ദിലീപിന്റെ അറസ്റ്റ് വിഷയത്തിലെ ട്രോളുകളില്‍ മനംനൊന്ത് വിശദീകരണവുമായി സംവിധായകന്‍ രാജസേനന്‍ രംഗത്ത്. തന്റെ സിനിമാ ജീവിതം തകര്‍ത്തത് ദിലീപല്ലെന്നും അങ്ങിനെ താന്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ രാജസേനന്‍ പറഞ്ഞു. ഇങ്ങിനെ പറയാത്ത കാര്യങ്ങളുടെ പേരിലാണ് എന്നെ ഇപ്പോള്‍ ട്രോളുന്നത്. കളിയാക്കാം. പക്ഷേ, ഒരുപാട് ദ്രോഹിക്കരുത്-രാജസേനന്‍ അഭ്യര്‍ഥിച്ചു.
എന്റെ ഒരു വലിയ പ്രോജക്ടില്‍ നിന്നും ദിലീപ് പിന്‍മാറിയിരുന്നു. ഇക്കാര്യം ദിലീപിനും എനിക്കും ദിലീപിന്റെ തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണനും സിബി കെ. തോമസിനും അറിയാം. എന്റെ കൈകൊണ്ടാണ് അവര്‍ക്ക് അഡ്വാന്‍സ് കൊടുത്തത്. ഇതല്ലാതെ ദിലീപ് എന്നോട് ഒന്നും ചെയ്തിട്ടില്ല. എന്നാല്‍, സിനിമാരംഗത്ത് ദിലീപ് കൊണ്ടുവന്ന ചില രീതികളുണ്ട്. സംവിധായകര്‍ക്ക് ഒരു വിലയും മാന്യതയും നല്‍കാതെ നടന്മാര്‍ എല്ലാറ്റിലും ഇടപെടുകയും കഥ തിരുത്തുകയും നടികളെയും ക്യാമറാമാനെയും സംഗീതസംവിധായകനെയുമെല്ലാം തീരുമാനിക്കുകയും ചെയ്യുന്ന ഈ രീതി കൊണ്ടാണ് ഞാന്‍ സിനിമയെടുക്കാത്തത്. ഞാന്‍ അങ്ങിനെ ഒരു നടന്റെ അടുത്തും പോയിട്ടില്ല. ഇനി പോവുകയുമില്ല. അത് ജയറാമിന് അറിയാം. ജയറാമും അങ്ങിനെ തുടങ്ങിയപ്പോഴാണ് ഞാന്‍ അദ്ദേഹത്തില്‍ നിന്നകന്നത്. എന്നെ ആരും തകര്‍ത്തിട്ടില്ല. തകര്‍ക്കാന്‍ ഞാന്‍ ആര്‍ക്കും നിന്നുകൊടുക്കാറുമില്ല. എന്റെ ചില സിനിമകള്‍ മോശമായിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം എനിക്ക് മാത്രമാണ്-രാജസേനന്‍ പറഞ്ഞു.
രാജസേനന്റെ വീഡിയോയില്‍ നിന്ന്
ട്രോളിങ് നല്ലൊരു കലയാണ്. നല്ല തലയുളളവരാണ് അത് ഉണ്ടാക്കിയിരിക്കുന്നത്. പക്ഷേ, ട്രോളിങ്ങില്‍ ചെറിയ ന്യായീകരണമൊക്കെ വേണം. കോമഡിക്ക് ലോജിക്ക് വേണ്ട എന്നാണ് പറയുന്നതെങ്കില്‍ പോലും. ഒരാളെ കളിയാക്കാം. എന്നാല്‍, ഒരുപാട് നോവിക്കരുത് എന്നെനിക്ക് തോന്നാറുണ്ട്. ദിലീപിന്റെ വിഷയത്തില്‍ ഞാന്‍ അടുത്ത കാലത്ത് കുറച്ച് ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു. ആ ചര്‍ച്ചകളില്‍ ഞാന്‍ പറയാത്ത കാര്യങ്ങള്‍ വച്ചാണ് എന്നെ ട്രോളിയത്. എന്റെ സിനിമാ ജീവിതം നശിപ്പിച്ചത് ദിലീപാണ് എന്ന് പറയുന്ന ഒരു ട്രോള്‍ കണ്ടു. എന്നാല്‍, അങ്ങിനെ ഒരു വാക്ക് ഞാന്‍ പറഞ്ഞിട്ടില്ല. എന്റെ സിനിമാ ജീവിതം നശിപ്പിക്കാന്‍ ദിലീപ് ഒന്നും ചെയ്തിട്ടുമില്ല. ഒരു വലിയ പ്രോജക്ട് പ്ലാന്‍ ചെയ്തിട്ട് ദിലീപ് അതില്‍ നിന്ന് മാറിയിട്ടുണ്ട്. ഞാന്‍ പോലും അറിയാതെ അതിന്റെ നിര്‍മാതാവിനെ കണ്ട് അതില്‍ നിന്ന് മാറിയിട്ടുണ്ട്. അതെനിക്കും ദിലീപിനും അറിയാം. ദിലീപിന്റെ തിരക്കഥാകൃത്തുക്കളായ ഉദയകൃഷ്ണനും സിബി കെ. തോമസിനും അറിയാം. ഇവര്‍ക്ക് മൂന്നുപേര്‍ക്കും എന്റെ കൈ കൊണ്ടാണ് അഡ്വാന്‍സ് കൊടുത്തത്.
