വയലിനില്‍ വിസ്മയം തീര്‍ത്ത ബാലഭാസ്‌ക്കര്‍ മടങ്ങുമ്പോള്‍ വേദനയോടെ വിടനല്‍കുകയാണ് സംഗീതലോകം. സംഗീതവും കുടുംബവും സുഹൃത്തുക്കളുമായിരുന്നു അദ്ദേഹത്തിനെല്ലാം. എന്നാല്‍ ഒരിക്കല്‍ ഒരു സുഹൃത്തില്‍ നിന്ന് നേരിട്ട ചതി അദ്ദേഹത്തിനെ മാനസികമായി തകര്‍ത്തു. സംഗീതത്തെ ജീവനേക്കാള്‍ പ്രണയിച്ച ബാലഭാസ്‌കര്‍ ഒരിക്കല്‍ കലാജീവിതം അവസാനിപ്പിക്കുകയാണെന്ന സൂചനകള്‍ നല്‍കി. ഇത് സംബന്ധിച്ച് ഫെയ്‌സ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവയ്ച്ചു. അന്ന് ആ വാര്‍ത്തയെ ഞെട്ടലോടു കൂടിയാണ് ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ പിന്നീട് അത് പിന്‍വലിച്ചു. വളരെ വൈകാരികമായി പ്രതികരിക്കുന്ന ഒരു വ്യക്തിയായതിനാല്‍ ചില അനുഭവങ്ങള്‍ തനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്നാണ് ബാലഭാസ്‌കര്‍ അതെക്കുറിച്ച് പറഞ്ഞത്.
അദ്ദേഹത്തിന്റെ വാക്കുകള്‍
ജീവിതത്തില്‍ എല്ലാവര്‍ക്കും മനസാക്ഷി സൂക്ഷിപ്പുകാര്‍ ഉണ്ടായിരിക്കും. എനിക്കും ഉണ്ടായിരുന്നു. എന്റെ എല്ലാ കാര്യങ്ങളും അറിയുന്നവര്‍. എന്റെ ബലഹീനതകളെ മനസ്സിലാക്കുന്നവര്‍. എന്റെ സ്വപ്‌നങ്ങള്‍ ഞാന്‍ അവരുമായി പങ്കുവയ്ച്ചു. എന്റെ എല്ലാകാര്യങ്ങളും അവരിലൂടെയായിരുന്നു ചെയ്തു കൊണ്ടിരുന്നത്. എന്റെ ജീവിതത്തിലെ ചില പ്രധാന തീരുമാനങ്ങളും എടുത്തത് അവരായിരുന്നു. അവര്‍ക്ക് ഞാന്‍ എല്ലാം വിട്ടു നല്‍കി.
പക്ഷേ ഒരു ഘട്ടത്തില്‍ എന്റെ അടുത്ത ഒരാളില്‍ നിന്ന് വിശ്വാസ വഞ്ചന നേരിട്ടപ്പോള്‍ തകര്‍ന്നുപോയി. വളരെ പെട്ടന്ന് പ്രതികരിക്കുന്ന സ്വഭാവമാണ് എന്റേത്. ഞാന്‍ ഒരുപാട് കരഞ്ഞു. പിന്നീട് എനിക്ക് സ്റ്റേജില്‍ നില്‍ക്കാന്‍ തോന്നിയില്ല. സത്യസന്ധമായി സംഗീതം എന്നില്‍ നിന്ന് പുറത്ത് വന്നില്ല. ചിരിക്കാന്‍ പോലും ഞാന്‍ പ്രയാസപ്പെട്ടു. അത് എന്നോടും ഞാന്‍ സ്‌നേഹിക്കുന്ന സംഗീതത്തോടും ചെയ്യുന്ന ചതിയാണെന്ന് തോന്നി. ഇതെക്കുറിച്ച് ലക്ഷ്മിയോട് ഞാന്‍ സംസാരിച്ചു. അങ്ങനെയാണ് സംഗീതത്തില്‍ നിന്ന് ഒരു ഇടവേള എടുക്കാന്‍ തീരുമാനിച്ചത്.
അങ്ങനെ ഞാനൊരു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു. അതിനു ശേഷമാണ് ആളുകള്‍ എന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന കാര്യം തിരിച്ചറിഞ്ഞത്. പിന്നീട് എന്റെ സുഹൃത്തുക്കള്‍ ഇടപ്പെട്ട് ആ പോസ്റ്റ് പിന്‍വലിച്ചു.