കൊച്ചി: തിയേറ്റര്‍ ഉടമകളുടെ സംഘടനയായ സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ പിളര്‍ത്തി ദിലീപിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയുടെ (ഫിയോക്ക്) പ്രസിഡന്റായി ആന്റണി പെരുമ്പാവൂരിനെ തിരഞ്ഞെടുത്തു.
നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡിലായ ദിലീപിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടര്‍ന്നാണ് ആശിര്‍വാദ് സിനിമാസിന്റെ ഉടമയായ ആന്റണി പെരുമ്പാവൂര്‍ പുതിയ ചുമതലയേറ്റത്. ഇതുവരെ സംഘടനയുടെ വൈസ് പ്രസിഡന്റായിരുന്നു ആന്റണി.
കൊച്ചിയില്‍ നടന്ന സംഘടനയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലാണ് ആന്റണിയെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.
ദിലീപിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കുക മാത്രമാണ് ചെയ്തതെന്നും ദിലീപ് ഇപ്പോഴും സംഘടനയില്‍ അംഗമാണെന്നും യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ചാലക്കുടിയിലെ ഡി സിനിമാസ് എന്ന തിയേറ്ററിന്റെ ഉടമ എന്ന നിലയിലാണ് ദിലീപ് സംഘടനയിൽ അംഗമായത്.
ദിലീപ് നായകനായ പുതിയ ചിത്രം രാമലീലയുടെ റിലീസിന് ഒരു തടസ്സവുമില്ലെന്നും ആന്റണി പറഞ്ഞു. എന്നാല്‍, ചിത്രം റിലീസ് ചെയ്യാന്‍ വേണ്ടി നിര്‍മാതാക്കള്‍ ഇതുവരെ സംഘടനയെ സമീപിച്ചിട്ടില്ല. അങ്ങിനെ സമീപിച്ചാല്‍ അതിന്‌വേണ്ട സഹായങ്ങള്‍ ചെയ്യും-ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ജനുവരിയിലാണ് ലിബര്‍ട്ടി ബഷീര്‍ നേതൃത്വം കൊടുക്കുന്ന സിനി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ എന്ന സംഘടന പിളര്‍ത്തി ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപീകരിച്ചത്. ക്രിസ്മസ് റിലീസുകള്‍ മുടക്കി ഒരു മാസമായി നടന്ന തിയേറ്റര്‍ സമരത്തെ തുടര്‍ന്നാണ് പുതിയ സംഘടന രൂപീകരിച്ചത്.