മാഡത്തെ രക്ഷിക്കാന്‍ ദിലീപ് കീഴടങ്ങിയതോ?


2 min read
Read later
Print
Share

പള്‍സര്‍ സുനി കഴിഞ്ഞ ദിവസം പേര് വെളിപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണി മുഴക്കിയ കേസിലെ വമ്പന്‍ സ്രാവുകളാണ് ഇവരെന്നും പറയപ്പെടുന്നു.

ദിലീപിന്റെ അറസ്റ്റിനെ ചൊല്ലിയുള്ള ഊഹാപോഹങ്ങള്‍ക്കും കഥകള്‍ക്കും ആക്കം കൂടുന്നു. നടിയെ ആക്രമിച്ച പള്‍സര്‍ സുനിയും ഗൂഢാലോചനയ്ക്ക് നേതൃത്വം കൊടുത്ത നടന്‍ ദിലീപും റിമാന്‍ഡ് പ്രതികളായി ജയിലിലെത്തിക്കഴിഞ്ഞു. എന്നാല്‍, അതിവിദഗ്ദ്ധമായി മെനഞ്ഞ ഈ തിരക്കഥയില്‍ സജീവമായ റോള്‍ ഉണ്ടായിരുന്ന മറ്റ് പലരും ഇപ്പോഴും തിരശ്ശീലയ്ക്ക് പിറികിലാണെന്നൊരു അഭ്യൂഹം ശക്തമാണ്. പള്‍സര്‍ സുനി കഴിഞ്ഞ ദിവസം പേര് വെളിപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണി മുഴക്കിയ കേസിലെ വമ്പന്‍ സ്രാവുകളാണ് ഇവരെന്നും പറയപ്പെടുന്നു.

അഡ്വ. ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയ മാഡം എന്ന കഥാപാത്രമാണ് ഇതിലൊരാള്‍ എന്ന് ശക്തമായ സൂചനകളുണ്ട്. എന്നാല്‍, ഈ മാഡം ആരാണെന്ന് ഇതുവരെ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍, കാവ്യയുടെ അമ്മ, മറ്റൊരു നടി എന്നിവരെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ കഥകള്‍ ഏറെയും പ്രചരിക്കുന്നത്. ഇവരില്‍ ആരെങ്കിലും ഉടന്‍ അറസ്റ്റിലായേക്കുമെന്ന മട്ടിലും കഥകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍, ഇക്കാര്യങ്ങളൊന്നും തന്നെ അന്വേഷണോദ്യോഗസ്ഥര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

കാവ്യയുടെ കാക്കാനാട്ടെ വ്യാപാര സ്ഥാപനത്തില്‍ പോലീസ് ഇപ്പോള്‍ തന്നെ പരിശോധന നടത്തിക്കഴിഞ്ഞു. അവിടെ നിന്നാണ് നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കിട്ടിയതും ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധം സംബന്ധിച്ച് നിര്‍ണായകമായ തെളിവുകള്‍ ലഭിച്ചതും. പള്‍സറിന് ക്വട്ടേഷന്റെ പണം കൈമാറിയത് ഇവിടെവച്ചാണോ എന്ന് വ്യക്തമല്ല. ഇതുകൂടി തെളിഞ്ഞാല്‍ കാവ്യയ്‌ക്കോ അമ്മയ്‌ക്കോ കുരുക്ക് മുറുകിയേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

ഈ ഗൂഢാലോചനയില്‍ സജീവമായ പങ്കുവഹിച്ച മറ്റൊരു നടി കൂടിയുണ്ട് അന്വേഷണത്തിന്റെ പരിധിയില്‍. ഇവരുടെ തമ്മനത്തെ ഫ്ലാറ്റിൽ കഴിഞ്ഞയാഴ്ച പോലീസ് റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍, ഇവിടെ നിന്ന് ഒരു അറസ്റ്റിന് വേണ്ട വിവരങ്ങള്‍ ലഭിച്ചുവോ എന്ന് വ്യക്തമല്ല.

ഇവരെ കൂടാതെ മറ്റേതെങ്കിലും സ്ത്രീ കഥാപാത്രങ്ങള്‍ ഈ കഥയില്‍ ഉണ്ടോ എന്ന് വ്യക്തമല്ല. എന്തായാലും ഇപ്പോള്‍ ചിത്രത്തില്‍ സജീവമല്ലാത്ത, ദിലീപിനോട് ഏറെ അടുപ്പമുള്ള ഒരു സര്‍പ്രൈസ് വില്ലന്‍ കഥയിലുണ്ട്. മാഡം എന്ന് പേരിട്ടുവിളിക്കുന്ന ഇവരെ ഏത് നിമിഷവും കണ്ടെത്തിയേക്കുമെന്നാണ് അന്വേഷണസംഘത്തില്‍ നിന്നു ലഭിക്കുന്ന സൂചന. ഇവരുടെ അറസ്റ്റ് ഒഴിവാക്കാനായി ദിലീപ് സ്വയം അറസറ്റ് വരിച്ചതാവാമെന്നാണ് പ്രചരിച്ചുകൊണ്ടിരിക്കുന്ന കഥ. ദിലീപ് അറസ്റ്റിലായിരുന്നില്ലെങ്കില്‍ ഒരുപക്ഷേ, അതിന് പകരം മാഡം കസ്റ്റഡിയിലാവുമെന്ന് ഉറപ്പായ അവസ്ഥയിലായിരുന്നു ദിലീപ് അറസ്റ്റ് വരിക്കാന്‍ തയ്യാറായതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ഈ അറസ്റ്റില്‍ കേസില്‍ നിന്ന് എളുപ്പത്തില്‍ ഊരിപ്പോരാനുള്ള വകുപ്പുകള്‍ യഥേഷ്ടമുണ്ട് ദിലീപിനെതിരെ തയ്യാറാക്കിയ കുറ്റപത്രത്തിലെന്ന് സംശയം ഉണര്‍ന്നിട്ടുണ്ട്. യഥാര്‍ഥ പ്രതിയെയല്ല പിടിയിലായതെങ്കില്‍ ഇപ്പോള്‍ കസ്റ്റഡിയിലായ ആള്‍ രക്ഷപ്പെടുന്നത് സ്വാഭാവികം. നടി ആക്രമിക്കപ്പെട്ട കേസിലും സംഭവിക്കാന്‍ പോകുന്നത് ഈയൊരു തിരക്കഥയുടെ വിജയമായിരിക്കുമോ എന്നതാണ് ഇപ്പോള്‍ പോലീസിനുവേണ്ടി കൈയടിക്കുന്നവരുടെ ആശങ്ക.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram