തിരുവനന്തപുരം: ബാലൂ... ജീവിതത്തിലും വേദിയിലും ഒപ്പംനിന്നവർ ചേർന്ന് ചിതയിലേക്ക് ആ ശരീരംവെച്ചപ്പോൾ, അവരിൽനിന്നൊരു നിലവിളിയുയർന്നു. കൂടിനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ച് ബാലഭാസ്കറിന്റെ മൃതദേഹം അഗ്നിയിലേക്ക്. ആദ്യം മകളും പിന്നീട് പ്രിയതമനും മരിച്ചതറിയാതെ, ആശുപത്രിയിലെ വെന്റിലേറ്ററിൽ കഴിയുന്ന ലക്ഷ്മിയെക്കുറിച്ചുള്ള ചിന്തകളും അവരുടെയെല്ലാം മനസ്സിലേക്ക് ഇരമ്പിയെത്തി.
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കേ മരിച്ച വയലിൻ മാന്ത്രികൻ ബാലഭാസ്കറിന് അവസാനമായി യാത്രയാക്കാൻ തൈക്കാട് ശാന്തികവാടത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും തിങ്ങിനിറഞ്ഞുനിന്നു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ശവസംസ്കാരം. എന്നും നെഞ്ചോടുചേർത്തുപിടിച്ച വയലിനിന്റെ മാതൃകയും അന്ത്യയാത്രയിൽ സുഹൃത്തുക്കൾ ബാലുവിന്റെ നെഞ്ചോട് ചേർത്തുവെച്ചു.
പൂജപ്പുര വിജയമോഹിനി മില്ലിന് സമീപത്തെ ഹിരൺമയ വീട്ടിലാണ് മൃതദേഹം അവസാനം പൊതുദർശനത്തിന് വെച്ചത്. രാവിലെ പത്തോടെ വീട്ടിൽനിന്ന് ശാന്തികവാടത്തിലേക്ക് കൊണ്ടുവന്നു. പോലീസ് അന്തിമോപചാരമർപ്പിച്ചു. തുടർന്ന് ബാലഭാസ്കറിന്റെ ബന്ധു വിഷ്ണു മരണാനന്തര ചടങ്ങുകൾ നടത്തി. സംഗീതജ്ഞനായ സ്റ്റീഫൻ ദേവസിയടക്കമുള്ള സുഹൃത്തുക്കളും ബന്ധുക്കളും ചേർന്നാണ് മൃതദേഹം ചിതയിലേക്കുവെച്ചത്.
വിസ്മയം തീർത്ത കലാകാരനെ അവസാനമായി കാണാനും വൻ തിരക്കാണ് അനുഭവപ്പെട്ടത്. മന്ത്രിമാരായ എ.കെ. ബാലൻ, വി.എസ്. സുനിൽകുമാർ, കടകംപള്ളി സുരേന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരും സുരേഷ് ഗോപി എം.പി.യും ശാന്തികവാടത്തിൽ എത്തിയിരുന്നു. തുടർന്ന് യൂണിവേഴ്‌സിറ്റി കോളേജിൽ അനുസ്മരണ യോഗവും നടന്നു.
സെപ്റ്റംബർ 25-ന് പുലർച്ചെ പള്ളിപ്പുറത്തുവെച്ച് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ഏക മകൾ തേജസ്വിനി ബാല അപകടദിവസവും ബാലഭാസ്കർ ചൊവ്വാഴ്ച പുലർച്ചെയുമാണ് മരിച്ചത്. സുഹൃത്തും ഡ്രൈവറുമായ അർജുനും സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.