കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ നടന്‍ ദിലീപ് രണ്ടാം പ്രതിയായേക്കുമെന്ന് റിപ്പോര്‍ട്ട്. ഇപ്പോള്‍ 11-ാം പ്രതിയായ ദിലീപ് പുതിയ കുറ്റപത്രം സമര്‍പ്പിക്കുന്നതോടെയാണ് രണ്ടാം പ്രതിയാകുക. പള്‍സര്‍ സുനിയാണ് കേസില്‍ ഒന്നാം പ്രതി.
ദിലീപിനെതിരെ 19 തെളിവുകളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിനുള്ള കൃത്യമായ തെളിവുകള്‍ പോലീസിന് ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് അറസ്റ്റിലേയ്ക്ക് നീങ്ങിയത്. കുറ്റകൃത്യം നടത്തിയ പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടായിരുന്നു എന്നതാണ് ദിലീപിനെ സംഭവവുമായി ബന്ധപ്പെടുത്തുന്ന നിര്‍ണായക ഘടകം. ഇതിനെ സാധൂകരിക്കുന്ന തെളിവുകളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.
ഒന്നര കോടി രൂപയ്ക്കാണ് പള്‍സര്‍ സുനിക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയത്. ഇതിനായി രണ്ടു ലക്ഷം രൂപ സുനിക്ക് അഡ്വാന്‍സായി നല്‍യിരുന്നു. ഇത് ദിലീപിന്റെ ഉറ്റ ബന്ധുവാണ് കൈമാറിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ദിലീപിന്റെ ഭാര്യ കാവ്യ മാധവന്റെ സ്ഥാപനമായ ലക്ഷ്യയിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ്, സംഭവത്തിനു ശേഷം സുനി ഇവിടെ എത്തിയിരുന്നതായി കണ്ടെത്തിയിരുന്നു. ഇവിടെ വെച്ചാണ് സുനിക്ക് പണം കൈമാറിയത്. ഇതും ദൃശ്യങ്ങളിലുണ്ടെന്നാണ് വിവരം. ഇതു സംബന്ധിച്ച് ചില സാക്ഷിമൊഴികളും പോലീസിന് ലഭിച്ചതായാണ് സൂചന.
ഫോണ്‍കോളുകളുടെ വിശദാംശങ്ങളും സുനിയുമായി ദിലീപിനെ ബന്ധിപ്പിക്കുന്ന നിര്‍ണായക തെളിവുകളാണ്. കൂടാതെ, ദിലീപിന്റെ ചിത്രത്തിന്റെ ലൊക്കേഷനില്‍ സുനി എത്തിയതടക്കമുള്ള കാര്യങ്ങളിലുള്ള തെളിവുകളും പോലീസിനു ലഭിച്ചു. ഗൂഢാലോചന നടത്തിയ ഹോട്ടലില്‍ ഇവര്‍ കൂടിക്കാഴ്ച നടത്തിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ദിലീപിനെതിരായ കുറ്റപത്രത്തില്‍ ഇതെല്ലാം അടക്കമുള്ള കാര്യങ്ങളാകും തെളിവുകളായി പോലീസ് നിരത്തുക.
ഐ.പി.സി സെക്ഷന്‍ 120 ബി വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഗൂഢാലോചന കേസായതിനാല്‍ കുറ്റം തെളിഞ്ഞാല്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ചെയ്ത എല്ലാ കുറ്റങ്ങള്‍ക്കുമുള്ള ശിക്ഷ ദിലീപും അനുഭവിക്കേണ്ടി വന്നേക്കും. അതനുസരിച്ച് മാനഭംഗം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയായിരിക്കും ദിലീപിനെതിരായ കുറ്റപത്രം തയ്യാറാക്കുക. എന്നാല്‍ ഇവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വ്യക്തമാകാനിരിക്കുന്നതേയുള്ളു.