കൊച്ചി: ദിലീപാണ് തന്റെ അവസരങ്ങള്‍ ഇല്ലാതാക്കിയതെന്ന പ്രചാരണത്തിന് മറുപടിയുമായി നടന്‍ കലാഭവന്‍ ഷാജോണ്‍. വീണുപോയ ഒരാളെ ചവിട്ടാന്‍ തന്നെ ആയുധമാക്കരുതെന്നും കുഞ്ഞിക്കൂനന്‍ എന്ന സിനിമയില്‍ നിന്ന് തന്നെ പുറത്താക്കിയത് ദിലീപല്ലെന്നും കലാഭവന്‍ ഷാജോണ്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാജോണ്‍ തന്റെ നിലപാട് അറിയിച്ചത്.
കുഞ്ഞിക്കൂനനില്‍ അഭിനയിക്കാന്‍ താന്‍ പോകുകയും മേക്കപ്പ് ടെസ്റ്റ് നടത്തുകയും ചെയ്തിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ ആ വേഷം തനിക്ക് ലഭിച്ചില്ല. അതിനു കാരണം ദിലീപായിരുന്നില്ലെന്നും കലാഭവന്‍ ഷാജോണ്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
കുഞ്ഞിക്കൂനന്റെ സംവിധായകന്‍ ശശി ശങ്കറിനോട് ദിലീപാണ് തന്റെ പേര് നിര്‍ദേശിച്ചതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് താന്‍ സെറ്റില്‍ എത്തിയതെന്നും കലാഭവന്‍ ഷാജോണ്‍ വ്യക്തമാക്കി.
കലാഭവന്‍ ഷാജോണിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
വീണുപോയ ഒരാളിനെ ചവിട്ടാന്‍ എന്നെ ആയുധമാക്കരുത്... പറയാന്‍ കാരണം, കുഞ്ഞിക്കൂനന്‍ എന്ന സിനിമയില്‍ നിന്ന് എന്നെ പുറത്താക്കിയത് ദിലീപേട്ടന്‍ ആണെന്നൊരു വാര്‍ത്ത പ്രചരിക്കുന്നു. ഞാന്‍ കുഞ്ഞിക്കൂനലില്‍ അഭിനയിക്കാന്‍ പോവുകയും മേക്ക് അപ്പ് ടെസ്റ്റ് നടത്തുകയും ചെയ്തിരുന്നു പക്ഷെ നിര്‍ഭാഗ്യവശാല്‍ ആ വേഷം എനിക്ക് ലഭിച്ചില്ല അതിനു കാരണം ഒരിക്കലും ദിലീപേട്ടന്‍ ആയിരുന്നില്ല ദിലീപേട്ടന്‍ ശശിശങ്കര്‍ സാറിനോട് റെക്കമെന്റ് ചെയ്തിട്ടാണ് ഞാന്‍ ആ സെറ്റില്‍ എത്തിയത് തന്നെ. അതുകൊണ്ടു അസത്യങ്ങള്‍ വാര്‍ത്തകള്‍ ആക്കരുത്