കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റം തെളിയിക്കുന്നതുവരെ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ പിന്തുണയ്ക്കുന്നവര്‍ക്കൊപ്പമാണ് താനെന്ന് നടന്‍ ആസിഫ് അലി. കേസും അന്വേഷണവും കഴിഞ്ഞ് വരുന്ന ദിലീപിനെ അഭിമുഖീകരിക്കാനുള്ള മടി എന്നുമുണ്ടാകും. അതുകൊണ്ടാണ് അദ്ദേഹത്തിനൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞത്. അങ്ങിനെ പറഞ്ഞതില്‍ ഖേദമില്ല. പറഞ്ഞതിന്റെ സത്യാവസ്ഥ ജനങ്ങള്‍ മനസ്സിലാക്കാത്തതിലെ ഖേദമുള്ളൂ-ആസിഫ് അലി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
ദിലീപേട്ടനെ അറസ്റ്റ് ചെയ്തു എന്ന വാര്‍ത്തയുടെ പ്രതികരണമാണ് ഞാന്‍ നടത്തിയത്. വളരെ സത്യസന്ധമായ പ്രതികരണമായിരുന്നു അത്. ദിലീപേട്ടന്റെ പേര് വരരുതെന്ന് വ്യക്തിപരമായി ഒരുപാട് ആഗ്രഹിച്ച ആളാണ് ഞാന്‍. എന്റെയൊരു അഭ്യുദയകാംക്ഷി കൂടിയാണ് അദ്ദേഹം. കുറ്റം തെളിയിക്കുന്നതുവരെ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ കൂടെയാണ് ഞാനും ഉള്ളത്. അങ്ങിനെ ചെയ്യണം എന്നു തന്നെയാണ് ആഗ്രഹവും. വീണു കിടക്കുന്ന ആളെ ഞങ്ങളാരും ചവിട്ടുന്നില്ല. തെറ്റ് ചെയ്തിട്ടുണ്ടെന്ന് തെളിയുന്നതുവരെ അദ്ദേഹത്തെ പിന്തുണയ്ക്കാണ് ഞാന്‍ എന്നും ആഗ്രഹിക്കുന്നത്. അതാണ് ചെയ്തിട്ടുള്ളത്.
ഇക്കാര്യത്തില്‍ ഞാന്‍ പറഞ്ഞതിനെ ഏതൊക്കെ രീതിയിലാണ് വളച്ചൊടിച്ചത്. ആ നീചന്റെ കൂടെ ഞാന്‍ അഭിനയിക്കില്ല എന്നൊക്കെ പറഞ്ഞാണ് വാര്‍ത്ത വന്നത്. ദിലീപേട്ടനുമായി വളരെ അടുത്ത ബന്ധമുള്ള ആളാണ് ഞാന്‍. ഇങ്ങനെ ഒരു കേസും ഒരു ആരോപണവും കഴിഞ്ഞ് വരുന്ന അദ്ദേഹത്തെ അഭിമുഖീകരിക്കാനുള്ള ഒരു മടി എനിക്ക് എപ്പോഴും ഉണ്ടാകും. അതുകൊണ്ടാണ് അദ്ദേഹത്തോടൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞത്.
അറസ്റ്റിന്റെ വാര്‍ത്ത കണ്ടപ്പോള്‍ എന്റെ മനസ്സില്‍ ആദ്യം വന്നത് അദ്ദേഹം തെറ്റുകാരനാണ് എന്ന വിചാരമാണ്. അതാണ് ഞാന്‍ പ്രതികരിച്ചത്. പക്ഷേ, തെറ്റ് ഇനിയും തെളിയിക്കേണ്ടിയിരിക്കുന്നു. തെളിവുകള്‍ ശേഖരിച്ച് കോടതി കുറ്റം തെളിയിക്കുന്നു എന്നൊരു പ്രക്രിയ കൂടിയുണ്ട് ഇനി. അത് തിരിച്ചറിഞ്ഞതുകൊണ്ടാണ് അങ്ങിനെ പറഞ്ഞത്. പറഞ്ഞുപോയതില്‍ ഖേദിക്കുന്നൊന്നുമില്ല. പറഞ്ഞതിന്റെ സത്യാവസ്ഥ എന്താണെന്ന് ആളുകള്‍ അറിയാത്തതിലേ ഖേദിമുള്ളൂ.
പക്ഷേ, ഇരയായ ആളും എന്റെ അടുത്ത സുഹൃത്താണ്. അവരുടെ വിഷമം ഞാന്‍ നേരിട്ട് കണ്ടതാണ്. അത് ചെയ്തത് ആരാണെങ്കിലും അതിന് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കണം എന്നു തന്നെയാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം.
ഇതിനു മുന്‍പും ഇതുപോലെ പലരും ആരോപണവിധേയരാവുന്നതും അവര്‍ പിന്നീട് കുറ്റക്കാരല്ലാതാവുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. അതുകൊണ്ട് കഴിയുമെങ്കില്‍ അതുവരെ അദ്ദേഹത്തിനെതിരെയുള്ള ആക്രമണങ്ങള്‍ ഒഴിവാക്കണം. എനിക്കെതിരെ ഫെയ്‌സ്ബുക്കില്‍ ഉണ്ടായിട്ടുള്ള ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി പറയുന്നതല്ല. അന്ന് പറഞ്ഞത് വ്യക്തമല്ല എന്നുള്ളതുകൊണ്ടാണ് ഇക്കാര്യം വിശദീകരിക്കുന്നത്-ആസിഫ് അലി പറഞ്ഞു.