ഈ ഞെട്ടല്‍ ചെറുതല്ല, കടുത്ത ശിക്ഷ തന്നെ വേണം: ഇന്നസെന്റ്


2 min read
Read later
Print
Share

ഇത്തരമൊരു കാര്യത്തില്‍ ആര്‍ക്കെങ്കിലും കുറ്റവാളിയെ തുണയ്ക്കാനാകുമോ

ടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി അമ്മ പ്രസിഡന്റ് ഇന്നസെന്റും രംഗത്ത്. ചൊവ്വാഴ്ച കൊച്ചിയിലെ മമ്മൂട്ടിയുടെ വീട്ടില്‍ നടന്ന അമ്മയുടെ പ്രത്യേക എക്‌സിക്യുട്ടീവ് യോഗത്തില്‍ ഇന്നസെന്റ് പങ്കെടുത്തിരുന്നില്ല. ഈ യോഗത്തില്‍ വച്ചാണ് ദിലീപിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. ഇതിനുശേഷമാണ് ഇന്നസെന്റിന്റെ പ്രസ്താവന വന്നത്. ദിലീപ് ഉള്‍പ്പെട്ട ഗൂഢാലോചനയുടെ വിവരങ്ങള്‍ ഞെട്ടലോടെയാണ് കേട്ടതെന്നും ഇത്തരമൊരു കേസില്‍ പ്രതിയായ ആളെ അമ്മ പോലൊരു സംഘടനയില്‍ ഒരു കാരണവശാലും ഉള്‍പ്പെടുത്താനാവില്ലെന്നും ഇന്നസെന്റ് പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരമൊരു ഹീനകൃത്യത്തില്‍ പങ്കുള്ളതു ആരായാലും കടുത്ത ശിക്ഷ കിട്ടുകതന്നെ വേണമെന്നും ഇന്നസെന്റ് പറഞ്ഞു.

നടന്‍ ദിലീപ് ഉള്‍പ്പെട്ട ഗൂഢാലോചനയുടെ വിവരങ്ങള്‍ ഞെട്ടലോടെയാണ് ഞങ്ങള്‍ ഓരോരുത്തരും കേട്ടത്. ഞങ്ങളുടെ സഹോദരിക്കുണ്ടായ പീഡനവുമായി ബന്ധപ്പെട്ട ഗൂഢാലോചന അതീവ ഗൗരവത്തോടെ മാത്രമെ ഞങ്ങള്‍ക്കു കാണാനാകൂ. അതുണ്ടാക്കുന്ന ഞെട്ടല്‍ ചെറുതല്ല. ഇത്തരമൊരു ഹീനകൃത്യത്തില്‍ പങ്കുള്ളതു ആരായാലും കടുത്ത ശിക്ഷ കിട്ടുകതന്നെ വേണം. കേസില്‍ ദിലീപിനുള്ള പങ്ക് പൊലീസ് വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് അമ്മ ദിലീപിന്റെ അംഗത്വം റദ്ദാക്കാന്‍ തീരുമാനിച്ചത്. ഇത്തരമൊരു കേസില്‍ പ്രതിയായ ആളെ അമ്മപൊലൊരു സംഘടനയില്‍ ഒരു കാരണവശാലും ഉള്‍പ്പെടുത്താനാവില്ല. രോഗത്തെത്തുടര്‍ന്നു ആശുപത്രിയിലായതിനാല്‍ എനിക്കു അമ്മയുടെ യോഗത്തില്‍ പങ്കെടുക്കാനായില്ല. എന്നാല്‍ എന്റെ സഹപ്രവര്‍ത്തകര്‍ ഫോണില്‍ കൂടിയാലോചന നടത്തിയിരുന്നു. അമ്മ നേരത്തെ ഇക്കാര്യത്തില്‍ എടുത്ത നിലപാട് വിമര്‍ശനവിധേയമായിരുന്നു. ഗൂഢാലോചനയുടെ വിശദ വിവരമോ പൊലീസ് സ്ഥിരീകരണമോ ഇല്ലാതെ അമ്മയ്ക്കു കടുത്ത നിലപാടുകള്‍ എടുക്കുന്നതില്‍ പരിമിതികള്‍ ഉണ്ട്. ഇതിനര്‍ഥം അമ്മ ആരെയും തുണയ്ക്കുന്നു എന്നല്ല. ഇത്തരമൊരു കാര്യത്തില്‍ ആര്‍ക്കെങ്കിലും കുറ്റവാളിയെ തുണയ്ക്കാനാകുമോ. സംഭവം നടന്ന ദിവസം മുതല്‍ ഞങ്ങളുടെ സഹോദരിക്കു എല്ലാ പിന്തുണയും നല്‍കിയിട്ടുണ്ട്.

ഗൂഢാലോചനയില്‍ ദിലീപിനുള്ള പങ്ക് പുറത്തു വന്ന ഉടനെ ഏകകണ്ഠമായാണ് അമ്മ തീരുമാനം എടുത്തത്. കടുത്ത മാനസിക പ്രയാസത്തിലൂടെ കടന്നുപോകുന്ന ഞങ്ങളുടെ സഹോദരിക്കൊപ്പം ഒറ്റക്കെട്ടായി ഉറച്ചുനില്‍ക്കുമെന്നു അമ്മ ഒരിക്കലൂടെ പ്രഖ്യാപിക്കുന്നു. കേരള പൊലീസും സര്‍ക്കാരും മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ കാണിച്ച ജാഗ്രതയില്‍ അമ്മയ്ക്കുളള സന്തോഷം അറിയിക്കുന്നു-പ്രസ്താവനയില്‍ ഇന്നസെന്റ് പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram