കൈയടി നേടുന്ന പോലീസ് പറയുമോ മണിയുടെ മരണത്തിന്റെ രഹസ്യം?


3 min read
Read later
Print
Share

കോടതിവിധി വന്ന് മാസം മൂന്നായിട്ടും സി.ബി.ഐ. കേസില്‍ എന്തെങ്കിലും തുമ്പുണ്ടാക്കിയോ എന്നറിയില്ല.

ലിയ അട്ടിമറികള്‍ ഇനി നടന്നില്ലെങ്കില്‍ കേരള പോലീസിന്റെ തൊപ്പിയിലെ തിളക്കമുള്ളൊരു നക്ഷത്രം തന്നെയാവും നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം. കേസ് ഒതുക്കിത്തീര്‍ക്കുമെന്ന് സകലരും പ്രവചിച്ച കേസില്‍ ആരും തൊടാന്‍ മടിക്കുന്ന ഒരു വമ്പന്‍ സ്രാവിനെ, മലയാള സിനിമ അടക്കിവാഴുന്ന ഒരു സൂപ്പര്‍താരത്തെ തന്നെ അകത്താക്കിയിരിക്കുകയാണ് അന്വേഷണസംഘം. അതും മാസങ്ങള്‍ക്കുള്ളില്‍. ഒരു സ്ത്രീപീഡനക്കേസില്‍ ഇത്തരമൊരു സ്റ്റാര്‍ പ്രതി ഇതുവരെ വന്നു വീണിട്ടില്ല കേരള പോലീസിന്റെ വലയില്‍.

ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് കേസില്‍ പഴുതുകളെല്ലാം അടച്ച അന്വേഷണമാണ് കേസില്‍ നടന്നത്. കണ്ണികളും വിളക്കിച്ചേര്‍ത്ത തെളിവുകളാണ് സമാഹരിച്ചത്. പിഴവുകളേതുമില്ലാത്ത കുറ്റപത്രമാണ് തയ്യാറാക്കിയത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ പള്‍സര്‍ സുനി എന്ന ചെറു മീനില്‍ നിന്നും ദിലീപ് എന്ന വമ്പന്‍ സ്രോവിലേയ്ക്കുള്ള അന്വേഷണയാത്ര പോലീസിന് അത്ര എളുപ്പമായിരുന്നില്ല. ഒന്നാമത് അന്വേഷണം നീളുന്നത് ദിലീപിലേയ്ക്കാണെന്ന് സിനിമാലോകത്തിനും പോലീസിനും തുടക്കം മുതല്‍ തന്നെ ബോധ്യമുണ്ടായിരുന്നു. രണ്ടാമത് ഇതുകൊണ്ട് തന്നെ അന്വേഷണോദ്യോഗസ്ഥര്‍ക്ക് മേല്‍ സ്വാഭാവികമായും ഉണ്ടാവുന്ന സമ്മര്‍ദം. മൂന്നാമതായി കേസ് സംബന്ധിച്ച് മാധ്യമങ്ങള്‍ മെനയുന്ന കഥകള്‍ ജനങ്ങളിലുണ്ടാക്കുന്ന സ്വാധീനം. ദിലീപിന്റെ കാര്യത്തില്‍ ഈ മൂന്ന് വെല്ലുവിളികളെയും അന്വേഷണോദ്യോഗസ്ഥര്‍ സമര്‍ഥമായി മറികടന്നതായാണ് നിലവില്‍ ലഭിക്കുന്ന സൂചനകള്‍ കാണിക്കുന്നത്. തിങ്കളാഴ്ച കാലത്ത് അതീവരഹസ്യമായാണ് അന്വേഷണോദ്യോഗസ്ഥര്‍ ദിലീപിനെ കസ്റ്റഡിയിലെടുത്തത്. ഒരു പകല്‍ മുഴുവന്‍ അജ്ഞാത കേന്ദ്രത്തില്‍ നടന്ന ചോദ്യംചെയ്യലും പുറംലോകത്ത് നിന്ന് മറച്ചുപിടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഒടുവില്‍ വൈകീട്ട് ദിലീപിന്റെ അറസ്റ്റ് പ്രഖ്യാപിക്കുമ്പോള്‍ ഞെട്ടിയവരില്‍ ആലുവ പോലീസ് ക്ലബില്‍ ദിവസങ്ങളായി കാത്തുകെട്ടി കിടന്ന മാധ്യമപ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗവും ഉണ്ടായിരുന്നു. അത്ര കൃത്യമായിരുന്നു അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും അന്വേഷണോദ്യോഗസ്ഥരുടെ നീക്കങ്ങള്‍.

എന്നാല്‍, ഈ കേസിലെ മികവിന് പോലീസ് കൈയടി നല്‍കുമ്പോള്‍ സിനിമാലോകത്ത് നിന്നു തന്നെ ഉയരുന്ന മറ്റു ചില സുപ്രധാന ചോദ്യങ്ങളുണ്ട്. എന്തുകൊണ്ട് ഇതേ കൃത്യതയും കണിശതയും ആത്മാര്‍ഥതയും കലാഭവന്‍ മണിയുടെ മരണത്തിന്റെ അന്വേഷണത്തില്‍ ഉണ്ടായില്ല. മണിയുടെ മരണത്തില്‍ മാസങ്ങള്‍ നീണ്ട അന്വേഷണത്തിനുശേഷവും കാരണമോ കാരണക്കാരെയോ കണ്ടെത്താനാവാതെ ഇരുട്ടില്‍ തപ്പുന്ന കാഴ്ചയാണ് കണ്ടത്. മണി മരിച്ചിട്ട് മണിയുടെ മരണം ആത്മഹത്യയോ കൊലപാതകമോ എന്നു പോലും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

മണി കൊല്ലപ്പെട്ടതു തന്നെയാവാമെന്നാണ് കുടുംബാംഗങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നത്. നാട്ടുകാരില്‍ ചിലരെങ്കിലും ഇതിനെ ശരിവയ്ക്കുന്നുമുണ്ട്. ഇതിന്റെ ചുവടുപിടിച്ച് സിനിമാ നടന്മാര്‍ ഉള്‍പ്പടെയുള് മണിയുടെ കൂട്ടുകാരായ ഏതാനും പേര്‍ക്കെതിരെ പോലീസ് അന്വേഷണം നടത്തി. പലരെയും ചോദ്യംചെയ്തു. ചിലരെ നുണപരിശോധനയ്ക്ക് വിധേയരാക്കി. എന്നിട്ടും മണിയുടെ മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്നു പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഓര്‍ഗാനോഫോസ്‌ഫേറ്റ് ഇനത്തില്‍പ്പെട്ട ക്ലോര്‍പൈറിഫോസ് എന്ന കീടനാശിനി, എഥനോള്‍, അപകടകരമായ അളവില്‍ മെഥനോള്‍ എന്നിവ മണിയുടെ ശരീരത്തില്‍ കണ്ടെത്തിയെന്ന് രാസപരിശോധനയില്‍ തെളിഞ്ഞിരുന്നു. എന്നാല്‍, ഈ വിഷാംശം എങ്ങനെ ഉള്ളിലെത്തിയെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ പോലീസിനായില്ല. കീടനാശിനിയുടെ തെളിവുകള്‍ക്കായി പുഴയിലും തിരച്ചില്‍ നടത്തി. വ്യാജമദ്യത്തില്‍ വിഷം ഉണ്ടെന്നുവരെ പ്രചാരണം ഉണ്ടായി. എന്നിട്ടും സത്യത്തിലേയ്ക്ക് നയിക്കുന്ന ഒരു തുമ്പും അന്വേഷണോദ്യോഗസ്ഥരുടെ കൈയില്‍ തടഞ്ഞില്ല.

ഒടുവില്‍ പോലീസിന്റെ അനാസ്ഥയ്‌ക്കെതിരെ മണിയുടെ കുടുംബം നിരാഹാരമിരിക്കുന്ന അവസ്ഥ വരെ ഉണ്ടായി. സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്റെ ഹരജിയില്‍ ഹൈക്കോടതി കേസ് സി.ബി.ഐ.ക്ക് വിട്ടു. പോലീസിന് കിട്ടാത്ത തെളിവുകള്‍ സി.ബി.ഐ.യ്ക്ക് കിട്ടുമെന്നാണ് കോടതിവിധിക്കുശേഷം രാമകൃഷ്ണന്‍ പ്രതികരിച്ചത്. എന്നാല്‍, കോടതിവിധി വന്ന് മാസം മൂന്നായിട്ടും സി.ബി.ഐ. കേസില്‍ എന്തെങ്കിലും തുമ്പുണ്ടാക്കിയോ എന്നറിയില്ല.

കുടുംബത്തിലും മലയാള സിനിമയിലും മണി അവശേഷിപ്പിച്ച കണ്ണീര്‍നനവുള്ള ശൂന്യത മാത്രം ഇപ്പോഴും അവശേഷിക്കുകയാണ്. നടിയെ ആക്രമിച്ച കേസിലെ പ്രതികളെ കുടുക്കാന്‍ കാട്ടിയ ആവേശമൊന്നും അന്വേഷണോദ്യോഗസ്ഥര്‍ക്കോ രാഷ്ട്രീയക്കാര്‍ക്കോ മണിയുടെ സ്വന്തം സിനിമാക്കാര്‍ക്കോ ഉള്ളതായി കാണുന്നില്ല. മണി ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ പിന്തുണയ്ക്കുമായിരുന്നുവെന്ന്, പോലീസ് ചോദ്യംചെയ്യലിനുശേഷം നാദിര്‍ഷ ഒരു വൈകാരികമായൊരു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. എന്നാല്‍, ഈ നാദിര്‍ഷയും ദിലീപും പോലും മണിയുടെ മരണത്തെക്കുറിച്ച് കാര്യമായി ഒന്നും മിണ്ടിയിരുന്നില്ല എന്നതാണ് വാസ്തവം. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ദിലീപിനെ കൂട്ടിലടച്ചപോലെ ഒരുനാള്‍ മണിയുടെ യഥാര്‍ഥ മരണകാരണവുമായി സി.ബി.ഐ.യെങ്കിലും ചാലക്കുടി പുഴയില്‍ നിന്ന് സിനിമാസ്‌റ്റൈലില്‍ പൊങ്ങിവരുമോ എന്നാണ് നാട്ടുകാരും മണിയുടെ ആരാധകരും ഇപ്പോള്‍ ചോദിക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram