നട്ടെല്ല് അകത്തായി; 'അമ്മ'യുടെ ഗതി ഇനിയെന്ത്?


3 min read
Read later
Print
Share

ദിലീപിനെതിരായ ഒരു കടലാസ് നടപടി കൊണ്ട് മാത്രം കാര്യമില്ല. സമൂലമായ ഒരു അഴിച്ചുപണി തന്നെ വേണ്ടിവരും എന്നതാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

ഹതാരത്തെ ക്രൂരമായി ആക്രമിച്ച കേസില്‍ ഒരു സൂപ്പര്‍ താരം ജയിലിലായപ്പോള്‍ അക്ഷരാര്‍ഥത്തില്‍ പ്രതിസന്ധിയിലായത് താരസംഘടനയായ അമ്മയാണ്. നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടക്കം മുതല്‍ തന്നെ അഴകൊഴമ്പന്‍ നിലപാട് സ്വീകരിക്കുന്നതിന്റെ പേരില്‍ അകത്ത് നിന്നുംപുറത്ത് നിന്നും ശക്തമായ ആക്രമണം നേരിടുന്ന സംഘടനയുടെ നിലനില്‍പ് തന്നെ അവതാളത്തിലായിരിക്കുകയാണ് ദിലീപിന്റെ അറസ്‌റ്റോടെ. ഈ വിഷയത്തില്‍ അമ്മ എന്ത് നിലപാട് കൈക്കൊള്ളുന്നു എന്ന് ഉറ്റുനോക്കിയവര്‍ ഇപ്പോള്‍ തലപുകയ്ക്കുന്നത് സംഘടനയുടെ ഭാവിയെ ഓര്‍ത്താണ്.

ഇതാദ്യമായല്ല സംഘടന ഇത്തരം ആഭ്യന്തര പ്രശ്‌നങ്ങളില്‍ പെടുന്നത്. നേരത്തെ മുതിര്‍ന്ന നടന്‍ തിലകന്റെ വിഷയത്തിലും വലിയ പ്രതിസന്ധിയാണ് സംഘടനയ്ക്ക് അഭിമുഖീകരിക്കേണ്ടിവന്നത്. എന്നാല്‍, ഒറ്റക്കെട്ടായി തന്നെ അതിനെ അതിജീവിക്കാന്‍ സംഘടനയ്ക്ക് കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നുവന്ന പ്രശ്‌നം താരതമ്യങ്ങളില്ലാത്തതാണ്. അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്നത് ഒരു വെറും നടനല്ല, മലയാളത്തിന്റെ ഒരു സൂപ്പര്‍താരമാണ്. സംഘടനയിലും മൊത്തം മലയാള സിനിമാരംഗത്തും ശക്തമായ സ്വാധീനമുള്ള, നട്ടെല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭാരവാഹിയാണ്. ചെക്ക് കേസിലോ അടിപിടി കേസിലോ അല്ല ഇയാള്‍ ജയിലില്‍ പോയത്. ഒരു സഹപ്രവര്‍ത്തകയെ, സംഘടനയിലെ തന്നെ ഒരു അംഗത്തെ ക്രൂരമായി ആക്രമിച്ച കേസിലാണ്.

അതുകൊണ്ട് തന്നെ കഴിഞ്ഞ ഫെബ്രുവരിയില്‍ നടി ആക്രമിക്കപ്പെട്ടതു മുതല്‍ സംഘടനയ്ക്ക് മേലുള്ള സമ്മര്‍ദം വിവരണാതീതമാണ്. സംഘടന ആക്രമണത്തിന്റെ ഇരയായ നടിക്കൊപ്പമല്ലെന്ന് തുടക്കം മുതല്‍ തന്നെ വിമര്‍ശനം ഉയര്‍ന്നുകൊണ്ടിരുന്നു. അതിനിടെ കേസിന്റെ അന്വേഷണം ദിലീപിന് നേരെ തിരിഞ്ഞതോടെ സംഘടന ശരിക്കും മുള്‍മുനയിലായി. കേസില്‍ സംഘടന ക്രിയാത്മകമായി ഒന്നും ചെയ്യുന്നില്ലെന്നും ആരോപണവിധേയനായ ദിലീപിനെ സംരക്ഷിക്കാനുള്ള വ്യഗ്രതയിലാണെന്നും അംഗങ്ങളില്‍ നിന്നു തന്നെ ഒളിഞ്ഞും തെളിഞ്ഞും ആരോപണം ഉയര്‍ന്നു. മെല്ലെപ്പോക്കില്‍ പ്രതിഷേധിച്ച് സംഘടനയിലെ വനിതകള്‍ മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരുടെ നേതൃത്വത്തില്‍ വിമന്‍ കളക്ടീവ് ഇന്‍ സിനിമ എന്ന പേരില്‍ ഒരു സമാന്തര സംഘടന തന്നെ രൂപവത്കരിച്ചു.

ഈ ബഹളങ്ങള്‍ക്കിടയിലാണ് കഴിഞ്ഞയാഴ്ച കൊച്ചിയില്‍ അമ്മയുടെ ജനറല്‍ ബോഡിയോഗം നടന്നത്. യോഗത്തില്‍ വിഷയം ചര്‍ച്ചയാവാത്തത് വലിയ വിവാദമായി. ജനറല്‍ ബോഡി യോഗത്തിന്റെ തലേദിവസം നടന്ന എക്‌സിക്യുട്ടീവ് യോഗത്തില്‍ വനിതാ കൂട്ടായ്മയുടെ പ്രതിനിധികള്‍ വിഷയം ഉന്നയിച്ചെങ്കിലും പിറ്റേ ദിവസം നടന്ന ജനറല്‍ ബോഡി യോഗത്തില്‍ അത് ചര്‍ച്ചയായില്ല. അതിനുശേഷം നടന്ന വാര്‍ത്താസമ്മേളനമാവട്ടെ മാധ്യമപ്രവര്‍ത്തകരുമായുള്ള ഏറ്റുമുട്ടലില്‍ കലാശിക്കുകയും ചെയ്തു. സംഘടന ഇരയ്ക്കും കുറ്റാരോപിതനുമൊപ്പമാണെന്നായിരുന്നു നിലപാട്. ഭാരവാഹികളായ മുകേഷ്, ഗണേഷ്‌കുമാര്‍ എന്നിവര്‍ പരിധി വിട്ട് മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതരായതും സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും മൗനം അവലംബിച്ചതും വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്.

ഇതോടെ സംഘടനയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും വലിയ ആക്രമണമാണ് നടന്നത്. സംഘടനയിലെ ആഭ്യന്തര കാര്യങ്ങള്‍ അത്ര വെടിപ്പല്ല എന്ന സൂചനയാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ പുറത്തുവന്നത്. സംഘടനയ്ക്കും പ്രസിഡന്റ് ഇന്നസെന്റിനും എതിരെ രൂക്ഷമായ ഭാഷയില്‍ നടനും മുന്‍ സിനിമാമന്ത്രിയുമായ ഗണേഷ് കുമാര്‍ എഴുതിയ കത്ത് പുറത്തായി. നടന്മാര്‍ക്ക് ഗുണം ചെയ്യാല്‍ സംഘടന പിരിച്ചുവിട്ട് സ്വത്ത് ക്യാന്‍സര്‍ രോഗികള്‍ക്ക് സംഭാവന ചെയ്യണം എന്നുവരെ ഗണേഷ് ആവശ്യപ്പെട്ടിരുന്നു. നടന്മാരായ ബാബുരാജ്, ജോയ് മാത്യു എന്നിവരും സാമൂഹ്യമാധ്യമങ്ങളിലൂടെ സംഘടനയുടെ ദുര്‍നടപ്പിനെതിരെ പ്രതികരിച്ചു.

നടന്മാരായ സലിംകുമാര്‍, അജു വര്‍ഗീസ് എന്നിവര്‍ പരസ്യമായി ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയതോടെ ഈ വിഷയത്തില്‍ തന്നെ ഉള്ളില്‍ ശക്തമായ ചേരിതിരിവുണ്ടെന്ന് വ്യക്തമായി. സൂപ്പര്‍താരങ്ങളുടെ നേതൃത്വത്തില്‍ രണ്ടും മൂന്നും ചേരികള്‍ രൂപപ്പെട്ടുവെന്ന് വരെ അഭ്യൂഹങ്ങള്‍ പരന്നുതുടങ്ങി.

