കൊച്ചി: സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇന്‍ സിനിമ കളക്ടീവും താനും ദിലീപിനെ പുറത്താക്കിയ നടപടിയില്‍ തൃപ്തരാണെന്ന് അമ്മ എക്സിക്യുട്ടീവ് അംഗം കൂടിയായ നടി രമ്യാ നമ്പീശന്‍. കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തില്‍ അമ്മയുടെ നിലപാടിനോട് വ്യക്തിപരമായി എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ തീരുമാനത്തില്‍ തൃപ്തയാണ്. വിമന്‍ ഇന്‍ സിനിമ കളക്ടീവില്‍ ചര്‍ച്ച ചെയ്ത കാര്യം അമ്മയുടെ യോഗത്തില്‍ ശക്തമായി തന്നെ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കുന്ന തീരുമാനത്തിലെത്തിയത്-രമ്യ വ്യക്തമാക്കി. കൊച്ചിയില്‍ മമ്മൂട്ടിയുടെ വീട്ടില്‍ നടന്ന അമ്മയുടെ അടിയന്തര എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രമ്യാ നമ്പീശന്‍.
ഇത് ഒരു മാറ്റത്തിന്റെ തുടക്കമായാണ് കരുതുന്നത്. സ്ത്രീകള്‍ക്ക് ഭയമില്ലാതെ ജോലിക്ക് പോകണം. അമ്മയില്‍ അമ്പത് ശതമാനം സ്ത്രീ സംവരണം കൊണ്ടുവരണമെന്ന കാര്യം ഉന്നയിച്ചിട്ടുണ്ട്. അത് ഇനി വരുന്ന ഔദ്യോഗിക ജനറല്‍ ബോഡി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്-രമ്യ ചൂണ്ടിക്കാട്ടി.
സ്ത്രീകളെ ചൂഷണം ചെയ്യുന്നില്ലെന്ന അമ്മ പ്രസിഡന്റ് ഇന്നസെന്റിന്റെ പരാമര്‍ശം തെറ്റാണ്. എല്ലാ മേഖലയിലും സത്രീകള്‍ ചൂഷണത്തിനിരയാകുന്നുണ്ട്. ഇത്തരത്തില്‍ സ്ത്രീകള്‍ക്കെതിരെ മോശം പ്രസ്താവന നടത്തുന്നതിലുള്ള പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇനി സംഘടനയിലെ അംഗങ്ങളാരെങ്കിലും സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയാല്‍ കേസിന് പോകുമെന്നും അമ്മ ഉറപ്പു തന്നിട്ടുണ്ട്-രമ്യാ നമ്പീശന്‍ ചൂണ്ടിക്കാട്ടി.
ദിലീപിനെ പുറത്താക്കിയ തീരുമാനത്തില്‍ തൃപ്തനാണെന്നും ആക്രമിക്കപ്പെട്ട നടിക്ക് നീതിയാണ് ലഭിക്കേണ്ടതെന്നും നടന്‍ ആസിഫ് അലി പ്രതികരിച്ചു.