‍ എളുപ്പമല്ല. ഒരു ധാര്‍ഷ്ട്യക്കാരനായ വ്യക്തിയെ അവതരിപ്പിക്കണോ അതോ ഒരു ലോലഹൃദയനായ വ്യക്തിയെ അവതരിപ്പിക്കണോ എന്നെനിക്ക് സംശയം ഉണ്ടായിരുന്നു. അവസാനം ഇതിനിടിയിലുള്ള ഒരു വ്യക്തിയെ ഞാന്‍ തിരഞ്ഞെടുത്തു. നായകന്‍ തുടക്കത്തില്‍ ഒരു മിതഭാഷിയായ ആളായിട്ടാണ് എത്തുന്നത്. സമൂഹത്തിന് വേണ്ടി സിനിമയിലൂടെ എന്തെങ്കിലും ചെയ്യാന്‍ അവസരം ലഭിക്കാത്ത ഒരു വ്യക്തിയായിരുന്നു അയാള്‍. ആ കഥാപാത്രം ബുദ്ധിമുട്ടുള്ളതും എന്നാല്‍ ഞാന്‍ വളരെ ആസ്വദിച്ച് ചെയ്ത ഒന്നുമായിരുന്നു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നാണ് ഈ സിനിമയിലെ അഭിനേതാക്കളേയും അണിയറ പ്രവര്‍ത്തകരെയും കണ്ടെത്തിയത്. ആസ്സാം, സിക്കിം, ഹിമാചല്‍ പ്രദേശ്, ബോംബെ എന്നിങ്ങനെ വ്യത്യസ്ത സ്ഥലങ്ങളിലുള്ളവരായിരുന്നു എല്ലാവരും. ഇത്രയും കഴിവുള്ള ഒരുപാട് പേരുടെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഗീതാഞ്ജലി തപയും സിനിമയില്‍ ടെന്‍സിങ്ങായെത്തിയ വ്യക്തിയും ഒരുമിച്ച് പഠിച്ചവരാണ്. അതുകൊണ്ട് തന്നെ ഒരു കുടുംബം പോലെ ആയിരുന്നു ഞങ്ങള്‍.

സിനിമയുടെ തിരക്കഥ വായിച്ചപ്പോള്‍ താങ്കളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച ഏതെങ്കിലും ഘടകം ഉണ്ടായിരുന്നോ?

ഈ സിനിമയില്‍ എന്നെ ആകര്‍ഷിച്ച ഒരുപാട് ഘടകങ്ങളുണ്ട്. ഒറ്റനോട്ടത്തില്‍ നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന തരത്തിലുള്ള ഒരു തിരക്കഥയല്ലെങ്കിലും ഒരു സിനിമാ സംവിധായകന്‍ എന്നും ജീവിതത്തില്‍ നേരിടുന്ന ചില പ്രധാന ചോദ്യങ്ങളെ അത് അഭിസംബോധന ചെയുന്നുണ്ട്. ഏത് തരത്തിലുള്ള സിനിമയാണ് നമ്മള്‍ ഉണ്ടാക്കേണ്ടത്? ആരാണ് നമ്മുടെ പ്രേക്ഷകര്‍? അവര്‍ക്ക് വേണ്ടതാണോ നമ്മള്‍ നല്‍കുന്നത് തുടങ്ങിയ നിരവധി ചോദ്യങ്ങള്‍. നമ്മുടെ സിനിമയിലൂടെ ഇതിനുള്ള ഉത്തരങ്ങള്‍ നല്കാനാവുന്നു എന്നുള്ളത് എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച ഒന്നാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ രാഷ്ട്രമാണ് ഇന്ത്യ. അത് കൊണ്ട് തന്നെ ഇംഗ്ലീഷിലുള്ള സിനിമകള്‍ ഇവിടെ നിന്നുണ്ടാകണം. അങ്ങനെയാണ് ഞങ്ങള്‍ ഇംഗ്ലീഷ് ഭാഷയിലെ ചിത്രത്തിന്റെ ഭാഗമാവണമെന്ന് തോന്നിയത്. മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് അയ്യര്‍ എന്ന ചിത്രമായിരുന്നു ഈ രീതി തുടങ്ങി വച്ചത്.

സിനിമയ്ക്ക് ലഭിച്ച പ്രതികരണങ്ങള്‍ എന്തായിരുന്നു?

ഈ ചിത്രം പൂര്‍ത്തിയായിട്ട് നാലു മാസമായി. ഇതുവരെ പതിമൂന്നോളം ചലച്ചിത്ര മേളകളില്‍ ഇതു പ്രദര്‍ശിപ്പിച്ചു. കാനഡയിലെ മോണ്‍ട്രിയല്‍ മേളയിലായിരുന്നു ആദ്യ പ്രദര്‍ശനം. എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത്. ഹിമാചല്‍ പ്രദേശിലെ ഡാമുകളെ പറ്റിയുള്ള ഭാഗങ്ങളൊന്നും തിരക്കഥയില്‍ ഇല്ലായിരുന്നു. അവിടെ ചെന്ന് ഡാമുകള്‍ക്കെതിരെയുള്ള സമരത്തില്‍ പങ്കെടുത്തവരെ കണ്ടപ്പോഴാണ് അതുംകൂടി ഉള്‍പ്പെടുത്തണമെന്ന് തോന്നിയത്. അത് സിനിമയെ കൂടുതല്‍ സാമൂഹിക പ്രതിബദ്ധതയുള്ളതാക്കി മാറ്റി.

ഐ എഫ് എഫ് കെയില്‍ കണ്ടതില്‍ വച്ച ഏറ്റവും ഇഷ്ടപെട്ട ചിത്രം ഏതാണ്?

ഐ എഫ് എഫ് കെയില്‍ ഒരുപാട് ചിത്രങ്ങള്‍ കാണാന്‍ സമയം കിട്ടിയില്ല. 'ക്രിസ്റ്റല്‍ സ്വാന്‍' എന്നൊരു സിനിമ കണ്ടു. അത് ഇഷ്ടപ്പെട്ടു. ഞാന്‍ കൂടുതലും മലയാളം സിനിമകള്‍ കാണാനാണ് ശ്രമിക്കുന്നത്. ഐ എഫ് എഫ് കെയില്‍ മാത്രമാണ് ഒരുപാട് നല്ല മലയാളം സിനിമകള്‍ കാണാനാവുന്നത്. ഇപ്പോള്‍ വിനു കൊളിച്ചാലിന്റെ ആദ്യ ചിത്രമായ 'ബിലാത്തിക്കുഴല്‍' കണ്ടു. ഒരുപാട് ശ്രദ്ധേയമായ ഷോട്ടുകളുള്ള സിനിമ ഒരു മനുഷ്യന്റെ ജീവിതത്തില്‍ ഉടനീളം മാറാതെ നില നില്‍ക്കുന്ന ഒരു ആഗ്രഹത്തിന്റെ കഥയാണ് പറയുന്നത്. വിനു നല്ല കഴിവുള്ള ഒരു സംവിധായകനാണ്. അദ്ദേഹത്തിന് തീര്‍ച്ചയായും നല്ല സിനിമകളെടുക്കാന്‍ കഴിയും.

Content highlights : Prakash Bare interview, 23rd iffk 2018 latest news and updates, The Dark room film

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram