ദിലീപിന്റെ റിമാന്‍ഡും കേസിനെക്കുറിച്ചുള്ള വാദകോലാഹലങ്ങളും മുറുകുന്നതിനിടെ ആരാധകരോടും ജനങ്ങളോടും അമിതാവേശം അരുതെന്ന ഉപദേശവുമായി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി രംഗത്ത്.
കുറ്റം ചെയ്തു എന്ന് തെളിയിക്കപ്പെടുന്നത് വരെ ഒരാളും കുറ്റവാളി അല്ല. കയ്യടിയുടെയും കൂക്കുവിളിയുടെയും ഇടയില്‍, കരുണയുടെയും ക്രൂരതയുടെയും ഇടയില്‍ ഒരു ഇടമുണ്ട്. പരിഷ്‌കൃതമായ ലോകം ഈ ഇടങ്ങളില്‍ ആണ് നിലയുറപ്പിക്കുന്നത്. നിയമം നടക്കട്ടെ. നീതി പുലരട്ടെ. കോലാഹലം അല്ല ഉത്തരം-മുരളി ഗോപി ഫെയ്സ്ബുക്കില്‍ കുറിച്ചു.
ദിലീപ് അടുത്തതായി അഭിനയിക്കേണ്ടിയിരുന്ന കമ്മാരസംഭവം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ് മുരളി ഗോപി. മുരളി ഗോപിയുടെ തിരക്കഥയെഴുതിയ ആദ്യ ചിത്രമായ രസികനിലും ദിലീപായിരുന്നു നായകന്‍.