അമ്മ യോഗത്തിലെയും തുടര്‍ന്ന് നടന്ന വാര്‍ത്താസമ്മേളനത്തിലെയും പ്രശ്‌നങ്ങള്‍ വിശദീകരിക്കാനായി നടനും സംവിധായകനും സംഘടനയുടെ ആദ്യകാല സെക്രട്ടറിയുമായ ബാലചന്ദ്ര മേനോന്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അമ്മയിലെ പ്രശ്‌നങ്ങള്‍ വെറും മാധ്യമസൃഷ്ടിയോ കെട്ടുകഥയോ അല്ലെന്ന സൂചനകള്‍ ഉണ്ടായിരുന്നു. സംഘടനയെ പലരും വ്യക്തിപരമായ കണക്കുകള്‍ തീര്‍ക്കാന്‍ ഉപയോഗിക്കുകയാണെന്നും ഈ വിഴുപ്പലക്കല്‍ സംഘടനയുടെ ഭാവിക്ക് ഭൂഷണമല്ലെന്നും മേനോന്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.

ഇതെല്ലാം സംഘടനയിലെ അന്ത:ഛിദ്രത്തിന്റെ സൂചനകളാണെന്ന് പകല്‍ പോലെ വ്യക്തമായിരുന്നു. പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്ന് ഒരു അഭ്യൂഹം പരക്കുക വരെ ചെയ്തു. എന്നാല്‍, വീട്ടില്‍ പ്രത്യേക വാര്‍ത്താസമ്മേളം വിളിച്ചുചേര്‍ത്ത് ഇന്നസെന്റ് തന്നെ ഇത് നിഷേധിച്ചു. കേസില്‍ ദിലീപ് കുറ്റക്കാരനല്ലെന്ന് ഇന്നസെന്റ് ഈ വാര്‍ത്താസമ്മേളനത്തിലും ആവര്‍ത്തിച്ചു.

ഈ വാര്‍ത്താസമ്മേളനത്തില്‍ നടികള്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ഇന്നസെന്റ് പിന്നീട് പുലിവാല്‍ പിടിക്കുകയും ചെയ്തു.

ഇതിനുശേഷമാണ് ദിലീപിനെതിരെ അന്വേഷണത്തിന്റെ കുരുക്ക് മുറുകുന്നത്. ഇതോടെ ദിലീപിനെപ്പോലെ തന്നെ സംഘടനയും സംഘടനയുടെ തലപ്പത്തിരിക്കുന്ന ഇന്നസെന്റ് അടക്കമുള്ളവരും പ്രതിസന്ധിയിലായി. ദിലീപിനെ പുറത്താക്കുക എന്നതാണ് സംഘടനയ്ക്ക് മുന്നിലുള്ള ഏക പോംവഴി. എന്നാല്‍, സംഘടനയുടെ നട്ടെല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ദിലീപിനെതിരെ നടപടി കൈക്കൊള്ളുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സംഘടയ്ക്ക് സാമ്പത്തിക ഭദ്രത ഉണ്ടാക്കിക്കൊടുത്തത് ദിലീപാണ് എന്നത് അങ്ങാടിപ്പാട്ടാണ്. മോഹന്‍ലാല്‍, മമ്മൂട്ടി എന്നീ സൂപ്പര്‍താരങ്ങളേക്കാള്‍ സ്വാധീനം സിനിമാരംഗത്ത് ദിലീപിന് ഉണ്ട് എന്നതും പരസ്യമായ രഹസ്യമാണ്. തിയേറ്റര്‍ ഉടമകളുടെ സംഘടനയും ഇപ്പോള്‍ ദിലീപിന്റെ കൈയിലാണ്. ഇങ്ങിനെയുള്ള ദിലീപ് ജയിലിലായതുകൊണ്ട് മാത്രം ഈ സ്വാധീനങ്ങള്‍ ഇല്ലാതാവില്ലെന്ന് ഉറപ്പ്. ഇതൊക്കെ തന്നെയാണ് സംഘടന ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രധാന വിഷയങ്ങള്‍. ദിലീപിനെതിരായ ഒരു കടലാസ് നടപടി കൊണ്ട് മാത്രം കാര്യമില്ല. സമൂലമായ ഒരു അഴിച്ചുപണി തന്നെ വേണ്ടിവരും എന്നതാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram