കോഴിക്കോട്: ആക്രമിക്കപ്പെട്ട നടിയുടെ പ്രതികരണമെന്ന നിലയില്‍ വ്യാജവാര്‍ത്ത പരക്കുന്നു. കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്ന് നടി എല്ലാവര്‍ക്കും നന്ദി അറിയിച്ചുവെന്ന രീതിയിലാണ് വ്യാജവാര്‍ത്ത.
നടിയുടെ ഔദ്യോഗികമല്ലാത്ത ഫെയ്‌സ്ബുക്ക് പേജില്‍ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വീഡിയോയില്‍ എല്ലാവര്‍ക്കും ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി അറിയിക്കുന്നുവെന്നും തുടര്‍ന്നും നിങ്ങളുടെ പിന്തുണയും സ്‌നേഹവും പ്രതീക്ഷിക്കുന്നുവെന്നും നടി പറയുന്നുണ്ട് എന്നാല്‍ ഈ വീഡിയോ മറ്റൊരു സാഹചര്യത്തില്‍ ഷൂട്ട് ചെയ്തതാണ്.
ദിലീപിനെ അറസ്റ്റ് ചെയ്തതിന് ശേഷം നടി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പ്രതികരിക്കാനില്ലെന്ന് നടിയുടെ കുടുംബവും വ്യക്തമാക്കിയിരുന്നു. ഇതിന് മുമ്പ് വിമണ്‍ ഇന്‍ സിനിമ കളക്ടീവുമായി ബന്ധപ്പെട്ട് ഒരു പത്രക്കുറിപ്പ് നടി ഇറക്കിയിരുന്നു. ഇതില്‍ താന്‍ കേസുമായി മുന്നോട്ടുപോകുമെന്നും നടി വ്യക്തമാക്കിയിരുന്നു. ഈ പത്രക്കുറിപ്പ് വിമണ്‍ ഇന്‍ സിനിമ കളക്ടീവ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.