അതല്ലാതെ എന്റെ സിനിമാജീവിതത്തില്‍ ദിലീപ് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. അമ്മ എന്ന സംഘടനയുടെ കാര്യത്തെക്കുറിച്ചും ഞങ്ങളുടെ സംഘടനയെക്കുറിച്ചും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെക്കുറിച്ചും ഞാന്‍ പ്രതികരിച്ചിട്ടുണ്ട്. ആ പറഞ്ഞതില്‍ ഞാന്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. കാരണം സിനിമയില്‍ ഇപ്പോള്‍ ഒരുപാട് നെഗറ്റീവായിട്ടുള്ള കാര്യങ്ങളുണ്ട്. ഇപ്പോഴത്തെ സിനിമാനിര്‍മാണത്തിലെ പ്രശ്‌നങ്ങള്‍ കൊണ്ടാണ് എന്റെ ഫിലിം മേക്കിങ്ങിന് ഒരു ഗ്യാപ്പ് വന്നത്. ഒരു നടന്റെ അടുത്തേക്ക് ചെല്ലുക. അയാള്‍ പറയുന്ന നടിയെ വെക്കുക, അയാൾ പറയുന്ന ക്യാമറാമാനെയും സംഗീതസംവിധായകനെയും വെക്കുക, കഥ തിരുത്തുക തുടങ്ങിയ സമ്പ്രദായം എനിക്കറിയില്ല. ആ ഒരു മേക്കിങ്ങിനോട് എനിക്ക് യോജിപ്പുമില്ല. അതാണ് എന്റെ സിനിമയ്ക്ക് വരുന്ന ഈ ഗ്യാപ്പിന്റെ കാരണം.
ഞാനും തിരക്കഥയൊക്കെ ഉണ്ടാക്കി നല്ലൊരു നിര്‍മാതാവിനെ കാത്തിരിക്കുകയാണ്. അല്ലാതെ ഞാന്‍ ഈ സ്‌ക്രിപ്റ്റും കൊണ്ട് ഒരു നടന്റെയും അടുത്ത് പോയിട്ടില്ല. ഇനി പോവുകയുമില്ല. എന്റെ സിനിമയില്‍ കൂടുതലായി അഭിനയിച്ച ജയറാമിന് അത് നന്നായി അറിയാം. ജയറാം പോലും ആ രീതിയിലുള്ള പ്രവര്‍ത്തനം തുടങ്ങിയപ്പോഴാണ് ഞാന്‍ ജയറാമില്‍ നിന്നകന്നത്. ദിലീപ് വളരെ കഴിവുളള ഒരു നടനാണ്. ആ നടന്‍ മലയാള സിനിമയില്‍ കൊണ്ടുവന്ന പല രീതികളില്‍ ഒന്നാണ് ഇത്. എല്ലാറ്റിലും ഇടപെടുക. എന്നിട്ട് സംവിധായകനും ചുമതലയും ഉത്തരവാദിത്വവും കൊടുക്കാത്ത ആ സര്‍ഗശേഷിക്ക് യാതൊരു മാന്യതയും കൊടുക്കാത്ത ഒരു അവസ്ഥ സിനിമയില്‍ ഉണ്ട്. അതിനപ്പുറത്താണ് നിര്‍മാതാവിന്റെ അവസ്ഥ. വെറും കറിവേപ്പില പോലെയാണ്. ഇതൊക്കെ ഞാന്‍ പറഞ്ഞിട്ടുണ്ട്. അല്ലാതെ ദിലീപ് എന്റെ സിനിമാജീവിതം തകര്‍ത്തെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. എന്റെ ജീവിതം തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല. അത് തകര്‍ക്കാന്‍ ഒരാളുടെ മുന്നില്‍ ചെന്നിരുന്ന് കൊടുക്കുന്ന ഒരാളുമല്ല ഞാന്‍. എന്റെ ചില സിനിമകള്‍ വളരെ മോശമായിട്ടുണ്ട്. അതില്‍ സംശയമില്ല. അതിന്റെ പൂര്‍ണ ഉത്തരവാദിത്വം എനിക്ക് തന്നെയാണ്. അതുകൊണ്ട് ട്രോള്‍ ചെയ്യുന്നവര്‍ ഒരു കാര്യം ഓര്‍ക്കുക. കളിയാക്കാം. പക്ഷേ, ഒരുപാട് ദ്രോഹിക്കരുത്.