ബാലഭാസ്‌കര്‍ വിടപറഞ്ഞപ്പോള്‍ മാതൃഭൂമിയ്ക്കും എനിക്കും മോഹനമായ വയലിന്‍ നാദം നിലയ്ക്കുക മാത്രമല്ല ചെയ്തത്; ആര്‍ദ്രമായ ഒരു ബന്ധത്തിന്റെ തന്ത്രി പൊട്ടിപ്പോവുക കൂടിയാണ്. മാതൃഭൂമിയുമായും വ്യക്തിപരമായും അത്രയ്ക്ക് അടുപ്പമുണ്ടായിരുന്നു ഈ പ്രതിഭയോട്. ആ തെളിഞ്ഞ ചിരിയും സ്വയം മറന്ന വയലിന്‍ വാദനവും ഇനിയുണ്ടാവില്ല എന്ന് വിശ്വസിക്കാന്‍ പ്രയാസം, പക്ഷേ വേദനയോടെ വിശ്വസിക്കാന്‍ ശ്രമിക്കുന്നു.
കൃത്യമായിപ്പറഞ്ഞാല്‍ 1999ലാണ് കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി മാതൃഭൂമി അഖിലകേരള അടിസ്ഥാനത്തില്‍ ഒരു കലോത്സവം സംഘടിപ്പിക്കുന്നത്. അതുവരെ സര്‍വ്വകലാടിസ്ഥാനത്തില്‍ മാത്രമേ കലോല്‍സവങ്ങളുണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ മാതൃഭൂമിയുടെ ഈ ശ്രമം ഏറെ ആഹ്ലാദത്തോടെയാണ് യുവജനങ്ങള്‍ സ്വീകരിച്ചത്. സംവിധായകന്‍ സത്യന്‍ അന്തിക്കാടായിരുന്നു അതിന് ചുക്കാന്‍ പിടിച്ചത്.
യേശുദാസ്,കമല്‍ ഹാസന്‍, നാഗേശ്വര റാവു എന്നിവര്‍ പല ദിവസങ്ങളിലായി വിശിഷ്ടാതിഥികളായി. സര്‍വ്വകലാശാലാടിസ്ഥാനത്തിലുള്ള മത്സരങ്ങളില്‍ വ്യക്തിഗത ഇനങ്ങള്‍ മാത്രമേ അക്കാലത്ത് ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ മാതൃഭൂമിയുടെ പരിപാടിയില്‍ ആദ്യമായി ബാലഭാസ്‌കറും സംഘവും ഉപകരണവാദ്യത്തിന്റെ ജുഗല്‍ബന്ദി അവതരിപ്പിച്ചു. ആവേശത്തോടെയാണ സദസ്സ് അതേറ്റുവാങ്ങിയത്. അന്ന് തുടങ്ങിയ ബന്ധം പിന്നീട് ആ വയലിനിലൂടെതന്നെ വലുതായി കൂടുതല്‍ അടുത്തു.
എപ്പോള്‍ എവിടെ വിളിച്ചാലും ബാലഭാസ്‌കര്‍ വരുമായിരുന്നു. എന്നാല്‍ നാല് വര്‍ഷം മുമ്പ് മാതൃഭൂമി ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ എം.വി ശ്രേയാംസ്‌കുമാറിന്റെ ആവശ്യാര്‍ത്ഥം ഒരുപരിപാടിക്ക് ഞാന്‍ വിളിച്ചപ്പോള്‍ ബാലഭാസ്‌കര്‍ ഒഴിഞ്ഞുമാറി, കാരണം വ്യക്തിപരമായിരുന്നു. എത്രയോ വര്‍ഷമായി കാത്തിരുന്ന തന്റെ കുഞ്ഞ് പിറക്കാന്‍ പോകുന്നു. പ്രസവത്തിന് തയ്യാറെടുക്കുന്ന ഭാര്യയ്ക്ക് കൂട്ടിരിക്കണം പ്രിയപ്പെട്ട വയലിന്‍ മാറ്റിവച്ച്. ആ സ്‌നേഹത്തിനും അച്ഛനാവാനുള്ള ആകാംക്ഷയ്ക്കും മുന്നില്‍ ഞാന്‍ കൈ കൂപ്പിയൊഴിഞ്ഞു.
പിതാവായ ബാലഭാസ്‌കറിനെ പിന്നീട് കൂടുതല്‍ തെളിഞ്ഞ ചിരിയോടെ പല തവണ കണ്ടു. അപ്പോള്‍ അയാളുടെ വയലിനില്‍ കുറേക്കൂടി സ്‌നേഹം വന്ന് നിറഞ്ഞതുപോലെ. ഒടുവില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ബാലഭാസ്‌കര്‍ തുടര്‍ച്ചയായി രണ്ട് ദിവസം മാതൃഭൂമിയുടെ വേദിയിലെത്തി. ആദ്യത്തേത് കനകക്കകുന്നില്‍ ക്ലബ് എഫ്.എംന്റെ പരിപാടിയില്‍. അന്ന് സദസ്സിലിരിക്കുകയായിരുന്ന എന്നെ വിളിച്ച് അദ്ദേഹം കെട്ടിപ്പിടിച്ചു. പഴയ ഓര്‍മ്മകള്‍ പുതുക്കി, രണ്ടാമത്തേത് തിരുവനന്തപുരത്ത് മാതൃഭൂമി അക്ഷരോത്സവത്തിന്റെ അവസാനനാളില്‍, അന്ന് അദ്ദേഹം തന്റെ വയലിന്‍ മഴയില്‍ പല രാജ്യങ്ങളില്‍നിന്നെത്തിയ എഴുത്തുകാരെ പല പല വികാരങ്ങളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി, ആ രാത്രി ഇന്നും മനസ്സില്‍നിന്ന് മാഞ്ഞിട്ടില്ല.
വയലിന്‍ ഈ മനുഷ്യന് ജീവനേക്കാള്‍ പ്രിയപ്പെട്ടതായിരുന്നു. അതില്‍ ഒരുപാട് പാട്ടുകള്‍ ബാക്കിവച്ചാണ് പ്രിയപ്പെട്ട കലാകാരന്‍ വിടപറഞ്ഞത്. പാടാത്ത ആ വയലിനില്‍ ഇനി വിഷാദം മാത്രം.എനിക്കും മാതൃഭൂമിയ്ക്കും ഒരു വിളിപ്പുറത്തുണ്ടായിരുന്ന സുഹൃത്തേ വിട. താങ്കള്‍ ചൊരിഞ്ഞ സംഗീതവും സ്‌നേഹവും ഞങ്ങള്‍ മറക്കില്ല. ഞാനും.
violinist balabhaskar demise balabhaskar mathrubhumi yuvajanolsavam